എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യൻ
എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യൻ
നിങ്ങളുടെ അഭിപ്രായത്തിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ ആരാണ്? നോഹ? പ്രളയത്തെ അതിജീവിച്ച് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരുടെയും പൂർവപിതാവായിത്തീർന്ന മനുഷ്യൻ. (ഉല്പത്തി 7:1, 21, 22; 9:18, 19) അല്ലെങ്കിൽ, പുരാതനകാലത്തെ ഒരു ലോകാധിപതിയും “മഹതിയാം ബാബേൽ” എന്നു താൻ പേരുവിളിച്ച മഹത്തായ നഗരത്തിന്റെ നിർമാതാവുമായ നെബൂഖദ്നേസർ? (ദാനീയേൽ 4:28-30) ഇനിയൊരുപക്ഷേ, മഹാനായ അലക്സാണ്ടർ? തന്റെ വീര്യപ്രവൃത്തികൾ നിമിത്തം ബൈബിൾപ്രവചനങ്ങളിൽപ്പോലും പരാമർശിക്കപ്പെട്ടയാൾ. (ദാനീയേൽ 8:5-8, 21-22) ഇതൊന്നുമല്ലെങ്കിൽ, ജൂലിയസ് സീസർ? പ്രശസ്ത റോമൻ ചക്രവർത്തി.
ജൂലിയസ് സീസർ മരിച്ച്, ഏകദേശം 45 വർഷം ആയപ്പോൾ, ബേത്ത്ലേഹെമിൽ, യേശുവെന്ന് പേരുള്ള ഒരു കുട്ടി ജനിച്ചു. അവനാണോ ഏറ്റവും മഹാനായ മനുഷ്യനായിത്തീർന്നത്? ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ദ ഹിസ്റ്റോറിയൻസ് ഹിസ്റ്ററി ഓഫ് ദ വേൾഡ് എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിച്ചു: “[യേശുവിന്റെ] പ്രവർത്തനങ്ങളുടെ ചരിത്രപരമായ സ്വാധീനം തികച്ചും ലൗകികമായ ഒരു കാഴ്ചപ്പാടിൽപ്പോലും ചരിത്രത്തിലെ മറ്റേതൊരു വ്യക്തിയുടേതിനെക്കാളും ശ്രദ്ധേയമായിരുന്നു. അവന്റെ ജനനം, ലോകത്തിലെ മുഖ്യ സംസ്കാരങ്ങൾ അംഗീകരിക്കുന്ന ഒരു നവയുഗത്തിനു നാന്ദികുറിച്ചു.”
യേശുക്രിസ്തുവിലുള്ള ആളുകളുടെ താത്പര്യത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ്, ടൈം, ന്യൂസ്വീക്ക്, യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എന്നീ പ്രമുഖ യു.എസ്. മാസികകൾ യേശുവിനെക്കുറിച്ചുള്ള കവർ സ്റ്റോറി ഒരേസമയം പ്രസിദ്ധീകരിച്ചു. വാസ്തവത്തിൽ, യേശുവിലുള്ള ഇത്തരം താത്പര്യം വർധിച്ചിട്ടുണ്ടെന്നാണു തോന്നുന്നത്. 2004-ൽ ടൊറന്റോ സ്റ്റാർ എന്ന വർത്തമാനപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സിനിമകളിലൂടെയും സംഗീതത്തിലൂടെയും ഫാഷനുകളിലൂടെയും അവൻ ജീവിക്കുന്നു. അവൻ നമ്മുടെ വീരപുരുഷന്മാരിൽ ഒരാളായി മാറിയിരിക്കുന്നു.”
എന്നാൽ വിചിത്രമെന്നു പറയട്ടെ, യേശു ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നു കുറെനാൾമുമ്പ് ചിലർ പഠിപ്പിക്കുകയുണ്ടായി. ഈ അവകാശവാദം ഉന്നയിച്ചവരിൽ ഒരാളായിരുന്നു ബ്രൂണോ ബൗവർ (1809-82) എന്ന അധ്യാപകൻ. കാൾ മാർക്സ് അദ്ദേഹത്തിന്റെ ഒരു വിദ്യാർഥിയായിരുന്നു. അടുത്തകാലത്ത് റോബർട്ട് ഇ. വാൻ വോർസ്റ്റ്, പുതിയനിയമത്തിനു പുറത്തുള്ള യേശു (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതി: “യേശു ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നുള്ള ബൗവറിന്റെ ആശയം പിൽക്കാലത്ത് മാർക്സ് തന്റെ പ്രത്യയശാസ്ത്രത്തിൽ കൂട്ടിച്ചേർക്കുകയും, ഔദ്യോഗിക സോവിയറ്റ് പ്രസിദ്ധീകരണങ്ങളും മറ്റു കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളും ഈ അവകാശവാദത്തിനു പിന്നീട് പ്രചുരപ്രചാരം നേടിക്കൊടുക്കുകയും ചെയ്തു.”
പക്ഷേ ഇന്ന് ആരുംതന്നെ, യേശു യഥാർഥത്തിൽ ജീവിച്ചിരുന്നു എന്നതു നിഷേധിക്കില്ല. വാസ്തവത്തിൽ, ഭൂരിപക്ഷംപേരും യേശു യഥാർഥത്തിൽ ജീവിച്ചിരുന്നുവെന്നും വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നുവെന്നും തലകുലുക്കി സമ്മതിക്കും. 2002 ഡിസംബറിലെ വാൾ സ്ട്രീറ്റ് ജേർണലിന്റെ ഒരു മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: “ശാസ്ത്രത്തിന് യേശുവിനെ അവഗണിക്കാനാവില്ല.” “ചുരുക്കംചില നിരീശ്വരവാദികൾ ഒഴിച്ച് മിക്ക പണ്ഡിതന്മാരും, നസ്രായനായ യേശു ഒരു ചരിത്രപുരുഷനാണെന്ന് അംഗീകരിച്ചിരിക്കുന്നു”വെന്ന് മുഖപ്രസംഗം പ്രസ്താവിച്ചു.
എന്നാൽ കേവലമൊരു ചരിത്രപുരുഷൻ എന്നതിനും ഉപരിയാണു യേശുവിന്റെ സ്ഥാനം. ടൈം മാസികയുടെ റിപ്പോർട്ടനുസരിച്ച് “ഈ രണ്ടു സഹസ്രാബ്ദത്തിൽ മാത്രമല്ല, മറിച്ച് മുഴു മനുഷ്യചരിത്രത്തിലും ഏറ്റവും പ്രഭാവം ചെലുത്തിയ വ്യക്തി, നസ്രായനായ യേശുവാണെന്ന വസ്തുത നിഷേധിക്കുന്നതിന് വളരെ വിചിത്രമായ ന്യായവാദങ്ങൾ വേണ്ടിവരും.” മാസിക തുടരുന്നു: “മറ്റാരുടെയും ജീവിതം യേശുവിന്റേതുപോലെ ശക്തവും നീണ്ടുനിൽക്കുന്നതുമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നു വാദിക്കുന്നതിന് ഈടുറ്റ തെളിവുകളുണ്ട്.”
എന്നിരുന്നാലും, ചോദ്യങ്ങൾ അവശേഷിക്കുന്നു: അവൻ യഥാർഥത്തിൽ ആരായിരുന്നു? എവിടെ നിന്നാണവൻ വന്നത്? എന്തിനാണ് അവൻ ഭൂമിയിലേക്കു വന്നത്? അവനെക്കുറിച്ച് അറിയാൻ സാധിക്കുന്നതെല്ലാം അറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?