വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ തീരുമാനം ഉചിതമായിരുന്നു

എന്റെ തീരുമാനം ഉചിതമായിരുന്നു

എന്റെ തീരുമാനം ഉചിതമായിരുന്നു

സോണ്യാ ആകുന്യാ കാവാത്തോ പറഞ്ഞപ്രകാരം

ബാങ്കിൽ എനിക്കു സ്ഥാനക്കയറ്റത്തിനുള്ള അവസരം ലഭിച്ചു. നല്ല നിലയും വിലയുമുള്ള, ഉയർന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലി. എന്നാൽ, ദൂരെ ഒരു സഭയിൽ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകയായി എനിക്കു ക്ഷണം ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. 32 വർഷത്തിനുശേഷം പിന്തിരിഞ്ഞുനോക്കുമ്പോൾ, ഞാനെടുത്ത തീരുമാനം ഉചിതമായിരുന്നെന്ന്‌ എനിക്ക്‌ ഉറച്ച ബോധ്യമുണ്ട്‌.

ഒരു റോമൻ കത്തോലിക്ക മതസ്ഥയായിരുന്നു എന്റെ അമ്മ. എങ്കിലും സഭാ പഠിപ്പിക്കലുകൾ സംബന്ധിച്ച്‌ പല സംശയങ്ങളും അമ്മയ്‌ക്ക്‌ ഉണ്ടായിരുന്നു. ‘മനുഷ്യനിർമിത പ്രതിമകളെ എന്തിനാണ്‌ പൂജിക്കുന്നത്‌?’ അമ്മയുടെ മനസ്സിലുയർന്ന ചോദ്യമാണിത്‌. മതപരമായ സത്യം പ്രധാനമാണെന്നു ചിന്തിച്ചിരുന്ന അമ്മ ഉത്തരത്തിനായി കയറിയിറങ്ങാത്ത സഭകളില്ല. പക്ഷേ, ഫലമുണ്ടായില്ല.

ഒരിക്കൽ അമ്മ മെക്‌സിക്കോയിലുള്ള ടൂസ്റ്റ്‌ലായിലെ തന്റെ വീടിനു വെളിയിൽ ഇളംകാറ്റൊക്കെക്കൊണ്ട്‌ ഇരിക്കയായിരുന്നു. തദവസരത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ അവിടെ വന്നു. ബൈബിളിൽനിന്ന്‌ അദ്ദേഹം നൽകിയ ഉത്തരങ്ങൾ അമ്മയ്‌ക്കു നന്നേ ബോധിച്ചു. അതുകൊണ്ടുതന്നെ മടങ്ങിവരാമെന്നു സാക്ഷി പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചു. സാക്ഷി മടങ്ങിച്ചെന്നപ്പോൾ അമ്മ അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, ഒപ്പം അഡ്‌വെന്റിസ്റ്റ്‌ സഭയിലെ ഒരു ശുശ്രൂഷകൻ, ഒരു കത്തോലിക്ക പുരോഹിതൻ, നസ്രായൻ സഭക്കാരനായ ഒരു സുവിശേഷകൻ എന്നിവരും ഉണ്ടായിരുന്നു. ശബത്താചരണം സംബന്ധിച്ച്‌ അമ്മ ഒരു ചോദ്യം ഉന്നയിച്ചു. സാക്ഷിക്കല്ലാതെ മറ്റാർക്കും തൃപ്‌തികരമായ തിരുവെഴുത്ത്‌ ഉത്തരം ഇല്ലായിരുന്നു. വാസ്‌തവത്തിൽ, സാക്ഷിയുടെ കൈവശം മാത്രമേ ബൈബിൾ ഉണ്ടായിരുന്നുള്ളൂ! 1956-ൽ, വെറും ആറു മാസത്തെ ബൈബിൾ പഠനത്തിനുശേഷം അമ്മ സ്‌നാപനമേറ്റ്‌ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു. അന്നെനിക്ക്‌ എട്ടു വയസ്സ്‌.

