വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധനികരാകാനുള്ള ദൃഢനിശ്ചയം വരുത്തിവെക്കുന്ന വിനകൾ

ധനികരാകാനുള്ള ദൃഢനിശ്ചയം വരുത്തിവെക്കുന്ന വിനകൾ

ധനികരാകാനുള്ള ദൃഢനിശ്ചയം വരുത്തിവെക്കുന്ന വിനകൾ

എൺപത്തഞ്ചു കോടിയിലേറെ ആളുകൾ പട്ടിണി കിടക്കുന്ന ഒരു ലോകത്ത്‌ സമ്പത്ത്‌ ഒരു പ്രശ്‌നമാകാമെന്നു ചിന്തിക്കുക പ്രയാസമുള്ള കാര്യമാണ്‌. എന്നാൽ കഴിഞ്ഞ ലേഖനത്തിൽ ഉദ്ധരിച്ച തിരുവെഴുത്തു മുന്നറിയിപ്പു നൽകുന്നത്‌ പണത്തിനും സമ്പത്തിനും എതിരെ അല്ല, മറിച്ച്‌ പണത്തോടുള്ള സ്‌നേഹത്തിനും ധനികരാകാനുള്ള ആഗ്രഹത്തിനും എതിരെയാണെന്നതു നിങ്ങൾ ശ്രദ്ധിച്ചോ? പണവും വസ്‌തുവകകളും സമ്പാദിക്കുക എന്നത്‌ ജീവിതലക്ഷ്യമാക്കുമ്പോൾ എന്താണു സംഭവിക്കുന്നത്‌? ആദ്യംതന്നെ, കുട്ടികളെ അതെങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.

കുട്ടികളിൽ ചെലുത്തുന്ന പ്രഭാവം

അമേരിക്കയിൽ, സാധാരണഗതിയിൽ ഒരു കുട്ടി ഒരു വർഷം 40,000 ടിവി പരസ്യങ്ങൾ കാണുന്നതായി കണക്കാക്കുന്നു. ഇതിനു പുറമേയാണ്‌ കടകളിലും കൂട്ടുകാരുടെ വീടുകളിലും കുട്ടികൾ കാണുന്ന വീഡിയോ ഗെയിംസ്‌, മ്യൂസിക്‌ സിസ്റ്റംസ്‌, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, വിലകൂടിയ ഫാഷൻ വസ്‌ത്രങ്ങൾ എന്നിവ. ഇതിന്റെയൊക്കെ ഫലമായി മാതാപിതാക്കളുടെ മുമ്പിൽ അവർ നിരത്തുന്ന ആവശ്യങ്ങളുടെ ആ നീണ്ട ലിസ്റ്റിനെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കൂ. കുട്ടികളുടെ ഏത്‌ ആഗ്രഹവും സാധിച്ചുകൊടുക്കാൻ ഒരുങ്ങിനിൽക്കുകയാണ്‌ ചില മാതാപിതാക്കൾ. എന്തായിരിക്കാം ഇതിനു കാരണം?

പല മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടിക്കാലത്ത്‌ ഇന്നത്തേതുപോലുള്ള സുഖസൗകര്യങ്ങളൊന്നും ആസ്വദിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കൾക്ക്‌ അവയൊന്നും നിഷേധിക്കരുതെന്ന്‌, അവർ ഒരു നഷ്ടബോധത്തോടെ വളരാൻ ഇടയാകരുതെന്ന്‌ അവർ അതിയായി ആഗ്രഹിക്കുന്നു. ഇനി മറ്റു ചിലരാകട്ടെ, പറ്റില്ല അല്ലെങ്കിൽ വേണ്ട എന്നു പറഞ്ഞാൽ കുട്ടികളുടെ സ്‌നേഹം നഷ്ടപ്പെടുമോ എന്നു ഭയക്കുന്നു. ഇതിനെക്കുറിച്ച്‌ യു.എ⁠സ്‌.എ.-യിലെ കൊളറാഡോയിലുള്ള, മാതാപിതാക്കൾക്കു മാർഗനിർദേശവും മറ്റും നൽകുന്ന ഒരു സംഘടനയുടെ സ്ഥാപകരിലൊരാൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “അവർക്ക്‌ അവരുടെ കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്താകണം, കുട്ടികൾ ജീവിതം ആസ്വദിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ അവർ ആഗ്രഹിക്കുന്നു.” സമ്മാനങ്ങൾ വാരിക്കോരി നൽകുന്നത്‌ ജോലിത്തിരക്കുമൂലം കുട്ടികളിൽനിന്നു വളരെയധികം സമയം മാറിനിൽക്കേണ്ടി വരുന്നതിനുള്ള ഒരു പ്രായശ്ചിത്തമാകുമെന്ന്‌ അവർ കരുതുന്നു. ഇനി, ജോലിയിലെ സമ്മർദംകാരണം തളർന്നവശരായി വീട്ടിലെത്തുന്ന മാതാവോ പിതാവോ “വേണ്ട, നിനക്കിതിന്റെ ആവശ്യമില്ല” എന്നു പറഞ്ഞാലുണ്ടാകുന്ന കോലാഹലം നേരിടാൻതക്ക മാനസികാവസ്ഥയിലായിരിക്കില്ല പലപ്പോഴും.

