മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ?
മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ?
മരണാനന്തരം എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തോളം മനുഷ്യരെ കുഴക്കിയിട്ടുള്ള മറ്റൊന്ന് ഇല്ലെന്നുതന്നെ പറയാം. എല്ലാ സംസ്കാരങ്ങളിലെയും ബുദ്ധിജീവികൾ എക്കാലവും അതേക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുണ്ട്. മാനുഷിക തത്ത്വജ്ഞാനത്തിനും ശാസ്ത്രീയ ഗവേഷണത്തിനും പക്ഷേ, അടിസ്ഥാനരഹിതമായ കുറേ സങ്കൽപ്പങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ജന്മംനൽകാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ബൈബിൾ പഠിപ്പിക്കലുകളുടെ കാര്യമോ? മരണം, മരണാനന്തരജീവിതം എന്നീ വിഷയങ്ങളിൽ ബൈബിളും അത്രതന്നെ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നാണ് ചിലരുടെ പക്ഷം. എന്നാൽ, ബൈബിൾസത്യങ്ങളാകുന്ന തെളിനീരിനെ അസത്യങ്ങളും കെട്ടുകഥകളുംകൊണ്ട് കലക്കിമറിക്കുന്ന മതങ്ങളാണ് അത്തരം ചിന്താക്കുഴപ്പങ്ങൾക്കു പിന്നിലെന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. പാരമ്പര്യങ്ങളും കെട്ടുകഥകളും മാറ്റിനിറുത്തി ബൈബിൾ യഥാർഥത്തിൽ പറയുന്നത് പരിശോധിക്കുന്നപക്ഷം യുക്തിസഹവും പ്രത്യാശാനിർഭരവുമായ ഒരു പഠിപ്പിക്കൽ നിങ്ങൾ കണ്ടെത്തും.
ഉരുവാകുന്നതിനുമുമ്പ് . . .
മുൻലേഖനത്തിൽ പരാമർശിച്ച, ശലോമോൻ രാജാവിന്റെ രണ്ട് പ്രസ്താവനകളുടെ കാര്യംതന്നെയെടുക്കുക. ശ്വാസം പോയിക്കഴിഞ്ഞാൽപ്പിന്നെ മൃഗങ്ങളും മനുഷ്യരും യാതൊന്നും അറിയുന്നില്ല എന്ന് ആ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ബൈബിളനുസരിച്ച് മരണശേഷം പ്രവർത്തനങ്ങൾ, അനുഭൂതികൾ, ചിന്തകൾ, വികാരങ്ങൾ എന്നിങ്ങനെ യാതൊന്നുമില്ല.—സഭാപ്രസംഗി 9:5, 6, 10.
ഇതു വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നുവോ? ചിന്തിക്കുക: ജീവൻ അങ്കുരിക്കുന്നതിനുമുമ്പ് ഒരു വ്യക്തിയുടെ അവസ്ഥ എന്താണ്? മാതാപിതാക്കളുടെ സൂക്ഷ്മകോശങ്ങൾ സംയോജിച്ച് നിങ്ങൾ രൂപപ്പെടുന്നതിനുമുമ്പ് നിങ്ങൾ എവിടെയായിരുന്നു? അദൃശ്യമായ എന്തെങ്കിലും മരണത്തെ അതിജീവിക്കുന്നുണ്ടെങ്കിൽ, നിങ്ങളിൽ ജീവൻ തുടിക്കുന്നതിനുമുമ്പ് അത് എവിടെയായിരുന്നു? ഓർമിക്കാൻ നിങ്ങൾക്കൊരു മനുഷ്യപൂർവ അസ്തിത്വം ഇല്ലെന്നുള്ളതാണ് വാസ്തവം. ലളിതമായി പറഞ്ഞാൽ, ഗർഭത്തിൽ ഉരുവാകുന്നതിനുമുമ്പ് നിങ്ങൾ എവിടെയും ഇല്ലായിരുന്നു.
