വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

കൊടുങ്കാറ്റിനെ അതിജീവിക്കാൻ ദാമ്പത്യത്തിനു കഴിയുമോ? (2006 ജൂലൈ) ഞാൻ ഉണരുക!യുടെ സ്ഥിരം വായനക്കാരനാണ്‌. വളരെ ആസ്വാദ്യവും വിജ്ഞാനപ്രദവുമാണ്‌ നിങ്ങളുടെ മാസിക. എന്നിരുന്നാലും നിങ്ങളുടെ ഈ പ്രസ്‌താവനയോട്‌ ഒരു കത്തോലിക്കനായ എനിക്കു യോജിക്കാൻ കഴിയില്ല: “റോമൻ കത്തോലിക്കാ സഭയുടെ കാര്യമെടുക്കുക. 1983-ൽ സഭ, വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുവരുത്തിക്കൊണ്ട്‌ വിവാഹമോചനം നേടുക വിശ്വാസികൾക്ക്‌ എളുപ്പമാക്കിത്തീർത്തു.”

ജെ.വി.എം., സാംബിയ

“ഉണരുക!”യുടെ പ്രതികരണം: 1983-ൽ കാനോൻനിയമസംഹിതയിൽ വരുത്തിയ നടപടിക്രമങ്ങളിലെ മാറ്റങ്ങളെ പരാമർശിക്കുകയായിരുന്നു ഞങ്ങൾ. അത്തരം മാറ്റങ്ങളുടെ പരിണതഫലം ശ്രദ്ധേയമായിരുന്നു, പ്രത്യേകിച്ച്‌ ഐക്യനാടുകളിൽ. കത്തോലിക്കാ ബിഷപ്പായ മാർക്ക്‌ എ. പിവാറുനസ്‌ പറഞ്ഞതനുസരിച്ച്‌ 1968-ൽ ഐക്യനാടുകളിൽ 338 വിവാഹമോചനങ്ങളേ സഭ അനുവദിച്ചുള്ളൂ. എന്നാൽ 1990 ആയപ്പോഴേക്കും അത്‌ 62,824 ആയി കുതിച്ചുയർന്നു. എന്താണു സംഭവിച്ചത്‌?

കാനോൻ അഭിഭാഷകനായ എഡ്വാർഡ്‌ പീറ്റേഴ്‌സിന്റെ അഭിപ്രായം: “കഴിഞ്ഞ 30 വർഷത്തിനുള്ളിൽ വിവാഹമോചന അപേക്ഷകൾ ഫയൽ ചെയ്യുന്നതും അവ അംഗീകരിച്ചു കിട്ടുന്നതും എളുപ്പമാക്കിത്തീർത്ത വളരെ നിർണായക മാറ്റങ്ങൾ കാനോൻ നടപടിക്രമങ്ങളിൽ വരുത്തിയിട്ടുണ്ട്‌.” കാനോനിൽ വരുത്തിയ അനേകം മാറ്റങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌ പീറ്റേഴ്‌സ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “സംശയലേശമന്യേ, കാനോൻ നടപടിക്രമങ്ങളിൽ വത്തിക്കാൻ വരുത്തിയ ഈ മാറ്റങ്ങളിൽ ഓരോന്നും വിവാഹമോചനങ്ങൾ കുത്തനെ വർധിക്കാൻ ഇടയാക്കിയിരിക്കുന്നു.” അവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും കാനോനിൽ വരുത്തിയ ആ മാറ്റങ്ങളുടെ പരിണിതഫലം—കുറഞ്ഞപക്ഷം ഐക്യനാടുകളിൽ—ഉണരുക! പ്രസ്‌താവിച്ചതുപോലെയാണ്‌: “[സഭ] വിവാഹമോചനം നേടുക വിശ്വാസികൾക്ക്‌ എളുപ്പമാക്കിത്തീർത്തു.”

ഒരു സ്രഷ്ടാവുണ്ടോ? (2006 സെപ്‌റ്റംബർ) ഉണരുക!യുടെ ആ ലക്കം വളരെ മികച്ചതായിരുന്നു. അവതരിപ്പിച്ച വാദമുഖങ്ങൾ എല്ലാം ലളിതവും ശക്തവും യുക്തിസഹവും ബോധ്യം വരുത്തുന്നതുമാണ്‌. ഒരേ വിഷയത്തെ വിവിധ വീക്ഷണ കോണിൽ നിന്നുകൊണ്ട്‌ അവതരിപ്പിച്ച ആ രീതി ഞാൻ ശരിക്കും ആസ്വദിച്ചു.

എ. ബി., സ്‌പെയിൻ

ആ ഉഗ്രൻ മാസികയ്‌ക്കു നന്ദി. അതിലെ വിവിധങ്ങളായ വാദമുഖങ്ങളും വർണനകളും യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു. അപ്രകാരം സ്‌തുതിക്കപ്പെടാൻ അവൻ അർഹനാണ്‌.

ആർ. ബി., സ്വിറ്റ്‌സർലൻഡ്‌

സംശയലേശമന്യേ സൃഷ്ടിപ്പിനെ പിന്താങ്ങുന്ന സങ്കീർണമല്ലാത്ത തെളിവുകൾ എന്നെ പിടിച്ചിരുത്തി. പരിണാമം പൊള്ളയാണെന്ന്‌ അതു തുറന്നുകാട്ടി, ശത്രുതയോടെ അല്ല ശാസ്‌ത്രം നിഷ്‌കർഷിക്കുന്ന കൃത്യതയുള്ള യുക്തിയോടെ.

എൽ. ജി., ഫ്രാൻസ്‌

റോമാകൾ—സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം (2006 ഒക്ടോബർ) റോമാകളെ എനിക്കെപ്പോഴും ഇഷ്ടമാണ്‌. അവർക്കെതിരെ ഇപ്പോഴും മുൻവിധി നിലനിൽക്കുന്നതു സങ്കടകരംതന്നെ. നിങ്ങളുടെ ലേഖനം അനേകർക്കു തിരിച്ചറിവു നൽകുമെന്ന്‌ എനിക്കുറപ്പുണ്ട്‌. യഹോവയ്‌ക്കു മുഖപക്ഷം ഇല്ല എന്നും റോമാകളിൽ അനേകരും അവന്റെ ആരാധകരാണെന്നും അറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌!

ബി. ബി., ഫ്രാൻസ്‌

ഞങ്ങൾ റോമാകളാണ്‌. എന്റെ അച്ഛൻ ഇതുവരെ ഒരു സാക്ഷിയായിത്തീർന്നിട്ടില്ല. അദ്ദേഹത്തിനു വായനയിലും വലിയ താത്‌പര്യമില്ല. എന്നാലും ഈ മാസിക അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. ഇപ്പോൾ അത്‌ അദ്ദേഹത്തിന്റെ മേശപ്പുറത്തുണ്ട്‌!

എ. ജി., ഫിൻലൻഡ്‌