എന്തുകൊണ്ടാണ് ഞാൻ എപ്പോഴും ഒറ്റപ്പെടുന്നത്?
യുവജനങ്ങൾ ചോദിക്കുന്നു . . .
എന്തുകൊണ്ടാണ് ഞാൻ എപ്പോഴും ഒറ്റപ്പെടുന്നത്?
“വാരാന്തങ്ങളിൽ, ഞാനൊഴികെ ലോകത്തിലുള്ള സകലരും സന്തോഷിക്കുകയാണെന്നു തോന്നിപ്പോകുന്നു.”— റെനേ.
“കുട്ടികളെല്ലാവരും ഒത്തുകൂടുകയും കറങ്ങി നടക്കുകയും ചെയ്യാറുണ്ടെങ്കിലും എന്നെ ഒപ്പംകൂട്ടാറില്ല!”— ജെറമി.
ഇന്ന് നല്ലൊരു ദിവസമാണ്. എന്നാൽ നിങ്ങൾക്കു പ്രത്യേകിച്ചു പരിപാടിയൊന്നുമില്ല. മറ്റെല്ലാവരും നല്ല തിരക്കിലാണുതാനും. കൂട്ടുകാരെല്ലാം പലവിധ ഉല്ലാസങ്ങളിൽ മുഴുകിയിരിക്കുകയാണ്. അങ്ങനെ ഒരിക്കൽക്കൂടി നിങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു!
ഏതാണ്ട് എല്ലാവരുംതന്നെ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ ക്ഷണിക്കാതിരിക്കുന്നതുതന്നെ നിങ്ങളെ വിഷമിപ്പിച്ചേക്കാം. എന്നാൽ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്ന ചിന്തയായിരിക്കാം അതിലേറെ നിങ്ങളെ വേദനിപ്പിക്കുന്നത്. ‘എനിക്കെന്തോ കുഴപ്പമുണ്ടായിരിക്കും,’ ‘എന്നോടു കൂട്ടുകൂടാൻ എന്താ ആർക്കും ഇഷ്ടമില്ലാത്തത്?’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം.
ഒറ്റപ്പെടലിന്റെ നൊമ്പരത്തിനു പിന്നിൽ
മറ്റുള്ളവരോടൊപ്പം ആയിരിക്കുന്നതിനോ അവരുടെ അംഗീകാരം പിടിച്ചുപറ്റുന്നതിനോ ഉള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്. സമൂഹജീവിയായ നമുക്കു മറ്റുള്ളവരുമായുള്ള സഹവാസം ഏറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഹവ്വായെ സൃഷ്ടിക്കുന്നതിനുമുമ്പ് ആദാമിനെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” (ഉല്‌പത്തി 2:18) ഒരു മനുഷ്യനു മറ്റൊരു മനുഷ്യന്റെ സഹായം ആവശ്യമാണെന്നതു വ്യക്തം. നമ്മെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ ആ വിധത്തിലാണ്. അതുകൊണ്ടാണ് ഒറ്റപ്പെടുമ്പോൾ നമുക്കു വേദന തോന്നുന്നത്.
ഒറ്റപ്പെടുന്നത് നിത്യസംഭവമാണെങ്കിൽ, അഥവാ നിങ്ങൾ സുഹൃത്തുക്കളാക്കാൻ ആഗ്രഹിക്കുന്നവരുടെ നിലവാരത്തിനൊത്തുയരാൻ നിങ്ങൾക്കാകുന്നില്ലെങ്കിൽ വിശേഷിച്ച് നിരാശ തോന്നിയേക്കാം. “സമർഥരായ ചില ചെറുപ്പക്കാരുടെ സംഘങ്ങൾ, നിങ്ങളെ അവരുടെ സുഹൃദ്‌വലയത്തിൽ ഉൾപ്പെടുത്താൻ കൊള്ളില്ലെന്ന് വിചാരിക്കുന്നതായി നിങ്ങൾ തിരിച്ചറിഞ്ഞേക്കും,” ചെറുപ്പക്കാരിയായ മാരി പറയുന്നു. മറ്റുള്ളവർ നിങ്ങളെ അവരുടെ കൂട്ടത്തിൽനിന്ന് ഒഴിവാക്കുമ്പോൾ, ഒറ്റപ്പെടലും ഏകാന്തതയും നിങ്ങളെ വരിഞ്ഞുമുറുക്കാൻ തുടങ്ങും.
‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന അവസ്ഥയായിരിക്കാം ചിലപ്പോൾ നിങ്ങളുടേത്. നിക്കോൾ പറയുന്നു: “കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം, ഒരിക്കൽ ഒരു സാമൂഹിക കൂടിവരവിൽ പങ്കെടുക്കവേ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി. ചുറ്റും ഒരുപാടുപേർ ഉണ്ടായിരുന്നെങ്കിലും
ആരോടും പ്രത്യേകിച്ച് ഒരടുപ്പം തോന്നാതിരുന്നതാകാം കാരണം.” ക്രിസ്‌തീയ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോൾപ്പോലും ചിലർക്ക് ഏകാന്തത അനുഭവപ്പെടുന്നു. മേഗൻ പറയുന്നു: “‘എല്ലാവർക്കും എല്ലാവരെയും അറിയാം, എന്നെയൊഴിച്ച്’ എന്നു തോന്നിപ്പോകുന്നു!” യുവതിയായ മരിയയ്‌ക്കും ഇങ്ങനെതന്നെയാണു തോന്നുന്നത്. അവൾ പറയുന്നു: “സുഹൃത്തുക്കളുടെ നടുവിൽ ആയിരിക്കുമ്പോഴും ഒരു സുഹൃത്തുപോലും ഇല്ലാത്ത അവസ്ഥ.”നാം പ്രശസ്‌തരെന്നോ സന്തുഷ്ടരെന്നോ കരുതുന്നവർ ഉൾപ്പെടെ, ഏകാന്തത അനുഭവപ്പെടാത്തതായി ആരുംതന്നെയില്ല. ഒരു ബൈബിൾ സദൃശവാക്യം ശ്രദ്ധിക്കൂ: “ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം.” (സദൃശവാക്യങ്ങൾ 14:13) തീവ്രവും നീണ്ടുനിൽക്കുന്നതുമായ ഏകാന്തതയ്‌ക്കു നിങ്ങളെ തളർത്തിക്കളയാനാകും. ബൈബിൾ പറയുന്നു: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” മറ്റൊരു ഭാഷാന്തരമനുസരിച്ച് “ദുഃഖത്തിനു നിങ്ങളെ തകർത്തുകളയാനാകും.” (സദൃശവാക്യങ്ങൾ 15:13; സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം) ഒറ്റപ്പെടലിന്റെ ദുഃഖം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ഏകാന്തതയെ എങ്ങനെ കീഴടക്കാം
ഏകാന്തതയെ കീഴടക്കാനുള്ള ഏതാനും വഴികളിതാ:
▪ നിങ്ങളുടെ കഴിവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. (2 കൊരിന്ത്യർ 11:6) ‘എനിക്കെന്തെല്ലാം കഴിവുകളുണ്ട്?’ എന്നു സ്വയം ചോദിക്കുക. നിങ്ങളുടെ പ്രാപ്‌തികളെ, അഥവാ നിങ്ങൾക്കുള്ള നല്ല ഗുണങ്ങളെക്കുറിച്ച് ആലോചിച്ച് അവ താഴെ രേഖപ്പെടുത്തുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
ഒറ്റപ്പെടുന്നതായി തോന്നുമ്പോൾ മുകളിൽ രേഖപ്പെടുത്തിയതുപോലുള്ള നിങ്ങളുടെ കഴിവുകൾ ഓർമയിലേക്കു കൊണ്ടുവരുക. നിങ്ങൾക്കു കുറവുകളുണ്ട് എന്നതു സത്യംതന്നെ. അവ തരണം ചെയ്യാൻ നിങ്ങൾ പരിശ്രമിക്കുകയും വേണം. പക്ഷേ, നിങ്ങളുടെ പാളിച്ചകളെക്കുറിച്ചു ചിന്തിച്ചുകൂട്ടി അതിൽ മുങ്ങിപ്പോകാനിടയാകരുത്. പകരം സ്വന്തം കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്തു നിങ്ങളെത്തന്നെ കാണുക. എല്ലാ മേഖലയിലും മെച്ചപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും പലതിലും മെച്ചപ്പെട്ടിരിക്കുന്നതായി നിങ്ങൾക്കു കാണാൻ കഴിയും. പുരോഗതി വരുത്തിയിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക!
