ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖം
ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖം
ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള ലീഹൈ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ ജൈവരസതന്ത്ര പ്രൊഫസറായ മൈക്കിൾ ബീഹി 1996-ൽ ഡാർവിൻസ് ബ്ലാക്ബോക്സ്—ദ ബയോകെമിക്കൽ ചലഞ്ച് റ്റു ഇവല്യൂഷൻ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്തു. 1997 മേയ് 8 ലക്കം ഉണരുക!യിൽ “നാം ഇവിടെ എങ്ങനെ വന്നു? യാദൃച്ഛിക സംഭവത്താലോ രൂപകൽപ്പനയാലോ?” എന്ന ലേഖനപരമ്പരയിൽ ബീഹിയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ പരാമർശിക്കുകയുണ്ടായി. ഡാർവിൻസ് ബ്ലാക്ക് ബോക്സ് പ്രസിദ്ധീകരിച്ചതിനെ തുടർന്നുള്ള ഒരു ദശകത്തിൽ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാർ ബീഹിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ നന്നേ പാടുപെട്ടു. ഒരു റോമൻ കത്തോലിക്കനായിരുന്ന അദ്ദേഹത്തിന്റെ ശാസ്ത്രീയ നിഗമനങ്ങളെ മതവിശ്വാസങ്ങൾ സ്വാധീനിക്കുന്നതായി വിമർശകർ ആരോപിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ന്യായവാദങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് മറ്റുചിലർ കുറ്റപ്പെടുത്തുന്നു. പ്രൊഫസർ ബീഹിയുടെ ആശയങ്ങൾ ഇത്രയും കോളിളക്കം സൃഷ്ടിച്ചത് എന്തുകൊണ്ടെന്നറിയാൻ ഉണരുക! അദ്ദേഹവുമായി ഒരു അഭിമുഖസംഭാഷണം നടത്തുകയുണ്ടായി.
ഉണരുക!: ജീവൻ ബുദ്ധിപൂർവകമായ ഒരു രൂപകൽപ്പനയ്ക്കു തെളിവു നൽകുന്നുവെന്നു താങ്കൾ കരുതുന്നത് എന്തുകൊണ്ടാണ്?
പ്രൊഫസർ ബീഹി: സങ്കീർണമായ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്ന എന്തെങ്കിലും കാണുമ്പോൾ അതൊരു രൂപകൽപ്പനയുടെ ഫലമാണെന്ന അനുമാനത്തിൽ നാം എത്തുന്നു. നാം ദൈനദിനം ഉപയോഗിക്കുന്ന ഒരു പുല്ലുവെട്ടിയന്ത്രമോ ഒരു കാറോ എന്തിന്, ഒരു നിസ്സാര യന്ത്രം പോലുമോ ദൃഷ്ടാന്തമായെടുക്കാവുന്നതാണ്. ഒരു എലിക്കെണി യുടെ ദൃഷ്ടാന്തമാണ് ഞാൻ സാധാരണമായി ഉപയോഗി ക്കാറുള്ളത്. ഒരു എലിയെ പിടിക്കുക എന്ന ഉദ്ദേശ്യത്തിന് ഉതകുംവിധം ആ ഉപകരണത്തിന്റെ പല ഭാഗങ്ങൾ ക്രമീകരിച്ചിക്കുന്നതു കാണുമ്പോൾ അതു രൂപകൽപ്പന ചെയ്തതാണെന്നു നിങ്ങൾ നിഗമനം ചെയ്യും.
ഒരു ജീവിയുടെ കോശപ്രവർത്ത നങ്ങൾ അനാവരണം ചെയ്യാനാകുന്ന അളവോളം ശാസ്ത്രം ഇന്നു പുരോഗമിച്ചിട്ടുണ്ട്. നമ്മെ അതിശയിപ്പിക്കുമാറ്, ജീവന്റെ തന്മാത്രാ തലത്തിലുള്ള പ്രവർത്തനക്ഷമവും സങ്കീർണവുമായ ‘യന്ത്രസാമഗ്രികളെയും’ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു. ഉദാഹരണമായി, ജീവനുള്ള കോശങ്ങളിൽ ഒരു വശത്തുനിന്നും മറുവശത്തേക്ക് അവശ്യവസ്തുക്കളെ വഹിച്ചുകൊണ്ടുപോകുന്ന അതിസൂക്ഷ്മങ്ങളായ തന്മാത്രാ ‘ട്രക്കുകൾ’ ഉണ്ട്. അത്തരം ‘ട്രക്കുകൾ’ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനുള്ള നിർദേശങ്ങൾ അടങ്ങുന്ന ചെറിയ തന്മാത്രാ ‘സൂചക ബോർഡുകളും’ അവിടെ കാണാം. ചില കോശങ്ങൾക്ക് ദ്രാവക മാധ്യമ ത്തിലൂടെ അവയെ തള്ളിനീക്കുന്ന തന്മാത്രാ ‘മോട്ടോറുകൾ’ ഉണ്ട്. ആളുകൾ അത്തരം സങ്കീർണമായ പ്രവർത്തനങ്ങൾ മറ്റെവിടെയെങ്കിലുമാണ് കാണുന്നതെങ്കിൽ അവ രൂപകൽപ്പനയുടെ തെളിവാണെന്ന നിഗമനത്തിലെത്തും. ഡാർവിന്റെ അവകാശവാദങ്ങൾ നിലവിലുണ്ടെങ്കിലും മേൽപ്പറഞ്ഞ സങ്കീർണതയ്ക്കു മറ്റൊരു വിശദീകരണം ഇല്ല. സങ്കീർണമായ പ്രവർത്തനങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ഒരു രൂപകൽപ്പനയുണ്ട് എന്നതിനാൽ, ഈ ജൈവരാസ വ്യവസ്ഥകളും ഒരു ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഫലമാണെന്നു ചിന്തിക്കുന്നതു ന്യായമാണ്.