കുട്ടികൾ ആവശ്യപ്പെടുന്ന എന്തും അവർക്കു നൽകുകവഴി മാതാപിതാക്കൾ അവർക്ക്‌ ഗുണം ചെയ്യുകയാണോ അതോ അവരെ വഷളാക്കുകയാണോ ചെയ്യുന്നത്‌? മാതാപിതാക്കളോടു കൂടുതൽ സ്‌നേഹം തോന്നുന്നതിനുപകരം കുട്ടികൾ നന്ദികെട്ടവരായിത്തീരുന്നതായാണ്‌ അനുഭവങ്ങൾ കാണിക്കുന്നത്‌. കരഞ്ഞു ബഹളംവെച്ചു വാങ്ങിപ്പിക്കുന്ന സാധനങ്ങളോടൊന്നും അവർക്കു യാതൊരു വിലമതിപ്പും കാണില്ല. ഒരു സ്‌കൂൾ ഡയറക്ടർ പറയുന്നതിതാണ്‌: “അതുവേണം ഇതുവേണം എന്നൊക്കെ പറഞ്ഞാലുടൻതന്നെ അതൊക്കെ വാങ്ങിക്കൊടുത്താൽ, അവയോടുള്ള താത്‌പര്യം രണ്ടാഴ്‌ചകൊണ്ട്‌ തീരുന്നതായാണു ഞാൻ കണ്ടിരിക്കുന്നത്‌.”

കൊഞ്ചിച്ചു വഷളാക്കിയ കുട്ടികൾ മുതിർന്നു വരുമ്പോഴുള്ള സ്ഥിതിയോ? ന്യൂസ്‌വീക്ക്‌ മാസിക പ്രസിദ്ധീകരിച്ച ചില പഠനങ്ങൾ പറയുന്നത്‌, “ജീവിതത്തിലെ തിരിച്ചടികളെ നേരിടാനാകാതെ [അവർ] തളർന്നു പോകുന്നു” എന്നാണ്‌. കഠിനാധ്വാനം ചെയ്‌തു ശീലമില്ലാത്തതിനാൽ, കുറെപ്പേരെങ്കിലും പഠനത്തിലും ജോലിയിലും വിവാഹത്തിലുമെല്ലാം പരാജയപ്പെടുന്നു, അതോടെ സ്വന്തം ചെലവുകൾക്കുപോലും മാതാപിതാക്കളെ ആശ്രയിക്കേണ്ട സ്ഥിതിയും. കൂടാതെ അവർ ഉത്‌കണ്‌ഠയുടെയും വിഷാദത്തിന്റെയും പിടിയിലമരാനുള്ള സാധ്യതയും ഏറെയാണ്‌.

