ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
◼ ബ്രസീലിൽ വിശപ്പു കുറച്ചുകൊണ്ട് തൂക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളുടെ ഉപയോഗം 1997 മുതൽ 2004 വരെയുള്ള വർഷങ്ങളിൽ 500 ശതമാനം വർധിച്ചു.—ഫോൾയാ ഓൺലൈൻ, ബ്രസീൽ.
◼ വൈമാനികർക്കു മറ്റുള്ളവരെ അപേക്ഷിച്ച് തിമിരം ബാധിക്കാനുള്ള സാധ്യത മൂന്നുമടങ്ങു കൂടുതലാണ്. ബഹിരാകാശത്തുനിന്നുവരുന്ന കിരണങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നതായിരിക്കാം അതിനു കാരണം.—ദ വാൾ സ്ട്രീറ്റ് ജേർണൽ, യു.എസ്.എ.
◼ അടുത്ത പത്തു വർഷത്തിനുള്ളിൽ ഏഷ്യയിലെ 127 കോടി കുട്ടികളിൽ പകുതിയോളംപേർക്കും ശുദ്ധജലം, ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാതായേക്കും.—പ്ലാൻ ഏഷ്യ റിജിയണൽ ഓഫീസ്, തായ്ലൻഡ്.
◼ മറ്റുള്ളവർ ഊതിവിടുന്ന പുക ശ്വസിക്കുന്നത് “പലരും വിചാരിച്ചിരുന്നതിനെക്കാൾ അപകടകരമാണ്.” യു.എസ്.എ.-യിലെ കോളറാഡോയിലുള്ള പ്യൂബ്ലോയിൽ ഓഫീസുകളിലും റസ്റ്ററന്റുകളിലും മറ്റു കെട്ടിടങ്ങൾക്കുള്ളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്ന് 18 മാസത്തിനുശേഷം അവിടെയുള്ളവർക്കിടയിലെ ഹൃദയാഘാത നിരക്ക് 27 ശതമാനംകണ്ട് കുറഞ്ഞു.—ടൈം, യു.എസ്.എ.
സ്പെയിനിൽ വിവാഹങ്ങൾ തകരുന്നു
2000-ത്തിൽ സ്പെയിനിൽ നടന്ന വിവാഹങ്ങളിൽ പകുതിയും വേർപിരിയലിലോ വിവാഹമോചനത്തിലോ കലാശിച്ചു. എന്നാൽ 2004 ആയപ്പോഴേക്കും അതു മൂന്നിൽ രണ്ടായി വർധിച്ചു. 1981-ൽ വിവാഹമോചനം സാധൂകരിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിലായതിനുശേഷം പത്തുലക്ഷത്തിലധികം കുട്ടികളാണ് മാതാപിതാക്കളുടെ വേർപിരിയലിനു ദൃക്സാക്ഷികളാകേണ്ടിവന്നത്. ദാമ്പത്യത്തകർച്ചയുടെ വർധനയ്ക്കുള്ള കാരണം എന്താണ്? മനഃശാസ്ത്രജ്ഞയായ പാട്രീഷ്യ മാർട്ടിനെസ് പറയുന്നതനുസരിച്ച്, “വിവാഹബന്ധങ്ങളുടെ അസ്ഥിരതയ്ക്കുള്ള കാരണങ്ങൾ പ്രധാനമായും സാംസ്കാരിക തലങ്ങളിലെ വ്യതിയാനങ്ങൾ, മത-ധാർമിക നിലവാരത്തിലുള്ള അധഃപതനം, തൊഴിൽമേഖലകളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന സാന്നിധ്യം, വീട്ടുജോലികൾ ചെയ്യുന്നതിലെ ഭർത്താക്കന്മാരുടെ തികഞ്ഞ നിസ്സഹകരണം” എന്നിവയാണ്.
