ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സൗഹൃദബന്ധങ്ങൾ ഹൃദയത്തിനു ഗുണകരം
“നല്ല കുടുംബ ബന്ധങ്ങളും സുഹൃത്തുക്കളും ഉണ്ടായിരിക്കുന്നത് ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നു” എന്ന് സ്പാനീഷ് വർത്തമാനപ്പത്രമായ ഡിയാര്യോ മെഡിക്കോ പറയുന്നു. കൊളസ്ട്രോളിന്റെ അളവ്, രക്തസമ്മർദം, ശരീരഭാരം എന്നിവ ഹൃദയത്തിന്റെ ആരോഗ്യനിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് ഡോക്ടർമാർക്കു വളരെക്കാലമായി അറിയാമായിരുന്നു. എന്നാൽ നെഞ്ചുവേദന അനുഭവപ്പെട്ട അഞ്ഞൂറോളം സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സമീപകാല പഠനം കാണിക്കുന്നത് രോഗിക്കു കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും കൂടെ കണക്കിലെടുക്കണം എന്നാണ്. “മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങൾ വെച്ചുപുലർത്തുന്ന സ്ത്രീകളോടുള്ള താരതമ്യത്തിൽ അക്കാര്യത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ അകാലത്തിൽ മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്” എന്ന് ആ പുതിയ പഠനം വെളിപ്പെടുത്തി. “ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നതുപോലും [ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ] ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നു” എന്ന് പഠനത്തിനു നേതൃത്വം വഹിച്ചവരിൽ ഒരാളായ കാൾ ജെ. പെപ്പിൻ കൂട്ടിച്ചേർക്കുന്നു.
ഒരു അസാധാരണ സ്പഞ്ച
ജർമനിയിലുള്ള സ്റ്റട്ട്ഗാർട്ട് സർവകലാശാലയിലെ ഗവേഷകർ അടുത്തയിടെ ചില അസാമാന്യ കഴിവുകൾ പ്രകടിപ്പിക്കുന്ന, വെളുത്ത് ഗോളാകൃതിയിലുള്ള ഒരു സ്പഞ്ചിനെ കണ്ടെത്തി എന്ന് ജർമൻ ദിനപത്രമായ ഡി വെൽറ്റ് റിപ്പോർട്ടു ചെയ്യുന്നു. ഈ സ്പഞ്ച് വളരെ ചെറുതാണെങ്കിലും ദിവസം ഏതാനും സെന്റിമീറ്റർ എന്ന നിരക്കിൽ ഇതിനു ചലിക്കാനാകും. അതുകൊണ്ടുതന്നെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വേഗത്തിൽ ചലിക്കുന്ന സ്പഞ്ച് ഇതാണ്. ക്രമമായ ഇടവേളകളിൽ സങ്കോചിക്കുമ്പോൾ ശരീരത്തിൽനിന്നും വെള്ളം പുറത്തേക്കു കളഞ്ഞുകൊണ്ട് ഈ ജീവി അതിന്റെ ശരീര വ്യാപ്തം 70 ശതമാനംവരെ കുറയ്ക്കുന്നു. അത് ശ്വസിക്കുമ്പോൾ—വെള്ളം വലിച്ചെടുത്തുകൊണ്ട്—വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജനും പോഷകവസ്തുക്കളും ഉള്ളിലേക്കു ചെല്ലുന്നു. അക്വേറിയത്തിലേക്ക് ചെറിയ ക്രസ്റ്റേഷ്യനുകളെ (കവചപ്രാണികൾ) കടത്തിവിടുമ്പോൾ ഈ സ്പഞ്ച് കൂടുതൽ ശക്തമായി സങ്കോചിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഗവേഷകനായ മൈക്കൽ നിക്കൽ പറയുന്നു, സ്പഞ്ചിന് “നാഡീവ്യൂഹം ഇല്ലാത്തതിനാൽ വളരെ അസാധാരണമായ ഒരു കാര്യമാണിത്.” നാഡീവ്യൂഹമില്ലെങ്കിലും ചലനങ്ങളെ നിയന്ത്രിക്കാനും അന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനും സ്പഞ്ചിന് എങ്ങനെയാണു സാധിക്കുന്നത്? ഈ കാര്യങ്ങളെല്ലാം അത് എങ്ങനെ നിർവഹിക്കുന്നു എന്നു മനസ്സിലാക്കാൻ ഗവേഷകർ സ്പഞ്ചിനെപ്പറ്റി ആഴത്തിൽ പഠിക്കുകയാണ്.