ചുരുക്കത്തിൽ കൊഞ്ചിച്ചു വഷളാക്കിയ കുട്ടികൾക്ക്‌ എല്ലാം നഷ്ടപ്പെടുകയാണ്‌. ജോലിയുടെ വിലയെന്താണെന്ന്‌ അവർ അറിയാതെ പോകുന്നു, തങ്ങളുടെ ഉള്ളിലുള്ള നല്ല ഗുണങ്ങൾ തിരിച്ചറിയാനാകാതെ ആത്മാഭിമാനം നഷ്ടപ്പെട്ട്‌ അവർക്കു ജീവിക്കേണ്ടിവരുന്നു. “ആവശ്യപ്പെടുന്നതെല്ലാം അപ്പപ്പോൾത്തന്നെ ലഭിക്കുമെന്ന ധാരണ കുട്ടികളിൽ ഉളവാക്കിയാൽ ദുരന്തപൂർണമായ ഒരു ജീവിതത്തിലേക്കുള്ള വാതിൽ അവരുടെ മുമ്പാകെ തുറന്നിടുകയായിരിക്കും ചെയ്യുന്നത്‌,” ജെസ്സി ഒനീൽ, സൈക്യാട്രിസ്റ്റ്‌.

മുതിർന്നവരെ സംബന്ധിച്ചെന്ത്‌?

“നിങ്ങൾ വിവാഹിതരായിട്ട്‌ എത്രനാൾ ആയാലും ഇനി എത്രതന്നെ പണമുണ്ടെങ്കിലും നിങ്ങളുടെ അടുത്ത വഴക്ക്‌ സാധ്യതയനുസരിച്ച്‌ പണത്തെക്കുറിച്ച്‌ ആയിരിക്കും” എന്ന്‌ സൈക്കോളജി ടുഡേ പ്രസ്‌താവിക്കുന്നു. അത്‌ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “പണപരമായ പ്രശ്‌നങ്ങളെ ദമ്പതികൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത്‌ ആ ദാമ്പത്യം ഒരു വിജയമാകുമോ പരാജയമാകുമോ എന്നതിന്റെ ഒരു ചൂണ്ടുപലകയാണ്‌.” പണത്തിനും ഭൗതിക വസ്‌തുക്കൾക്കും അമിത പ്രാധാന്യം കൊടുക്കുന്ന ദമ്പതികൾ തങ്ങളുടെ വിവാഹത്തെ അപകടത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്‌. പണത്തെച്ചൊല്ലിയുള്ള തർക്കമാണ്‌ വിവാഹമോചന കേസുകളിൽ 90 ശതമാനത്തിനും കാരണമാകുന്നതെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇനി, പണത്തിലും സുഖലോലുപതയിലും ശ്രദ്ധയൂന്നുന്ന ദമ്പതികൾ ഒരു കൂരയുടെ കീഴിലാണു കഴിയുന്നതെങ്കിൽപ്പോലും ആ ദാമ്പത്യത്തിന്റെ കാതൽ ഉറപ്പുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിന്‌, കടബാധ്യതയുള്ള ദമ്പതികൾ തങ്ങളുടെ സാമ്പത്തിക ബാധ്യതയ്‌ക്ക്‌ പരസ്‌പരം കുറ്റപ്പെടുത്തുന്ന അക്ഷമരും ക്ഷിപ്രകോപികളും ആയിരിക്കും. ചില കേസുകളിൽ, ഭാര്യയും ഭർത്താവും, അവർക്കൊരുമിച്ചു ചെലവഴിക്കാൻ സമയം ലഭിക്കാത്തവിധം സ്വന്തം ലൗകിക അനുധാവനങ്ങളിൽ മുഴുകിയിരിക്കും. ദമ്പതികളിലൊരാൾ വളരെ വിലപിടിപ്പുള്ള ഒരു സാധനം വാങ്ങിയിട്ട്‌ തന്റെ പങ്കാളിയിൽനിന്ന്‌ അതു മറച്ചുവെച്ചാലോ? അതു പിന്നെയും പലതും മറച്ചുവെക്കാനുള്ള ഒരു പ്രവണത വളരുന്നതിനും കുറ്റബോധം തോന്നുന്നതിനും പരസ്‌പരവിശ്വാസം നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഇവയെല്ലാം ക്രമേണ ദാമ്പത്യത്തെ തകർച്ചയിലേക്കു നയിക്കുമെന്നതിനു സംശയമില്ല.