▪ വിശാലരാകുക. (2 കൊരിന്ത്യർ 6:11-13) സംസാരിക്കാൻ മുൻകൈയെടുക്കുക. അതൊരു വെല്ലുവിളിയായിരുന്നേക്കാം എന്നതു ശരിതന്നെ. 19 വയസ്സുകാരി ലിസ് പറയുന്നതു കേൾക്കൂ: “ആളുകളെ ഒരുമിച്ചു കാണുമ്പോൾ പേടി തോന്നിയേക്കാം. എന്നാൽ ഒരാളുടെ അടുത്തേക്കു ചെന്ന് ‘ഹലോ’ എന്നു പറയേണ്ടതാമസം, നിങ്ങളും അവരിലൊരാളായി മാറിക്കഴിഞ്ഞിരിക്കും.” (“സംഭാഷണത്തിലേക്കുള്ള ചവിട്ടുപടികൾ” എന്ന ചതുരം കാണുക.) പ്രായമായവർ ഉൾപ്പെടെ ആരെയും നിങ്ങൾ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കൗമാരപ്രായക്കാരിയായ കോറി അനുസ്‌മരിക്കുന്നു: “10-ഓ 11-ഓ വയസ്സുള്ളപ്പോൾ, എന്നെക്കാളും വളരെ പ്രായമുള്ള ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു, പ്രായവ്യത്യാസമൊന്നും ഞങ്ങൾക്കൊരു പ്രശ്‌നമായിരുന്നില്ല.”
നിങ്ങളുടെ സഭയിലെ, നിങ്ങൾ അടുത്തറിയാൻ ആഗ്രഹിക്കുന്ന മുതിർന്ന രണ്ടു വ്യക്തികളുടെ പേരെഴുതുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
അടുത്ത തവണ യോഗത്തിനു ചെല്ലുമ്പോൾ അവരിലൊരാളെ സമീപിക്കരുതോ? സംഭാഷണം തുടങ്ങാൻ മുൻകൈയെടുക്കുക. ആ വ്യക്തിക്കു ബൈബിളിൽ താത്‌പര്യം തോന്നാനിടയായത് എങ്ങനെയാണെന്നു ചോദിക്കുക. നമ്മുടെ മുഴു “സഹോദരവർഗ്ഗ”ത്തോടും നിങ്ങൾ എത്രത്തോളം അടുക്കുന്നുവോ അത്ര കുറച്ചേ ഒറ്റപ്പെടലും ഏകാന്തതയും നിങ്ങൾക്ക് അനുഭവപ്പെടൂ.—1 പത്രൊസ് 2:17.
▪ മനസ്സുതുറക്കുക. (സദൃശവാക്യങ്ങൾ 17:17) നിങ്ങളുടെ ആകുലതകൾ മാതാപിതാക്കളോടോ മുതിർന്ന മറ്റാരോടെങ്കിലുമോ പങ്കുവെക്കുന്നത് ഏകാന്തതയുടെ നൊമ്പരം കുറയ്‌ക്കാൻ സഹായിക്കും. ഇക്കാര്യം ഒരു 16 വയസ്സുകാരി തിരിച്ചറിയുകയുണ്ടായി. ഒറ്റപ്പെടുന്നതിൽ ആദ്യമൊക്കെ അവൾ എപ്പോഴും വേവലാതിപ്പെട്ടിരുന്നു. അവൾ പറയുന്നു: “ഒറ്റപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് ഞാൻ പലവട്ടം ചിന്തിക്കുമായിരുന്നു. എന്നാൽ പിന്നീട് ഞാൻ അതേക്കുറിച്ചു മമ്മിയോടു സംസാരിക്കുകയും സാഹചര്യം കൈകാര്യം ചെയ്യാൻ ആവശ്യമായ ഉപദേശം സ്വീകരിക്കുകയും ചെയ്‌തിരുന്നു. കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും!”
ഏകാന്തത നിങ്ങളെ വേട്ടയാടുന്നെങ്കിൽ, ആശ്വാസത്തിനായി നിങ്ങൾ ആരെ സമീപിക്കും?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
▪ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുക. (1 കൊരിന്ത്യർ 10:24) “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്നു ബൈബിൾ പറയുന്നു. (ഫിലിപ്പിയർ 2:4) ഒറ്റപ്പെട്ടതായി തോന്നുമ്പോൾ നിരാശയോ ദുഃഖമോ അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നിരുന്നാലും നിരാശയുടെ പിടിയിലമരുന്നതിനു പകരം, സഹായം ആവശ്യമുള്ള മറ്റുള്ളവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യരുതോ? സൗഹൃദത്തിന്റെ ഒരു പുതുലോകം സൃഷ്ടിക്കാൻ അതു നിങ്ങളെ സഹായിച്ചേക്കും.