ഉണരുക!: ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന താങ്കളുടെ നിഗമനത്തോട് ബഹുഭൂരിപക്ഷം സഹപ്രവർത്തകരും വിയോജിക്കുന്നത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?
പ്രൊഫസർ ബീഹി: പല ശാസ്ത്രജ്ഞരും എന്റെ നിഗമനങ്ങളോടു യോജിക്കാത്തതിന്റെ
കാരണം, ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന ആശയത്തിന് ഒരു ശാസ്ത്രേതര വശമുണ്ടെന്ന് അവർ തിരിച്ചറിയുന്നു, അതായത് അത് പ്രകൃത്യതീതമായ ഒന്നിലേക്കു വിരൽ ചൂണ്ടുന്നതായി തോന്നുന്നു എന്നതാണ്. ഈ വസ്തുത അനേകരെയും അസ്വസ്ഥരാക്കുന്നു. എന്നാൽ തെളിവുകൾ എങ്ങോട്ടു നയിച്ചാലും അതിനെയാണു ശാസ്ത്രം പിൻപറ്റേണ്ടത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. നമുക്ക് അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു വശം ഉണ്ടെന്നതിന്റെ പേരിൽ മാത്രം ശക്തമായ തെളിവുകളുള്ള എന്തെങ്കിലും തള്ളിക്കളയുന്നത് തികച്ചും ലജ്ജാകരമാണെന്നാണ് എന്റെ പക്ഷം.ഉണരുക!: ബുദ്ധിപൂർവകമായ രൂപകൽപ്പനയെന്ന ആശയത്തെ സ്വീകരിക്കുന്നത് അജ്ഞതയെ പ്രോത്സാഹിപ്പിക്കലാണ് എന്ന വിമർശകരുടെ അഭിപ്രായത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
പ്രൊഫസർ ബീഹി: ബുദ്ധിപൂർവകമായ രൂപകൽപ്പന എന്ന നിഗമനം അജ്ഞതയുടെ ഫലമല്ല. കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല, മറിച്ച് വ്യക്തമായി അറിയാവു ന്നതുകൊണ്ടാണ് അങ്ങനെയൊരു ആശയത്തെ അംഗീകരിക്കുന്നത്. 150 വർഷം മുമ്പ് ഡാർവിൻ ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന തന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോൾ ജീവൻ തികച്ചും ലളിതമായ ഒന്നാണെന്നു തോന്നിയിരുന്നു. കടൽത്തട്ടിൽനിന്നു താനേ ഉരുത്തിരിഞ്ഞേക്കാവുന്ന അത്രയും ലളിതവും നിസ്സാരവുമാണ് കോശം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ അതിനുശേഷം, കോശങ്ങൾ അതീവ സങ്കീർണമാണെന്ന്, 21-ാം നൂറ്റാണ്ടിലെ യന്ത്രസാമഗ്രികളെക്കാളൊക്കെ അത്യന്തം സങ്കീർണമാണെന്ന്, ശാസ്ത്രം കണ്ടുപിടിച്ചു. കോശത്തിനുള്ളിലെ സങ്കീർണ പ്രവർത്തനങ്ങൾ ഉദ്ദേശ്യപൂർണമായ രൂപകൽപ്പനയുടെ തെളിവാണ്.
