വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടെപ്പിറപ്പിന്റെ ആത്മഹത്യ—ഞാനെങ്ങനെ സഹിക്കും?

കൂടെപ്പിറപ്പിന്റെ ആത്മഹത്യ—ഞാനെങ്ങനെ സഹിക്കും?

യുവജനങ്ങൾ ചോദിക്കുന്നു

കൂടെപ്പിറപ്പിന്റെ ആത്മഹത്യ—ഞാനെങ്ങനെ സഹിക്കും?

പിതാവ്‌ ആ വാർത്തയറിയിച്ച ദിവസം കാതറിന്റെ ജീവിതം കീഴ്‌മേൽമറിഞ്ഞു. ഷീല പോയി,” അത്രയും പറയാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഇങ്ങനെയൊരു ബുദ്ധിമോശം കാണിക്കാൻ അവൾക്ക്‌ എങ്ങനെ കഴിഞ്ഞു എന്നു മനസ്സിലാക്കാനാവാതെ കാതറിനും പിതാവും കെട്ടിപ്പിടിച്ചു കരഞ്ഞു. കാതറിന്റെ സഹോദരി ആത്മഹത്യ ചെയ്യുകയായിരുന്നു. *

യുവപ്രായത്തിലുള്ള ആരെങ്കിലും മരിക്കുമ്പോൾ ആ വ്യക്തിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിലാണ്‌ പൊതുവെ ഉറ്റവരും മറ്റും കൂടുതൽ ശ്രദ്ധിക്കുന്നത്‌. മരിച്ച വ്യക്തിയുടെ സഹോദരങ്ങളോട്‌, “അച്ചനും അമ്മയും എങ്ങനെയിരിക്കുന്നു, അവർ വലിയ സങ്കടത്തിലാണോ?” എന്നു ചോദിച്ചേക്കാമെങ്കിലും “നിനക്ക്‌ എങ്ങനെയുണ്ട്‌?” എന്ന്‌ ചോദിക്കാൻ അവർ മറന്നുപോയേക്കാം. ‘വിസ്‌മരിക്കപ്പെടുന്ന ദുഃഖിതർ’ എന്ന്‌ മരിച്ച വ്യക്തിയുടെ കൂടെപ്പിറപ്പുകളെ വിശേഷിപ്പിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.

കുടെപ്പിറപ്പിന്റെ മരണം ചെറുപ്പക്കാരിൽ വലിയ ആഘാതമേൽപ്പിക്കുന്നുവെന്നു പഠനങ്ങൾ കാണിക്കുന്നു. “അത്തരമൊരു കനത്ത നഷ്ടം കുട്ടികളുടെ ആരോഗ്യത്തെയും സ്വഭാവത്തെയും പഠനത്തെയും ആത്മാഭിമാനത്തെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കുന്നു” എന്ന്‌ ഡോ. പി. ഗിൽ വൈറ്റ്‌ പറയുന്നു. (സിബ്‌ലിങ്‌ ഗ്രീഫ്‌—ഹീലിങ്‌ ആഫ്‌റ്റർ ദ ഡെത്ത്‌ ഓഫ്‌ എ സിസ്റ്റർ ഓർ എ ബ്രദർ)

മുതിർന്ന യുവാക്കളുടെ കാര്യവും വ്യത്യസ്‌തമല്ല. അനിയത്തി ആത്മഹത്യ ചെയ്‌തപ്പോൾ കാതറിനു 22 വയസ്സായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ അവൾക്കു ദുഃഖം താങ്ങാനായില്ല. “എന്റെ ദുഃഖം മാതാപിതാക്കളുടേതിലും തീവ്രമായിരുന്നെന്നു ഞാൻ അവകാശപ്പെടുന്നില്ല. എന്നാൽ ദുഃഖം താങ്ങാൻ അവരുടെ അത്ര കെൽപ്പ്‌ എനിക്കുണ്ടായിരുന്നെന്നു തോന്നുന്നില്ല.”

കാതറിന്റെ കാര്യത്തിലെന്നപോലെ നിങ്ങൾക്കും ഒരു കൂടെപ്പിറപ്പിനെ നഷ്ടമായിട്ടുണ്ടോ? എങ്കിൽ, “ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദഃഖിച്ചുനടക്കുന്നു” എന്നു പറഞ്ഞ ദാവീദിനെപ്പോലെ നിങ്ങൾക്കും തോന്നുന്നുണ്ടാവാം. (സങ്കീർത്തനം 38:6) നിങ്ങൾക്കെങ്ങനെ ആശ്വാസം കണ്ടെത്താം?