സഭയിലോ കുടുംബത്തിലോ നിങ്ങളുടെ സഹായവും സൗഹൃദവും ആവശ്യമായിരുന്നേക്കാവുന്ന ആരെയെങ്കിലും കുറിച്ചു ചിന്തിക്കുക. ആ വ്യക്തിയുടെ പേരും അദ്ദേഹത്തെ അല്ലെങ്കിൽ അവരെ ഏതു വിധത്തിൽ സഹായിക്കാനാകുമെന്നും ചുവടെ രേഖപ്പെടുത്തുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
സദൃശവാക്യങ്ങൾ 11:25 ഇങ്ങനെ പറയുന്നു: “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”
മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതിലും അവർക്ക് ആവശ്യമായതു ചെയ്‌തുകൊടുക്കുന്നതിലും മുഴുകുമ്പോൾ, ഏകാന്തതയെക്കുറിച്ചു ചിന്തിക്കാൻപോലും പിന്നെ നിങ്ങൾക്കു നേരം കാണില്ല. കാര്യങ്ങൾ കൂടുതൽ ക്രിയാത്മകമായി വീക്ഷിക്കാൻ അതു നിങ്ങളെ സഹായിക്കും. നിങ്ങളുടെ പെരുമാറ്റത്തിൽ അതു നിഴലിക്കുകയും ചെയ്യും. മറ്റുള്ളവർ നിങ്ങളുടെ സൗഹൃദം തേടിവരാൻപോലും അതിടയാക്കും.▪ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. (സദൃശവാക്യങ്ങൾ 13:20) നിങ്ങളെക്കുറിച്ചു കരുതലുള്ള ഏതാനും സുഹൃത്തുക്കൾ ഉള്ളത്, നിങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാവുന്ന അനേകം സുഹൃത്തുക്കൾ ഉള്ളതിനെക്കാൾ എത്രയോ നല്ലതാണ്. (1 കൊരിന്ത്യർ 15:33) ബൈബിളിലെ ശമൂവേൽ ബാലന്റെ കാര്യമെടുക്കുക. സമാഗമന കൂടാരത്തിങ്കൽ സേവിച്ചിരുന്ന അവൻ ഏകനായിരുന്നിരിക്കാൻ ഇടയുണ്ട്. ശമൂവേലിന്റെ സഹപ്രവർത്തകരിൽ ഉൾപ്പെട്ടിരുന്ന ഹൊഫ്‌നിയും ഫീനെഹാസും മഹാപുരോഹിതന്റെ മക്കളായിരുന്നെങ്കിലും അവരുടെ ദുഷ്‌പ്രവൃത്തികൾ, ഒരു കാരണവശാലും കൂട്ടുകൂടാൻ കൊള്ളാത്തവരാണ് അവരെന്നു പ്രകടമാക്കി. അവരോടു കൈകോർക്കാൻ ശ്രമിക്കുന്നത് ശമൂവേലിനെ സംബന്ധിച്ചിടത്തോളം, ആത്മീയനാശത്തിലേക്ക് അറിഞ്ഞുകൊണ്ട് കാലെടുത്തു വെക്കുന്നതുപോലെ ആയിരിക്കുമായിരുന്നു. എന്നാൽ ശമൂവേൽ ഒരിക്കലും അതിനു മുതിർന്നില്ല! വിവരണം ഇങ്ങനെ പറയുന്നു: “ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.” (1 ശമൂവേൽ 2:26) ഏതു മനുഷ്യർക്ക്? തീർച്ചയായും ഹൊഫ്‌നിയും ഫീനെഹാസും അതിൽപ്പെടില്ല. സദ്‌ഗുണസമ്പന്നനായ ശമൂവേലിനെ അവർ മനപ്പൂർവം ഒഴിവാക്കിയിരിക്കാനാണു സാധ്യത. നേരെമറിച്ച് ശമൂവേലിന്റെ പ്രശംസനീയമായ ഗുണങ്ങൾ, അവനെ ദൈവിക നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ആളുകളുടെ കണ്ണിലുണ്ണിയാക്കിമാറ്റി. യഹോവയെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളെയാണു നിങ്ങൾക്കും വേണ്ടത്!
