അബിജാനിലെ അധ്വാനികളായ അലക്കുകാർ
അബിജാനിലെ അധ്വാനികളായ അലക്കുകാർ
കോറ്റ് ഡീവ്വോറിലെ ഉണരുക! ലേഖകൻ
കോറ്റ് ഡീവ്വോറിലെ അബിജാനിൽനിന്ന് പടിഞ്ഞാറേക്കു പോകുകയായിരുന്നു ഞങ്ങൾ. തിരക്കേറിയ ആ പശ്ചിമാഫ്രിക്കൻ നഗരത്തിലെ കാഴ്‌ചകളും ശബ്ദകോലാഹലങ്ങളുമൊക്കെ കണ്ടും കേട്ടും അങ്ങനെ പോകവേ ഞങ്ങളുടെ കണ്ണുകൾ മനംമയക്കുന്ന ഒരു സുന്ദരദൃശ്യത്തിൽ ഉടക്കി—പച്ച പുതച്ച വിശാലമായ പുൽമേടുകളിൽ വസ്‌ത്രങ്ങളുടെ ഒരു വർണപ്രപഞ്ചം. അതെന്താണെന്നു വിശദീകരിച്ചുതരാൻ ഞങ്ങളുടെ ഐവോറിയൻ സുഹൃത്തുക്കൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഫാനികോയായിരുന്നു ആ മായക്കാഴ്‌ചയുടെ ശിൽപ്പികൾ.
കഠിനാധ്വാനികളായ അലക്കുകാരുടെ ഒരു കൂട്ടമാണ് ഫാനികോ. പകലന്തിയോളം ബാങ്കോ നദിക്കരെ തുണിയലക്കിയാണ് ഇക്കൂട്ടത്തിലെ നൂറുകണക്കിനു പുരുഷന്മാരും കഠിനാധ്വാനികളായ ഏതാനും സ്‌ത്രീകളും അഷ്ടിക്കുള്ള വക കണ്ടെത്തുന്നത്. ഡ്യൂലാ അഥവാ ജൂലാ ഭാഷയിലെ ഫാനി, കോ എന്നീ വാക്കുകളിൽനിന്നാണ്
ഈ പദം വന്നിരിക്കുന്നത്. ഫാനി എന്നാൽ “തുണി” അല്ലെങ്കിൽ “വസ്‌ത്രം” എന്നർഥം; കോ എന്നാൽ “അലക്കുക” എന്നർഥം. അതുകൊണ്ട് ഫാനികോ എന്ന ഡ്യൂലാ വാക്കിന്റെ അർഥം “തുണി അലക്കുന്നയാൾ” എന്നാണ്.അലക്കുവിശേഷങ്ങൾ
ഒരു കൊച്ചുവെളുപ്പാൻകാലത്ത്, ഫാനികോയുടെ തൊഴിലിനെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ അവരുടെ ജോലിസ്ഥലത്തേക്കു തിരിച്ചു. എന്താ അവരുടെയൊരു തിരക്ക്! ഞങ്ങൾ എത്തിയപ്പോഴേക്കും അവർ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു. അൽപ്പം കലക്കലുള്ള ബാങ്കോ നദിയിൽ പൊങ്ങിക്കിടക്കുന്ന ഒരു കൂട്ടം വലിയ ടയറുകളിലാണ് അലക്കുകല്ലുകളുടെ സ്ഥാനം. ഓരോ ടയറിന്റെയും അടുത്ത് മുട്ടറ്റമോ അരയ്‌ക്കൊപ്പമോ വെള്ളത്തിൽ നിൽക്കുന്ന അലക്കുകാർ. സോപ്പിടുകയും അലക്കുകയും തിരുമ്മുകയും ചെയ്യുന്നതിന്റെ തിരക്കിലാണവർ.
