വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാർധക്യം പ്രാപിക്കുന്നത്‌ എന്തുകൊണ്ട്‌?

വാർധക്യം പ്രാപിക്കുന്നത്‌ എന്തുകൊണ്ട്‌?

വാർധ​ക്യം പ്രാപി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പാ​യു​സ്സു​ള്ള​വ​നും കഷ്ടസമ്പൂർണ്ണ​നും ആകുന്നു.”—ഇയ്യോബ്‌ 14:1.

എല്ലാ ജീവജാ​ല​ങ്ങൾക്കും അപചയം സംഭവി​ച്ചേ​തീ​രൂ എന്നു നിങ്ങൾ കരുതു​ന്നു​ണ്ടാ​കാം. മൃഗങ്ങൾ പ്രായം​ചെന്നു ചാകുന്നു. നിത്യേന ഉപയോ​ഗി​ക്കുന്ന വാഹന​ങ്ങ​ളും മറ്റും കാലാ​ന്ത​ര​ത്തിൽ പ്രവർത്ത​ന​ര​ഹി​ത​മാ​കു​ന്നു. പക്ഷേ ജന്തുശാ​സ്‌ത്ര പ്രൊ​ഫ​സ​റായ സ്റ്റീവൻ ഓസ്റ്റാഡ്‌ വിശദീ​ക​രി​ക്കു​ന്നു, “യന്ത്രങ്ങ​ളിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാ​ണു ജീവജാ​ലങ്ങൾ. വാസ്‌ത​വ​ത്തിൽ, സ്വയം കേടു​പോ​ക്കാ​നുള്ള സചേത​ന​വ​സ്‌തു​ക്ക​ളു​ടെ പ്രാപ്‌തി​യാ​യി​രി​ക്കാം മറ്റെല്ലാ​ത്തിൽനി​ന്നും അവയെ വ്യത്യ​സ്‌ത​മാ​ക്കുന്ന ഏറ്റവും പ്രമുഖ ഘടകം.”

ഒരു ക്ഷതമു​ണ്ടാ​കു​ന്ന​തി​നെ തുടർന്ന്‌ ശരീരം സ്വയം കേടു​പോ​ക്കുന്ന രീതി ആശ്ചര്യ​ക​ര​മാണ്‌, എന്നാൽ അതി​നെ​ക്കാൾ ആശ്ചര്യ​മു​ണർത്തു​ന്ന​താണ്‌ ശരീര​ത്തിൽ സദാ നടക്കുന്ന പുതുക്കൽ പ്രക്രിയ. ഉദാഹ​ര​ണ​ത്തിന്‌ അസ്ഥിക​ളു​ടെ കാര്യ​മെ​ടു​ക്കുക. “പ്രത്യ​ക്ഷ​ത്തിൽ നിർജീ​വ​മെന്നു തോന്നാ​മെ​ങ്കി​ലും അസ്ഥി ഒരു ജീവക​ല​യാണ്‌. മുതിർന്ന ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തി​ലു​ട​നീ​ളം അത്‌ നിരന്തരം നശിപ്പി​ക്ക​പ്പെ​ടു​ക​യും പുനർനിർമി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ പ്രക്രിയ നിമിത്തം മുഴു അസ്ഥിപ​ജ്ഞ​ര​വും 10 വർഷത്തി​ലൊ​രി​ക്കൽ പുതു​ക്ക​പ്പെ​ടു​ന്നു” എന്ന്‌ സയന്റി​ഫിക്‌ അമേരി​ക്കൻ മാസിക വിശദീ​ക​രി​ക്കു​ന്നു. മറ്റു ശരീര​ഭാ​ഗ​ങ്ങ​ളാ​കട്ടെ കൂടെ​ക്കൂ​ടെ പുതു​ക്ക​പ്പെ​ടു​ന്നു. ത്വക്ക്‌, കരൾ, കുടൽ എന്നിവ​യി​ലെ ചില കോശങ്ങൾ ദിനം​പ്ര​തി​യെ​ന്ന​വണ്ണം പുതു​ക്ക​പ്പെ​ടു​ന്നു. ഓരോ സെക്കൻഡി​ലും പഴയ കോശ​ങ്ങൾക്കു പകരമാ​യി ഏകദേശം 2.5 കോടി പുതിയ കോശ​ങ്ങളെ ശരീരം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഇതു സംഭവി​ക്കാ​തി​രി​ക്കു​ക​യും ശരീര​ഭാ​ഗ​ങ്ങ​ളു​ടെ ക്രമമായ പുതു​ക്ക​ലും കേടു​പോ​ക്ക​ലും നിലയ്‌ക്കു​ക​യു​മാ​ണെ​ങ്കിൽ കുട്ടി​ക്കാ​ല​ത്തു​തന്നെ നിങ്ങൾ വൃദ്ധരാ​കും.

