വിസ്മയാവഹമായ അരുണ രക്തകോശങ്ങൾ
വിസ്മയാവഹമായ അരുണ രക്തകോശങ്ങൾ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
രക്തത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന കോശമാണ് അതിനു ചുവപ്പുനിറം നൽകുന്നത്. അതുകൊണ്ടുതന്നെ ആ കോശത്തെ അരുണ രക്തകോശമെന്നു വിളിക്കുന്നു. വെറും ഒരു തുള്ളി രക്തത്തിൽ അത്തരം കോടിക്കണക്കിന് കോശങ്ങളുണ്ട്. ഒരു സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ, പരന്നു വൃത്താകൃതിയിലുള്ളതും നടുക്കു കുഴിവുള്ളതുമായ ഒന്നാണ് അരുണ രക്തകോശം. ഓരോ കോശത്തിലും കോടിക്കണക്കിനു ഹീമോഗ്ലോബിൻ തന്മാത്രകളുണ്ട്. അതേസമയം 10,000-ത്തോളം ഹൈഡ്രജൻ, കാർബൺ, നൈട്രജൻ, ഓക്സിജൻ, സൾഫർ ആറ്റങ്ങളും ഇരുമ്പിന്റെ നാല് ഭാരിച്ച ആറ്റങ്ങളും ചേർന്നുണ്ടാകുന്നതാണ് മനോഹരമായ ഗോളാകൃതിയിലുള്ള ഓരോ ഹീമോഗ്ലോബിൻ തന്മാത്രയും. അതാണ് രക്തത്തിന് ഓക്സിജൻ വാഹക പ്രാപ്തി നൽകുന്നത്. ഹീമോഗ്ലോബിൻ കാർബൺ ഡയോക്സൈഡിനെ കലകളിൽനിന്നു ശ്വാസകോശങ്ങളിൽ എത്താൻ സഹായിക്കുന്നു. അവിടെനിന്ന് അതു പുറന്തള്ളപ്പെടുന്നു.
അരുണരക്ത കോശങ്ങളുടെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം കോശസ്തരമെന്നു വിളിക്കപ്പെടുന്ന പുറമേയുള്ള ആവരണമാണ്. വലിഞ്ഞുവികസിച്ച് കനം കുറഞ്ഞ ആകൃതി കൈവരിക്കാൻ വിസ്മയാവഹമായ ഈ സ്തരം കോശത്തെ സഹായിക്കുന്നു. അതിസൂക്ഷ്മങ്ങളായ രക്തക്കുഴലുകളിലൂടെപ്പോലും കടന്നുപോകാനും അങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും പോഷിപ്പിക്കാനും അരുണ രക്തകോശങ്ങൾക്കു കഴിയുന്നു.
നിങ്ങളുടെ അസ്ഥിമജ്ജയിലാണ് അരുണ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരിക്കൽ ഒരു പുതിയ കോശം രക്തത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ 1,00,000-ത്തിലധികം പ്രാവശ്യം അതു ഹൃദയത്തിലൂടെയും ശരീരത്തിലൂടെയും സഞ്ചരിച്ചേക്കാം. മറ്റു കോശങ്ങളിൽനിന്നു വ്യത്യസ്തമായി, അരുണ രക്തകോശങ്ങൾക്കു കോശമർമം ഇല്ല. ഇത് അവയ്ക്ക് ഓക്സിജൻ വഹിക്കുന്നതിനു കൂടുതൽ സ്ഥലം ലഭ്യമാക്കുന്നു, അവയുടെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിലാകമാനം കോടിക്കണക്കിന് അരുണ രക്തകോശങ്ങളെ പമ്പു ചെയ്യാൻ ഹൃദയത്തിന് കഴിയുന്നു. എന്നിരുന്നാലും കോശമർമം ഇല്ലാത്തതിനാൽ അവയുടെ ആന്തരിക ഭാഗങ്ങളെ പുതുക്കാൻ അവയ്ക്കു സാധ്യമല്ല. അതുകൊണ്ട് ഏകദേശം 120 ദിവസത്തിനു ശേഷം നിങ്ങളുടെ അരുണ രക്തകോശങ്ങൾ ക്ഷയിക്കാൻ തുടങ്ങുകയും അവയുടെ ഇലാസ്തികത നഷ്ടമാകുകയും ചെയ്യുന്നു. ഈ നിർജീവ കോശങ്ങളെ ഫാഗോസൈറ്റുകൾ എന്നറിയപ്പെടുന്ന വലിയ ശ്വേത രക്താണുക്കൾ ദഹിപ്പിക്കുകയും ഇരുമ്പ് ആറ്റങ്ങളെ പുറത്തേക്കു വിടുകയും ചെയ്യുന്നു. ഏതാനും വരുന്ന ഇരുമ്പ് ആറ്റങ്ങൾ ട്രാൻസ്പോർട്ട് തന്മാത്രകളോട് ഒട്ടിച്ചേരുന്നു. ഈ തന്മാത്രകൾ, പുതിയ അരുണ കോശങ്ങളുടെ ഉത്പാദനത്തിന് ഉപയോഗിക്കേണ്ടതിനായി അവയെ അസ്ഥിമജ്ജയിൽ എത്തിക്കുകയും ചെയ്യുന്നു. ഓരോ സെക്കൻഡിലും അസ്ഥിമജ്ജ 20-30 ലക്ഷം പുതിയ അരുണ കോശങ്ങളെ നിങ്ങളുടെ രക്തപ്രവാഹത്തിലേക്കു കടത്തിവിടുന്നു!
കോടിക്കണക്കിനു വരുന്ന അരുണ രക്തകോശങ്ങൾ പെട്ടെന്നു പണിമുടക്കുകയാണെങ്കിൽ, മിനിട്ടുകൾക്കകം നിങ്ങൾ മരണമടയും. ജീവിക്കാനും ജീവിതം ആസ്വദിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ഈ വിസ്മയാവഹമായ സൃഷ്ടിയെപ്രതി നാം യഹോവയാം ദൈവത്തോട് എത്ര നന്ദിയുള്ളവരായിരിക്കണം! സങ്കീർത്തനക്കാരന്റെ ഈ വാക്കുകളോടു നിങ്ങൾ യോജിക്കുമെന്നതിനു സംശയമില്ല: “യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”—സങ്കീർത്തനം 139:1, 14.
[24-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അരുണ രക്തകോശം
കോശസ്തരം
ഹീമോഗ്ലോബിൻ (വലുതാക്കി കാണിച്ചിരിക്കുന്നു)
ഓക്സിജൻ