നേരം പുലരുംമുമ്പേ തുണികൾ ശേഖരിക്കുന്നതിനായി ഫാനികോ വീടുകൾ കയറിയിറങ്ങാൻ തുടങ്ങും—‘അലക്കുശാല’യിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരെയുള്ള വീടുകൾപോലും. തുടർന്ന് അവർ വസ്‌ത്രങ്ങൾ ഉന്തുവണ്ടിയിലോ തലയിലോ വെച്ച് ബാങ്കോ നദിയിലേക്കു പോകും. അവിടെ വ്യത്യസ്‌ത ഭാഷയിലുള്ള അഭിവാദനങ്ങളാണ് അവരെ വരവേൽക്കുന്നത്; കാരണം ആഫ്രിക്കയുടെ പല ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 60-നുമേൽ പ്രായമുള്ള ബ്രാമാ എന്ന കരുത്തനായ അലക്കുകാരനെപ്പോലുള്ള ചിലർ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വർഷത്തിൽ മൂന്നു ദിവസം ഒഴികെ എന്നും ഇവർ ജോലി ചെയ്യുന്നു, വിശ്രമമില്ലാതെ.
അലക്ക് അത്ര നിസ്സാരകാര്യമല്ല. അലക്കാനുള്ള തുണിക്കെട്ട് ഒരാൾ താഴെ വെക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു—അത്രയും തുണിയലക്കണമെന്ന ചിന്ത മതി ഒരു സാധാരണ വീട്ടമ്മയുടെ ‘തല പെരുക്കാൻ.’ അയാൾ ഭാണ്ഡം അഴിച്ച് തുണികൾ ഓരോന്നായി നനച്ചുവെച്ചു. തുടർന്ന് ഒരു വലിയ കട്ട പാമോയിൽ സോപ്പ് പതപ്പിച്ച് തുണികൾ പാറക്കല്ലിൽ അലക്കാൻ തുടങ്ങി. ബ്രഷ് ഉപയോഗിച്ചാണ് കടുത്ത കറകൾ കളഞ്ഞിരുന്നത്. തുണി അലക്കിക്കിട്ടുന്നതിന് ചെലവാക്കേണ്ട പണത്തിന്റെ കാര്യമോ? ഒരു ഷർട്ടിന് 7 സെന്റ് (ഏകദേശം 2.8 രൂപ); കിടക്കവിരിക്ക് 14 സെന്റ് (5.6 രൂപ). ഇപ്പോൾ മനസ്സിലായില്ലേ, അഷ്ടിക്കുള്ള വക കണ്ടെത്തുന്നതിന് ഫാനികോയ്‌ക്ക് ഇത്രയധികം തുണി അലക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന്?
അവർ അലക്കുന്ന തുണിയുടെ കൂമ്പാരം കണ്ടാൽ ‘ഏതു തുണി ആരുടേതാണെന്ന് ഓർത്തിരിക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു’ എന്നു നിങ്ങൾ അമ്പരന്നേക്കാം. ഇന്ത്യയിലെ ചില അലക്കുകാർ രഹസ്യകോഡ് ഉപയോഗിക്കുന്നതുപോലെ ഇവർക്കും എന്തെങ്കിലും പ്രത്യേക രീതി ഉണ്ടായിരിക്കുമോ എന്ന് ഞങ്ങൾ ചിന്തിച്ചു. ഫാനികോ ഉപയോഗിക്കുന്ന രീതി പക്ഷേ ഇന്ത്യക്കാരുടേതിൽനിന്ന് തികച്ചും വിഭിന്നമാണ്. അതേസമയം അത്രതന്നെ ഫലപ്രദവും.
ഇതു സംബന്ധിച്ചു നല്ല അറിവുണ്ടായിരുന്ന ഞങ്ങളുടെ ഗൈഡ് ഫാനികോയുടെ വിദ്യ വിശദീകരിച്ചുതരാൻ ഒരു ശ്രമം നടത്തി. ആദ്യമായി, തുണികൾ ശേഖരിക്കുമ്പോൾ അലക്കുകാരൻ വീട്ടിലെ ഓരോ അംഗത്തിന്റെയും അളവ് മനസ്സിൽ പിടിക്കും. അങ്ങനെയാകുമ്പോൾ ഒരു വസ്‌ത്രം ആരുടേതാണെന്ന് ഓർക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വസ്‌ത്രങ്ങളിൽ എന്തെങ്കിലും അടയാളമിടുന്ന പതിവില്ല. ഒരു വീട്ടിലെ എല്ലാ തുണികളിലും അയാൾ ഒരു കെട്ടിടും; വസ്‌ത്രത്തിന്റെ ഒരേ ഭാഗത്തായിരിക്കും കെട്ടിടുന്നത്—വസ്‌ത്രത്തിന്റെ ഇടത്തേ കൈയോ വലത്തേ കൈയോ കോളറോ അരപ്പട്ടയോ ഉപയോഗിച്ചായിരിക്കും ഇതു ചെയ്യുന്നത്. അലക്കുമ്പോൾ ഒരു വീട്ടിലെ തുണികളെല്ലാം ഒരുമിച്ചു വെക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കും. എല്ലാം കേട്ടതിനുശേഷവും ഫാനികോയ്‌ക്ക് ഇത്രയൊക്കെ ഓർത്തിരിക്കാനാകുമെന്നു വിശ്വസിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും തുണികൾ മാറിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌തിട്ടുണ്ടോയെന്ന് ഞങ്ങൾ ഒരു ഫാനികോയോടു ചോദിച്ചു. ‘ഇല്ല, ഫാനികോയ്‌ക്ക് ഒരിക്കലും തെറ്റുപറ്റില്ല!’ അദ്ദേഹത്തിന്റെ മുഖത്തെ അമ്പരപ്പ് അതാണു ഞങ്ങളോടു പറഞ്ഞത്.
