ഒരു കുട്ടിയുടെ വിശ്വാസം
ഒരു കുട്ടിയുടെ വിശ്വാസം
ഡസ്റ്റിന്റെ അമ്മ യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവനും അമ്മയോടൊപ്പം അധ്യയനത്തിന് ഇരിക്കാൻ തുടങ്ങി. 11 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നന്നായി ചിന്തിക്കുന്ന കൂട്ടത്തിലായിരുന്ന അവൻ അർഥവത്തായ അനേകം ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. താമസിയാതെ, അമ്മയെ പഠിപ്പിച്ച ആ മുൻ മിഷനറിയോട് തനിക്കും ഒരു ബൈബിളധ്യയനം വേണമെന്ന് അവൻ ആവശ്യപ്പെട്ടു. അവൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സഹപാഠികളുമായി പങ്കുവെക്കാനും തുടങ്ങി.
ഡസ്റ്റിൻ സ്ഥലത്തെ രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരാകാനും സദസ്യ പങ്കുപറ്റലോടെ നടത്തുന്ന പരിപാടികളിൽ ഉത്തരം പറയാനും തുടങ്ങി. ഒരിക്കൽ അവൻ ഇളയ സഹോദരങ്ങളോടൊപ്പം പിതാവിനെ—അദ്ദേഹം അവരോടൊപ്പമല്ല താമസിച്ചിരുന്നത്—കാണാൻ ചെന്നപ്പോൾ എല്ലാവരുംകൂടി ഒന്നിച്ചു പള്ളിയിൽ പോകാനായി അദ്ദേഹം നിർബന്ധിച്ചു. എന്നാൽ എന്തുകൊണ്ടാണ് താൻ രാജ്യഹാളിൽ പോകാൻ ഇഷ്ടപ്പെടുന്നതെന്ന് അവൻ വിശദീകരിച്ചു. അദ്ദേഹം ഡസ്റ്റിന് അതിനുള്ള അനുവാദം നൽകി.
ഒരു വൈകുന്നേരം രാജ്യഹാളിലെ യോഗത്തിനു ശേഷം ഡസ്റ്റിന്റെ അമ്മ നോക്കിയപ്പോൾ അവനെ കാണാനില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ അംഗമാകുന്നതിനെക്കുറിച്ച് സ്കൂൾ മേൽവിചാരകനോടു ചോദിക്കാൻ പോയതായിരുന്നു അവൻ. അമ്മ അതിനു സമ്മതിച്ചു. ആദ്യ പ്രസംഗ നിയമനത്തിനായി അവൻ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാൽ ആ സമയത്താണ് അവന്റെ ഇടുപ്പിനു കടുത്ത വേദന തുടങ്ങിയത്; പരിശോധനയ്ക്കായി അവനെ പല ഡോക്ടർമാരുടെയും അടുക്കൽ കൊണ്ടുപോകുകയും ചെയ്തു. അങ്ങനെയിരിക്കെ, അവൻ കാത്തുകാത്തിരുന്ന ആ ദിവസം വന്നു—ആദ്യത്തെ പ്രസംഗത്തിന്റെ ദിവസം. അപ്പോഴേക്കും അവൻ ഊന്നുവടികൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. വേദന ഉണ്ടായിരുന്നെങ്കിലും ഊന്നുവടികൾ ഇല്ലാതെയാണ് അവൻ രാജ്യഹാളിലെ സ്റ്റേജിലേക്കു ചെന്നത്.