ഉരുവാകുന്നതിനുമുമ്പത്തെ യാതൊരു കാര്യങ്ങളും നമുക്ക് ഓർമയില്ല, മരണശേഷവും അതുപോലെതന്നെയായിരിക്കും എന്നു ന്യായമായും നിഗമനംചെയ്യാവുന്നതാണ്. അനുസരണക്കേടു കാണിച്ച ആദാമിനോടു ദൈവം പറഞ്ഞതിനു ചേർച്ചയിലാണിത്: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) ആ അർഥത്തിൽ, മനുഷ്യർക്കും മൃഗങ്ങൾക്കും തമ്മിൽ ഒരു വ്യത്യാസവുമില്ല. മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ച് ബൈബിൾ പറയുന്നു: “മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല.”—സഭാപ്രസംഗി 3:19, 20.
ഏതാനും പതിറ്റാണ്ടുകൾ ജീവിച്ചശേഷം മനുഷ്യൻ എന്നേക്കുമായി മൺമറയുന്നു എന്നാണോ അതിനർഥം? അതോ മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? അതേക്കുറിച്ച് അൽപ്പം ചിന്തിക്കാം.
ജീവിക്കണമെന്ന സ്വതസ്സിദ്ധമായ ആഗ്രഹം
ഏതാണ്ട് എല്ലാവരുംതന്നെ വെറുക്കുന്ന ഒരു വിഷയമാണ് മരണം. സ്വന്തം മരണത്തെക്കുറിച്ച് സംസാരിക്കുന്നതുപോയിട്ട് ചിന്തിക്കാൻപോലും താത്പര്യമില്ലാത്തവരാണ് മിക്കവരും. അതേസമയം, മരണരംഗങ്ങൾ ഉൾപ്പെടുന്ന ടെലിവിഷൻ പരിപാടികളുടെയും ചലച്ചിത്രങ്ങളുടെയും ഒരു പ്രളയംതന്നെ ഇന്നുണ്ട്. ഇനി, യഥാർഥ വ്യക്തികളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും ഇടതടവില്ലാതെ വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
തത്ഫലമായി, അപരിചിതരുടെ മരണം ഒരു സാധാരണ സംഭവമായി തോന്നിയേക്കാം. എന്നാൽ, പ്രിയപ്പെട്ടവരുടെ മരണത്തിന്റെയോ സ്വന്തം മരണത്തിന്റെയോ കാര്യംവരുമ്പോൾ അതങ്ങനെയല്ല. ജീവിക്കണമെന്ന ഒരു സ്വാഭാവിക ആഗ്രഹം മനുഷ്യരിൽ അന്തർലീനമാണെന്നതാണ് അതിനു കാരണം. സമയത്തെയും നിത്യതയെയും കുറിച്ചുള്ള ഒരവബോധവും നമുക്കുണ്ട്. ദൈവം “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്ന് ശലോമോൻ രാജാവ് എഴുതി. (സഭാപ്രസംഗി 3:11) സാധാരണഗതിയിൽ, അനന്തകാലം ജീവിക്കാനാണ് നമുക്കെല്ലാം ആഗ്രഹം. അതേ, വിരാമമില്ലാത്ത ഒരു ജീവിതത്തിനായി നാം വാഞ്ഛിക്കുന്നു. അത്തരമൊരു വാഞ്ഛ മൃഗങ്ങൾക്കുണ്ടെന്നു തോന്നുന്നില്ല. ഭാവിയെക്കുറിച്ച് യാതൊരു അവബോധവും അവയ്ക്കില്ല.