ചിലർ ഭൗതികത്വത്തിനുവേണ്ടി തങ്ങളുടെ ജീവിതം അക്ഷരീയമായി ബലികഴിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ, പാശ്ചാത്യ ജീവിതശൈലി അനുകരിക്കാനുള്ള സമ്മർദം താങ്ങാനാവാതെ ചിലർ ആത്മഹത്യയുടെ വക്കുവരെയെത്തി. ഐക്യനാടുകളിൽ ഒരാൾ സാമ്പത്തികപ്രശ്‌നങ്ങൾമൂലം തന്റെ ഭാര്യയെയും 12 വയസ്സുകാരനായ മകനെയും കൊന്നിട്ട്‌ ആത്മഹത്യചെയ്‌തു.

ധനികരാകാൻ ശ്രമിക്കുന്നതു മൂലം എല്ലാവരുമൊന്നും മരിക്കുന്നില്ല എന്നതു ശരിയാണ്‌. എന്നിരുന്നാലും പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ജീവിതസംതൃപ്‌തി കൈമോശം വരാനിടയുണ്ട്‌. കൂടാതെ ജോലിയിലെ സമ്മർദമോ സാമ്പത്തികബുദ്ധിമുട്ടുകളോ മൂലമുണ്ടാകുന്ന അതിസംഭ്രമം, ഉറക്കമില്ലായ്‌മ, കഠിനമായ തലവേദന, അൾസർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. ഫലമോ? ജീവിതത്തിലുണ്ടാകേണ്ട സന്തോഷവും സമാധാനവുമെല്ലാം കേവലം സ്വപ്‌നങ്ങളായിത്തന്നെ അവശേഷിക്കുന്നു. ഇനി ഒരുപക്ഷേ, ഒരു വ്യക്തി ഇതെല്ലാം തിരിച്ചറിഞ്ഞു മാറ്റം വരുത്താൻ ആഗ്രഹിച്ചാൽത്തന്നെ, സമയം അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും​—⁠അയാളിനി എന്തു പറഞ്ഞാലും ഭാര്യ അതു വിശ്വസിച്ചെന്നുവരില്ല, കുട്ടികളുടെ വൈകാരികഭദ്രതയ്‌ക്ക്‌ ഉലച്ചിൽ തട്ടിയിട്ടുണ്ടാകാം, ആരോഗ്യവും ക്ഷയിച്ചിരിക്കാം. ചില പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാൻ സാധിച്ചേക്കാമെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ല. തീർച്ചയായും, ഇങ്ങനെയുള്ളവർ “ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നത്‌ എത്ര ശരിയാണ്‌.​—⁠1 തിമൊഥെയൊസ്‌ 6:10.

നിങ്ങൾക്ക്‌ എന്താണാവശ്യം?

മിക്ക ആളുകളുടെയും ഉത്തരം സന്തോഷഭരിതമായ കുടുംബം, നല്ല ആരോഗ്യം, സംതൃപ്‌തമായ ജോലി, സുഖമായി ജീവിക്കാനാവശ്യമായ പണം എന്നൊക്കെ ആയിരിക്കും. സന്തുലിതമായ വീക്ഷണം പുലർത്തുന്നെങ്കിൽ മാത്രമേ ഇതു നാലും ഒരാൾക്കു നേടാനാവൂ. എന്നാൽ ഒരാൾ തന്റെ ശ്രദ്ധമുഴുവനും ധനസമ്പാദനത്തിൽ കേന്ദ്രീകരിച്ചാൽ ഈ സന്തുലിതാവസ്ഥയ്‌ക്ക്‌ ഉലച്ചൽ തട്ടും. കാര്യങ്ങൾ വീണ്ടും ശരിയായ വഴിക്കു തിരിച്ചുവിടുക എന്നത്‌ പലരെ സംബന്ധിച്ചും അർഥമാക്കുന്നത്‌ ശമ്പളം കുറഞ്ഞ ജോലി സ്വീകരിക്കുക, ഒരു ചെറിയ വീട്ടിലേക്കു താമസം മാറ്റുക എന്നൊക്കെയാണ്‌. ഉയർന്ന ജീവിതമൂല്യങ്ങൾക്കുവേണ്ടി ആർഭാടങ്ങൾ ഒഴിവാക്കാൻ എത്രപേർ തയ്യാറാകും? ഒരു സ്‌ത്രീ സമ്മതിക്കുന്നു: ‘ഇത്രയധികം ആർഭാടങ്ങൾ ജീവിതത്തിൽ ആവശ്യമില്ലെന്ന്‌ എനിക്കറിയാം, എന്നാൽ ഇതൊക്കെ വേണ്ടെന്നുവെക്കുക അത്ര എളുപ്പമല്ല.’ ഇനി മറ്റു ചിലർക്ക്‌ ഇതൊക്കെ ഉപേക്ഷിക്കണമെന്നുണ്ട്‌, എന്നാൽ ആരെങ്കിലും ഇതൊന്നു തുടങ്ങിവെക്കാൻ കാത്തിരിക്കുകയാണ്‌ അവർ.