അധികം താമസിയാതെ യൂവിങ്സ് സാർകോമ എന്ന ഒരു അപൂർവ ഇനം അസ്ഥി അർബുദം അവന് ഉണ്ടെന്നു കണ്ടെത്തി. തുടർന്നുവന്ന വർഷത്തിന്റെ അധികഭാഗവും അവൻ കാലിഫോർണിയായിലെ സാൻ ഡിയേഗോയിലുള്ള കുട്ടികളുടെ
ആശുപത്രിയിലാണു ചെലവഴിച്ചത്. അവൻ കിമോതെറാപ്പിക്കും റേഡിയേഷനും വിധേയനായി. ഒടുവിൽ അവന്റെ വലതുകാലും ശ്രോണീയ അസ്ഥിയും (pelvic bone) മുറിച്ചുകളഞ്ഞു. എന്നാൽ ഇതൊന്നും അവന്റെ ശക്തമായ വിശ്വാസത്തിനും യഹോവയോടുള്ള സ്നേഹത്തിനും തെല്ലും മങ്ങലേൽപ്പിച്ചില്ല. അവന്റെ അമ്മ അടുത്തുനിന്നു മാറാതെ അവനോടൊപ്പംതന്നെ ഉണ്ടായിരുന്നു. അവനു തനിയെ വായിക്കാൻ പറ്റാത്തവിധം ക്ഷീണം തോന്നിയപ്പോഴൊക്കെ അമ്മ അവനെ ഉറക്കെ വായിച്ചു കേൾപ്പിക്കുമായിരുന്നു.ഡസ്റ്റിന്റെ നില മോശമായെങ്കിലും അവൻ ഒരിക്കലും പരാതിപ്പെട്ടില്ല. വെറുതെയിരിക്കാതെ, സാക്ഷിയായ ഒരു കുട്ടിയുൾപ്പെടെ രോഗികളായ മറ്റു കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവൻ തന്റെ വീൽച്ചെയറിൽ ചുറ്റിക്കറങ്ങി നടക്കുമായിരുന്നു. ഡസ്റ്റിനും സാക്ഷിയായ മറ്റേ കുട്ടിയും വ്യത്യസ്തരാണെന്ന്—അവരുടെ വിശ്വാസം അവരെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നുവെന്ന്—ആശുപത്രി ജീവനക്കാർക്ക് കാണാൻ കഴിഞ്ഞു.
സ്നാപനമേൽക്കാൻ ഡസ്റ്റിൻ ആഗ്രഹിച്ചു. ക്രിസ്തീയ മൂപ്പന്മാർ യഹോവയുടെ സാക്ഷികളുടെ സ്നാപനാർഥികളോടു ചോദിക്കുന്ന ചോദ്യങ്ങൾ അവനോടൊത്തു പരിചിന്തിച്ചു. എഴുന്നേറ്റിരിക്കാൻ സാധിക്കാത്തവിധം ക്ഷീണിതനായിരുന്നതിനാൽ ഒരു സോഫയിൽ കിടന്നുകൊണ്ടാണ് അവൻ അവയ്ക്ക് ഉത്തരം നൽകിയത്. 2004 ഒക്ടോബർ 16-ന്, 12-ാം വയസ്സിൽ ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ച് ഡസ്റ്റിൻ സ്നാപനമേറ്റു.
സ്നാപന പ്രസംഗം തുടങ്ങാറായപ്പോൾ മറ്റു സ്നാപനാർഥികളോടൊപ്പം ഇരിക്കാനായി അവനെ ഒരു വീൽച്ചെയറിൽ അങ്ങോട്ടു കൊണ്ടുവന്നു. അവന്റെ ഏറ്റവും നല്ല വസ്ത്രമാണ് അന്നവൻ ധരിച്ചിരുന്നത്. എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ താങ്ങിനായി ഒരു കസേരയിൽ പിടിച്ചുകൊണ്ട് അവൻ ഒറ്റക്കാലിൽ എഴുന്നേറ്റു നിന്നു. സ്നാപനാർഥികളോടുള്ള ചോദ്യങ്ങൾക്ക് അവൻ വ്യക്തവും ഉറച്ചതുമായ ശബ്ദത്തിൽ മറുപടി പറഞ്ഞു. അവന്റെ പിതാവും രണ്ടാനമ്മയും ഉൾപ്പെടെ മുഴു കുടുംബവും അന്നവിടെ ഹാജരായിരുന്നു. കൂടാതെ ആശുപത്രി ജീവനക്കാരും ആശുപത്രിയിലെ അർബുദ ബാധിതരായ മറ്റു കുട്ടികളുടെ മാതാപിതാക്കളും അവിടെ വന്നിരുന്നു.