മനുഷ്യന്റെ അപാരമായ പ്രാപ്തികൾ
നിത്യം ജീവിക്കാനുള്ള ആഗ്രഹത്തിനു പുറമേ എന്നെന്നും കർമനിരതനായിരിക്കാനും സർഗാത്മകത നിലനിറുത്താനുമുള്ള പ്രാപ്തിയും മനുഷ്യനുണ്ട്. അവന്റെ പഠനശേഷിക്ക് അതിരുകളില്ല. സങ്കീർണതയുടെയും പുനരുദ്ധാരണ പ്രാപ്തിയുടെയും കാര്യത്തിൽ മനുഷ്യമസ്തിഷ്കത്തോടു കിടപിടിക്കുന്ന യാതൊന്നും പ്രകൃതിയിലില്ലെന്നു പറയപ്പെടുന്നു. മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി, അമൂർത്ത വിഷയങ്ങളെക്കുറിച്ചു ചിന്തിക്കാനും മനസ്സിലാക്കാനും പര്യാപ്തമായ സർഗാത്മക മനസ്സിന് ഉടമയാണ് മനുഷ്യൻ. മനുഷ്യമസ്തിഷ്കത്തിന്റെ പ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ അറിവ് തുലോം തുച്ഛമാണ്.
വാർധക്യം പ്രാപിക്കുമ്പോഴും ഈ പ്രാപ്തികൾക്ക് കാര്യമായ കോട്ടംതട്ടുന്നില്ല. പ്രായാധിക്യത്തിലും മിക്ക മസ്തിഷ്കപ്രവർത്തനങ്ങളും താളംതെറ്റാതെ തുടരുന്നതായി അടുത്തയിടെ നാഡീശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ദ ഫ്രാങ്ക്ളിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വിശദീകരിക്കുന്നു: “സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും ആവശ്യമായ അഴിച്ചുപണികൾ നടത്താനും മനുഷ്യമസ്തിഷ്കത്തിനു കഴിയും. വാർധക്യത്തിലും പുതിയ നാഡീകോശങ്ങൾക്കു രൂപംകൊടുക്കാൻ അതിനാകും. മാനസിക പ്രാപ്തികൾ ക്ഷയിക്കുന്നതിനു കാരണം മിക്കപ്പോഴും രോഗമാണെങ്കിൽ, പ്രായത്തിന്റെ ഫലമായി ഓർമയും വൈദഗ്ധ്യങ്ങളും നഷ്ടപ്പെടുന്നതിനു കാരണം നിഷ്ക്രിയത്വവും മാനസിക വ്യായാമത്തിന്റെയും ഉദ്ദീപനത്തിന്റെയും അഭാവവുമാണ്.”
മറ്റു വാക്കുകളിൽ പറഞ്ഞാൽ, രോഗങ്ങൾ പിടിപെടാതിരിക്കുകയും ആവശ്യത്തിന് വ്യായാമം ലഭിക്കുകയും ചെയ്യുന്നപക്ഷം, തലച്ചോറ് എക്കാലവും പ്രവർത്തനക്ഷമമായിരിക്കും. ഡി.എൻ.എ-യുടെ ഘടന കണ്ടെത്തിയവരിൽ ഒരാളും തന്മാത്രാ ശാസ്ത്രജ്ഞനുമായ ജെയിംസ് വാട്സണിന്റെ അഭിപ്രായത്തിൽ, “നമ്മുടെ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ വസ്തു” ആണ് തലച്ചോറ്. നാഡീശാസ്ത്രജ്ഞനായ ജെറൾഡ് ഇഡൽമൻ തന്റെ ഒരു പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “ഒരു തീപ്പെട്ടിക്കൊള്ളിയുടെ, മരുന്നുള്ള അറ്റത്തിന്റെ അത്രയും വലിപ്പത്തിൽ മസ്തിഷ്കത്തിൽനിന്ന് ഒരു ഭാഗമെടുത്താൽ അതിൽ നൂറു കോടി നാഡീബന്ധങ്ങൾ ഉണ്ടായിരിക്കും. അവയ്ക്കു തമ്മിൽ തമ്മിൽ സ്ഥാപിക്കാൻ കഴിയുന്ന ബന്ധങ്ങളുടെ എണ്ണം അചിന്തനീയമാണ്—പത്തിനു പിന്നാലെ ലക്ഷക്കണക്കിനു പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ!”
