ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്?
ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്?
ഇന്നത്തെ ധാർമിക അധഃപതനത്തെക്കുറിച്ച് ബൈബിൾ വളരെക്കാലം മുമ്പുതന്നെ പറഞ്ഞു. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും . . . അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും . . . ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
ഇന്നത്തെ ലോകത്തിന്റെ കൃത്യമായ വിവരണമാണ് ഈ ബൈബിൾ പ്രവചനം എന്നു നിങ്ങൾ സമ്മതിച്ചേക്കും. ഇത് എഴുതിയതാകട്ടെ, ഏതാണ്ട് 2,000 വർഷം മുമ്പും! എന്നാൽ ശ്രദ്ധാർഹമായ ഒരു കാര്യം, ഈ പ്രവചനം ആരംഭിക്കുന്നത് “അന്ത്യകാലത്ത്” എന്നു പറഞ്ഞുകൊണ്ടാണ്. എന്താണ് ‘അന്ത്യകാലം’ എന്നതുകൊണ്ട് അർഥമാക്കുന്നത്?
‘അന്ത്യകാലം’
‘അന്ത്യകാലം’ എന്നത് പ്രചുരപ്രചാരം നേടിയ ഒരു വാക്കാണ്. ഇംഗ്ലീഷ് ഭാഷയിൽ മാത്രം നൂറുകണക്കിനു പുസ്‌തക ശീർഷകങ്ങളിൽ ഇതു പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് അടുത്തയിടെ പ്രസിദ്ധീകരിച്ച നിഷ്‌കളങ്കതയുടെ അന്ത്യകാലം—അമേരിക്ക യുദ്ധത്തിൽ, 1917-1918 (ഇംഗ്ലീഷ്) എന്ന പുസ്‌തകം. ധാർമിക മൂല്യങ്ങളുടെ വലിയൊരു അപചയം സംഭവിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തെ കുറിക്കാനാണ് ‘അന്ത്യകാലം’ എന്ന പദം അതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് അതിന്റെ ആമുഖം വ്യക്തമാക്കുന്നു.
അത് ഇങ്ങനെ തുടരുന്നു: “1914-ൽ, ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര വേഗത്തിൽ രാജ്യം മാറ്റത്തിനു വിധേയമാകുകയായിരുന്നു.” ചരിത്രത്തിൽ ആദ്യമായി ഒരു ലോകയുദ്ധത്തിലേക്കുള്ള എടുത്തുചാട്ടത്തിന് 1914
സാക്ഷ്യംവഹിച്ചു. പുസ്‌തകം പറയുന്നു: “ഇതൊരു സമഗ്രയുദ്ധം ആയിരുന്നു, സൈന്യങ്ങൾ തമ്മിലുള്ളതല്ല, മറിച്ച് രാഷ്‌ട്രങ്ങൾ തമ്മിലുള്ളത്. ഈ യുദ്ധം നടന്നത് ബൈബിൾ പറയുന്ന ‘അന്ത്യകാല’ത്തിന്റെ ആരംഭത്തിലാണ്.ഈ ലോകം യഥാർഥത്തിൽ അവസാനിക്കുന്നതിനു മുമ്പ് അത് ‘അന്ത്യകാലം’ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നുപോകും എന്നുള്ളത് ഒരു ബൈബിൾ പഠിപ്പിക്കലാണ്. മുമ്പ് ഒരു ലോകം ഉണ്ടായിരുന്നെന്നും അതു നശിച്ചുപോയെന്നും ബൈബിൾ പഠിപ്പിക്കുന്നു. അത് ഇപ്രകാരം വിശദീകരിക്കുന്നു: “അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു.” അത് എപ്പോഴായിരുന്നു, അന്നു നശിച്ച ലോകം ഏതായിരുന്നു? നോഹയുടെ നാളിലെ ‘ഭക്തികെട്ട ആളുകളുടെ ലോകം’ ആയിരുന്നു അത്. അതുപോലെ ഇന്നത്തെ ലോകവും നശിക്കും. എന്നാൽ നോഹയും അവന്റെ കുടുംബവും രക്ഷപ്പെട്ടതുപോലെ ദൈവത്തെ സേവിക്കുന്നവർ ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിക്കും.—2 പത്രൊസ് 2:5; 3:6; ഉല്‌പത്തി 7:21-24; 1 യോഹന്നാൻ 2:17.