വിഭ്രാന്തിരോഗം
“വിഭ്രാന്തിരോഗം എപ്പോൾ വേണമെങ്കിലും ശല്യപ്പെടുത്തിയേക്കാം. നെഞ്ചുവേദന, ശ്വാസതടസ്സം, തീവ്രമായ ഭയം, വിമ്മിട്ടം, വിയർപ്പ്, ഓടാനുള്ള തോന്നൽ എന്നിവ ഉൾപ്പെടെയുള്ള അതിന്റെ ലക്ഷണങ്ങൾ രാത്രിയിൽപ്പോലും രോഗികളെ വിളിച്ചുണർത്തുന്നു” എന്ന് വാൻകൂവർ സൺ വർത്തമാനപ്പത്രം പറയുന്നു. 36,894 പേരുമായി നടത്തിയ അഭിമുഖങ്ങളിൽനിന്നും സമാഹരിച്ച ഒരു സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 15-നും അതിനു മുകളിലും പ്രായമുള്ള കാനഡക്കാരുടെ 3.7 ശതമാനത്തെ അല്ലെങ്കിൽ ഏകദേശം പത്തു ലക്ഷം പേരെ ഈ രോഗം പിടികൂടിയിരിക്കുന്നു എന്നാണ്. പുരുഷന്മാരെക്കാൾ (2.8 ശതമാനം) സ്ത്രീകൾക്കാണ് (4.6 ശതമാനം) വിഭ്രാന്തിരോഗം അനുഭവപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടു കാണിക്കുന്നത്. “രോഗമില്ലാത്തവരോടുള്ള താരതമ്യത്തിൽ” വിഭ്രാന്തിരോഗവുമായി മല്ലിടുന്നവർ “ഈ പ്രയാസകരമായ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമെന്ന നിലയിൽ മദ്യപിക്കാനുള്ള സാധ്യത ഏകദേശം രണ്ടു മടങ്ങും പുകവലിക്കാനുള്ള സാധ്യത ഏകദേശം മൂന്നു മടങ്ങും ആണ്” എന്ന് പത്രം പറയുന്നു. 70 ശതമാനത്തോളം രോഗികളും വിദഗ്ധമായ വൈദ്യസഹായം തേടുന്നു എന്നത് നല്ല സംഗതിയാണ്. രോഗമുണ്ടാകാൻ ജനിതകവും ജീവശാസ്ത്രപരവുമായ ഘടകങ്ങൾ കാരണമായേക്കാമെങ്കിലും “സമ്മർദപൂരിതമായ ജീവിത സംഭവങ്ങളും പങ്കുവഹിക്കുന്നു” എന്ന് ഒട്ടാവ സർവകലാശാലയിലെ മനോരോഗ വിഭാഗത്തിന്റെ ചെയർമാനായ ഡോ. ഷാക്ക് ബ്രാഡ്വേൻ വിശ്വസിക്കുന്നതായി റിപ്പോർട്ട് പ്രസ്താവിക്കുന്നു.
