യുവജനങ്ങൾ ചോദിക്കുന്നു . . .
ഇത്രയധികം നിയമങ്ങൾ എന്തിനാണ്?
“എനിക്ക് നേരത്തേ വീട്ടിൽ എത്തണമായിരുന്നു, അതെന്നെ ഭ്രാന്തുപിടിപ്പിച്ചു; മറ്റുള്ളവർക്ക് ഇത്ര കർശനമായ നിയമങ്ങളൊന്നും ഇല്ലല്ലോ എന്നോർത്തപ്പോൾ എനിക്കു വല്ലാത്ത അമർഷം തോന്നി.”—അലെൻ.
“നമ്മുടെ സെൽഫോണിന്റെ കടിഞ്ഞാൺ മറ്റൊരാളുടെ കൈയിലാകുന്നത് എന്തൊരു ഗതികേടാണെന്നോ! എന്തോ, ഞാനൊരു കൊച്ചുകുട്ടിയാണെന്നപോലെ.”—എലിസബെത്ത്.
വീട്ടിലെ ‘അരുതുകൾ’ അതിരുകടക്കുന്നുവെന്ന്, നിങ്ങളെ ശ്വാസംമുട്ടിക്കുന്നുവെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആരുമറിയാതെ വീട്ടിൽനിന്നു ‘മുങ്ങാൻ,’ അല്ലെങ്കിൽ നിങ്ങൾ എവിടെപ്പോയി, എന്തു ചെയ്തു എന്നതിനെ കുറിച്ചൊക്കെ മാതാപിതാക്കളോടു നുണ പറയാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, 17 വയസ്സുള്ള ഒരു പെൺകുട്ടിക്ക് തന്റെ മാതാപിതാക്കളെക്കുറിച്ച് തോന്നുന്നതുപോലെയായിരിക്കാം നിങ്ങൾക്കും തോന്നുന്നത്. അവർ തന്നെ അവരുടെ ചിറകിൻകീഴിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് അവൾ പറയുന്നത്. ‘അവരെന്നെ ഒന്നു ശ്വാസം വിടാൻ അനുവദിച്ചിരുന്നെങ്കിൽ!’ അവൾ പറയുന്നു.
നിങ്ങൾ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെക്കുറിച്ചൊക്കെ മാതാപിതാക്കളോ രക്ഷകർത്താക്കളോ നിയമങ്ങൾ വെച്ചേക്കാം. ഹോംവർക്ക്, വീട്ടുജോലികൾ, ഫോണിന്റെയും ടിവിയുടെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം, വീട്ടിലെത്തേണ്ട സമയം എന്നിവയൊക്കെ ഈ നിയമങ്ങളുടെ പരിധിയിൽ വന്നേക്കാം. ഇനിയും, നിയന്ത്രണങ്ങൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കണമെന്നില്ല; സ്കൂളിൽ നിങ്ങൾ എങ്ങനെ പെരുമാറണം, ആരുമായി കൂട്ടുകൂടണം എന്നൊക്കെ നിശ്ചയിച്ചുകൊണ്ട് വീടിനു പുറത്തും ഈ നിയമങ്ങൾ നിങ്ങളെ പിന്തുടർന്നേക്കാം.
പല കുട്ടികളും മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ തെറ്റിക്കാറുണ്ട്. ഒരു പഠനത്തിന്റെ ഭാഗമായി ഇന്റർവ്യൂ ചെയ്യപ്പെട്ട ഏതാണ്ട് മൂന്നിൽ രണ്ടുഭാഗം കൗമാരക്കാരും പറഞ്ഞത്, വീട്ടിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ശിക്ഷ കിട്ടിയിട്ടുണ്ടെന്നാണ്; അങ്ങനെ, മാതാപിതാക്കളിൽനിന്നു ശിക്ഷ കിട്ടുന്നതിനുള്ള ഏറ്റവും സാധാരണ കാരണമായി മാറിയിരിക്കുന്നു ഇത്.
കാര്യങ്ങൾ അടുക്കും ചിട്ടയോടുംകൂടി നടക്കണമെങ്കിൽ ചില നിയമങ്ങൾ ആവശ്യമാണെന്ന് മിക്ക കുട്ടികളും സമ്മതിക്കുന്നുണ്ട്. നിയമങ്ങൾ ശരിക്കും ആവശ്യമാണെങ്കിൽപ്പിന്നെ, അവയിൽ ചിലത് അസഹ്യമായിത്തോന്നുന്നത് എന്തുകൊണ്ടാണ്? വീട്ടിലെ നിയമങ്ങൾ നിങ്ങളെ ശ്വാസംമുട്ടിക്കുന്നെങ്കിൽ അൽപ്പം ആശ്വാസം കിട്ടാനെന്താണു വഴി?