ആത്മാർഥതയിൽ കുരുത്ത ആകുലതകൾ

അമ്മ ബൈബിൾ പഠിക്കുന്നതിൽ പിതാവിന്‌ എതിർപ്പൊന്നുമില്ലായിരുന്നു. എന്നാൽ, നാലു മക്കളെയും​—⁠രണ്ട്‌ ആണും രണ്ടു പെണ്ണും​—⁠ബൈബിൾ പഠിപ്പിക്കുകയും യോഗങ്ങൾക്കു കൊണ്ടുപോകുകയും ചെയ്‌തപ്പോൾ അദ്ദേഹം സാഹിത്യങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞു. ഞങ്ങൾ വഴിതെറ്റിപ്പോകുകയാണെന്നാണ്‌ പിതാവ്‌ കരുതിയത്‌. അതിനാൽ അദ്ദേഹം ഒരു കത്തോലിക്കാ ബൈബിൾ ഉപയോഗിച്ച്‌ സാക്ഷികൾ തന്ത്രപൂർവം ‘യഹോവ’ എന്ന ദൈവനാമം അവരുടെ ബൈബിളിൽ തിരുകിക്കയറ്റിയിരിക്കുകയാണെന്ന്‌ സമർഥിക്കാൻ ശ്രമിച്ചു. അമ്മ കത്തോലിക്കാ ബൈബിളിൽനിന്നുതന്നെ ദൈവനാമം കാണിച്ചുകൊടുത്തപ്പോൾ പിതാവ്‌ അതിശയിച്ചുപോയി. അതോടെ, സാക്ഷികളോടുള്ള മനോഭാവത്തിനും മാറ്റംവന്നു.​—⁠സങ്കീർത്തനം 83:18.

മെക്‌സിക്കോയിൽ, പെൺകുട്ടികളുടെ 15-ാം ജന്മദിനം പ്രത്യേകം കൊണ്ടാടിയിരുന്നു. ജന്മദിന ആഘോഷങ്ങൾ തിരുവെഴുത്തു വിരുദ്ധമായതിനാൽ ഞാൻ എന്റേത്‌ ആഘോഷിച്ചിരുന്നില്ല. * എന്നാൽ, പിതാവ്‌ എനിക്കുവേണ്ടി പ്രത്യേകാൽ എന്തെങ്കിലും ചെയ്യാൻ അതിയായി ആഗ്രഹിച്ചു. അതേക്കുറിച്ച്‌ നന്നായി ആലോചിച്ചശേഷം ഞാൻ ഇപ്രകാരം പറഞ്ഞു: “സാക്ഷികളുടെ അടുത്ത പ്രാവശ്യത്തെ സമ്മേളനത്തിൽ എന്നോടൊപ്പം ഹാജരായാൽ ഞാൻ ഡാഡിയെ എനിക്കുള്ള വിലപ്പെട്ട സമ്മാനമായി കണക്കാക്കും.” ഡാഡി അതിനു സമ്മതിച്ചു, ബൈബിളിലുള്ള താത്‌പര്യവും വർധിച്ചു.

ഒരു കൊടുങ്കാറ്റിനുശേഷമുള്ള രാത്രിയിൽ, വീണുകിടന്നിരുന്ന ഒരു വൈദ്യുത കമ്പിയിൽനിന്ന്‌ ഡാഡിക്കു ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലായിരിക്കെ സാക്ഷികൾ രാപകലെന്നില്ലാതെ പരിചരണം നൽകി. ആ ക്രിസ്‌തീയ സ്‌നേഹം അദ്ദേഹത്തിനു മറക്കാനാവാത്ത ഒരനുഭവമായിരുന്നു. പിന്നീട്‌, ശുശ്രൂഷയിൽ പങ്കുപറ്റാൻ ആരംഭിച്ച അദ്ദേഹം യഹോവയ്‌ക്ക്‌ തന്റെ ജീവിതം സമർപ്പിച്ചു. സങ്കടകരമെന്നു പറയട്ടെ, സ്‌നാപനത്തിന്‌ ഒരു മാസം മുമ്പ്‌, 1975 സെപ്‌റ്റംബർ 30-ന്‌ ഡാഡി മരണമടഞ്ഞു. പുനരുത്ഥാനത്തിൽ വരുമ്പോൾ, ഡാഡിയെ സ്‌നേഹവായ്‌പുകളോടെ സ്വീകരിക്കാൻ ഞങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ!​—⁠പ്രവൃത്തികൾ 24:15.