ആർക്കുവേണമെങ്കിലും ബാങ്കോ നദിക്കരയിലേക്കു ചെന്ന് തുണിയലക്കാം എന്നാണോ? അല്ല! അതിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഫാനികോ ആകാൻ താത്‌പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്നതിനായി മൂന്നു മാസം അനുവദിക്കും. ഈ സമയത്ത് പരിചയസമ്പന്നനായ ഒരു വ്യക്തി തുടക്കക്കാരന് പരിശീലനം നൽകും. ഓർമയുടെ ‘സൂത്രവാക്യം’
അയാൾ പഠിച്ചെടുക്കുന്നതും അപ്പോഴാണ്. അതിൽ പരാജയപ്പെട്ടാൽ പിന്നെ വേറെ ജോലി അന്വേഷിക്കേണ്ടിവരും. എന്നാൽ പുതുമുഖം മിടുക്കനാണെങ്കിൽ ഒരു ചെറിയ തുക കൊടുത്ത് അയാൾക്ക് ഒരു അലക്കുസ്ഥലം സ്വന്തമാക്കാം. മറ്റാർക്കും അത് ഉപയോഗിക്കാൻ അനുവാദമില്ല.പാമോയിൽ സോപ്പ്
അലക്കുകാരന്റെ ഉറ്റമിത്രമാണ് സോപ്പെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് പാമോയിൽ സോപ്പ് ഉപയോഗിക്കുന്ന കാര്യത്തിലും തുടക്കക്കാരന് പരിശീലനം നൽകും. മൂന്നുതരം സോപ്പുകളാണ് അലക്കാൻ ഉപയോഗിക്കുന്നത്; നിറംകൊണ്ട് അവയെ തിരിച്ചറിയാം. അധികം അഴുക്കുപറ്റാത്ത വസ്‌ത്രങ്ങൾക്ക് വെള്ളയും മഞ്ഞയും നിറത്തിലുള്ള സോപ്പുകളാണ് ഉപയോഗിക്കുന്നത്. ശരിക്കും അഴുക്കായ തുണികൾക്കുള്ളതാണ് കറുത്ത സോപ്പ്. മുഖ്യചേരുവയായ പാമോയിലാണ് ഇരുണ്ട നിറത്തിനു പിന്നിൽ. ഒരു ഫാനികോയ്‌ക്ക് ദിവസം കുറഞ്ഞത് പത്തു കട്ട സോപ്പ് വേണം. അതിനാൽ സമീപത്തുള്ള സോപ്പു നിർമാതാക്കൾ ആവശ്യത്തിന് സ്റ്റോക്കു ചെയ്യും.