ചൈനക്കാരുടെ പൊണ്ണത്തടി
ചൈനയിൽ “അടുത്ത പത്തുവർഷത്തിനുള്ളിൽ അപകടകരമാംവിധം അമിതതൂക്കമുള്ള 20 കോടി ആളുകൾ ഉണ്ടായിരിക്കും” എന്ന് ലണ്ടനിലെ ദ ഗാർഡിയൻ ദിനപ്പത്രം പറയുന്നു. “നഗരങ്ങൾതോറും ഫാസ്റ്റ്-ഫുഡ് റസ്റ്ററന്റുകൾ കൂണുപോലെ മുളയ്ക്കുകയാണ്; ഒപ്പം കുറഞ്ഞ അളവിലുള്ള കായികാധ്വാനം, എന്തിനും ഏതിനും വാഹനങ്ങൾ ഉപയോഗിക്കുന്ന ശീലം, ടെലിവിഷൻ, കമ്പ്യൂട്ടർ, വീഡിയോ ഗെയിം എന്നിവയുടെ മുമ്പിൽ ചടഞ്ഞുകൂടിയിരിക്കാനുള്ള പ്രവണത എന്നിവ ഇടത്തരക്കാരുടെ ഇടയിൽ വർധിച്ചുവരികയും ചെയ്യുന്നു.” പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം വർഷംതോറും 8 ശതമാനം വർധിക്കുന്നു. ഷാങ്ഹൈയിൽ പ്രൈമറി സ്കൂൾ കുട്ടികളിൽ 15 ശതമാനത്തിലധികം ഇപ്പോൾത്തന്നെ പൊണ്ണത്തടിയുള്ളവരാണ്.
മയക്കുമരുന്നുപയോഗത്തിന്റെ മൂകസാക്ഷി
ഇറ്റലിയിലെ പോ നദിയിൽനിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളുകൾ, നദീതടവാസികളുടെ കൊക്കെയ്ൻ ഉപയോഗം ഔദ്യോഗിക കണക്കുകളെക്കാൾ വളരെ കൂടുതലാണെന്നു കാണിക്കുന്നതായി പാരിസ്ഥിതിക ആരോഗ്യം (ഇംഗ്ലീഷ്) എന്ന മാസിക പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. കൊക്കെയ്ൻ ഉപയോഗിക്കുന്നവർ ബെൻസോയ്ൽ എക്ഗൊനൈൻ എന്ന വിഘടിത ഉത്പന്നം മൂത്രത്തിലൂടെ പുറത്തുവിടുന്നു. ശരീരത്തിലെ ഇതിന്റെ സാന്നിധ്യം പലപ്പോഴും കൊക്കെയ്ൻ ഉപയോഗിച്ചു എന്നതിന്റെ ഫോറൻസിക് തെളിവായി ഉപയോഗിക്കാറുണ്ട്. അഴുക്കുചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലെ മേൽപ്പറഞ്ഞ രാസവസ്തുവിന്റെ അളവു സൂചിപ്പിക്കുന്നത് ഏകദേശം നാലു കിലോഗ്രാം അല്ലെങ്കിൽ 40,000 മാത്ര കൊക്കെയ്ൻ ദിവസേന ഉപയോഗിക്കുന്നുണ്ട് എന്നാണ്. മുമ്പത്തേതിനെക്കാൾ 80 മടങ്ങാണിത്.
ഒഴിവാക്കാമായിരുന്ന മരണങ്ങൾ
“ഈ വർഷം, അഞ്ചു വയസ്സിൽ താഴെയുള്ള ഏകദേശം ഒരു കോടി പത്തുലക്ഷം കുട്ടികൾ മിക്കവാറും ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാൽ മരണമടയും” എന്ന് ലോകാരോഗ്യ സംഘടനയുടെ 2005-ലെ റിപ്പോർട്ട് പറയുന്നു. മാസം തികയാതെയുള്ള ജനനവും അണുബാധയും ജനനസമയത്തുണ്ടാകുന്ന ശ്വാസതടസ്സവുംപോലെ ജനനത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ, ന്യുമോണിയപോലെ ശ്വാസകോശസംബന്ധമായ അണുബാധകൾ, വയറിളക്കം, മലമ്പനി, അഞ്ചാംപനി, എച്ച്ഐവി/എയ്ഡ്സ് എന്നിവയാണ് ഇത്തരം മരണങ്ങളിൽ ഏകദേശം 90 ശതമാനത്തിനും കാരണം. “ഈ മരണങ്ങളിൽ മിക്കവയും നിലവിലുള്ള ലളിതവും താങ്ങാവുന്നതും ഫലപ്രദവുമായ ചികിത്സയിലൂടെ തടയാവുന്നവയാണ്” എന്ന് റിപ്പോർട്ടു പറയുന്നു. ഇതിനുപുറമേ വർഷംതോറും ഗർഭധാരണത്തോടും പ്രസവത്തോടും അനുബന്ധിച്ച് അഞ്ചു ലക്ഷത്തിലധികം സ്ത്രീകളും മരണമടയുന്നു. “കാര്യക്ഷമമായ ആരോഗ്യപരിചരണം എത്തുപാടിനകലെയാണ്” എന്നതാണ് അതിന്റെ മുഖ്യകാരണം.