കുടുംബത്തിലെ ഇഴയടുപ്പം

എന്റെ ചേച്ചിയുടെ പേര്‌ കാർമെൻ എന്നാണ്‌. ചേച്ചിയുടെ മനസ്സിൽ മുഴുസമയ ശുശ്രൂഷയ്‌ക്ക്‌ ഉന്നതമായ സ്ഥാനമാണ്‌ എന്നും. 1967-ൽ, സ്‌നാപനമേറ്റയുടനെ ചേച്ചി ഒരു സാധാരണ പയനിയറായി നിയമിക്കപ്പെട്ടു, മാസംതോറും 100 മണിക്കൂർ വയലിൽ പ്രവർത്തിക്കേണ്ടിയിരുന്നു. പിന്നീട്‌, സെൻട്രൽ മെക്‌സിക്കോയിലെ ടോലൂക്കാ നഗരത്തിലേക്ക്‌ ചേച്ചി താമസംമാറി. വിദ്യാഭ്യാസം പൂർത്തിയാക്കിയ എനിക്ക്‌ ബാങ്കിൽ ജോലി കിട്ടി. 1970 ജൂലൈ 18-ന്‌ സ്‌നാപനമേറ്റു.

മുഴുസമയ ശുശ്രൂഷ ചേച്ചി ശരിക്കും ആസ്വദിച്ചിരുന്നു. അതിൽ തന്നോടൊപ്പം ചേരാൻ ചേച്ചി എന്നെയും പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ അനുഗാമികൾ തങ്ങളുടെ അമൂല്യമായ ആത്മീയ സമ്പത്ത്‌ ദൈവമഹത്ത്വത്തിനായി വിനിയോഗിക്കണമെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പ്രസംഗം ഞാൻ ഒരിക്കൽ കേൾക്കാനിടയായി. തത്‌ഫലമായി ചേച്ചി പറഞ്ഞതിനെക്കുറിച്ചു ഞാൻ സഗൗരവം ചിന്തിച്ചു. (മത്തായി 25:14-30) ഞാൻ സ്വയം ഇപ്രകാരം ചോദിച്ചു: ‘എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ആത്മീയ സമ്പത്ത്‌ പ്രയോജനപ്പെടുത്താൻ ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടോ?’ യഹോവയ്‌ക്കായി കൂടുതൽ ചെയ്യാനുള്ള താത്‌പര്യത്തിന്‌ തിരികൊളുത്താൻ അതിടയാക്കി.

ഏതു തിരഞ്ഞെടുക്കണം?

1974-ൽ, മറ്റൊരു പ്രദേശത്ത്‌ ഒരു പയനിയറായി സേവിക്കാൻ ഞാൻ അപേക്ഷ നൽകി. താമസിയാതെ, ടോലൂക്കായിൽനിന്നുള്ള ഒരു ക്രിസ്‌തീയ മൂപ്പൻ എന്നെ ഫോണിൽ വിളിച്ചു. അപ്പോൾ ഞാൻ ജോലിയിലായിരുന്നു. ‘ഞങ്ങൾ സഹോദരിയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌, എന്താണു വരാത്തത്‌?’ അദ്ദേഹം തിരക്കി. ടോലൂക്കായിൽ ഒരു പ്രത്യേക പയനിയറായി ഞാൻ നിയമിക്കപ്പെട്ടിരുന്നത്രേ. എന്നാൽ, നിയമനക്കത്ത്‌ തപാലിൽ എവിടെയോ നഷ്ടപ്പെട്ടെന്നാണു തോന്നുന്നത്‌. (യഹോവയുടെ സംഘടന ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും മുഴുസമയം സേവിക്കാൻ സന്നദ്ധരാണ്‌ പ്രത്യേക പയനിയർമാർ.)