ഇത്ര അപാരമായ പ്രാപ്തികളുള്ള മനുഷ്യന്റെ ജീവിതം ഏതാനും പതിറ്റാണ്ടുകൊണ്ട് പര്യവസാനിക്കുന്നതു യുക്തിസഹമാണോ? ഒരു മൺതരി ഏതാനും ഇഞ്ചു ദൂരം നീക്കുന്നതിന് ശക്തമായ എഞ്ചിനും നിരവധി ബോഗികളുമുള്ള ഒരു ചരക്കുതീവണ്ടി ഉപയോഗിക്കുന്നതുപോലെ ആയിരിക്കില്ലേ അത്? അപ്പോൾപ്പിന്നെ, മനുഷ്യന് ഇത്ര അപാരമായ സർഗപ്രാപ്തിയും പഠനശേഷിയും ഉള്ളത് എന്തുകൊണ്ടാണ്? ചത്തൊടുങ്ങുന്ന മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി, എന്നേക്കും ജീവിക്കാനായിരിക്കുമോ അവൻ സൃഷ്ടിക്കപ്പെട്ടത്?
ജീവദാതാവു നൽകുന്ന പ്രത്യാശ
ജീവിക്കാനുള്ള സ്വതസ്സിദ്ധമായ ആഗ്രഹവും അപാരമായ പഠനശേഷിയും മനുഷ്യനുണ്ടെന്ന വസ്തുത ന്യായമായ ഒരു നിഗമനത്തിലേക്കു വിരൽചൂണ്ടുന്നു: കേവലം 70-തോ 80-തോ വർഷമല്ല, പിന്നെയോ അതിലുമേറെക്കാലം ജീവിക്കാനാണ് മനുഷ്യൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. രൂപസംവിധായകനും സൃഷ്ടികർത്താവുമായ ഒരു ദൈവമുണ്ടായിരിക്കണം എന്ന മറ്റൊരു നിഗമനത്തിലേക്ക് ഇതു നമ്മെ നയിക്കുന്നു. പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത നിയമങ്ങളും ഭൗമജീവന്റെ അവിശ്വസനീയമായ സങ്കീർണതയും ഒരു സ്രഷ്ടാവുണ്ടെന്ന വിശ്വാസത്തിനു ശക്തമായ പിൻബലമേകുന്നു.
എന്നേക്കും ജീവിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെങ്കിൽപ്പിന്നെ നാം എന്തുകൊണ്ടാണ് മരിക്കുന്നത്? മരണാനന്തരം എന്തു സംഭവിക്കുന്നു? മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരികയെന്നത് ദൈവോദ്ദേശ്യമാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ജ്ഞാനിയും ശക്തനുമായ ദൈവത്തിന്റെ പക്കലുണ്ടെന്നും അവൻ നമുക്കത് പറഞ്ഞുതരുമെന്നും പ്രതീക്ഷിക്കുന്നത് ന്യായമായിരിക്കില്ലേ?
▪ മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല മരണം. മനുഷ്യൻ മരിക്കണമെന്നുള്ളത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് മരണത്തെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം സൂചിപ്പിക്കുന്നു. തന്നോടുള്ള സ്നേഹവും വിശ്വസ്തതയും പ്രകടമാക്കാനുള്ള അവസരമെന്ന നിലയിൽ, ആദ്യ മനുഷ്യജോഡിയായ ആദാമിനും ഹവ്വായ്ക്കുംമുമ്പാകെ ദൈവം ലളിതമായ ഒരു പരിശോധന വെച്ചുവെന്ന് ഉല്പത്തി വിവരണം പറയുന്നു. ഒരു വൃക്ഷഫലംമാത്രം അവർ ഭക്ഷിക്കരുതായിരുന്നു. “[അതു] തിന്നുന്ന നാളിൽ നീ മരിക്കും,” ദൈവം പറഞ്ഞു. (ഉല്പത്തി 2:17) അനുസരണക്കേടു കാണിച്ച് പരിശോധനയിൽ പരാജയപ്പെട്ടാൽ മാത്രമേ അവർ മരിക്കുമായിരുന്നുള്ളൂ. അവർ ദൈവത്തോടു അവിശ്വസ്തരായിത്തീർന്നെന്നും അങ്ങനെ മരണം ഏറ്റുവാങ്ങിയെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. അതുവഴി അപൂർണതയും മരണവും മനുഷ്യവർഗ്ഗത്തിലേക്കു കടന്നുവന്നു.