യുവാക്കളും മൊബൈൽ ഫോണും
“മൊബൈൽ ഫോണുകളില്ലെങ്കിൽ ജീവിതകാര്യാദികൾ ക്രമപ്പെടുത്തുക അസാധ്യമാണെന്ന് യുവ ബ്രിട്ടീഷുകാർക്കു തോന്നുന്നു” എന്ന് ലണ്ടനിലെ ഡെയിലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. 15 മുതൽ 24 വരെ വയസ്സുള്ള ഒരു കൂട്ടം യുവജനങ്ങളെ രണ്ടാഴ്ചത്തേക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഗവേഷകർ അനുവദിച്ചില്ല. “അത് വിചിത്രമായ ഒരു അനുഭവമായിരുന്നു. . . . മാതാപിതാക്കളുമായി സംസാരിക്കുക, സുഹൃത്തുക്കളെ നേരിൽ ചെന്നുകാണുക, കൂട്ടുകാരുടെ മാതാപിതാക്കളെ കണ്ടുമുട്ടുക എന്നിങ്ങനെ പുതിയ ചില അനുഭവങ്ങളിലൂടെ കടന്നുപോകാൻ യുവജനങ്ങൾ നിർബന്ധിതരായി” എന്നു റിപ്പോർട്ടു പറയുന്നു. ഇംഗ്ലണ്ടിലെ ലാങ്കസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ഹ്യൂം, യുവ ഉപയോക്താക്കളുടെ സാധാരണ സെൽഫോൺ സംഭാഷണങ്ങളെ “സാന്ത്വനം കണ്ടെത്താനും തങ്ങളുടേതായ ഒരു വ്യക്തിത്വം സ്ഥാപിക്കാനുമുള്ള ഒരു വഴി” എന്നാണു വിശേഷിപ്പിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതിരുന്നപ്പോൾ ഒരു കൗമാരപ്രായക്കാരിക്ക് “അസ്വസ്ഥതയും പിരിമുറുക്കവും” അനുഭവപ്പെട്ടതായി പത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു കൗമാരപ്രായക്കാരനാണെങ്കിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടുവെന്നു മാത്രമല്ല “തോന്നുമ്പോഴെല്ലാം സുഹൃത്തുക്കളോടു സംസാരിച്ചിരുന്ന” സ്ഥാനത്ത് “നിശ്ചിത സമയങ്ങളിൽ ആളുകളെ കണ്ടുമുട്ടുന്നതിന് മുന്നമേ ആസൂത്രണം ചെയ്യേണ്ടതായും വന്നു.”
“ഏറ്റവും ഉത്കൃഷ്ടമായ ഗൃഹാലങ്കാരം”?
“ചൈനയിൽ കടുവയുടെ തോലുകൾ നിയമവിരുദ്ധമായി വാങ്ങിക്കുന്ന പാശ്ചാത്യ ടൂറിസ്റ്റുകളും ബിസിനസ്സുകാരും ലോകത്തിൽ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നിനെ കൊന്നൊടുക്കുന്നതിന് ഉത്തരവാദികളാണ്” എന്ന് ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ് പറയുന്നു. വനങ്ങളിൽ ജീവിക്കുന്ന കടുവകളുടെ എണ്ണം, ഒരു നൂറ്റാണ്ടു മുമ്പ് ഏകദേശം 1,00,000 ആയിരുന്നത് ഇന്ന് 5,000-ത്തിലും കുറഞ്ഞിരിക്കുന്നു. ബഹുഭൂരിപക്ഷം കടുവകളും ഇന്ത്യയിലാണുള്ളത്, ഏതാനും എണ്ണം മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വിദൂര പൗരസ്ത്യ രാജ്യങ്ങളിലുമുണ്ട്. ലണ്ടനിലെ ഒരു ധർമസ്ഥാപനമായ പരിസ്ഥിതി പര്യവേക്ഷണ ഏജൻസി റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് കടുവാത്തോല് വാങ്ങുന്നവർ അതിനെ “ഏറ്റവും ഉത്കൃഷ്ടമായ ഗൃഹാലങ്കാരമായി” വീക്ഷിക്കുന്നു, “എന്നാൽ അവർ കടുവയെ വംശനാശത്തിലേക്കു തള്ളിവിടുകയാണ്. . . . ഈ മൃഗങ്ങൾ വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതിനാൽ ഈ ജീവിവർഗത്തിന്റെ അതിജീവനത്തിന് ശേഷിക്കുന്ന ഓരോ കടുവയും കൂടിയേതീരൂ.” 1994-നും 2003-നും ഇടയ്ക്ക്, 684 കടുവാത്തോലുകൾ പിടിച്ചെടുത്തു, എന്നാൽ ഈ സംഖ്യ അവയുടെ കള്ളക്കടത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്നു കരുതപ്പെടുന്നു.