ജോലി വിടാനുള്ള എന്റെ തീരുമാനം ഉടൻതന്നെ ഞാൻ ബാങ്കിനെ അറിയിച്ചു. എന്റെ മേലധികാരി ഒരു പേപ്പർ എന്റെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു, “സോണ്യാ, ഒരു മിനിട്ട്‌, അസിസ്റ്റന്റ്‌ മാനേജർമാരായി നിയമനം കിട്ടിയ ഏഴ്‌ വനിതകളിൽ ഒരാളാണ്‌ നിങ്ങളെന്ന്‌ ഞങ്ങൾക്ക്‌ വിവരം ലഭിച്ചതേയുള്ളൂ. കമ്പനി മുമ്പൊരിക്കലും സ്‌ത്രീകളെ ആ തസ്‌തികയിൽ നിയമിച്ചിട്ടില്ല. ഇത്‌ സ്വീകരിക്കില്ലേ?” നല്ല നിലയും വിലയും, ഒപ്പം ഉയർന്ന ശമ്പളവും ആ സ്ഥാനക്കയറ്റത്തിലൂടെ എനിക്കു ലഭിക്കുമായിരുന്നു എന്നു ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. എങ്കിലും, നന്ദിപറഞ്ഞശേഷം ദൈവത്തെ കൂടുതൽ സേവിക്കാൻ ദൃഡനിശ്ചയം ചെയ്‌തിരിക്കുന്നതായി ഞാൻ അദ്ദേഹത്തെ അറിയിച്ചു. “ശരി, അങ്ങനെയാകട്ടെ, ഒരു ജോലി വേണമെന്നു എപ്പോൾ തോന്നിയാലും ഇവിടേക്കു വരാം,” അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ്‌ ഞാൻ ടോലൂക്കായിൽ എത്തിച്ചേർന്നു.

പ്രത്യേക പയനിയറായി മെക്‌സിക്കോയിൽ

ടോലൂക്കായിൽ ഞാൻ ചേച്ചിയുടെ പയനിയർ പങ്കാളിയായി, അപ്പോഴേക്കും ചേച്ചി അവിടെ പ്രത്യേക പയനിയറായി രണ്ടുവർഷം പിന്നിട്ടിരുന്നു. വീണ്ടും ഒന്നിക്കാനിടയായ ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു! എന്നാൽ ആ സന്തോഷം അധികനാളത്തേക്കില്ലായിരുന്നു. മൂന്നു മാസത്തിനുശേഷം അമ്മ ഒരു അപകടത്തിൽ പെട്ടു; അതേത്തുടർന്ന്‌ അമ്മയ്‌ക്ക്‌ നിരന്തരപരിചരണം ആവശ്യമായിവന്നു. കൂടുതൽ നിർദേശങ്ങൾക്കായി ഞങ്ങൾ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ എഴുതി. അതിനുശേഷം ഞങ്ങളൊരു തീരുമാനമെടുത്തു: അമ്മയുടെ ശുശ്രൂഷയ്‌ക്കായി ചേച്ചി വീട്ടിലേക്കു പോകുക. തുടർന്നുള്ള 17 വർഷം ചേച്ചി അമ്മയെ ശുശ്രൂഷിച്ചു. ആ സമയത്ത്‌ ചേച്ചി ഒരു സാധാരണ പയനിയറായി തുടർന്നു. അധ്യയനങ്ങൾക്കായി ബൈബിൾ വിദ്യാർഥികളെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു പതിവ്‌.