കുറ്റബോധം അലട്ടുമ്പോൾ . . .

സഹോദരന്റെയോ സഹോദരിയുടെയോ ആത്മഹത്യ ചിലരിൽ കടുത്ത കുറ്റബോധം ഉളവാക്കുന്നു. ‘ഞാൻ വ്യത്യസ്‌തമായി പെരുമാറിയിരുന്നെങ്കിൽ എന്റെ കൂടെപ്പിറപ്പ്‌ ഇന്നും ജീവിച്ചിരുന്നേനെ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അങ്ങനെ ചിന്തിക്കുന്നതിനു കാരണം ഉണ്ടെന്നും നിങ്ങൾക്കു തോന്നിയേക്കാം. 18 വയസ്സുള്ള സഹോദരൻ ആത്മഹത്യ ചെയ്‌തപ്പോൾ ജിമ്മും അങ്ങനെയാണു കരുതിയത്‌. അന്ന്‌ ജിമ്മിന്‌ 21 വയസ്സായിരുന്നു. “അനിയനോട്‌ അവസാനമായി സംസാരിച്ചതു ഞാനാണ്‌. അതുകൊണ്ടുതന്നെ അവനൊരു പ്രശ്‌നമുള്ള കാര്യം ഞാൻ തിരിച്ചറിയേണ്ടതായിരുന്നെന്ന്‌ എനിക്ക്‌ തോന്നി. കുറെക്കൂടെ അടുപ്പം കാണിച്ചിരുന്നെങ്കിൽ എല്ലാം അവനെന്നോടു തുറന്നു പറയുമായിരുന്നെന്നും ഞാൻ ചിന്തിച്ചു.”

സഹോദരനുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നു എന്ന വസ്‌തുത ജിമ്മിന്റെ ദുഃഖത്തിന്‌ ആക്കം കൂട്ടി. “‘ഒരു സഹോദരൻ എന്ന നിലയ്‌ക്ക്‌ കുറെക്കൂടെ നന്നായി എന്നോട്‌ ഇടപഴകാമായിരുന്നു’ എന്ന്‌ അവൻ എഴുതിവച്ചിരുന്നു. അവനു സുഖമില്ലായിരുന്നെന്ന്‌ എനിക്കറിയാമെങ്കിലും ആ വാക്കുകൾ ഇപ്പോഴും എന്നെ ദുഃഖിപ്പിക്കുന്നു,” ജിം വേദനയോടെ ഓർക്കുന്നു. കൂടെപ്പിറപ്പിന്റെ മരണത്തിനുമുമ്പ്‌ അവനോടോ അവളോടോ പറഞ്ഞുപോയ കടുത്ത വാക്കുകളെക്കുറിച്ചുള്ള ഓർമകൾ അത്തരം കുറ്റബോധത്തെ തീവ്രമാക്കുന്നു. “മാസങ്ങൾക്കോ വർഷങ്ങൾക്കോപോലും മുമ്പുണ്ടായ വഴക്കിനെ പ്രതിയുള്ള കുറ്റബോധം ഇന്നും തങ്ങളെ വേട്ടയാടുന്നതായി കൂടെപ്പിറപ്പിന്റെ മരണത്തിൽ ദുഃഖിക്കുന്ന പലരും എന്നോടു പറഞ്ഞിട്ടുണ്ട്‌” എന്ന്‌ മുമ്പ്‌ പരാമർശിച്ച ഡോ. വൈറ്റ്‌ ഉണരുക!യോടു പറഞ്ഞു.

കൂടെപ്പിറപ്പിന്റെ ആത്മഹത്യയുടെ പേരിൽ കലശലായ കുറ്റബോധം തോന്നുന്ന ഒരാളാണു നിങ്ങളെങ്കിൽ, ‘മറ്റൊരാളുടെ പ്രവൃത്തികളെ പരിപൂർണമായി നിയന്ത്രിക്കാൻ ഏതു മനുഷ്യനാണു കഴിയുക’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. “ആത്മഹത്യ ചെയ്‌ത വ്യക്തിയെ മഥിച്ചിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും അത്‌ അവസാനിപ്പിക്കാൻ അയാൾ സ്വീകരിച്ച ദാരുണമായ മാർഗം തടയുന്നതും നിങ്ങളുടെ പ്രാപ്‌തിക്കതീതമായ കാര്യങ്ങളാണ്‌,” കാതറിൻ പറയുന്നു.