▪ മരണത്തെ ബൈബിൾ നിദ്രയോട് ഉപമിക്കുന്നു. ബൈബിൾ “മരണനിദ്ര”യെക്കുറിച്ചു പറയുന്നു. (സങ്കീർത്തനം 13:3) സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കുന്നതിനുമുമ്പ് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” പറഞ്ഞതുപോലെ യേശു അവനെ ഉയിർപ്പിക്കുകയും ചെയ്തു! അവൻ വിളിച്ചപ്പോൾ, “മരിച്ചവൻ [കല്ലറയിൽനിന്ന്] പുറത്തു വന്നു.” അതേ, ലാസർ ജീവനിലേക്കു മടങ്ങിവന്നു.—യോഹന്നാൻ 11:11, 38-44.
മരണം നിദ്രപോലെയാണെന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? കാരണം ഉറങ്ങുന്നവർ നിഷ്ക്രിയാവസ്ഥയിലാണ്. ഗാഢനിദ്രയിലായിരിക്കുമ്പോൾ, ചുറ്റും നടക്കുന്ന കാര്യങ്ങളോ സമയമോ സംബന്ധിച്ച് യാതൊരു ബോധവുമുണ്ടായിരിക്കില്ല. വേദനയോ കഷ്ടപ്പാടോ ഇല്ല. സമാനമായി, മരണത്തോടെ പ്രവൃത്തിയും ബോധവും ഇല്ലാതാകുന്നു. എന്നാൽ താരതമ്യം ഇവിടെ അവസാനിക്കുന്നില്ല. ഉറങ്ങുന്നവൻ ഉണരുമെന്ന് നമുക്കറിയാം. മരിച്ചവരുടെ കാര്യത്തിൽ ബൈബിൾ നൽകുന്ന പ്രത്യാശയും അതുതന്നെയാണ്.
നമ്മുടെ സ്രഷ്ടാവിന്റെ വാഗ്ദാനം ശ്രദ്ധിക്കുക: “ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ?” (ഹോശേയ 13:14) “[ദൈവം] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും” എന്ന് മറ്റൊരു പ്രവചനം പ്രസ്താവിക്കുന്നു. (യെശയ്യാവു 25:8) മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുന്നതിനെ പുനരുത്ഥാനമെന്നു പറയുന്നു.
▪ ഉയിർപ്പിക്കപ്പെടുന്നവർ എവിടെ ജീവിക്കും? മുമ്പു പറഞ്ഞതുപോലെ, എന്നേക്കും ജീവിക്കാനുള്ള സ്വതസ്സിദ്ധമായ ഒരാഗ്രഹം മനുഷ്യനുണ്ട്. എന്നാൽ നിത്യകാലം എവിടെ ജീവിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? മരണാനന്തരം മനുഷ്യർ, പ്രപഞ്ചത്തിലെങ്ങും നിറഞ്ഞുനിൽക്കുന്ന ഒരു അമൂർത്ത ജീവശക്തിയുടെ ഭാഗമായി തുടർന്നു ജീവിക്കുമെന്നുള്ള ചില മതങ്ങളുടെ പഠിപ്പിക്കൽ നിങ്ങൾക്ക് ആകർഷകമാണോ? നിങ്ങൾ ആരായിരുന്നു എന്നതു സംബന്ധിച്ച് യാതൊരു ഓർമയുമില്ലാതെ, മരണാനന്തരം മറ്റൊരു വ്യക്തിയായി ജീവിതം തുടരാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഒരു മൃഗമോ വൃക്ഷമോ ആയി പുനർജനിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? മനുഷ്യജീവിതത്തിന്റേതായ അനുഭവങ്ങളോ ആസ്വാദനങ്ങളോ ഇല്ലാത്ത ഒരു ലോകത്തു ജീവിക്കാൻ നിങ്ങൾ താത്പര്യപ്പെടുമോ?