1976-ൽ, എനിക്ക്‌ റ്റാകാമാച്ചാൽകോയിലേക്ക്‌ നിയമനം കിട്ടി. പട്ടണത്തിന്റെ ഒരു ഭാഗത്ത്‌ സമ്പന്നരും മറുഭാഗത്ത്‌ ദരിദ്രരും താമസിക്കുന്ന വിചിത്രമായ ഒരിടം. പ്രായാധിക്യമുള്ള, അവിവാഹിതയായ ഒരു സ്‌ത്രീയുമായി ഞാൻ ഒരു ബൈബിളധ്യയനം ആരംഭിച്ചു. അവർ ധനികനായ തന്റെ ആങ്ങളയുടെ വീട്ടിലാണു കഴിഞ്ഞിരുന്നത്‌. ഒരു യഹോവയുടെ സാക്ഷിയാകാൻ ആഗ്രഹിക്കുന്നുവെന്ന്‌ അവർ പറഞ്ഞപ്പോൾ വീട്ടിൽനിന്ന്‌ ഇറക്കിവിടുമെന്ന്‌ അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നിരുന്നാലും, ആ എളിയ സ്‌ത്രീ ഭയന്നു പിന്മാറിയില്ല. സ്‌നാപനത്തെത്തുടർന്ന്‌ പറഞ്ഞതുപോലെതന്നെ അവരെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു. അപ്പോൾ 86 വയസ്സുണ്ടായിരുന്നെങ്കിലും ആ സ്‌ത്രീ യഹോവയിൽ പൂർണമായി ആശ്രയിച്ചു. സഭയുടെ പരിപാലനയിലായിരുന്ന അവർ മരണംവരെ തന്റെ വിശ്വസ്‌തത കാത്തു.

ഗിലെയാദിനുശേഷം ബൊളീവിയയിലേക്ക്‌

റ്റാകാമാച്ചാൽകോയിലെ അഞ്ചുവർഷത്തെ സേവനം ഞാൻ ശരിക്കും ആസ്വദിച്ചു. തുടർന്ന്‌, മെക്‌സിക്കോയിൽ ആദ്യമായി നടന്ന ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂളിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ പേരു സൂചിപ്പിക്കുന്നതുപോലെ ന്യൂയോർക്കിലെ സ്‌കൂളിന്റെതന്നെ ഒരു ഭാഗമായിരുന്നു അത്‌. അതിൽ പങ്കെടുക്കാൻ അമ്മയും ചേച്ചിയും എന്നെ നിർബന്ധിച്ചു. അങ്ങനെ പത്താഴ്‌ചത്തെ കോഴ്‌സിനായി ഞാൻ മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലെത്തി. ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്‌. 1981 ഫെബ്രുവരി 1-ന്‌ ബിരുദദാനം നടന്നു. എൻറീകെറ്റാ ആയാലായോടൊപ്പം (ഇപ്പോൾ ഫെർനാൻഡെസ്‌) ഞാൻ ലാപാസിൽ നിയമിതയായി.

ഞങ്ങൾ ലാപാസ്‌ വിമാനത്താവളത്തിൽ എത്തി. കൂട്ടിക്കൊണ്ടുപോകാൻ വരാമെന്നു പറഞ്ഞിരുന്ന സഹോദരങ്ങൾ അവിടെ വന്നിട്ടില്ലായിരുന്നു. ‘എന്തിനു സമയം കളയണം?’ ഞങ്ങൾ ചിന്തിച്ചു, അതുകൊണ്ട്‌ അവിടെ സാക്ഷീകരിക്കാൻ തുടങ്ങി. അങ്ങനെ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ബ്രാഞ്ചിൽനിന്നുള്ള സഹോദരങ്ങൾ ഞങ്ങളെ തേടിയെത്തി. വൈകിയെത്തിയതിന്‌ അവർ ക്ഷമ ചോദിച്ചു. ഒരു ഉത്സവം നിമിത്തം വഴിയിൽപ്പെട്ടുപോയതാണത്രേ കാരണം.

