ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കണം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കണം?
“ആദ്യമൊക്കെ ഭാവിയെക്കുറിച്ച് എനിക്കു വലിയ ചിന്തയൊന്നുമില്ലായിരുന്നു. എന്നാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകാറായതോടെ ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ തുടങ്ങുകയാണെന്നു ഞാൻ തിരിച്ചറിഞ്ഞു, ജോലിചെയ്ത് ജീവിതച്ചെലവൊക്കെ വഹിക്കേണ്ടിവരുന്ന ഒരു യഥാർഥ ജീവിതം.”—അലിക്സ്, 17.
ഭാവിയിൽ ആരായിത്തീരുമെന്ന് കുട്ടിക്കാലത്തു നിങ്ങൾ ദിവാസ്വപ്നം കണ്ടിട്ടുണ്ടോ? അതേക്കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? പ്രായപൂർത്തിയാകുമ്പോൾ എങ്ങനെ സ്വന്തംകാര്യം നോക്കാം എന്നതിനെപ്പറ്റി നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. കരിയർ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ഏതു കരിയർ തിരഞ്ഞെടുക്കണമെന്നതാണ് യുവജനങ്ങൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.”
എന്നാൽ നിങ്ങളുടെ കാര്യത്തിൽ സംഗതി വ്യത്യസ്തമായിരിക്കാം. ഒരുപക്ഷേ കരിയറിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. ‘അടിച്ചുപൊളിച്ചു ജീവിക്കുക’ എന്നതു മാത്രമായിരിക്കാം നിങ്ങളുടെ മനസ്സുനിറയെ. ജീവിതം ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം “യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 11:9) എന്നിരുന്നാലും നിങ്ങളുടെ ജീവിതം എങ്ങനെ വിനിയോഗിക്കും എന്നു ചിന്തിച്ചു തുടങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന് സദൃശവാക്യങ്ങൾ 14:15 പറയുന്നു. നിങ്ങൾക്കത് എങ്ങനെ ചെയ്യാനാകും?
“നിങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് അറിയുക”
നിങ്ങൾ ഒരു ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെന്നു സങ്കൽപ്പിക്കുക. ഏറ്റവും നല്ല വഴി ഏതെന്നറിയാൻ സാധ്യതയനുസരിച്ച് ആദ്യംതന്നെ നിങ്ങൾ ഒരു റോഡ് മാപ്പ് പരിശോധിക്കില്ലേ? അതുപോലെതന്നെയാണ് ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുന്ന കാര്യത്തിലും. “നിങ്ങളുടെ മുമ്പിൽ നിരവധി മാർഗങ്ങൾ തുറന്നു കിടപ്പുണ്ട്,” യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിൽ ഒന്നിൽ സേവിക്കുന്ന മൈക്കിൾ എന്ന യുവാവ് പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്തുചെയ്യും? “അതെല്ലാം നിങ്ങളുടെ ലാക്കുകളെ ആശ്രയിച്ചാണിരിക്കുന്നത്,” മൈക്കിൾ കൂട്ടിച്ചേർക്കുന്നു.
നിങ്ങളുടെ ലാക്കിനെ ഒരു ലക്ഷ്യസ്ഥാനമായി സങ്കൽപ്പിക്കുക. ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുകവഴി നിങ്ങൾ അവിടെ എത്തിപ്പെടാൻ സാധ്യതയില്ല. പകരം ‘ഒരു റോഡ് മാപ്പ്’ നോക്കി ഗതി തിരഞ്ഞെടുക്കുന്നതാണ് ഏറെ മെച്ചം. അപ്രകാരം പ്രവർത്തിക്കുമ്പോൾ “നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക” എന്ന സദൃശവാക്യങ്ങൾ 4:26-ലെ ഉദ്ബോധനം പിൻപറ്റുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. “നിങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് അറിയുക” എന്നാണ് സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം ആ ഭാഗം വിവർത്തനം ചെയ്തിരിക്കുന്നത്.