ജീവശാ​സ്‌ത്ര​ജ്ഞർ കോശ​ങ്ങ​ളി​ലെ തന്മാ​ത്ര​ക​ളെ​ക്കു​റി​ച്ചു പഠിക്കാൻ തുടങ്ങി​യ​പ്പോ​ഴാണ്‌, നമുക്ക്‌ അപചയം സംഭവി​ക്കു​ന്നി​ല്ലെന്ന വസ്‌തുത കൂടുതൽ ശ്രദ്ധേ​യ​മാ​യി​ത്തീർന്നത്‌. പുതു​താ​യി രൂപം​കൊ​ള്ളുന്ന ഓരോ കോശ​ത്തി​ലും ഡിഎൻഎ-യുടെ ഒരു പകർപ്പ്‌ ഉണ്ടായി​രി​ക്കണം. ഡിഎൻഎ-യിലാണ്‌ ഒരു വ്യക്തി​യു​ടെ മുഴു​ശ​രീ​ര​ത്തെ​യും പുതു​ക്കാൻ ആവശ്യ​മായ ഒട്ടുമു​ക്കാ​ലും വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്നത്‌. അപ്പോൾ ഡിഎൻഎ എത്ര പ്രാവ​ശ്യം പകർപ്പെ​ടു​പ്പി​നു വിധേ​യ​മാ​കു​ന്നു​വെന്നു ചിന്തി​ക്കുക. നിങ്ങളു​ടെ ശരീര​ത്തിൽ മാത്രമല്ല മറിച്ച്‌ മനുഷ്യ ജീവന്റെ തുടക്കം മുതൽ ആ പകർപ്പെ​ടുപ്പ്‌ നിർവി​ഘ്‌നം തുടരു​ന്നു​വെ​ന്നും മനസ്സിൽപ്പി​ടി​ക്കുക. ഇത്‌ എത്ര ആശ്ചര്യ​ക​ര​മാ​ണെന്നു മനസ്സി​ലാ​ക്കാൻ, ഒരു ഫോ​ട്ടോ​സ്റ്റാറ്റ്‌ യന്ത്രത്തിൽ ഒരു രേഖയു​ടെ പകർപ്പെ​ടു​ക്കു​ക​യും ആ പകർപ്പ്‌ മറ്റൊരു പകർപ്പെ​ടു​ക്കാൻ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. നിങ്ങൾ ഇതു തുടർച്ച​യാ​യി ചെയ്യു​ന്നെ​ങ്കിൽ, പകർപ്പു​ക​ളു​ടെ വ്യക്തത കുറയു​ന്ന​താ​യും അവസാനം വായി​ക്കാൻ പറ്റാത്ത​വി​ധം മങ്ങിയി​രി​ക്കു​ന്ന​താ​യും നിങ്ങൾ നിരീ​ക്ഷി​ക്കും. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഓരോ തവണ കോശ​വി​ഭ​ജനം ആവർത്തി​ക്ക​പ്പെ​ടു​മ്പോ​ഴും പുതിയ കോശ​ങ്ങ​ളിൽ പകർത്ത​പ്പെ​ടുന്ന ഡിഎൻഎ-യുടെ ഗുണനി​ല​വാ​രം താഴു​ക​യോ അതിനു തേയ്‌മാ​നം സംഭവി​ക്കു​ക​യോ ചെയ്യു​ന്നില്ല. എന്തു​കൊണ്ട്‌? ഡിഎൻഎ പകർത്ത​പ്പെ​ടു​മ്പോൾ ഉണ്ടാകുന്ന തകരാ​റു​കൾ പരിഹ​രി​ക്കാൻ കോശ​ങ്ങൾക്കു പല മാർഗ​ങ്ങ​ളും ഉള്ളതു​കൊ​ണ്ടാ​ണത്‌. അതു വാസ്‌ത​വ​മ​ല്ലാ​യി​രു​ന്നെ​ങ്കിൽ, മനുഷ്യ​രാ​ശി പണ്ടേ ഭൂമു​ഖ​ത്തു​നി​ന്നും തുടച്ചു​നീ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.