സാക്ഷീകരണം മേഘത്തിൻമീതെ

സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 12,000 അടി ഉയരത്തിലാണ്‌ ലാപാസ്‌, അതിനാൽ മിക്കവാറും ദിവസങ്ങളിൽ അവിടം മേഘാവൃതമായിരിക്കും. അവിടെ ഓക്‌സിജൻ കുറവായതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുമായിരുന്നു. അതുകൊണ്ട്‌ കുറച്ചു സമയത്തെ വയൽ ശുശ്രൂഷപോലും മടുപ്പിക്കുന്നതായിരുന്നു. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ എനിക്ക്‌ ഒരു വർഷം വേണ്ടിവന്നു. എങ്കിലും, യഹോവയുടെ അനുഗ്രഹത്തോടുള്ള താരതമ്യത്തിൽ അതെല്ലാം ഒന്നുമല്ലായിരുന്നു. ഉദാഹരണത്തിന്‌, 1984-ലെ ഒരു ദിവസം രാവിലെ വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വീട്ടിലേക്കു പാറകൾ നിറഞ്ഞ മലഞ്ചെരിവിലൂടെ ഞാൻ കയറിച്ചെന്നു. നന്നേ ക്ഷീണിച്ച ഞാൻ കതകിൽ മുട്ടി. അപ്പോൾ ഒരു സ്‌ത്രീ കടന്നുവന്നു. അത്‌ നല്ലൊരു സംഭാഷണത്തിനു വഴിയൊരുക്കി. കുറച്ചു ദിവസം കഴിഞ്ഞ്‌ മടങ്ങിവരാമെന്നും ഞാൻ പറഞ്ഞു.

‘അതു നടക്കുമെന്നു തോന്നുന്നില്ല,’ എന്നായിരുന്നു ആ സ്‌ത്രീയുടെ മറുപടി. എന്നാൽ പറഞ്ഞതുപോലെ ഞാൻ മടങ്ങിച്ചെന്നു. തന്റെ മകളെ ബൈബിൾ പഠിപ്പിക്കാൻ ആ സ്‌ത്രീ ആവശ്യപ്പെട്ടു. ‘അതെല്ലാം മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്‌. എങ്കിലും, നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം ഞാൻ സഹായിക്കാം.’ അവർ സമ്മതിച്ചു. തനിക്കും ബൈബിൾ പഠിക്കണമെന്നായി ആ സ്‌ത്രീ. അക്ഷരാഭ്യാസം ഇല്ലായിരുന്നു അവർക്ക്‌. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, എഴുത്തും വായനയും പഠിക്കുക (മലയാളത്തിൽ ലഭ്യമല്ല) എന്ന ചെറുപുസ്‌തകം ഉപയോഗിച്ച്‌ ഞാൻ അവരെ പഠിപ്പിച്ചു തുടങ്ങി.

കാലക്രമത്തിൽ എട്ടു കുട്ടികളുള്ള ഒരു കുടുംബമായിത്തീർന്നു അവരുടേത്‌. ഞാൻ അവരെ സന്ദർശിക്കുമ്പോൾ കുട്ടികളിൽ ചിലർ കൈകോർത്തുപിടിച്ച്‌ മലകയറാൻ എന്നെ സഹായിക്കുമായിരുന്നു. മാതാവും പിതാവും എട്ടു കുട്ടികളും അടങ്ങുന്ന ആ കുടുംബം ഒടുവിൽ യഹോവയെ സേവിക്കാൻ തുടങ്ങി. മൂന്നു പെൺമക്കൾ പയനിയർമാരാണ്‌, ആൺകുട്ടികളിൽ ഒരാൾ സഭയിലെ ഒരു മൂപ്പനും. 2000-ത്തിലെ തന്റെ മരണംവരെ പിതാവ്‌ സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവനമനുഷ്‌ഠിച്ചു. ആ കുടുംബത്തെയും അവരുടെ വിശ്വസ്‌തതയെയും കുറിച്ച്‌ ഓർക്കുമ്പോൾ എന്റെ മനസ്സിൽ അലതല്ലുന്ന സന്തോഷത്തിന്‌ കൈയും കണക്കുമില്ല! അവരെ സഹായിക്കാൻ അവസരം നൽകിയ യഹോവയ്‌ക്ക്‌ ഞാൻ നന്ദി കരേറ്റുന്നു.