വരും വർഷങ്ങളിൽ ആരാധന, തൊഴിൽ, വിവാഹം, കുടുംബം എന്നിവയോടു ബന്ധപ്പെട്ടതോ മറ്റു നിർണായക
കാര്യങ്ങൾ ഉൾപ്പെടുന്നതോ ആയ പല സുപ്രധാന തീരുമാനങ്ങളും നിങ്ങൾക്ക് എടുക്കേണ്ടിവരും. നിങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ആദ്യമേതന്നെ അറിയാമെങ്കിൽ ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പു നടത്തുക എളുപ്പമായിരിക്കും. നിങ്ങളുടെ ജീവിതഗതി തിരഞ്ഞെടുക്കുമ്പോൾ അവഗണിക്കാനാവാത്ത ഒരു ഘടകമുണ്ട്.“നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”
യഥാർഥത്തിൽ സന്തോഷമുള്ളവരായിരിക്കാൻ ജ്ഞാനിയായ ശലോമോന്റെ പിൻവരുന്ന വാക്കുകൾക്കു നിങ്ങൾ ശ്രദ്ധ നൽകേണ്ടതുണ്ട്: “നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാപ്രസംഗി 12:1) ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ആഗ്രഹത്താൽ പ്രചോദിതരായിട്ടായിരിക്കണം നിങ്ങൾ ജീവിതഗതി തിരഞ്ഞെടുക്കാൻ.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? വെളിപ്പാടു 4:11-ൽ ബൈബിൾ പറയുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും സ്രഷ്ടാവിനോടു നന്ദിയുള്ളവരായിരിക്കാൻ തീർച്ചയായും ബാധ്യസ്ഥരാണ്. “ജീവനും ശ്വാസവും സകലവും” നൽകിയതിന് നിങ്ങൾ അവനോടു നന്ദിയുള്ളവരാണോ? (പ്രവൃത്തികൾ 17:25) യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന എല്ലാറ്റിനോടുമുള്ള വിലമതിപ്പു നിമിത്തം അവന് എന്തെങ്കിലും തിരികെ നൽകാൻ നിങ്ങൾ നിർബന്ധിതരാകുന്നില്ലേ?
തങ്ങളുടെ സ്രഷ്ടാവിനെ ഓർത്തുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ഇടയിൽ അനേകം യുവജനങ്ങൾ മുഴുസമയശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു. മുഴുസമയശുശ്രൂഷ വാസ്തവത്തിൽ ആദരണീയമായ ഒരു ലാക്കാണ്. കൂടാതെ അത് എണ്ണമറ്റ അനുഗ്രഹങ്ങളും കൈവരുത്തുന്നു. (മലാഖി 3:10) എങ്കിലും അതിനായി മുന്നമേ ആസൂത്രണം ചെയ്യേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, ‘മുഴുസമയസേവനത്തിന് സഹായകമായ എന്തെല്ലാം കഴിവുകളും വൈദഗ്ധ്യങ്ങളുമാണ് എനിക്കുള്ളത്?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക.
ഇപ്പോൾ 27 വയസ്സുള്ള കെലി ഭാവി പ്രവർത്തനങ്ങൾ ചെറുപ്പത്തിൽത്തന്നെ ആസൂത്രണം ചെയ്തു. മുഴുസമയസേവനത്തിൽ ഏർപ്പെടുക എന്ന വ്യക്തമായ ഒരു ലാക്ക് അവൾക്കുണ്ടായിരുന്നു. തന്റെ കൗമാരത്തിന്റെ
അവസാന നാളുകളിൽത്തന്നെ ഏതു തൊഴിൽ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് അവൾ ചിന്തിക്കാൻ തുടങ്ങി. അവൾ പറയുന്നു: “ശുശ്രൂഷയിൽ എന്നെ സഹായിക്കുന്ന എന്തെങ്കിലും ഞാൻ തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു.”ഹൈസ്കൂളിൽവെച്ച് കെലി ഒരു ദന്ത ഡോക്ടറുടെ സഹായിയായി പ്രവർത്തിക്കുന്നതിനുള്ള തൊഴിൽ പരിശീലനം നേടി. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ അവൾ വിജയിക്കുകപോലും ചെയ്തു. അവളുടെ ഈ വലിയ വിജയം പ്രഥമ ലാക്കിൽനിന്നും അവളെ വ്യതിചലിപ്പിച്ചില്ല. “മുഴുസമയശുശ്രൂഷയായിരുന്നു എന്റെ ലാക്ക്,” അവൾ പറയുന്നു. “മറ്റെന്തിനും രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.” കെലി ഇപ്പോഴും തന്റെ മുഴുസമയശുശ്രൂഷ ആസ്വദിക്കുന്നു. “എനിക്കു ചെയ്യാവുന്നതിൽവെച്ച് ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു അത്,” അവൾ പറയുന്നു.