എല്ലാ ശരീര​ഭാ​ഗ​ങ്ങ​ളും—വലിയ ഭാഗങ്ങൾ മുതൽ സൂക്ഷ്‌മ തന്മാ​ത്രകൾ വരെ—ക്രമമാ​യി കേടു​പോ​ക്കു​ക​യും പുതു​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തി​നാൽ, ശരീര​ത്തി​ലെ കോശ​ങ്ങൾക്കു തേയ്‌മാ​നം സംഭവി​ക്കു​ന്ന​താണ്‌ വാർധ​ക്യ​ത്തി​നു കാരണ​മെന്നു തീർത്തു​പ​റ​യാ​നാ​വില്ല. ശരീര​ത്തിൽ നിരവധി വ്യവസ്ഥകൾ ഉണ്ട്‌. ദശാബ്ദ​ങ്ങ​ളോ​ളം അവ ഓരോ​ന്നും വ്യത്യസ്‌ത വിധങ്ങ​ളി​ലും വേഗത്തി​ലും സ്വയം കേടു​പോ​ക്കു​ക​യോ പുതു​ക്കു​ക​യോ ചെയ്യുന്നു. അങ്ങനെ​യെ​ങ്കിൽ ഒരേസ​മ​യ​ത്തു​തന്നെ അവയു​ടെ​യെ​ല്ലാം പ്രവർത്തനം നിലയ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വാർധ​ക്യം ജീനു​ക​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു​വോ?

ഒരു പൂച്ച 20 വർഷം ജീവി​ക്കു​ന്നു, എന്നാൽ പൂച്ചയു​ടെ അത്രയും​തന്നെ വലുപ്പ​മുള്ള ഒപ്പോ​സ​ത്തി​ന്റെ ആയുസ്സ്‌ വെറും 3 വർഷമാണ്‌. a ഒരു വവ്വാൽ 20-ഓ 30-ഓ വർഷം ജീവി​ക്കു​ന്നു, എന്നാൽ ഒരു ചുണ്ടെലി 3 വർഷമേ ജീവി​ക്കു​ന്നു​ള്ളൂ. ഭീമൻ കരയാ​മകൾ 150 വർഷം ജീവി​ക്കു​മ്പോൾ ആനകൾ 70 വർഷമേ ജിവി​ക്കു​ന്നു​ള്ളൂ. ആയുസ്സി​ലെ ഇത്തരം ഏറ്റക്കു​റ​ച്ചി​ലു​കൾ എന്തു​കൊ​ണ്ടാണ്‌? ഭക്ഷണ​ക്രമം, ശരീര​ഭാ​രം, തലച്ചോ​റി​ന്റെ വലുപ്പം, ജീവി​ത​ത്തി​ന്റെ ഗതി​വേഗം തുടങ്ങിയ ഘടകങ്ങ​ളൊ​ന്നും ഈ ഏറ്റക്കു​റ​ച്ചി​ലു​കൾക്കു വിശദീ​ക​ര​ണ​മാ​കു​ന്നില്ല. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക ഇപ്രകാ​രം പറയുന്നു: “ജനിതക വസ്‌തു​വി​ലെ ജനിതക കോഡിൽ, ഒരു ജീവി​വർഗ​ത്തി​ന്റെ പരമാ​വധി ആയുസ്സ്‌ എത്രയാ​യി​രി​ക്ക​ണ​മെന്നു വ്യക്തമാ​ക്കുന്ന നിർദേ​ശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.” പരമാ​വധി ആയുർ​ദൈർഘ്യം ജീനു​ക​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ആയുസ്സ്‌ തീരാ​റാ​കു​മ്പോൾ, ശാരീ​രിക പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നിലയ്‌ക്കാൻ തുടങ്ങും. അതിന്‌ ഇടയാ​ക്കു​ന്നത്‌ എന്താണ്‌?