‘ഞാനൊരു കൊച്ചുകുട്ടിയൊന്നുമല്ല!’
15 വയസ്സുകാരിയായ എമിലി ചോദിക്കുന്നു: “ഞാനൊരു കൊച്ചുകുട്ടിയല്ലെന്നും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടുന്നതിന് എനിക്കൽപ്പം സ്വാതന്ത്ര്യം വേണമെന്നും എങ്ങനെ എന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തും?” നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? ഒരു കൊച്ചുകുഞ്ഞിനോട് എന്നപോലെയാണ് മാതാപിതാക്കൾ നിങ്ങളോടു പെരുമാറുന്നതെന്ന ചിന്ത,
നിയമങ്ങൾ ഒരു ശല്യമായി തോന്നാൻ ഇടയാക്കിയേക്കാം. എന്നാൽ മാതാപിതാക്കൾ മറ്റൊരു തലത്തിൽ നിന്നുകൊണ്ടായിരിക്കാം കാര്യങ്ങളെ കാണുന്നത്. മിക്കവാറും, നിങ്ങളുടെ സംരക്ഷണത്തിനും ഭാവിയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുവേണ്ടി നിങ്ങളെ ഒരുക്കുന്നതിനും ഇത്തരം നിയമങ്ങൾ അത്യാവശ്യമാണ് എന്നായിരിക്കാം അവർ കരുതുന്നത്.കുറച്ചൊക്കെ സ്വാതന്ത്ര്യം ഉണ്ടെങ്കിൽപ്പോലും, നിങ്ങൾ വളരുന്നതോടൊപ്പം വീട്ടിലെ നിയമങ്ങൾ ‘വളരുന്നില്ലെന്നു’ നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് അൽപ്പംകൂടെ പരിഗണന ലഭിക്കുന്നതായി തോന്നുമ്പോഴായിരിക്കാം ഇത് നിങ്ങളെ കൂടുതൽ വേദനിപ്പിക്കുന്നത്. മാർസി എന്ന പെൺകുട്ടി പറയുന്നതു ശ്രദ്ധിക്കുക: “എനിക്ക് 17 വയസ്സുണ്ട്. വളരെ നേരത്തേ എനിക്ക് വീട്ടിലെത്തണം. എന്തെങ്കിലും തെറ്റു ചെയ്താൽ വീട്ടിൽനിന്ന് പുറത്തുപോകാൻ എന്നെ അനുവദിക്കില്ല. പക്ഷേ എന്റെ പ്രായത്തിൽ ചേട്ടന് ഇത്തരം നിയമങ്ങളൊന്നും ഇല്ലായിരുന്നു. ചേട്ടനെ ഒരിക്കലും വീട്ടിൽനിന്നു പുറത്തുവിടാതെയും ഇരുന്നിട്ടില്ല.” തന്റെ കൗമാരത്തെക്കുറിച്ച് ഓർക്കവേ, സ്വന്തം അനുജത്തിയെയും കസിൻസിനെയും കുറിച്ച് മാത്യു പറയുന്നു: “അവർ എത്ര വലിയ തെറ്റു ചെയ്താലും ശിക്ഷയൊന്നുമില്ലായിരുന്നു!”
നിയമങ്ങളേ ഇല്ലെങ്കിലോ?
മാതാപിതാക്കളുടെ അധികാര പരിധിക്കു പുറത്തുള്ള ഒരു ജീവിതം നിങ്ങൾ ആഗ്രഹിച്ചേക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ അവരുടെ നിയന്ത്രണങ്ങളില്ലാത്തത് നിങ്ങൾക്കു നല്ലതു വരുത്തുമോ? ഇഷ്ടമുള്ളപ്പോൾ വീട്ടിൽ വരാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളിടത്തൊക്കെ കൂട്ടുകാരോടൊപ്പം പോകാനും സ്വാതന്ത്ര്യമുള്ള ചില സമപ്രായക്കാരെ നിങ്ങൾക്ക് പരിചയമുണ്ടായിരിക്കും. ഒരുപക്ഷേ അവരുടെ മാതാപിതാക്കൾക്ക് അവരെന്താണു ചെയ്യുന്നതെന്ന് ശ്രദ്ധിക്കാൻ സമയമില്ലാത്തത് ആയിരിക്കാം കാരണം. എന്തുതന്നെയായാലും, കുട്ടികളെ വളർത്തുന്നതിലെ ഈ സമീപനം പരാജയമാണെന്നു തെളിഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 29:15) ലോകം സ്നേഹശൂന്യമായിരിക്കുന്നതിന്റെ പ്രധാന കാരണം ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന ആളുകളുടെ മനോഭാവമാണ്; ഇക്കൂട്ടരിൽ പലരും, അരുതുകളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വീടുകളിൽ വളർന്നുവന്നവരാണ്.—2 തിമൊഥെയൊസ് 3:1-5.
