ക്രിസ്തുവിനെ അനുഗമിക്കുക!
ക്രിസ്തുവിനെ അനുഗമിക്കുക!
യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ
മേയ് മാസത്തിൽ ഐക്യനാടുകളിൽ ആരംഭംകുറിച്ച ഈ ത്രിദിന കൺവെൻഷൻ പരമ്പര ലോകമെമ്പാടുമുള്ള നൂറുകണക്കിനു നഗരങ്ങളിൽ നടക്കുന്നതാണ്. മിക്കയിടങ്ങളിലും വെള്ളിയാഴ്ച രാവിലെ 9:20-ന് സംഗീതത്തോടെ പരിപാടി ആരംഭിക്കും. യേശുവിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കും ഓരോ ദിവസത്തെയും കൺവെൻഷൻ പരിപാടികൾ.
വെള്ളിയാഴ്ചത്തെ പരിപാടികളുടെ പ്രതിപാദ്യവിഷയം “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക” എന്നതാണ്. (എബ്രായർ 12:2) “‘ക്രിസ്തുവിനെ’ അനുഗമിക്കേണ്ടത് എന്തുകൊണ്ട്?” എന്നതാണ് സ്വാഗതപ്രസംഗം. “യേശുവിനെ അംഗീകരിക്കുക . . . വലിയ മോശെ എന്ന നിലയിൽ, വലിയ ദാവീദ് എന്ന നിലയിൽ, വലിയ ശലോമോൻ എന്ന നിലയിൽ” എന്നത് മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയമാണ്. “യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുവിന്റെ അതുല്യ സ്ഥാനം” എന്ന മുഖ്യവിഷയ പ്രസംഗത്തോടെ രാവിലത്തെ പരിപാടി അവസാനിക്കും.
“‘ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’” എന്ന പ്രസംഗത്തോടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പരിപാടികൾ ആരംഭിക്കും. അതിനെ തുടർന്ന് ‘അവനിൽ ഗുപ്തമായിരിക്കുന്ന’ നിക്ഷേപങ്ങൾ കണ്ടെത്തുക എന്ന പ്രസംഗം ഉണ്ടായിരിക്കും. അഞ്ചു ഭാഗങ്ങളുള്ള, ഒരു മണിക്കൂർ ദീർഘിക്കുന്ന സിമ്പോസിയമാണ് “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” എന്നത്. അതിലെ ചില പ്രസംഗങ്ങളാണ് “അവൻ അവരെ ദയാപുരസ്സരം കൈക്കൊണ്ടു,” “അവൻ ‘മരണത്തോളം അനുസരണമുള്ളവനായിത്തീർന്നു,’” “അവൻ ‘അവസാനത്തോളം അവരെ സ്നേഹിച്ചു’” എന്നിവ. “കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു” എന്ന പ്രസംഗത്തോടെ അന്നത്തെ പരിപാടികൾ അവസാനിക്കും.
“എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; . . . അവ എന്നെ അനുഗമിക്കയും ചെയ്യുന്നു” എന്നതാണ് ശനിയാഴ്ചത്തെ പരിപാടിയുടെ പ്രതിപാദ്യവിഷയം. (യോഹന്നാൻ 10:26, 27) നമ്മുടെ ശുശ്രൂഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അടങ്ങുന്നതായിരിക്കും “ശുശ്രൂഷയിൽ യേശുവിന്റെ മാതൃക പിൻപറ്റുക” എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള സിമ്പോസിയം. “‘അവൻ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തു’—നിങ്ങളോ?” “യേശു ചെയ്തതുപോലെ ‘പിശാചിനോടു എതിർത്തുനില്പിൻ’” എന്നീ പ്രസംഗങ്ങളെ തുടർന്ന് സ്നാപനപ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിക്കും. ശേഷം യോഗ്യരായവരുടെ സ്നാപനവും ഉണ്ടായിരിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള പരിപാടി ആരംഭിക്കുന്നത് ആറു ഭാഗങ്ങളുള്ള ഒരു സിമ്പോസിയത്തോടെ ആയിരിക്കും. “ബഹുജനത്തെ,” “നിങ്ങളുടെ ഹൃദയത്തെയും കണ്ണുകളെയും,” “മിത്ഥ്യാമൂർത്തികളെ,” “ദുരുപദേഷ്ടാക്കന്മാരെ,” “കെട്ടുകഥകളെ,” “സാത്താനെ” . . . ‘അനുഗമിക്കരുത്’ എന്നതാണ് അതിന്റെ വിഷയം. “‘യഹോവയാൽ ഉപദേശിക്കപ്പെടുന്നതിന്റെ’ ശ്രേഷ്ഠത,” “ആട്ടിൻകൂട്ടത്തിലേക്കു മടങ്ങിവരാൻ അവരെ സഹായിക്കുക” എന്നിവയാണ് അടുത്ത പ്രസംഗങ്ങൾ. കൺവെൻഷന്റെ ഒരു സവിശേഷതയായ “വന്ന് എന്നെ അനുഗമിക്ക” എന്ന പ്രസംഗത്തോടെ ശനിയാഴ്ചത്തെ പരിപാടികൾ അവസാനിക്കും.
“ഇടവിടാതെ എന്നെ അനുഗമിക്കുക” എന്നതാണ് ഞായറാഴ്ചത്തെ പ്രതിപാദ്യവിഷയം. (യോഹന്നാൻ 21:19) “ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ ഒഴികഴിവു പറയരുത്” എന്ന പ്രസംഗത്തെ തുടർന്ന് “ഗിരിപ്രഭാഷണത്തിൽനിന്നുള്ള വിലയേറിയ പാഠങ്ങൾ” എന്ന ആറു ഭാഗങ്ങളോടുകൂടിയ ഒരു സിമ്പോസിയം ഉണ്ടായിരിക്കും. അതിൽ “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടർ,” “ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക,” “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും” തുടങ്ങി യേശുവിന്റെ വാക്കുകളെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങൾ ഉണ്ടായിരിക്കും. “ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ ആരാണ്?” എന്ന പരസ്യപ്രസംഗത്തോടെ രാവിലത്തെ പരിപാടി അവസാനിക്കും. ദൈവത്തിന്റെ പ്രവാചകനായ എലീശയുടെ അത്യാഗ്രഹിയായ ബാല്യക്കാരൻ ഗേഹസിയെക്കുറിച്ചുള്ള ബൈബിൾ വിവരണത്തെ ആസ്പദമാക്കിയുള്ള നാടകമായിരിക്കും ഉച്ചകഴിഞ്ഞത്തെ സവിശേഷത. “നമ്മുടെ അജയ്യ നായകനായ ക്രിസ്തുവിനെ ഇടവിടാതെ അനുഗമിക്കുക” എന്ന പ്രസംഗത്തോടെ കൺവെൻഷൻ അവസാനിക്കും.
കൺവെൻഷനു ഹാജരാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൺവെൻഷൻ എവിടെയായിരിക്കും എന്നറിയുന്നതിന് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിൽ അന്വേഷിക്കുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. ഇതിന്റെ കൂട്ടു മാസികയായ വീക്ഷാഗോപുരത്തിന്റെ മാർച്ച് 1 ലക്കത്തിൽ ഇന്ത്യയിലെ കൺവെൻഷൻ സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്.