തന്മാ​ത്രാ​ജീ​വ​ശാ​സ്‌ത്ര​ജ്ഞ​നായ ഡോ. ജോൺ മെഡീന എഴുതു​ന്നു: “പ്രത്യേക ഘട്ടങ്ങളിൽ പൊടു​ന്നനെ പ്രത്യ​ക്ഷ​പ്പെട്ട്‌, പൂർണ വളർച്ച​യെ​ത്തിയ കോശ​ങ്ങ​ളോട്‌ അവയുടെ സാധാരണ ധർമങ്ങൾ നിറു​ത്താൻ ആവശ്യ​പ്പെ​ടുന്ന അജ്ഞാത സന്ദേശ​ങ്ങ​ളു​ണ്ടെന്നു തോന്നു​ന്നു.” അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർക്കു​ന്നു: “കോശ​ങ്ങൾക്ക്‌, ഫലത്തിൽ മുഴു ജീവജാ​ല​ങ്ങൾക്കും, വാർധ​ക്യം പ്രാപി​ക്കാ​നും മരിക്കാ​നു​മുള്ള നിർദേ​ശങ്ങൾ നൽകാൻ കഴിയുന്ന ജീനു​ക​ളുണ്ട്‌.”

നമ്മുടെ ശരീരത്തെ, ദശാബ്ദ​ങ്ങ​ളോ​ളം വിജയ​ക​ര​മാ​യി ബിസി​നസ്സ്‌ നടത്തി​ക്കൊ​ണ്ടു​പോ​കുന്ന ഒരു കമ്പനി​യോ​ടു ഉപമി​ക്കാൻ കഴിയും. എന്നാൽ ഒരു സുപ്ര​ഭാ​ത​ത്തിൽ കമ്പനി​യി​ലെ മാനേ​ജർമാർ, പുതി​യ​വരെ ജോലി​ക്കെ​ടുത്ത്‌ പരിശീ​ലി​പ്പി​ക്കു​ന്ന​തും യന്ത്രങ്ങൾ കേടു​പോ​ക്കു​ന്ന​തും പഴയ യന്ത്രങ്ങൾക്കു പകരം പുതിയവ സ്ഥാപി​ക്കു​ന്ന​തും കെട്ടി​ടങ്ങൾ യഥാസ​മയം കേടു​പോ​ക്കു​ന്ന​തും അവ പുനർനിർമി​ക്കു​ന്ന​തു​മെ​ല്ലാം നിറു​ത്തു​ന്നു. അധികം കഴിയു​ന്ന​തി​നു​മുമ്പ്‌ ബിസി​നസ്സ്‌ ക്ഷയിക്കാൻ തുടങ്ങും. പക്ഷേ ആ മാനേ​ജർമാ​രെ​ല്ലാം തങ്ങളുടെ ഫലപ്ര​ദ​മായ നയങ്ങൾക്കു മാറ്റം വരുത്തി​യത്‌ എന്തു​കൊ​ണ്ടാണ്‌? വാർധ​ക്യ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന ജീവശാ​സ്‌ത്രജ്ഞർ സമാന​മായ ഒരു ചോദ്യ​മാ​ണു നേരി​ടു​ന്നത്‌. പ്രായ​ത്തി​ന്റെ ഘടികാ​രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “കോശ​വി​ഭ​ജനം നിലയ്‌ക്കു​ന്ന​തി​ന്റെ​യും അവ നശിക്കാൻ തുടങ്ങു​ന്ന​തി​ന്റെ​യും കാരണം മനസ്സി​ലാ​ക്കു​ക​യെ​ന്നു​ള്ളത്‌ വാർധ​ക്യ​ത്തെ​ക്കു​റി​ച്ചുള്ള ഗവേഷ​ണ​ത്തി​ലെ ഒരു വലിയ സമസ്യ​യാണ്‌.”

വാർധ​ക്യ​ത്തി​നു പരിഹാ​ര​മു​ണ്ടോ?