ഉണരുക!: താങ്കൾ പറയുന്ന തന്മാത്രാതലത്തിലുള്ള സങ്കീർണ പ്രവർത്തനങ്ങൾ പ്രകൃതിനിർധാരണത്തിലൂടെയുള്ള പരിണാമത്തിന്റെ ഫലമാകാം എന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
പ്രൊഫസർ ബീഹി: പരിണാമ പ്രക്രിയയിലൂടെ അത്തരം സങ്കീർണ പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്നു വിശദീകരിക്കുന്ന പരീക്ഷണങ്ങൾ ആരെങ്കിലും നടത്തിയതിന്റെയോ വിശദമായ ശാസ്ത്രീയ മാതൃകകൾ അവതരിപ്പിച്ചതിന്റെയോ യാതൊരു രേഖയും ശാസ്ത്രഗ്രന്ഥങ്ങളിൽ നിങ്ങൾക്കു കണ്ടെത്താനാവില്ല. എന്റെ പുസ്തകം പുറത്തിറങ്ങി പത്തുവർഷത്തിനുള്ളിൽ ജീവൻ ബുദ്ധിപൂർവകമായ രൂപകൽപ്പനയ്ക്കു തെളിവു നൽകുന്നുവെന്ന ആശയത്തെ ചെറുക്കാൻ സാധിക്കുന്നതെല്ലാം ചെയ്യാൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്, അമേരിക്കൻ അസ്സോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് എന്നിവപോലുള്ള അനേകം ശാസ്ത്ര സംഘടനകൾ അവയുടെ അംഗങ്ങളോട് അടിയന്തിര ആഹ്വാനം ചെയ്തിട്ടുകൂടി ആണ് ഇത്തരമൊരു സ്ഥിതിവിശേഷം നിലവിലുള്ളതെന്ന് ഓർക്കണം.
ഉണരുക!: ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റും രൂപഘടനയിലെ ഏതെങ്കിലും വശം ചൂണ്ടിക്കാണിച്ചിട്ട് അത് ശരിയായ വിധത്തിലുള്ളതല്ലെന്നു പറയുന്നവരോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
പ്രൊഫസർ ബീഹി: ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ രൂപകൽപ്പനയിലുള്ള ഒരു പ്രത്യേകവശം നമുക്ക് അറിയാൻ പാടില്ല എന്നതുകൊണ്ടു മാത്രം അത് ഒരു സുപ്രധാന ധർമം നിർവഹിക്കുന്നില്ല എന്നു വരുന്നില്ല. ഉദാഹരണത്തിന്, ഉപയോഗ ശൂന്യേന്ദ്രിയങ്ങൾ (vestigial organs) എന്നു വിളിക്കപ്പെടുന്നവ മനുഷ്യന്റെയും മറ്റു ജീവികളുടെയും ശരീരത്തിന്റെ രൂപകൽപ്പനയിലുള്ള ഒരു ന്യൂനതയുടെ തെളിവാണെന്ന് ഒരിക്കൽ കരുതിയിരുന്നു. ഒരുകാലത്ത് അപ്പെൻഡിക്സും ടോൺസിൽസും ഉപയോഗശൂന്യമാണെന്നു കരുതി അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട്, ഈ അവയവങ്ങൾ രോഗപ്രതിരോധ വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുവെന്നും അവയെ മേലാൽ ഉപയോഗ ശൂന്യേന്ദ്രിയങ്ങളായി കണക്കാക്കാനാവില്ലെന്നും കണ്ടുപിടിക്കുകയുണ്ടായി.
ജൈവലോകത്ത് ചില മാറ്റങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നുണ്ട് എന്നതാണ് മനസ്സിൽപ്പിടിക്കേണ്ട മറ്റൊരു വസ്തുത. എന്റെ കാറിന് ഒരു ചളുക്കമുണ്ട് അല്ലെങ്കിൽ അതിന്റെ ടയർ പങ്ചറായി എന്നതുകൊണ്ടു മാത്രം കാറോ ടയറോ രൂപകൽപ്പന ചെയ്യപ്പെട്ടതല്ല എന്നു വരുന്നില്ല. സമാനമായി, ജൈവലോകത്ത് ചില കാര്യങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നുണ്ട് എന്നത് ജീവന്റെ തന്മാത്രാതലത്തിലുള്ള സങ്കീർണവും പരിഷ്കൃതവുമായ ‘യന്ത്രസംവിധാനം’ യാദൃച്ഛികമായി ഉണ്ടായതാണെന്ന് അർഥമാക്കുന്നില്ല. ആ വാദഗതി ഒരിക്കലും യുക്തിക്കു നിരക്കുന്നതല്ല.
[12-ാം പേജിലെ ആകർഷക വാക്യം]
“നമുക്ക് അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു വശം ഉണ്ടെന്നതിന്റെ പേരിൽ മാത്രം ശക്തമായ തെളിവുകളുള്ള എന്തെങ്കിലും തള്ളിക്കളയുന്നത് തികച്ചും ലജ്ജാകരമാണെന്നാണ് എന്റെ പക്ഷം”