അന്ത്യത്തെക്കുറിച്ച് യേശു പറഞ്ഞത്
‘ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളഞ്ഞ’ ‘നോഹയുടെ കാലത്തെ’ കുറിച്ച് യേശുക്രിസ്‌തുവും പറഞ്ഞു. പ്രളയത്തിനു തൊട്ടുമുമ്പ് ഉണ്ടായിരുന്ന സാഹചര്യങ്ങളെ യേശു “ലോകാവസാന”കാലത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്‌തു. (മത്തായി 24:3, 37-39) മറ്റു ബൈബിൾ ഭാഷാന്തരങ്ങൾ ‘ലോകാവസാനം’ എന്നതിനു പകരം ‘യുഗാന്തം,’ “യുഗസമാപ്‌തി” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.—പി.ഒ.സി. ബൈബിൾ, ഓശാന ബൈബിൾ.
ഈ ലോകം നശിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമിയിലെ അവസ്ഥ എപ്രകാരം ആയിരിക്കുമെന്ന് യേശു പ്രവചിച്ചു. യുദ്ധത്തെക്കുറിച്ച്, “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും” എന്ന് അവൻ പറഞ്ഞു. ഇത് 1914-ൽ സംഭവിച്ചുതുടങ്ങിയെന്ന് ചരിത്രകാരന്മാർ നിരീക്ഷിച്ചിരിക്കുന്നു. നേരത്തേ പരാമർശിച്ച പുസ്‌തകത്തിന്റെ ആമുഖം 1914-നെ ഒരു “സമഗ്രയുദ്ധത്തിന്റെ . . . സൈന്യങ്ങൾ തമ്മിലുള്ളതല്ല, മറിച്ച് രാഷ്‌ട്രങ്ങൾ തമ്മിലുള്ള” യുദ്ധത്തിന്റെ തുടക്കമായി തിരിച്ചറിയിക്കുന്നു.
യേശു ഇങ്ങനെയും പ്രവചിച്ചു: “ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” മറ്റു കാര്യങ്ങൾക്ക് ഒപ്പം ‘അധർമ്മം പെരുകും’ എന്നും അവൻ പറഞ്ഞു. (മത്തായി 24:7-14) തീർച്ചയായും ഇതെല്ലാം നമ്മുടെ മുമ്പിൽ അരങ്ങേറുന്നതായി നാം കാണുന്നു. ഇന്നത്തെ ധാർമിക അധഃപതനം വളരെ ഗുരുതരമാണ്. അത് ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെയാണു കാണിക്കുന്നത്!
ഇത്തരം അപചയത്തിന്റെ നാളുകളിൽ നാം എങ്ങനെ ജീവിക്കണം? ധാർമിക അധഃപതനത്തെക്കുറിച്ച് അപ്പൊസ്‌തലനായ പൗലൊസ് റോമിലുള്ള ക്രിസ്‌ത്യാനികൾക്ക് എഴുതിയത് എന്താണെന്ന് ശ്രദ്ധിക്കൂ. ആളുകളുടെ ‘നിന്ദ്യമായ വികാരങ്ങളെ’ (പി.ഒ.സി.) ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ പ്രസ്‌താവിച്ചു: “അവരുടെ സ്‌ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്‌ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു.”—റോമർ 1:26, 27.
ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് അന്നാളിലെ മനുഷ്യസമൂഹം അധാർമികതയിലേക്ക് താണുകൊണ്ടിരുന്നപ്പോൾ, “ചെറിയ ക്രിസ്‌തീയ സമൂഹങ്ങളുടെ ദൈവഭക്തിയും മാന്യതയും സുഖലോലുപതയിൽ ആണ്ടിരുന്ന പുറജാതികളുടെ ഉറക്കം കെടുത്തി.” ഇതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്: ‘എന്നെയും എന്റെ കൂട്ടുകാരെയും സംബന്ധിച്ചെന്ത്? ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ, അധാർമിക ജീവിതം നയിക്കുന്നവരിൽനിന്ന് വ്യത്യസ്‌തരായിട്ടാണോ കാണപ്പെടുന്നത്?’—1 പത്രൊസ് 4:3, 4.
നമുക്കുള്ള പോരാട്ടം
നമുക്കു ചുറ്റും അധാർമികത നടമാടുന്നുണ്ടെങ്കിലും നമ്മൾ “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ . . . അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്‌കളങ്കമക്കളും” ആയിരിക്കേണ്ടതുണ്ട്. ഇതിനായി നാം “ജീവന്റെ വചനം പ്രമാണിച്ചു” നടക്കണം. (ഫിലിപ്പിയർ 2:14, 15) ധാർമിക അപചയത്തിന്റെ കറപുരളാതെ ക്രിസ്‌ത്യാനികൾക്ക് എങ്ങനെ നിലനിൽക്കാനാകുമെന്ന് ഈ ബൈബിൾ പ്രസ്‌താവന കാണിക്കുന്നു. അതിന് അവർ ദൈവവചനത്തിലെ ധാർമിക നിലവാരങ്ങളാണ് ഏറ്റവും മെച്ചമെന്ന് അംഗീകരിക്കുകയും അതിലെ പഠിപ്പിക്കലുകൾ പിൻപറ്റുകയും വേണം.
“ഈ ലോകത്തിന്റെ ദൈവം” ആയ പിശാചായ സാത്താൻ ആളുകളുടെ ഹൃദയം കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (2 കൊരിന്ത്യർ 4:4) സാത്താൻ “വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. അവനെപ്പോലെതന്നെ പ്രവർത്തിച്ചുകൊണ്ട് അവനെ സേവിക്കുന്നവരും അതുതന്നെയാണ് ചെയ്യുന്നത്. (2 കൊരിന്ത്യർ 11:14, 15) അവർ സ്വാതന്ത്ര്യവും ഉല്ലാസവും വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ബൈബിൾ പറയുന്നതനുസരിച്ച് അവർ തന്നെ ‘നാശത്തിന്റെ അടിമകളാണ്.’—2 പത്രൊസ് 2:19.
അവരുടെ ചതിക്കുഴിയിൽ വീഴരുത്. ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ അവഗണിക്കുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സങ്കീർത്തനക്കാരൻ എഴുതി: “രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ [ദൈവത്തിന്റെ] ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.” (സങ്കീർത്തനം 119:155; സദൃശവാക്യങ്ങൾ 5:22, 23) നമുക്ക് ആ ബോധ്യമുണ്ടോ? ഉണ്ടെങ്കിൽ എങ്ങും പ്രകടമായിരിക്കുന്ന അനുവാദാത്മക മനോഭാവത്തിൽനിന്ന് നമുക്കു നമ്മെത്തന്നെ സംരക്ഷിക്കാം!