ഞങ്ങൾ അലക്കുസ്ഥലത്തിനടുത്തുള്ള കുന്നിൻചെരുവിലായി സോപ്പ് ഉണ്ടാക്കുന്നിടം ഒന്നു കാണാൻ പോയി. രാവിലെ ആറുമണിക്ക് സോപ്പു നിർമാണം തുടങ്ങും. ജോലിക്കാരായ സ്‌ത്രീകൾ ആവശ്യമായ സാധനങ്ങൾ സ്ഥലത്തെ കമ്പോളത്തിൽനിന്നു വാങ്ങിയിട്ടുണ്ടാകും. ഉറഞ്ഞ പാമോയിൽ, പൊട്ടാസ്യം, ഉപ്പ്, സൗർസോപ്-ജ്യൂസ്, വെളിച്ചെണ്ണ, കൊക്കോ-ബട്ടർ എന്നിങ്ങനെ ജൈവവിഘടനം സംഭവിക്കുന്നവയാണ് എല്ലാ ചേരുവകളും. വിറകടുപ്പിൽ വീപ്പപോലുള്ള വലിയൊരു സ്റ്റീൽപ്പാത്രം വെച്ച് ഈ ചേരുവകളെല്ലാം അതിലിട്ടു തിളപ്പിക്കുന്നു. ഏതാണ്ട് ആറുമണിക്കൂർ അങ്ങനെ തിളപ്പിച്ചശേഷം ലോഹനിർമിതമായ ട്രേകളിലും പാത്രങ്ങളിലും ഒഴിച്ചുവെക്കുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം ഉറച്ചുകഴിയുമ്പോൾ വലിയ കട്ടകളാക്കി മുറിക്കുന്നു.
പിന്നെ സോപ്പ് ഉണ്ടാക്കുന്ന സ്‌ത്രീകൾ ഒരു ടബ് നിറയെ സോപ്പുകട്ടകളും തലയിൽവെച്ച് താഴെ കുന്നിൻചെരിവിലുള്ള ഫാനികോയുടെ അടുത്തേക്കു പോകുന്നു. അലക്കുകാർ ധൃതിയിൽ തുണിയലക്കിക്കൊണ്ടിരിക്കെ കച്ചവടക്കാർ എങ്ങനെയാണ് സോപ്പ് കൈമാറുന്നത്? അവർ നദിയിലേക്കിറങ്ങി പ്ലാസ്റ്റിക് ടബ് വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോയി ആവശ്യക്കാർക്ക് സോപ്പ് വിതരണം ചെയ്യുന്നു.
അലക്കിനുശേഷം
അലക്കി വൃത്തിയാക്കിയ വസ്‌ത്രങ്ങളുമായി ഫാനികോ അടുത്തുള്ള കുന്നിൻചെരുവിലേക്കു പോകും; എന്നിട്ട് ഉണങ്ങാനായി പുൽപ്പുറത്തു വിരിച്ചിടുകയോ അയയിൽ തൂക്കിയിടുകയോ ചെയ്യും. അത്തരമൊരു വർണപ്രപഞ്ചം ഞങ്ങളുടെ കണ്ണുകൾക്കു വിരുന്നൊരുക്കിയതിനെക്കുറിച്ചാണ് തുടക്കത്തിൽ പറഞ്ഞത്. അലക്കുകാർക്ക് അൽപ്പമൊന്നു വിശ്രമിക്കാനുള്ള സമയമാണിത്. വൈകുന്നേരം തുണിയെല്ലാം ഉണങ്ങിക്കഴിയുമ്പോൾ ഓരോ വസ്‌ത്രവും സൂക്ഷിച്ച് മടക്കുന്നു; ചിലത് ഇസ്‌തിരിയിടും. സന്ധ്യമയങ്ങാറാകുമ്പോൾ അലക്കിത്തേച്ച വസ്‌ത്രങ്ങളെല്ലാം ഉടമസ്ഥരുടെ അടുത്തെത്തിക്കുന്നു.
നിരനിരയായി ഉണങ്ങാനിട്ടിരുന്ന വസ്‌ത്രങ്ങൾ ആദ്യം കണ്ടപ്പോൾ അവയ്‌ക്കു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. അബിജാനിലെ അലക്കുകാരെ പരിചയപ്പെടാനായതിൽ ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു; കാരണം ലോകമെമ്പാടുമുള്ള അലക്കുകാരായ സ്‌ത്രീപുരുഷന്മാരുടെ ജോലിയെയും കഠിനാധ്വാനത്തെയും കുറിച്ച് ഇപ്പോൾ ഞങ്ങൾക്കറിയാം.
[10-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കോറ്റ് ഡീവ്വോർ
[12-ാം പേജിലെ ചിത്രം]
സോപ്പ് ഉണ്ടാക്കി വിൽക്കുന്ന ഒരു സ്‌ത്രീ
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
PhotriMicroStock™/C. Cecil