കാർമെനോടൊപ്പം വീണ്ടും

1997-ൽ ഞങ്ങളുടെ അമ്മ മരിച്ചു. തുടർന്ന്‌, കാർമെന്‌ വീണ്ടും ഒരു പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. 1998-ൽ, ബൊളീവിയയിലെ കോച്ചബാമ്പയിലായിരുന്നു അത്‌. അവിടെയായിരുന്നു ഞാൻ അപ്പോൾ. അങ്ങനെ, നീണ്ട 18 വർഷത്തിനുശേഷം ഞങ്ങൾ വീണ്ടും ഒന്നിച്ചു. അപ്പോൾ കാർമെന്‌ മിഷനറി പദവിയും ലഭിച്ചു. കോച്ചബാമ്പയിലെ ഞങ്ങളുടെ ജീവിതം ആസ്വാദ്യമായിരുന്നു. അവിടത്തെ കാലാവസ്ഥ വളരെ സുഖകരമാണ്‌. അതുകൊണ്ടുതന്നെ, ‘മീവൽപക്ഷികൾ ഇവിടംവിട്ട്‌ പോകാറേയില്ല’ എന്നൊരു ചൊല്ലുപോലും പ്രചാരത്തിലുണ്ടത്രേ. ഞങ്ങളിപ്പോൾ ബൊളീവിയയിലെ സുക്രേയിലാണ്‌. ഒരു താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ നഗരത്തിൽ 2,20,000 നിവാസികളുണ്ട്‌. കത്തോലിക്ക പള്ളികൾ ധാരാളം ഉണ്ടായിരുന്നതിനാൽ ‘കൊച്ചു വത്തിക്കാൻ’ എന്നാണ്‌ ഒരിക്കൽ ആ നഗരം അറിയപ്പെട്ടിരുന്നത്‌. അവിടെ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ അഞ്ച്‌ സഭകൾ ഉണ്ട്‌.

ഞാനും ചേച്ചിയും ചേർന്ന്‌ 60 വർഷം പയനിയറിങ്‌ ചെയ്‌തു, 100-ലധികം ആളുകളെ സ്‌നാപനത്തിന്റെ പടിയിലെത്തിക്കാനും കഴിഞ്ഞു. ഒരതുല്യ പദവിതന്നെ! അതേ, പൂർണ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽപ്പരം സംതൃപ്‌തിദായകമായ മറ്റെന്താണുള്ളത്‌!​—⁠മർക്കൊസ്‌ 12:30.

[അടിക്കുറിപ്പ്‌]

^ ഖ. 8 ബൈബിൾ വിവരിക്കുന്ന രണ്ടു ജന്മദിന ആഘോഷങ്ങളും പുറജാതീയമാണ്‌, മാത്രമല്ല അവയെക്കുറിച്ച്‌ അനുകൂലഭിപ്രായവും അതിനില്ല. (ഉല്‌പത്തി 40:20-22; മർക്കൊസ്‌ 6:21-28) സ്വപ്രേരിതമായി സമ്മാനങ്ങൾ നൽകുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെയോ തരപ്പടിക്കാരുടെയോ സമ്മർദത്തിനു വഴങ്ങി അപ്രകാരം ചെയ്യുന്നതിനെ അതു പിന്താങ്ങുന്നില്ല.​—⁠സദൃശവാക്യങ്ങൾ 11:25; ലൂക്കൊസ്‌ 6:38; പ്രവൃത്തികൾ 20:35; 2 കൊരിന്ത്യർ 9:⁠7.

[15-ാം പേജിലെ ചിത്രം]

ഈ കുടുംബത്തിന്‌ അധ്യയനമെടുക്കാൻ പാറകൾ നിറഞ്ഞ മലഞ്ചെരുവിലൂടെ കയറിച്ചെല്ലണമായിരുന്നു

[15-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ, കാർമെനോടൊപ്പം (വലത്ത്‌)