ഒരിക്കൽ പറഞ്ഞുപോയ ചിന്താശൂന്യവും നിർദയവുമായ വാക്കുകൾ മറക്കാനാകുന്നില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? ശരിയായ വീക്ഷണം പുലർത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ . . . സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു” എന്ന്‌ അതു പറയുന്നു. (യാക്കോബ്‌ 3:2; സങ്കീർത്തനം 130:3) കൂടെപ്പിറപ്പിനോടു മോശമായി പെരുമാറുകയോ പരുഷമായി സംസാരിക്കുകയോ ചെയ്‌തതായി നിങ്ങൾ കരുതുന്ന സന്ദർഭങ്ങളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നത്‌ ദുഃഖം വർധിപ്പിക്കുകയേ ഉള്ളൂ. ആ ഓർമകൾ എത്ര വേദനാജനകമായിരുന്നാലും നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ മരണത്തിന്‌ നിങ്ങളല്ല ഉത്തരവാദി എന്ന വസ്‌തുതയ്‌ക്കു മാറ്റംവരുന്നില്ല. *

സങ്കടം സഹിക്കാൻ

ഒരേ രൂപത്തിലും ഭാവത്തിലുമല്ല ആളുകൾ തങ്ങളുടെ ദുഃഖം പ്രകടമാക്കുന്നത്‌. ചിലർ പരസ്യമായി കരയുന്നു, അതിൽ തെറ്റില്ലതാനും. തന്റെ പുത്രനായ അമ്‌നോൻ മരിച്ചപ്പോൾ ദാവീദ്‌ “വാവിട്ടുകരഞ്ഞു” എന്നു ബൈബിൾ രേഖപ്പെടുത്തുന്നു. (2 ശമൂവേൽ 13:36) സ്‌നേഹിതനായ ലാസറിന്റെ മരണം വരുത്തിവെച്ച വേദന കണ്ടപ്പോൾ യേശുപോലും “കണ്ണുനീർ വാർത്തു.”​—⁠യോഹന്നാൻ 11:33–35.

എന്നാൽ മറ്റുചിലർ പെട്ടെന്നു കരയാറില്ല, പ്രത്യേകിച്ചും മരണം ആകസ്‌മികമാകുമ്പോൾ. “വികാരങ്ങൾ മരവിച്ചതുപോലെ എനിക്കു തോന്നി. കുറച്ചു നേരത്തേക്കു ഞാനാകെ സ്‌തംഭിച്ചു പോയി,” കാതറിൻ ഓർക്കുന്നു. കൂടെപ്പിറപ്പുകളിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നപക്ഷം അവ്വിധം പ്രതികരിക്കുന്നത്‌ തികച്ചും സ്വാഭാവികമാണ്‌. “ആത്മഹത്യ ആഴമായ മാനസികാഘാതം സൃഷ്ടിക്കുന്നു, ആശ്വസിപ്പിക്കുന്നവർ ആദ്യം പരിഹരിക്കാൻ ശ്രമിക്കേണ്ടതും ആ ആഘാതമാണ്‌. അത്തരമൊരു മാനസികാവസ്ഥയിൽനിന്നു പുറത്തുവരുന്നതിനുമുമ്പുതന്നെ കരയാനും ദുഃഖം പ്രകടിപ്പിക്കാനും ചില വിദഗ്‌ധർ ബന്ധുക്കളെ പ്രേരിപ്പിക്കുന്നതു വിരോധാഭാസമാണ്‌,” ഡോ വൈറ്റ്‌ ഉണരുക!യോടു പറഞ്ഞു.

കൂടെപ്പിറപ്പിന്റെ മരണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അതു മനസിലാക്കാവുന്നതേയുള്ളൂ. “പൊട്ടിത്തകരുകയും പിന്നീട്‌ ഒട്ടിച്ചുചേർക്കുകയും ചെയ്‌ത ഒരു പാത്രംപോലെയാണ്‌ ഞങ്ങളുടെ കുടുംബം. ചെറിയ സമ്മർദം പോലും ഇപ്പോൾ ഞങ്ങളെ ഉലയ്‌ക്കുന്നതായി തോന്നുന്നു,” ജിം പറയുന്നു. ആശ്വാസത്തിനായി നിങ്ങൾക്കു പിൻവരുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്‌:

സാന്ത്വനദായകമായ ഏതാനും ബൈബിൾഭാഗങ്ങൾ കുറിച്ചുവെക്കുക, ദിവസേന ഒരു പ്രാവശ്യമെങ്കിലും അവ വായിക്കുക.​—⁠സങ്കീർത്തനം 94:19.

