കുഞ്ഞുങ്ങൾക്കും മസാജോ?
കുഞ്ഞുങ്ങൾക്കും മസാജോ?
സ്പെയിനിലെ ഉണരുക! ലേഖകൻ
അനീറ്റ നൈജീരിയക്കാരിയായ ഒരു യുവതിയാണ്. അവൾ തന്റെ കുഞ്ഞിനെ കുളിപ്പിച്ചിട്ട് അതിന്റെ ശരീരം ശ്രദ്ധയോടെ ഉഴിയുന്നു. അമ്മയും മോളും അത് നന്നായി ആസ്വദിക്കുന്നു. “കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന്റെ ഭാഗമായി നൈജീരിയയിലെ അമ്മമാർ കാലങ്ങളായി ചെയ്തുപോരുന്ന ഒന്നാണിത്” എന്ന് അനീറ്റ പറയുന്നു. “എന്റെയും അനുജന്മാരുടെയും കാര്യത്തിൽ എന്റെ അമ്മയും ഇതുപോലെ ചെയ്യുമായിരുന്നു. കുഞ്ഞിന്റെ പേശികൾക്ക് കരുത്തേകാനും ശരീരത്തിനും മനസ്സിനും അയവുവരുത്താനുമുള്ള ഒരു ഉത്തമമാർഗമാണ് ഇത്. ഞാൻ ഇതു ചെയ്യുന്ന സമയത്ത് കുഞ്ഞിനോടു സംസാരിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്യും. അപ്പോൾ അവളുടെ ഭാഷയിൽ അവൾ എന്തൊക്കെയോ പറയും, എന്നെ നോക്കി പുഞ്ചിരിക്കുകയും ചെയ്യും. അത് ഹൃദ്യമായ ഒരനുഭൂതി തന്നെയാണ്!”
കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്ന ഈ രീതി പല നാടുകളിലും സാധാരണമാണ്. ചില പാശ്ചാത്യരാജ്യങ്ങളിൽ ഇതു ജനപ്രീതിയാർജിച്ചുവരുന്നു. ‘സ്പാനീഷ് അസ്സോസിയേഷൻ ഫോർ ഇൻഫന്റ് മസാജ്’ പറയുന്നതനുസരിച്ച് ആർദ്രവും ലോലവും ഹൃദ്യവുമായ ഒരു വിധത്തിൽ തന്റെ കുഞ്ഞോമനയുമായി ശാരീരികവും വൈകാരികവുമായി ആശയവിനിമയം ചെയ്യാൻ അമ്മയെ സഹായിക്കുന്ന ഒരു മാർഗമാണിത്. കുഞ്ഞിന്റെ കൈകാലുകൾ, പാദങ്ങൾ, പുറം, നെഞ്ച്, വയറ്, മുഖം എന്നീ ഭാഗങ്ങളിൽ അമർത്തി എന്നാൽ മൃദുവായി തടവുന്നത് ഇതിൽ ഉൾപ്പെടുന്നു.
ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഞ്ഞിന് എന്തു പ്രയോജനമാണു ലഭിക്കുന്നത്? ഈ വിരൽസ്പർശത്തിലൂടെ കൈമാറപ്പെടുന്നത് സ്നേഹവും വാത്സല്യവുമാണ്, ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനവും അതാണ്. പിറന്നു വീഴുന്ന ഒരു കുഞ്ഞിന് പോഷണം മാത്രം പോരാ, മാതാപിതാക്കളുടെ സ്നേഹപരിലാളനകളും വേണം. സ്പർശനബോധം ജീവിതത്തിന്റെ ആദ്യദശയിൽത്തന്നെ ഉടലെടുക്കുന്ന ഒന്നായതിനാൽ അമ്മയോ അച്ഛനോ കുഞ്ഞിന്റെ ശരീരം മൃദുവായി ഉഴിയുന്നത് അനുഭവവേദ്യമായ വിധത്തിൽ സ്നേഹം അറിയിക്കുന്നതിനുള്ള ഒരു മാർഗമാണ്. ശാരീരികവും വൈകാരികവുമായ ധാരാളം സന്ദേശങ്ങൾ ഇതു കുഞ്ഞിന് കൈമാറുന്നു. അങ്ങനെ ജനനം മുതൽത്തന്നെ കുഞ്ഞിനും മാതാപിതാക്കൾക്കും ഇടയിൽ ശക്തമായ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നതിന് ഇതു സഹായിക്കുന്നു.
എന്നാൽ സ്നേഹം കൈമാറുന്നു എന്നതിനു പുറമേ ഇതിനു മറ്റു പ്രയോജനങ്ങളുമുണ്ട്. കുഞ്ഞിന്റെ ഇളം മേനിക്കും മനസ്സിനും ഇത് അയവുവരുത്തിയേക്കാം. ഫലമോ? കുഞ്ഞിന് നല്ല ഉറക്കം കിട്ടിയേക്കാം, കുരുന്നുമനസ്സിലെ പിരിമുറുക്കങ്ങളും കുറയാനിടയുണ്ട്. കൂടാതെ കുഞ്ഞിന്റെ പേശികൾക്ക് കരുത്തേകുകയും രക്തപര്യയനവ്യവസ്ഥയുടെയും, ദഹന-ശ്വസന വ്യവസ്ഥകളുടെയും പ്രവർത്തനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്തേക്കാം എന്നതും ഇതിന്റെ പ്രയോജനങ്ങൾതന്നെ. കുഞ്ഞിന്റെ പ്രതിരോധ വ്യവസ്ഥയ്ക്കും ഇതു പ്രയോജനം ചെയ്യുമെന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല, സ്പർശനം, കാഴ്ച, കേൾവി എന്നിങ്ങനെയുള്ള ഇന്ദ്രിയ പ്രാപ്തികൾ ഉണർത്തപ്പെടുന്നതിനാൽ ഓർമശക്തിയെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയെയും അത് ഉദ്ദീപിപ്പിച്ചേക്കാം.
കുഞ്ഞുങ്ങളുടെ ശരീരം ഉഴിയുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് ചില ആശുപത്രികളും ഗവേഷണം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പഠനം നടത്തുകയുണ്ടായി. മസാജിങ്ങിനു വിധേയരായ കുഞ്ഞുങ്ങൾക്ക്, അതിനു വിധേയരാകാതിരുന്ന ശിശുക്കളെ അപേക്ഷിച്ച് ഏഴു ദിവസം മുമ്പുതന്നെ ആശുപത്രി വിടാൻ കഴിഞ്ഞെന്നും അവരുടെ തൂക്കത്തിലുള്ള വർധന താരതമ്യേന 47 ശതമാനം കൂടുതൽ ആയിരുന്നുവെന്നും ആ പഠനം വെളിപ്പെടുത്തി.
തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, നല്ല ഒരു ഉഴിച്ചിൽ മുതിർന്നവർക്കു മാത്രമല്ല, കുഞ്ഞുങ്ങൾക്കും പ്രയോജനംചെയ്യുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ, ഇതിന് ശാരീരിക പ്രയോജനം മാത്രമല്ല ഉള്ളത്. അമ്മ പുഞ്ചിരിതൂകിക്കൊണ്ട് തന്റെ പൊന്നോമനയുടെ കുഞ്ഞിളം മേനിയിലൂടെ ആർദ്രമായി വിരലോടിക്കുമ്പോൾ, ആ വിരൽസ്പർശത്തിലൂടെ കുഞ്ഞ് അറിയുന്നത് സ്നേഹമാണ്.