എന്നിരുന്നാലും അനേകരും ഇങ്ങനെ വാദിക്കുന്നു, ‘നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം ഞാൻ ചെയ്യുന്നതെല്ലാം ശരിയാണ്.’ എന്നാൽ അത് അങ്ങനെയല്ല. നമ്മുടെ സ്വർഗീയ പിതാവ് സ്‌നേഹപൂർവം ധാർമിക മാർഗനിർദേശങ്ങൾ നൽകുന്നത് നിങ്ങളുടെ ജീവിതം അനാവശ്യമായി നിയന്ത്രിക്കാനോ വിരസമാക്കാനോ അല്ല, മറിച്ച് നിങ്ങളുടെ സംരക്ഷണത്തിനാണ്. അവൻ ‘ശുഭകരമായി പ്രവർത്തിപ്പാൻ നിങ്ങളെ അഭ്യസിപ്പിക്കുന്നു.’ ആപത്തുകൾ ഒഴിവാക്കി നിങ്ങൾ സന്തുഷ്ട ജീവിതം ആസ്വദിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. തീർച്ചയായും ബൈബിൾ പഠിപ്പിക്കുന്നതുപോലെ ദൈവസേവനം “ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും” വാഗ്‌ദാനം ഉള്ളതാണ്. അതാണ് ‘സാക്ഷാലുള്ള ജീവൻ,’ വാഗ്‌ദത്ത പുതിയഭൂമിയിലെ നിത്യജീവൻ!—യെശയ്യാവു 48:17, 18; 1 തിമൊഥെയൊസ് 4:8; 6:19.
അതുകൊണ്ട് ബൈബിൾ പഠിപ്പിക്കലുകൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുക, ഒപ്പം അത് അനുസരിക്കാത്തവർക്ക് ഉണ്ടാകുന്ന ഹൃദയവേദനയെക്കുറിച്ചും. ദൈവത്തെ അനുസരിച്ചുകൊണ്ട് അവന്റെ അംഗീകാരം നേടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം! “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന് ദൈവം വാഗ്‌ദാനം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 1:33.
ധാർമികശുദ്ധി പാലിക്കുന്ന ഒരു സമൂഹം
ഈ ലോകത്തിന്റെ നാശത്തിനുശേഷം ദുഷ്ടന്മാർ മേലാൽ ഉണ്ടായിരിക്കുകയില്ല. ബൈബിൾ പറയുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.” (സങ്കീർത്തനം 37:10, 11; സദൃശവാക്യങ്ങൾ 2:20-22) അധാർമികതയുടെ ഒരു തരിപോലും ഇല്ലാത്തവിധം ഭൂമി ശുദ്ധീകരിക്കപ്പെടും. സ്രഷ്ടാവിന്റെ പഠിപ്പിക്കലുകൾ അനുസരിച്ചു ജീവിക്കാൻ വിസമ്മതിക്കുന്ന ആരും ഭൂമിയിൽ ഉണ്ടായിരിക്കയില്ല എന്നു വ്യക്തം. ആദ്യ മനുഷ്യജോടികളുടെ ഭവനമായിരുന്നതുപോലുള്ള ഒരു പറുദീസ മുഴുഭൂമിയിലും വ്യാപിപ്പിക്കുന്നതിൽ ദൈവസ്‌നേഹികളായ ഓരോരുത്തരും പങ്കുചെരും.—ഉല്‌പത്തി 2:7-9.
ആ പറുദീസയിലെ ജീവിതം എത്ര ആനന്ദദായകമായിരിക്കും എന്ന് ചിന്തിക്കുക. പുനരുത്ഥാനംപ്രാപിച്ചുവരുന്ന കോടിക്കണക്കിന് ആളുകൾക്കും അവിടെ ആയിരിക്കാനുള്ള അതുല്യമായ ഒരവസരം ഉണ്ട്. ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ ആഹ്ലാദിക്കുവിൻ: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5.
[9-ാം പേജിലെ ആകർഷക വാക്യം]
ഒരു ലോകം അവസാനിച്ചപ്പോൾ ദൈവഭയമുള്ള ആളുകൾ അതിജീവിച്ചു
[10-ാം പേജിലെ ചിത്രം]
ഈ ലോകത്തിന്റെ അവസാനത്തിനുശേഷം ഭൂമി ഒരു പറുദീസയാകും