വാർധ​ക്യ​ത്തെ വിശേ​ഷി​പ്പി​ക്കു​ന്നത്‌ “ജീവശാ​സ്‌ത്ര​പ​ര​മായ സമസ്യ​ക​ളിൽ ഏറ്റവും സങ്കീർണ​മാ​യത്‌” എന്നാണ്‌. ദശാബ്ദ​ങ്ങ​ളോ​ളം ശ്രമി​ച്ചി​ട്ടും, വാർധ​ക്യ​ത്തി​ന്റെ കാരണം കണ്ടുപി​ടി​ക്കാൻ ശാസ്‌ത്രീയ ഗവേഷ​ണ​ങ്ങൾക്കു കഴിഞ്ഞി​ട്ടില്ല, പരിഹാ​ര​ത്തി​ന്റെ കാര്യ​മൊ​ട്ടു പറയു​ക​യും വേണ്ട. വാർധ​ക്യ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന 51 ശാസ്‌ത്രജ്ഞർ പുറ​പ്പെ​ടു​വിച്ച ഒരു മുന്നറി​യിപ്പ്‌ 2004-ൽ സയന്റി​ഫിക്‌ അമേരി​ക്കൻ മാസിക പ്രസി​ദ്ധീ​ക​രി​ച്ചു. അത്‌ ഇപ്രകാ​ര​മാ​യി​രു​ന്നു: “നിലവിൽ വിപണി​യിൽ ലഭ്യമായ യാതൊ​രു ഉത്‌പ​ന്ന​ത്തി​നും വാർധ​ക്യ​ത്തെ മന്ദഗതി​യി​ലാ​ക്കാ​നോ അതിനെ തടയാ​നോ മനുഷ്യ​രെ യുവത്വ​ത്തി​ലേക്കു മടക്കി​വ​രു​ത്താ​നോ കഴിയു​മെന്നു തെളി​യി​ക്ക​പ്പെ​ട്ടി​ട്ടില്ല.” സമീകൃത ആഹാര​ക്ര​മ​വും വ്യായാ​മ​വും ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തു​ക​യും രോഗ​ബാധ നിമിത്തം അകാല​ച​ര​മ​മ​ട​യു​ന്ന​തി​ന്റെ അപകട​സാ​ധ്യത കുറയ്‌ക്കു​ക​യും ചെയ്‌തേ​ക്കാ​മെ​ങ്കി​ലും, അതൊ​ന്നും വാർധ​ക്യ​ത്തെ തടയു​മെന്നു തെളി​യി​ക്ക​പ്പെ​ട്ടി​ട്ടില്ല. ഇത്തരം നിഗമ​നങ്ങൾ ബൈബി​ളിൽ കാണ​പ്പെ​ടുന്ന യേശു​വി​ന്റെ വാക്കുകൾ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു: “വിചാ​ര​പ്പെ​ടു​ന്ന​തി​നാൽ തന്റെ [ആയുസ്സി​ന്റെ] നീള​ത്തോ​ടു ഒരു മുഴം കൂട്ടു​വാൻ നിങ്ങളിൽ ആർക്കു കഴിയും?”—മത്തായി 6:27.

വാർധ​ക്യ​ത്തി​നു പരിഹാ​രം കണ്ടെത്താ​നുള്ള ശ്രമത്തിൽ ഉണ്ടായി​ട്ടുള്ള പുരോ​ഗ​തി​യെ സംക്ഷേ​പി​ച്ചു​കൊണ്ട്‌ ഡോ. മെഡീന എഴുതു​ന്നു: “വാർധ​ക്യ​ത്തി​ന്റെ അടിസ്ഥാന കാരണം​തന്നെ ഞങ്ങൾക്ക്‌ അറിയില്ല. . . . ദശാബ്ദ​ങ്ങൾക്കു മുമ്പ്‌ അർബു​ദ​ത്തി​നെ​തി​രെ യുദ്ധം പ്രഖ്യാ​പി​ച്ചെ​ങ്കി​ലും ഇപ്പോ​ഴും അതി​നൊ​രു പ്രതി​വി​ധി കണ്ടെത്താ​നാ​യി​ട്ടില്ല. അർബു​ദ​ത്തി​നു കാരണ​മാ​കുന്ന ഘടകങ്ങ​ളെ​ക്കാൾ അങ്ങേയറ്റം സങ്കീർണ​മാണ്‌ വാർധക്യ പ്രക്രിയ.”