സാഹചര്യങ്ങൾ അത്യുത്തമമാണെങ്കിൽ, ഇതേ ഭൂമിയിൽ ജീവിച്ചിരിക്കാൻ നിങ്ങൾ പ്രിയപ്പെടില്ലേ? ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയും അതുതന്നെയാണ്—പറുദീസാഭൂമിയിലെ നിത്യജീവൻ. തന്നെ സ്നേഹിക്കുകയും സന്തോഷപൂർവം സേവിക്കുകയും ചെയ്യുന്നവർക്ക് എക്കാലവും വസിക്കാനാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്. അതുകൊണ്ടാണ് “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്നു ബൈബിൾ പറയുന്നത്.—സങ്കീർത്തനം 37:29; യെശയ്യാവു 45:18; 65:21-24.
▪ പുനരുത്ഥാനം എപ്പോൾ നടക്കും? സാധാരണഗതിയിൽ, മരണശേഷം ഉടനെ പുനരുത്ഥാനം നടക്കുന്നില്ലെന്നാണ് മരണത്തെ നിദ്രയോട് ഉപമിച്ചിരിക്കുന്നുവെന്ന വസ്തുത സൂചിപ്പിക്കുന്നത്. മരണത്തിനും പുനരുത്ഥാനത്തിനും ഇടയ്ക്ക് ഒരു ‘നിദ്രാ’വേളയുണ്ട്. ഇയ്യോബ് എന്ന മനുഷ്യൻ പിൻവരുംവിധം ചോദിച്ചതായി ബൈബിൾ പറയുന്നു: “മരിച്ച മനുഷ്യൻ വീണ്ടും ജീവിക്കുമോ?” അതിന് അവൻതന്നെ മറുപടി പറഞ്ഞു: “മോചനത്തിന്റെ നാൾ വരുന്നതുവരെ ഞാൻ [ശവക്കുഴിയിൽ] കാത്തിരിക്കുമായിരുന്നു. ഇയ്യോബ് 14:14, 15, പി.ഒ.സി ബൈബിൾ) പുനരുത്ഥാനം പ്രാപിക്കുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്ന ആ സമയം എത്ര സന്തോഷകരമായിരിക്കും!
അങ്ങ് [ദൈവം] വിളിക്കും, ഞാൻ വിളികേൾക്കും.” (ഭയത്തിൽനിന്നു മോചനം
പുനരുത്ഥാന പ്രത്യാശ മരണത്തെ ചുറ്റിപ്പറ്റിയുള്ള സകലഭയവും ദുരീകരിക്കണമെന്നില്ല എന്നതു ശരിതന്നെ. മരണത്തിനുമുമ്പുണ്ടായേക്കാവുന്ന വേദനയും കഷ്ടപ്പാടുകളും സംബന്ധിച്ച് പേടിതോന്നുക സ്വാഭാവികമാണ്. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയേക്കുമെന്ന ഭയവും നിങ്ങളെ അലട്ടിയേക്കാം. നിങ്ങളുടെ മരണം ഉറ്റവരെ പരിതാപകരമായ സ്ഥിതിയിലേക്കു തള്ളിവിട്ടേക്കാമെന്ന ഉത്കണ്ഠയുണ്ടെങ്കിൽ അതും സ്വാഭാവികമാണ്.