എന്നെങ്കിലും ഒരിക്കൽ, അരുതുകളില്ലാത്ത ഒരു വീടിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയ്ക്ക് മാറ്റംവന്നേക്കാം. വളരെക്കുറച്ചു നിയന്ത്രണങ്ങളുള്ള, അല്ലെങ്കിൽ ഒട്ടുംതന്നെ നിയന്ത്രണങ്ങളില്ലാത്ത വീട്ടിൽ വളർന്നുവന്ന യുവതികളെ ഉൾപ്പെടുത്തി ഒരു പഠനം നടത്തുകയുണ്ടായി. പോയകാലത്തിലേക്കു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിക്ഷണം കിട്ടാതിരുന്നത് നന്നായെന്ന് അവരാരും പറഞ്ഞില്ല. മറിച്ച്, മാതാപിതാക്കളുടെ താത്പര്യക്കുറവിന്റെയും കഴിവുകേടിന്റെയും തെളിവായാണ് അവർ അതിനെ കണ്ടത്.
ഇഷ്ടമുള്ളതെന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ള കുട്ടികളോട് അസൂയപ്പെടുന്നതിനുപകരം, വീട്ടിലെ നിയമങ്ങൾ മാതാപിതാക്കളുടെ സ്നേഹത്തിന്റെയും താത്പര്യത്തിന്റെയും തെളിവായി കാണാൻ ശ്രമിക്കുക. ന്യായമായ അതിർവരമ്പുകൾ വെക്കുമ്പോൾ അവർ, തന്റെ ജനത്തോടു പിൻവരുന്നപ്രകാരം പറയുന്ന യഹോവയെ അനുകരിക്കുകയാണു ചെയ്യുന്നത്: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”—സങ്കീർത്തനം 32:8.
പക്ഷേ, നിയമങ്ങൾ നിങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിലും
അധികമാണെന്നു തോന്നുന്നെങ്കിലോ? വീട്ടിലെ ജീവിതം ഏറെ ആസ്വാദ്യമാക്കിത്തീർക്കാൻ കഴിയുന്ന ചില മാർഗങ്ങളെക്കുറിച്ച് നമുക്കു ചിന്തിക്കാം.ഫലവത്തായ ആശയവിനിമയം
ഒരൽപ്പംകൂടെ സ്വാതന്ത്ര്യം വേണമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ, അല്ലെങ്കിൽ ഇപ്പോഴുള്ള സ്വാതന്ത്ര്യത്തിന്റെ അതിരുകൾക്കുള്ളിൽത്തന്നെ പിരിമുറുക്കം തെല്ലൊന്നു കുറഞ്ഞിരുന്നെങ്കിലെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു മാർഗമുണ്ട്—ആശയവിനിമയം. “എന്റെ മാതാപിതാക്കളോടു പറയാൻ ഞാൻ ശ്രമിച്ചുനോക്കി, പക്ഷേ, അതുകൊണ്ടു കാര്യമൊന്നുമില്ല!” എന്ന് ചിലർ പറഞ്ഞേക്കാം. നിങ്ങൾക്ക് അങ്ങനെയാണു തോന്നുന്നതെങ്കിൽ, ‘എന്റെ ആശയവിനിമയം മെച്ചപ്പെടുത്താനാകുമോ?’ എന്നു ചിന്തിച്ചുനോക്കുക. (1) നിങ്ങൾ ആഗ്രഹിക്കുന്നതു കിട്ടാൻ അല്ലെങ്കിൽ (2) അതു കിട്ടാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സുപ്രധാന മാർഗമാണ് ആശയവിനിമയം. മുതിർന്നവർക്കുള്ള സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ പക്വതയോടെ ആശയവിനിമയം നടത്താൻ പഠിക്കണമെന്നതു ന്യായമല്ലേ?
വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുക. ബൈബിൾ ഇങ്ങനെ പറയുന്നു: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) വെറുതെ പരാതിപറയുന്നതല്ല, നല്ല ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്താൽ വീണ്ടുമൊരു ‘ലെക്ച്ചർ’ കേൾക്കാം എന്നല്ലാതെ പ്രയോജനമൊന്നുമില്ല! അതുകൊണ്ട് ചിണുങ്ങുകയോ മുഖം വീർപ്പിച്ചിരിക്കുകയോ കൊച്ചുകുട്ടികളെപ്പോലെ ബഹളംവെക്കുകയോ ചെയ്യാതിരിക്കുന്നതാണു ബുദ്ധി. മാതാപിതാക്കൾ നിയന്ത്രണങ്ങൾ വെച്ചതിന്റെ പേരിൽ, വാതിൽ ഉച്ചത്തിൽ വലിച്ചടച്ചുകൊണ്ടോ മറ്റോ അമർഷം പ്രകടിപ്പിക്കാൻ നിങ്ങൾക്കു തോന്നിയെന്നിരിക്കും; പക്ഷേ അത്, കൂടുതൽ സ്വാതന്ത്ര്യത്തിനുപകരം കൂടുതൽ നിയന്ത്രണങ്ങളിലേക്കായിരിക്കാം നയിക്കുക.
മാതാപിതാക്കളെ മനസ്സിലാക്കാൻ ശ്രമിക്കുക. അമ്മയോടൊപ്പം താമസിക്കുന്ന ട്രേസി എന്ന ക്രിസ്തീയ യുവതി ഈ മാർഗം സഹായകമാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. അവൾ പറയുന്നു: “‘ഈ നിയമങ്ങളിലൂടെ മമ്മി എന്തിനാണു ശ്രമിക്കുന്നത്?’ എന്നു ഞാൻ ചിന്തിച്ചുനോക്കും. നല്ലൊരു വ്യക്തിയായിത്തീരാൻ എന്നെ സഹായിക്കാനാണു മമ്മി ശ്രമിക്കുന്നത്.” (സദൃശവാക്യങ്ങൾ 3:1, 2) നിങ്ങളുടെ വീക്ഷണം മാതാപിതാക്കളുമായി പങ്കുവെക്കാൻ അത്തരം സമാനുഭാവം സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളെ ഒരു പാർട്ടിക്കു വിടാൻ അവർക്ക് താത്പര്യമില്ലെന്നു കരുതുക. അവരോടു തർക്കിക്കുന്നതിനു പകരം, നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു സുഹൃത്ത് കൂടെയുണ്ടെങ്കിൽ എന്നെ വിടുമോ?” എന്നാൽ എല്ലായ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ അവർ അംഗീകരിക്കണമെന്നില്ല; എങ്കിൽപ്പോലും അവരുടെ ഉത്കണ്ഠ എന്താണെന്ന് അറിഞ്ഞാൽ സ്വീകാര്യമായ ഒരു മാർഗം നിർദേശിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കുക. മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കുന്നത് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുപോലെയാണ്. നിക്ഷേപിച്ച പണം മാത്രമേ നിങ്ങൾക്ക് പിൻവലിക്കാനാകൂ. ഉള്ളതിലധികം പണം പിൻവലിച്ചാൽ ഫൈൻ അടയ്ക്കേണ്ടിവരും; ഓവർഡ്രാഫ്റ്റുകളുടെ എണ്ണം കൂടിയാൽ അക്കൗണ്ടുതന്നെ ക്ലോസ് ചെയ്തെന്നിരിക്കും. കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിനോട് ഉപമിക്കാൻ കഴിയും; അതു കിട്ടണമെങ്കിൽ, ഉത്തരവാദിത്വബോധത്തോടെ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണു നിങ്ങളെന്നു തെളിയിച്ചിട്ടുണ്ടായിരിക്കണം.
ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തുക. നിങ്ങളുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ വെക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ടാണ് ബൈബിൾ “അപ്പന്റെ കല്പന”യെയും “അമ്മയുടെ ഉപദേശ”ത്തെയും കുറിച്ചു പറയുന്നത്. (സദൃശവാക്യങ്ങൾ 6:20) എന്നിരുന്നാലും, വീട്ടിലെ നിയമങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിക്കുമെന്നു കരുതേണ്ടതില്ല. മറിച്ച്, മാതാപിതാക്കളുടെ അധികാരത്തിനു കീഴ്പെടുന്നത് ‘നിങ്ങളുടെ നന്മ’യിൽ കലാശിക്കുമെന്ന് യഹോവ വാക്കുതരുന്നു.—എഫെസ്യർ 6:1-3.
ചിന്തിക്കാൻ
-
അനുസരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതായി നിങ്ങൾക്കു തോന്നുന്ന നിയമങ്ങൾ ഏതൊക്കെയാണ്?
-
ഈ ലേഖനത്തിലെ ഏത് ആശയങ്ങൾ, മാതാപിതാക്കൾ വെക്കുന്ന നിയമങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ നിങ്ങളെ സഹായിക്കും?
-
നിങ്ങൾക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയും?
[12-ാം പേജിലെ ചിത്രം]
മാതാപിതാക്കളുടെ ഉത്കണ്ഠകൾ മനസ്സിലാക്കാൻ ശ്രമിക്കുക