നിങ്ങൾ എന്തു പറയുന്നു? പണത്തിനും വസ്‌തുവകകൾക്കും അവ അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുക്കാനുള്ള നടപടികൾ നിങ്ങൾ കൈക്കൊണ്ടിട്ടുണ്ടെങ്കിൽ വളരെ നന്ന്‌. ഇപ്പോൾ ഈ ലേഖനം ഒന്നോടിച്ചു വായിക്കാനുള്ള സമയം മാത്രമേ നിങ്ങൾക്കു ലഭിച്ചുള്ളോ! ഇപ്പോഴത്തെ ജീവിതനിലവാരം നിലനിറുത്താൻവേണ്ടി നിങ്ങൾ സമയം മുഴുവൻ ബലികഴിക്കുകയാണോ? അതോ, സുഖസൗകര്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ട്‌ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നു നിങ്ങൾ ചിന്തിക്കുകയാണോ? എങ്കിൽ ഇപ്പോൾത്തന്നെ, ഭൗതികത്വം നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കുന്നതിനുമുമ്പ്‌, ഉണർന്നു പ്രവർത്തിക്കുക. സഹായകമായ ചില നിർദേശങ്ങൾ ഈ പേജിലുള്ള ചതുരത്തിൽ കൊടുത്തിട്ടുണ്ട്‌.

ഭൗതികവസ്‌തുക്കൾക്ക്‌ അതിരുകവിഞ്ഞ പ്രാധാന്യം കൽപ്പിക്കാതിരിക്കുന്നത്‌ മുഴു കുടുംബത്തിനും ശാരീരികവും വൈകാരികവുമായി പ്രയോജനം ചെയ്യും. ഇനി, ക്രിസ്‌ത്യാനികളുടെ കാര്യത്തിലാണെങ്കിൽ, ഭൗതികവസ്‌തുക്കൾ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിന്‌ ഒരു വിലങ്ങുതടിയാകാൻ അവർ ഒരിക്കലും ആഗ്രഹിക്കില്ല. എന്നാൽ ഭൗതികത്വം എങ്ങനെയാണ്‌ ഒരുവന്റെ ആത്മീയാരോഗ്യത്തിനു ഭീഷണിയാകുന്നത്‌? അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാനാകും? അടുത്ത ലേഖനം അതു വിശദീകരിക്കുന്നു.

[5-ാം പേജിലെ ആകർഷക വാക്യം]

കൊഞ്ചിച്ചു വഷളാക്കുന്ന കുട്ടികൾ മിക്കപ്പോഴും നന്ദികെട്ടവരും വാശിപിടിച്ചു വാങ്ങിപ്പിക്കുന്ന സാധനങ്ങളോടു വിലമതിപ്പില്ലാത്തവരും ആണ്‌

[7-ാം പേജിലെ ചതുരം/ചിത്രം]

ജീവിതം ലളിതമാക്കാനുള്ള വഴികൾ

വസ്‌തുവകകൾ വെട്ടിക്കുറയ്‌ക്കുന്നതിന്‌ നിശ്ചയദാർഢ്യവും ശ്രദ്ധയോടെയുള്ള ആസൂത്രണവും ആവശ്യമാണ്‌. ചിലരുടെയെങ്കിലും അനുഭവത്തിൽ വിജയകരമായി കണ്ട ചില നിർദേശങ്ങൾ ഇതാ.

