ദൈവസ്നേഹത്തിന്റെ അനശ്വര പ്രതീകം
ദൈവസ്നേഹത്തിന്റെ അനശ്വര പ്രതീകം
പുരാതന ലോകത്തിലെ സപ്തമഹാത്ഭുതങ്ങൾക്ക് ആ പേരു വന്നത്, മനുഷ്യമനസ്സിൽ അവ ഉണർത്തിയ വിസ്മയം നിമിത്തമാണ്. എന്നാൽ അതിൽ, പിരമിഡുകൾ ഒഴികെ മറ്റെല്ലാം മൺമറഞ്ഞു. എന്നാൽ, എളിയ മനുഷ്യർ നശ്വരവസ്തുക്കളിൽ എഴുതിയ ബൈബിളാകട്ടെ ഇന്നും നിലനിൽക്കുന്നു. നാളിതുവരെ അതു കൃത്യതയോടെ കൈമാറപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അതുല്യ ഗ്രന്ഥം നമുക്കു പൂർണമായും വിശ്വസിക്കാം.—യെശയ്യാവു 40:8; 2 തിമൊഥെയൊസ് 3:16, 17.
ആശയങ്ങൾ കൈമാറപ്പെടുമ്പോൾ, മനുഷ്യന്റെ പിഴവുള്ള ഓർമ അതിനെ വികലമാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി യഹോവ അവയെ ലിഖിതരൂപത്തിലാക്കി. കൂടാതെ, ബൈബിൾ ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്നതുകൊണ്ടു പരിമിതമായ വിദ്യാഭ്യാസമുള്ളവർക്കും അതു വായിച്ചു മനസ്സിലാക്കാനാകും. (പ്രവൃത്തികൾ 4:13) സ്രഷ്ടാവിൽനിന്നും നിശ്വസ്ത എഴുത്തുകാരിൽനിന്നും ഇതുതന്നെയല്ലേ നിങ്ങൾ പ്രതീക്ഷിക്കുക? ബൈബിളിന്റെ വ്യാപകമായ ലഭ്യത ദേശമോ ഭാഷയോ ഗണ്യമാക്കാതെ യഹോവ മനുഷ്യരെ വളരെയധികം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. (1 യോഹന്നാൻ 4:19) ഈ ലഭ്യത അതിന്റെ മൂല്യം ഇടിക്കുകയല്ല, ഉയർത്തുകയാണു ചെയ്തിരിക്കുന്നത്.
ബൈബിളിന്റെ ഉള്ളടക്കം ദൈവസ്നേഹത്തെക്കുറിച്ച് ഇതിലും അധികം വെളിപ്പെടുത്തുന്നു. മുൻ ലേഖനങ്ങളിൽ കണ്ടതുപോലെ, നാം എവിടെനിന്നു വന്നു, ജീവിതം ഇത്ര ഹ്രസ്വവും പ്രശ്നപൂരിതവും ആയിരിക്കുന്നത് എന്തുകൊണ്ട്, തന്റെ രാജ്യം മുഖേന ദൈവം ഈ പ്രശ്നങ്ങളെല്ലാം എങ്ങനെ പരിഹരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ദൈവവചനം ഉത്തരം നൽകുന്നു. ഇപ്പോൾപ്പോലും സന്തോഷകരവും സംതൃപ്തിദായകവുമായ ജീവിതം എങ്ങനെ നയിക്കാം എന്നു കാണിക്കുന്ന ചില ഉത്തമ ബൈബിൾ ബുദ്ധിയുപദേശങ്ങളും നമ്മൾ പരിചിന്തിച്ചു. (സങ്കീർത്തനം 19:7-11; യെശയ്യാവു 48:17, 18) എല്ലാറ്റിലും ഉപരിയായി, സാത്താന്റെ നുണ തന്റെ നാമത്തിന്മേൽ വരുത്തിവെച്ച സകല നിന്ദയെയും സ്രഷ്ടാവ് എങ്ങനെ തുടച്ചുനീക്കുമെന്നും നാം പഠിച്ചു.—മത്തായി 6:9.
ഇത്ര മൂല്യവത്തും പ്രസക്തവും പ്രായോഗികവും പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന മനുഷ്യന് ഇത്രയധികം പ്രത്യാശ പകരുന്നതുമായ മറ്റേതു ഗ്രന്ഥമാണുള്ളത്? അതേ, പുരാതന സപ്തമഹാത്ഭുതങ്ങളിൽനിന്നു വിഭിന്നമായി—അവയിൽ മിക്കതും വ്യാജദൈവങ്ങളെയോ ശൂരന്മാരായ മനുഷ്യരെയോ പ്രകീർത്തിക്കാൻ നിർമിച്ചവയാണ്—ബൈബിൾ യഥാർഥത്തിൽ തന്റെ മനുഷ്യ സൃഷ്ടിയോടുള്ള യഹോവയുടെ നിസ്സ്വാർഥ സ്നേഹത്തിന്റെ അനശ്വര പ്രതീകമാണ്.
നിങ്ങൾ ഇതുവരെ തിരുവെഴുത്തുകൾ വ്യക്തിപരമായി പരിശോധിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ അങ്ങനെ ചെയ്തുകൂടേ? നിലവിൽ, യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും ആറു ദശലക്ഷത്തിലധികം ആളുകളുമായി സൗജന്യ ബൈബിളധ്യയനം നടത്തുന്നുണ്ട്. ബൈബിൾ വിശ്വാസയോഗ്യവും ദൈവനിശ്വസ്തവുമാണെന്നു തിരിച്ചറിയാൻ ആത്മാർഥഹൃദയരെ സഹായിക്കുകയെന്നത് ഒരു പദവിയായി അവർ കാണുന്നു.—1 തെസ്സലൊനീക്യർ 2:13.