‘വഴി’ ചോദിച്ചറിയുക
പരിചയമില്ലാത്ത ഒരു പ്രദേശത്തുകൂടിയാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ വഴി ചോദിച്ചറിയേണ്ടത് ആവശ്യമായിരുന്നേക്കാം, ഒരു റോഡ് മാപ്പ് ഉണ്ടെങ്കിൽപ്പോലും. ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും നിങ്ങൾക്ക് അതുതന്നെ ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ നിർദേശങ്ങൾ ആരായുക. സദൃശവാക്യങ്ങൾ 20:18 പറയുന്നു: ‘ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു.’ അതിനുള്ള ഒരു ഉത്തമ സ്രോതസ്സാണു നിങ്ങളുടെ മാതാപിതാക്കൾ. ദൈവിക ജ്ഞാനം പ്രതിഫലിപ്പിക്കുന്ന പക്വതയുള്ള ക്രിസ്തീയ സഹോദരങ്ങളുടെ നിർദേശങ്ങളും നിങ്ങൾക്കു തേടാവുന്നതാണ്. “നിങ്ങളുടെ സഭയിലോ അടുത്ത പ്രദേശത്തോ നല്ല മാതൃകകളായിരിക്കുന്ന മുതിർന്നവരെ നോക്കുക,” റോബർട്ടോ നിർദേശിക്കുന്നു. “നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ അവരിൽനിന്നു കേൾക്കാനായേക്കും.”
ജീവിതത്തിൽ ഏറ്റവും അധികം സന്തോഷം നൽകുന്ന തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനു നിങ്ങളെ സഹായിക്കാൻ മറ്റാരേക്കാളുമുപരിയായി യഹോവയാം ദൈവം ആഗ്രഹിക്കുന്നു. ആയതിനാൽ നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് “കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹി”ക്കേണ്ടതിനു അവനോടു ചോദിക്കുക. (എഫെസ്യർ 5:17) പൂർണഹൃദയത്തോടെ നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ “അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ypa എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
◼ നിങ്ങൾക്ക് എന്തെല്ലാം കഴിവുകളും വൈദഗ്ധ്യങ്ങളുമുണ്ട്?
◼ ആ കഴിവുകളെ യഹോവയുടെ മഹത്ത്വത്തിനായി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നിങ്ങൾക്കു ചിന്തിക്കാനാകുമോ?
◼ ഈ ലേഖനത്തിൽ പരിചിന്തിച്ച ഏതു മുഴുസമയസേവനമാണു നിങ്ങൾക്കിഷ്ടം?
[23-ാം പേജിലെ ചതുരം]
വഴിമുട്ടിയ ജീവിതം
ബൈബിൾ പറയുന്നു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” ധനസമ്പാദന മാർഗങ്ങൾ പ്രശ്നപൂരിതങ്ങളാണ്! ആത്യന്തികമായി അവ നമ്മെ കടത്തിലും ഉത്കണ്ഠയിലും ആത്മീയ തകർച്ചയിലും കൊണ്ടെത്തിക്കുകയും അങ്ങനെ ജീവിതം വഴിമുട്ടിയ ഒരവസ്ഥയിൽ ആയിത്തീരുകയും ചെയ്തേക്കാം.—1 തിമൊഥെയൊസ് 6:9, 10.
[24, 25 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
പയനിയറിങ്
ദൈവരാജ്യ സുവാർത്ത പ്രസംഗത്തിൽ മാസംതോറും കുറഞ്ഞത് 70 മണിക്കൂർ ചെലവഴിക്കുന്ന സ്നാപനമേറ്റ മാതൃകായോഗ്യരായ പ്രസാധകരാണ് പയനിയർമാർ. പരിശീലനത്താലും അനുഭവപരിചയത്താലും പയനിയർമാർ ബൈബിളിന്റെ അധ്യാപകരെന്ന നിലയിൽ കൂടുതൽ വൈദഗ്ധ്യം നേടിയെടുക്കുന്നു.