ഗവേഷകർ നിർണാ​യക നിഗമ​ന​ത്തി​ലെ​ത്തു​ന്നു

സചേതന വസ്‌തു​ക്ക​ളു​ടെ പ്രവർത്തന വിധ​ത്തെ​യും അവ വാർധ​ക്യം പ്രാപി​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​യും കുറി​ച്ചുള്ള ഗവേഷ​ണങ്ങൾ, ഏറെക്കാ​ലം ജീവി​ച്ചി​രി​ക്കാ​നുള്ള പ്രത്യാ​ശയെ തച്ചുട​ച്ചി​ട്ടില്ല. വാർധ​ക്യ​ത്തെ​ക്കു​റി​ച്ചുള്ള ഗവേഷ​ണങ്ങൾ നിർണാ​യ​ക​മായ ഒരു നിഗമ​ന​ത്തി​ലെ​ത്തി​ച്ചേ​രാൻ തങ്ങളെ നിർബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ന്നു​വെന്ന്‌ ചിലർ മനസ്സി​ലാ​ക്കു​ന്നു. തന്മാ​ത്രാ​ജീ​വ​ര​സ​ത​ന്ത്ര​ജ്ഞ​നായ മൈക്കൾ ബീഹീ എഴുതു​ന്നു: “കഴിഞ്ഞ നാലു ദശാബ്ദ​ങ്ങ​ളി​ലാ​യി ആധുനിക ജൈവ​ര​സ​ത​ന്ത്രം കോശ​ങ്ങ​ളു​ടെ രഹസ്യങ്ങൾ വെളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. . . . കോശ​ത്തെ​പ്പറ്റി പഠിക്കാൻ അതും തന്മാത്രാ തലത്തിൽ ജീവ​നെ​ക്കു​റി​ച്ചു പഠിക്കാൻ പലരും നടത്തിയ ശ്രമത്തി​ന്റെ ഫലം വ്യക്തമാ​യി വിളി​ച്ചോ​തു​ന്നത്‌ സചേതന വസ്‌തു​ക്കളെ ആരോ രൂപകൽപ്പന ചെയ്‌ത​താ​ണെ​ന്നാണ്‌.” ആരോ ബുദ്ധി​വൈ​ഭ​വ​ത്തോ​ടെ സചേതന വസ്‌തു​ക്കളെ രൂപകൽപ്പന ചെയ്‌തു. തീർച്ച​യാ​യും ഈ നിഗമ​ന​ത്തി​ലെ​ത്തി​ച്ചേർന്ന ആദ്യ വ്യക്തി ബീഹീ ആയിരു​ന്നില്ല. മനുഷ്യ​ശ​രീ​ര​ത്തി​ന്റെ രൂപകൽപ്പ​ന​യിൽ അദ്‌ഭു​തം​കൂ​റിയ ഒരു പുരാതന സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം എഴുതി: “ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി”ക്കുന്നു.—സങ്കീർത്തനം 139:14.

എല്ലാ ജീവജാ​ല​ങ്ങ​ളും രൂപകൽപ്പന ചെയ്യ​പ്പെ​ട്ട​താ​ണെ​ങ്കിൽ, കൗതു​ക​ക​ര​മായ ഒരു ചോദ്യം ഉയർന്നു​വ​രു​ന്നു: വലിയ രൂപര​ച​യി​താ​വായ ദൈവം, പല മൃഗങ്ങ​ളു​ടെ​യും അതേ ആയുർ​ദൈർഘ്യ​ത്തോ​ടെ​യാ​ണോ മനുഷ്യ​രെ സൃഷ്ടി​ച്ചത്‌, അതോ മൃഗങ്ങ​ളെ​ക്കാൾ കൂടുതൽ കാലം അവർ ജീവി​ച്ചി​രി​ക്ക​ണ​മെന്ന്‌ അവൻ ഉദ്ദേശി​ച്ചി​രു​ന്നോ?

[അടിക്കു​റിപ്പ്‌]

a വടക്കേ അമേരി​ക്ക​യിൽ കാണ​പ്പെ​ടുന്ന ഒരു സഞ്ചിമൃ​ഗ​മാണ്‌ ഒപ്പോസം.

[6-ാം പേജിലെ ആകർഷക വാക്യം]

‘അതിശ​യ​ക​ര​മാ​യി നാം സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു’

[4, 5 പേജു​ക​ളി​ലെ ചിത്രം]

അപചയ​മാ​ണോ വാർധ​ക്യ​ത്തി​നു കാരണം?

[6-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഡിഎൻഎ: Photo: www.comstock.com