കടുത്ത കാലാവസ്ഥ നേരിട്ട ഒരു വർഷം
“1990-നു ശേഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട 10 വർഷങ്ങളിൽ നാലാം സ്ഥാനം 2004-നായിരുന്നു. ആ വർഷം കരീബിയനിൽ നാല് ശക്തമായ ചുഴലിക്കൊടുങ്കാറ്റുകളുണ്ടായി, ഏഷ്യയിലും മാരകമായ ചുഴലിക്കാറ്റുകൾ ആഞ്ഞടിച്ചു” എന്ന് അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ടു പറയുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾ കാരണം ഏറ്റവും കൂടുതൽ സാമ്പത്തികനഷ്ടമുണ്ടായതും കഴിഞ്ഞ വർഷമാണ്. ഐക്യനാടുകളിലും കരീബിയനിലും മാത്രമായി, ചുഴലിക്കാറ്റുകൾ 4,300 കോടിയിലധികം ഡോളറിന്റെ (1,93,500 കോടിയിലധികം രൂപയുടെ) നഷ്ടം വരുത്തിവെച്ചതായി കണക്കാക്കപ്പെടുന്നു. ചില സ്ഥലങ്ങളിൽ കൊടുങ്കാറ്റും ഉയർന്ന താപനിലയുമാണ് അനുഭവപ്പെട്ടതെങ്കിൽ മറ്റുചിലടത്ത് കൊടും തണുപ്പായിരുന്നു പ്രശ്നം. ഉദാഹരണത്തിന് ദക്ഷിണ അർജന്റീനയിലും ചിലിയിലും പെറുവിലും ജൂൺ-ജൂലൈ മാസങ്ങളിൽ രൂക്ഷമായ മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെട്ടു. ആ റിപ്പോർട്ട് അനുസരിച്ച്, “ശാസ്ത്രജ്ഞർ പറയുന്നത്, അന്തരീക്ഷ ഊഷ്മാവ് ഉയർന്നുതന്നെ നിൽക്കുകയാണെങ്കിൽ അത് ആഗോള കാലാവസ്ഥയെ തുടർന്നും താറുമാറാക്കിയേക്കും” എന്നാണ്.
സംഭാഷണം ചൂളമടിയിലൂടെ
കാനറി ദ്വീപുകളിലുള്ള ലാ ഗോമേറായിലെ ആട്ടിടയന്മാർ ചൂളമടിയെ അടിസ്ഥാനമാക്കിയുള്ള സിൽബോ എന്ന ഭാഷ ഉപയോഗിക്കുന്നു. രണ്ട് സ്വരങ്ങളും നാല് വ്യഞ്ജനങ്ങളും അടങ്ങുന്ന ഒരു കോഡ്, വ്യത്യസ്ത ഈണങ്ങളിൽ ചൂളമടിച്ച് ആട്ടിടയന്മാർക്ക് വളരെ അകലെയുള്ളവരുമായിപ്പോലും ആശയവിനിമയം നടത്താൻ സാധിക്കുന്നു. സ്പാനീഷ് സംസാരിക്കുന്ന അഞ്ചു പേരുടെയും സ്പാനീഷും സിൽബോയും സംസാരിക്കുന്ന അഞ്ച് ആട്ടിടയന്മാരുടെയും മസ്തിഷ്ക പ്രവർത്തനങ്ങളെ താരതമ്യം ചെയ്യാൻ അടുത്തയിടെ ഗവേഷകർ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എംആർഐ) ഉപയോഗിച്ചു. ആട്ടിടയന്മാർ ചൂളമടിച്ചുകൊണ്ട് ആശയവിനിമയം നടത്തുമ്പോൾ “അവർ സംസാരിക്കുമ്പോഴത്തെ അതേ സംജ്ഞകളാണ് തലച്ചോറ് പുറപ്പെടുവിക്കുന്നത്” എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി സ്പാനീഷ് ദിനപത്രമായ എൽ പായിസ് പ്രസ്താവിച്ചു. ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ട് ഉദ്ധരിക്കുന്നു: “വ്യത്യസ്ത തരം ഭാഷ ഉപയോഗിക്കാനുള്ള മനുഷ്യന്റെ പ്രാപ്തി വഴക്കമുള്ളതാണെന്നതിന് ഞങ്ങളുടെ ഗവേഷണ ഫലങ്ങൾ കൂടുതൽ തെളിവുകൾ പ്രദാനം ചെയ്യുന്നു.”