ബെഥേൽ സേവനം
ബെഥേൽ കുടുംബാംഗങ്ങൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നു. അവിടെ അവർ ബൈബിൾ സാഹിത്യങ്ങളുടെ തയാറാക്കൽ, ഉത്പാദനം, വിതരണം എന്നിവയിൽ സഹായിക്കുന്നു. ബെഥേലിലെ ഓരോ നിയമനവും ഒരു വിശുദ്ധ സേവനപദവിയാണ്.
ആവശ്യം അധികമുള്ളിടത്തു സേവിക്കൽ
ചില പയനിയർമാർ രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള പ്രദേശത്തേക്ക് മാറിപ്പാർക്കുന്നു. മറ്റു ചിലർ വേറൊരു ഭാഷ പഠിച്ചുകൊണ്ട് വിദേശത്തോ ആ ഭാഷ ഉപയോഗിക്കുന്ന ഒരു സഭയോടൊപ്പമോ സേവിക്കുന്നു.
അന്താരാഷ്ട്ര സേവനം
അന്താരാഷ്ട്ര സേവകർ രാജ്യഹാൾ നിർമാണത്തിലോ ബ്രാഞ്ച് സൗകര്യങ്ങളുടെ നിർമാണത്തിലോ സഹായിക്കുന്നതിനു മറ്റു ദേശങ്ങളിലേക്കു പോകുന്നു. ശലോമോന്റെ ആലയ നിർമാണത്തിൽ പങ്കെടുത്തവർ ചെയ്തതിനു തുല്യമായ ഒരു വിശുദ്ധ സേവനമാണ് ഇത്.—1 രാജാക്കന്മാർ 8:13-18.
ശുശ്രൂഷാ പരിശീലന സ്കൂൾ
യോഗ്യരായ അവിവാഹിത മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും സംഘടനാപരമായ കാര്യങ്ങളിലും പ്രസംഗങ്ങൾ നടത്തുന്നതിലും പരിശീലനം നൽകുന്ന എട്ടാഴ്ചത്തെ ഒരു കോഴ്സാണിത്. ഈ സ്കൂളിൽനിന്നു ബിരുദം നേടിയ ചിലർ സ്വദേശത്തുതന്നെ സേവിക്കുന്നു; മറ്റുചിലർ വിദേശത്തും.
മിഷനറി സേവനം
നല്ല ശാരീരിക ആരോഗ്യവും ഓജസ്സും ഉള്ള യോഗ്യരായ പയനിയർമാർക്ക് വിദേശനിയമനങ്ങൾക്കായി പരിശീലനം നൽകുന്നു. മിഷനറിമാർ ആവേശകരവും സംതൃപ്തികരവുമായ ജീവിതം നയിക്കുന്നു.
[24-ാം പേജിലെ ചതുരം/ചിത്രം]
ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും?
യഹോവയുടെ സാക്ഷികൾ നിർമിച്ച ഈ വീഡിയോ പ്രോഗ്രാം ഐക്യനാടുകൾ, ജർമനി, ബ്രസീൽ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ സത്യസന്ധമായ അഭിമുഖങ്ങളാണ്. താമസിയാതെ ഇത് അനേകം ഭാഷകളിൽ ലഭ്യമാകും.
[23-ാം പേജിലെ ചിത്രം]
“അതെല്ലാം നിങ്ങളുടെ ലാക്കുകളെ ആശ്രയിച്ചാണിരിക്കുന്നത്.”—മൈക്കിൾ, ഒരു ബെഥേൽ അംഗം
[24-ാം പേജിലെ ചിത്രം]
“എനിക്കു ചെയ്യാവുന്നതിൽവെച്ച് ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു അത്.”—കെലി, ആറു വർഷമായി പയനിയറാണ്
[25-ാം പേജിലെ ചിത്രം]
“നല്ല മാതൃകകളായവരെനോക്കുക.”—റോബർട്ടോ, ഒരു ബെഥേൽ അംഗം