വാർധക്യത്തെ മാറ്റിനിറുത്താനാകുമോ?
വാർധക്യത്തെ മാറ്റിനിറുത്താനാകുമോ?
“ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; . . . അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.”—സങ്കീർത്തനം 90:10.
ഒരിക്കലും ഒളിമങ്ങാത്ത മനസ്സും ഓജസ്സുറ്റ ശരീരവുമായി, നിത്യയൗവനത്തോടെ ജീവിക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. അതു വെറുമൊരു സ്വപ്നമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ കൗതുകകരമായ ഈ വസ്തുത ശ്രദ്ധിക്കുക: ചില ഇനം തത്തകളുടെ ആയുസ്സ് നൂറോളം വർഷമാണ്, എന്നാൽ ചുണ്ടെലികളാകട്ടെ അപൂർവമായേ മൂന്നു വർഷത്തിലധികം ജീവിക്കാറുള്ളൂ. ആയുർദൈർഘ്യത്തിലെ ഇത്തരം ഏറ്റക്കുറച്ചിലുകൾ ചില ജീവശാസ്ത്രജ്ഞരെ പിൻവരുന്ന നിഗമനത്തിലെത്താൻ ഇടയാക്കിയിരിക്കുന്നു: വാർധക്യത്തിന് ഒരു കാരണമുണ്ടായിരിക്കണം, ഇതു ശരിയാണെങ്കിൽ അതിന് ഒരു പരിഹാരവും ഉണ്ടായിരിക്കാം.
വാർധക്യത്തെ തടയാൻ ഫലപ്രദമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി ഔഷധ കമ്പനികൾ വളരെയധികം പണം മുടക്കുന്നു. തന്നെയുമല്ല, വാർധക്യത്തിന്റെ ഗതിവേഗം കുറയ്ക്കാനുള്ള ഒരു വഴി കണ്ടെത്തേണ്ടത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനിച്ച, ഇപ്പോൾ 60-കളിലേക്കു കാലെടുത്തുവെക്കുന്ന ആളുകളുടെ വ്യക്തിപരമായ ആവശ്യമായിത്തീർന്നിരിക്കുന്നു.
ജനിതകശാസ്ത്രം, തന്മാത്രാജീവശാസ്ത്രം, ജന്തുശാസ്ത്രം, ജെറന്റോളജി (വാർധക്യത്തെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രശാഖ) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ വാർധക്യത്തെക്കുറിച്ചുള്ള പഠനത്തിന് അതീവ പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. സ്റ്റീവൻ ഓസ്റ്റാഡ് എഴുതിയ വാർധക്യത്തിന്റെ കാരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “വാർധക്യത്തെക്കുറിച്ചു പഠിക്കുന്ന ഗവേഷകർ കൂടിവരുന്ന സന്ദർഭങ്ങളിൽ ഇപ്പോൾ അങ്ങേയറ്റം ആകാംക്ഷാഭരിതമായ അന്തരീക്ഷമാണ് ഉള്ളത്. വാർധക്യ പ്രക്രിയയുടെ മൂലകാരണം താമസിയാതെതന്നെ ഞങ്ങൾക്കു പിടികിട്ടും.”
വാർധക്യത്തിന്റെ കാരണം സംബന്ധിച്ച് അനേകം സിദ്ധാന്തങ്ങളുണ്ട്. കോശഘടനയ്ക്ക് ഉണ്ടാകുന്ന തകരാറാണ് വാർധക്യത്തിനു കാരണം എന്നതാണ് അതിലൊന്ന്. വാർധക്യം ജീനുകളിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊന്ന്. ഇനിയും, ഈ രണ്ട് ആശയങ്ങളും ഉൾപ്പെടുന്നതാണ് ഉത്തരമെന്ന് മറ്റുചിലർ പറയുന്നു. വാർധക്യ പ്രക്രിയയുടെ രഹസ്യം നാം എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു? വാർധക്യത്തെ മാറ്റിനിറുത്താനാകുമെന്നു പ്രതീക്ഷിക്കാൻ കാരണമുണ്ടോ?
[2, 3 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
തേനീച്ച
90 ദിവസം
↓
ചുണ്ടെലി
3 വർഷം
↓
നായ്
15 വർഷം
↓
കുരങ്ങ്
30 വർഷം
↓
ചീങ്കണ്ണി
50 വർഷം
↓
ആന
70 വർഷം
↓
മനുഷ്യൻ
80 വർഷം
↓
തത്ത
100 വർഷം
↓
ഭീമൻ കരയാമ
150 വർഷം
↓
ഭീമൻ സെക്വയ
3,000 വർഷം
↓
ബ്രിസിൽകോൺ പൈൻ
4,700 വർഷം
[3-ാം പേജിലെ ചിത്രം]
ചില തത്തകളുടെ ആയുസ്സ് 100-ഓളം വർഷമാണ്, എന്നാൽ മനുഷ്യരുടേതാകട്ടെ ഏകദേശം 80-ഉം. ഗവേഷകർ ചോദിക്കുന്നു: “വാർധക്യത്തിനു കാരണമെന്ത്?”