▪ ക്രിയാത്മക വീക്ഷണമുണ്ടായിരിക്കുക. (സദൃശവാക്യങ്ങൾ 15:15) ഇടയ്‌ക്കൊക്കെ അൽപ്പം ഏകാന്തത അനുഭവപ്പെടാത്തതായി ആരുമില്ല. ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിഷേധാത്മക ചിന്തകളിൽ ആണ്ടുപോകുന്നതിനു പകരം ക്രിയാത്മകമായ ഒരു ജീവിത വീക്ഷണം വെച്ചുപുലർത്തുക. എല്ലാ സാഹചര്യങ്ങളും നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല. പക്ഷേ ഓർക്കുക. നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നുണ്ട്: സാഹചര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം.
ഏകാന്തത നിങ്ങളെ വേട്ടയാടുമ്പോൾ ഒന്നുകിൽ അതിനിടയാക്കുന്ന സാഹചര്യം ഒഴിവാക്കാനോ കുറഞ്ഞപക്ഷം നിങ്ങളുടെ മനോഭാവത്തിലെങ്കിലും മാറ്റംവരുത്താനോ ശ്രമിച്ചുകൊണ്ട് പ്രായോഗിക നടപടികൾ കൈക്കൊള്ളുക. നിങ്ങളെ സൃഷ്ടിച്ചിരിക്കുന്ന വിധം യഹോവയ്‌ക്കു നന്നായി അറിയാമെന്നത് എല്ലായ്‌പോഴും മനസ്സിൽപ്പിടിക്കുക. അതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങളും അവ ഏറ്റവും മെച്ചമായി എങ്ങനെ നിറവേറ്റാമെന്നതും അവനറിയാം. ഏകാന്തത നിങ്ങളെ വിടാതെ പിന്തുടരുന്നെങ്കിൽ, അതേക്കുറിച്ച് യഹോവയോടു പ്രാർഥിക്കുക. “അവൻ നിന്നെ പുലർത്തും” എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക.—സങ്കീർത്തനം 55:22.
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
▪ ഒറ്റപ്പെടുന്നതായി തോന്നിയാൽ എന്തെല്ലാം പ്രായോഗിക നടപടികൾ എനിക്കു സ്വീകരിക്കാനാകും?
▪ നിഷേധാത്മക ചിന്തകളിൽ മുഴുകുന്നതിനു പകരം, എന്നെക്കുറിച്ചുതന്നെ സമനിലയോടെ ചിന്തിക്കാൻ ഏതു തിരുവെഴുത്തുകൾ സഹായിക്കും?
[12-ാം പേജിലെ ചതുരം/ചിത്രം]
സംഭാഷണത്തിലേക്കുള്ള ചവിട്ടുപടികൾ
▪ പുഞ്ചിരിക്കുക. നിങ്ങളുടെ മുഖത്തു പടരുന്ന ഊഷ്‌മളത, നിങ്ങളോടു സംസാരിക്കാൻ മറ്റുള്ളവർക്കു പ്രചോദനമാകും.
▪ സ്വയം പരിചയപ്പെടുത്തുക. നിങ്ങളുടെ പേരും സ്ഥലവും പറയുക.
▪ ചോദ്യങ്ങൾ ചോദിക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാതെതന്നെ ആ വ്യക്തിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഉചിതമായ ചോദ്യങ്ങൾ ചോദിക്കുക.
▪ ശ്രദ്ധിക്കുക. അടുത്തതായി എന്തു പറയണം എന്നോർത്തു വിഷമിക്കേണ്ടതില്ല. ശ്രദ്ധിക്കുക എന്നതാണ് പ്രധാന സംഗതി. അടുത്ത ചോദ്യമോ വാചകമോ സ്വാഭാവികമായിത്തന്നെ വന്നുകൊള്ളും.
▪ ആസ്വദിക്കുക! പുതിയ സുഹൃദ്‌ബന്ധങ്ങളുടെ കവാടം തുറക്കാൻ സംഭാഷണത്തിനു കഴിയും. ആ നവ്യാനുഭവം ആസ്വദിച്ചറിയൂ!