എന്നിരുന്നാലും മരിച്ചവരുടെ യഥാർഥ അവസ്ഥയിലേക്കു വെളിച്ചംവീശിക്കൊണ്ട്, മരണത്തെക്കുറിച്ചുള്ള ഏതൊരു ഭീതിയിൽനിന്നും കരകയറാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. നരകാഗ്നിയിൽ ഭൂതങ്ങളാൽ നിത്യം ദണ്ഡിപ്പിക്കപ്പെടുമെന്നു ഭയക്കേണ്ടതില്ല. ആത്മാക്കൾ ശാന്തികിട്ടാതെ അലയുന്നതും ഇരുൾമൂടിയതുമായ ഒരു പ്രേതലോകത്തെക്കുറിച്ചുള്ള പേടിയും വേണ്ട. മരണത്തോടെ എല്ലാം എന്നെന്നേക്കുമായി അവസാനിക്കുന്നു എന്ന ആശങ്കയും അസ്ഥാനത്താണ്. എന്തുകൊണ്ട്? തന്റെ അപരിമേയമായ ഓർമയിൽ നിലകൊള്ളുന്ന സകലരെയും വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. “ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ [“മോചനം,” പി.ഒ.സി] കർത്താവായ യഹോവെക്കുള്ളവ തന്നേ” എന്നു പറഞ്ഞുകൊണ്ട് ബൈബിൾ ആ വാഗ്ദാനത്തിന് ഉറപ്പേകുന്നു.—സങ്കീർത്തനം 68:20.
[5-ാം പേജിലെ ആകർഷക വാക്യം]
“നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”—ഉല്പത്തി 3:19
[6-ാം പേജിലെ ആകർഷക വാക്യം]
‘ദൈവം നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.’—സഭാപ്രസംഗി 3:11
[8-ാം പേജിലെ ചതുരം/ചിത്രം]
മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം!
മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ ലേഖനങ്ങൾ ഉത്തരം നൽകുന്നില്ല. യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചതിനാൽ അനേകർക്കും ഇത്തരം ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടുണ്ട്. ദയവായി നിങ്ങളും അതുതന്നെ ചെയ്യുക. അവർക്ക് ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങളിൽ ചിലതാണ് താഴെ:
▪ ‘നരകം,’ ‘തീപ്പൊയ്ക’ എന്നിവ എന്താണ്?
▪ അഗ്നിനരകം ഇല്ലെങ്കിൽപ്പിന്നെ, ദുഷ്ടർക്കുള്ള ശിക്ഷ എന്താണ്?
▪ മരിക്കുമ്പോൾ ശരീരത്തെ വിട്ടുപോകുമെന്ന് ബൈബിൾ പറയുന്ന ആത്മാവ് എന്താണ്?
▪ മരിച്ചവരുമായി ആശയവിനിമയം നടത്തിയതിന്റെ അനേകം റിപ്പോർട്ടുകളുള്ളത് എന്തുകൊണ്ട്?
▪ ബൈബിളിലെ “ദേഹി” എന്ന പദം എന്തിനെക്കുറിക്കുന്നു?
▪ പറുദീസാഭൂമിയിലേക്കുള്ള പുനരുത്ഥാനം എപ്പോൾ നടക്കും?
▪ ഏതുതരം ജീവിതം നയിക്കുന്നവരും പുനരുത്ഥാനം പ്രാപിക്കുമോ?
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ബൈബിളധിഷ്ഠിത ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഈ മാസികയുടെ അവസാന പേജ് കാണുക.
[7-ാം പേജിലെ ചിത്രം]
‘[ലാസറിനെ] ഉണർത്തും’ എന്ന് യേശു പറഞ്ഞു
[8, 9 പേജുകളിലെ ചിത്രം]
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പുനരുത്ഥാനം അവർണനീയമായ സന്തോഷം കൈവരുത്തും!