സ്നാപനമേറ്റതിന്റെ പിറ്റേദിവസം അവനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ശരീരത്തിലെ എല്ലാ അസ്ഥികളിലേക്കും അർബുദം വ്യാപിച്ചിരുന്നു. അവൻ കൂടുതൽ ക്ഷീണിതനായിത്തീരുകയും തന്റെ നില അങ്ങേയറ്റം ഗുരുതരമാണെന്ന് അവനു തോന്നുകയും ചെയ്തപ്പോൾ താൻ മരിക്കാൻ പോകുകയാണോ എന്ന് അവൻ അമ്മയോടു ചോദിച്ചു. “നീ എന്താ അങ്ങനെ ചോദിച്ചത്? നിനക്കു മരിക്കാൻ പേടിയാണോ?” അമ്മ ചോദിച്ചു.
അവൻ ഇങ്ങനെയാണു മറുപടി പറഞ്ഞത്, “ഇല്ല, ഞാൻ വെറുതെ എന്റെ കണ്ണുകളടയ്ക്കും. പിന്നെ പുനരുത്ഥാനത്തിൽ ഞാൻ കണ്ണുതുറക്കുമ്പോൾ ഒരു സെക്കന്റു മുമ്പുമാത്രമാണ് ഞാൻ അത് അടച്ചതെന്നു തോന്നും. പിന്നീട് ഒരിക്കലും എനിക്കു വേദനിക്കേണ്ടിവരില്ല.” തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ വീട്ടുകാരെക്കുറിച്ച് ഓർക്കുമ്പോൾ മാത്രമേ എനിക്കു വിഷമമുള്ളൂ.”
അതിനടുത്ത മാസം ഡസ്റ്റിൻ മരിച്ചു. ശവസംസ്കാര ശുശ്രൂഷയിൽ ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരുടെ കുടുംബാംഗങ്ങളും അധ്യാപകരും അയൽക്കാരും, യഹോവയുടെ സാക്ഷികളും അല്ലാത്തവരുമായ ഡസ്റ്റിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. തന്റെ അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്കെല്ലാം തന്റെ വിശ്വാസങ്ങളെക്കുറിച്ചു നല്ലൊരു സാക്ഷ്യം നൽകണമെന്നു ഡസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. അവനു നടത്താൻ കഴിഞ്ഞ ഏക വിദ്യാർഥി പ്രസംഗം നിയമിച്ചുകൊടുത്ത ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ, തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ മുമ്പാകെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന നല്ലൊരു പ്രസംഗം നടത്തി, ഇരിക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു.
ഡസ്റ്റിന്റെ പ്രിയപ്പെട്ട തിരുവെഴുത്തുകളിൽ രണ്ടെണ്ണമായ മത്തായി 24:14-ഉം 2 തിമൊഥെയൊസ് 4:7-ഉം അച്ചടിച്ച്, അവന്റെ അനുസ്മരണത്തിനായി കൂടിവന്നവർക്കു നൽകി. അവന്റെ ശക്തമായ വിശ്വാസവും നിർമലതയും അവനെ അറിയാവുന്ന എല്ലാവർക്കും പ്രോത്സാഹനമായി. പുനരുത്ഥാനത്തിൽ തിരിച്ചുവരുമ്പോൾ അവനെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.—ഡസ്റ്റിനെ ബൈബിൾ പഠിപ്പിച്ച സാക്ഷി പറഞ്ഞപ്രകാരം.
[27-ാം പേജിലെ ആകർഷക വാക്യം]
“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”—2 തിമൊഥെയൊസ് 4:7
[26-ാം പേജിലെ ചിത്രം]
മുകളിൽ: ഡസ്റ്റിൻ ആരോഗ്യവാനായിരുന്നപ്പോൾ
[26-ാം പേജിലെ ചിത്രം]
താഴെ: ഡസ്റ്റിൻ 12-ാം വയസ്സിൽ സ്നാപനമേൽക്കുന്നു