▪ ഒരു പട്ടികയുണ്ടാക്കുക. ഇപ്പോൾ കൈയിലുള്ളവയും ആവശ്യമെന്നു തോന്നുന്നവയും അതിൽ ഉൾപ്പെടുത്തുക. ഇനി കണക്കുകൂട്ടുക, എന്തൊക്കെ വാങ്ങുന്നത്‌ ഒഴിവാക്കാനാകും? എന്തൊക്കെ വേണ്ടെന്നുവെക്കാനാകും? വാരികകളുടെയും മറ്റും വരിസംഖ്യ? മ്യൂസിക്‌ ആൽബംസ്‌? ഫാഷനനുസരിച്ചുള്ള വസ്‌ത്രങ്ങളും ആഭരണങ്ങളും?

▪ പരീക്ഷണാടിസ്ഥാനത്തിൽ ഒന്നു ശ്രമിച്ചുനോക്കൂ. ജീവിതം കൂടുതൽ ലളിതമാക്കാനാകുമോ എന്ന കാര്യത്തിൽ നിങ്ങൾക്കു സംശയമുണ്ടെങ്കിൽ ഒരാറുമാസമോ ഒരു വർഷമോ അതൊന്നു പരീക്ഷിച്ചു നോക്കരുതോ? നിങ്ങളുടെ സമയമത്രയും പണത്തിനും വസ്‌തുവകകൾക്കുമായി ചെലവഴിച്ചത്‌ നിങ്ങൾക്കു കൂടുതൽ സന്തോഷം നേടിത്തന്നോ, അതോ മറിച്ചായിരുന്നോ അനുഭവം?

▪ കുട്ടികളെയും ചർച്ചയിൽ ഉൾപ്പെടുത്തുക. അങ്ങനെയാണെങ്കിൽ ഇക്കാര്യത്തിൽ അവരുടെ പിന്തുണയും നിങ്ങൾക്കു ലഭിച്ചേക്കാം. അവർ ഉന്നയിക്കുന്ന ‘ആവശ്യങ്ങൾ’ നിരസിക്കുക എളുപ്പമായിരിക്കുകയും ചെയ്യും.

▪ കുട്ടികൾക്ക്‌ പോക്കറ്റ്‌ മണി കൊടുക്കുന്ന കാര്യവും ചിന്തിക്കാവുന്നതാണ്‌. അതു സൂക്ഷിച്ചുവെച്ച്‌ എന്തെങ്കിലും വാങ്ങാനോ പണമായിത്തന്നെ അതു സൂക്ഷിച്ചുവെക്കാനോ അവർ തീരുമാനിച്ചേക്കാം. രണ്ടായാലും കാത്തിരിക്കാനുള്ള ക്ഷമയും പണത്തോടും സാധനങ്ങളോടുമുള്ള വിലമതിപ്പും അവർക്കു വളർത്തിയെടുക്കാനാകും. ഒപ്പം, തീരുമാനങ്ങൾ എടുക്കാനും അവർ പഠിക്കും.

▪ പണം മിച്ചംപിടിക്കുക. റിഡക്ഷൻ സെയിൽ ഉള്ളപ്പോൾ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക. ഒരു കുടുംബ ബജറ്റ്‌ ഉണ്ടാക്കുക. വൈദ്യുതിയുടെയും ഗ്യാസിന്റെയും ഉപയോഗം കുറയ്‌ക്കുക. പുസ്‌തകങ്ങൾ വാങ്ങുന്നതിനുപകരം അവ ലൈബ്രറിയിൽനിന്ന്‌ എടുത്തു വായിക്കുക.

▪ ലഭ്യമായിരിക്കുന്ന സമയം പ്രയോജനപ്രദമായി ഉപയോഗിക്കുക. ജീവിതം ലളിതമാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യമുണ്ടെന്നുള്ളത്‌ എപ്പോഴും മനസ്സിൽപ്പിടിക്കണം. അതു നമ്മോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ്‌. നിങ്ങളതു ചെയ്യുന്നുണ്ടോ?

[6-ാം പേജിലെ ചിത്രം]

ധനികരാകാനുള്ള ആഗ്രഹം വിവാഹജീവിതത്തിൽ പിരിമുറുക്കം സൃഷ്ടിച്ചേക്കാം