സഹാനുഭൂതിയുള്ള ഒരു ഉറ്റമിത്രവുമായി സംസാരിക്കുക. മനസ്സുതുറന്നുള്ള അത്തരം സംസാരം നിങ്ങളെ ആശ്വസിപ്പിക്കും.​—⁠സദൃശവാക്യങ്ങൾ 17:17.

പുനരുത്ഥാനം സംബന്ധിച്ച ബൈബിൾപ്രത്യാശയെക്കുറിച്ചു ധ്യാനിക്കുക.​—⁠യോഹന്നാൻ 5:28, 29.

കുറച്ചു കാലത്തേക്കെങ്കിലും നിങ്ങളുടെ വികാരവിചാരങ്ങൾ കുറിച്ചുവെക്കുന്നത്‌ ദുഃഖം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. ഒരു തുടക്കമെന്ന നിലയിൽ താഴെയുള്ള ചതുരം പരിചിന്തിക്കാവുന്നതാണ്‌.

“ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്ന്‌ ഉറപ്പുണ്ടായിരിക്കുക. (1 യോഹന്നാൻ 3:20) നിങ്ങളുടെ കൂടെപ്പിറപ്പിന്റെ മനോസംഘർഷത്തിനു കാരണമായ ഘടകങ്ങളും സാഹചര്യങ്ങളും ഏതൊരു മനുഷ്യനെക്കാളും നന്നായി അവനറിയാം. നിങ്ങളെക്കുറിച്ചും അവനറിയാം, നിങ്ങൾക്കറിയാവുന്നതിലും മെച്ചമായി. (സങ്കീർത്തനം 139:1–3) അതുകൊണ്ട്‌ നിങ്ങളുടെ സാഹചര്യം അവൻ തിരിച്ചറിയുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കുക. ദുഃഖം താങ്ങാനാകുന്നില്ലെന്നു തോന്നുമ്പോൾ, “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്ന സങ്കീർത്തനം 55:22-ലെ വാക്കുകൾ ഓർക്കുക.

ദുഃഖിതർക്ക്‌ ആശ്വാസം

പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ വേദന തരണം ചെയ്യുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കാണുക.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ വികാരങ്ങൾ പിടിച്ചുനിറുത്താനാവില്ലെന്നു തോന്നുമ്പോൾ നിങ്ങൾക്ക്‌ ആരോടു സംസാരിക്കാനാകും?

▪ ദുഃഖത്തിൽ കഴിയുന്ന ഒരു യുവവ്യക്തിയെ നിങ്ങൾക്കെങ്ങനെ സഹായിക്കാനാകും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 12 രോഗത്താലോ അപകടത്താലോ ഉണ്ടാകുന്ന മരണത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. കൂടെപ്പിറപ്പിനോടുള്ള നിങ്ങളുടെ സ്‌നേഹം എത്ര ആഴമുള്ളതായിരുന്നാലും, “കാലവും [മുൻകൂട്ടിക്കാണാനാകാത്ത] ഗതിയും” നിയന്ത്രിക്കാൻ നിങ്ങൾക്കാവില്ലല്ലോ.​—⁠സഭാപ്രസംഗി 9:11.

[31-ാം പേജിലെ ചതുരം]

മനസ്സിലുള്ളതൊക്കെ ഒരു കടലാസ്സിൽ പകർത്തുന്നത്‌ വേദന കുറയ്‌ക്കാൻ സഹായിച്ചേക്കും. പിൻവരുന്ന പ്രസ്‌താവനകൾ പൂർത്തിയാക്കുകയോ ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതുകയോ ചെയ്യുക.

എന്റെ കൂടെപ്പിറപ്പിനെക്കുറിച്ചുള്ള മധുരസ്‌മരണകളിൽ മൂന്നെണ്ണം:

1 ..........

2 ..........

3 ..........

എന്റെ കൂടെപ്പിറപ്പിനോട്‌ എനിക്ക്‌ ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ:

..........

കൂടെപ്പിറപ്പിന്റെ മരണത്തിന്‌ സ്വയം കുറ്റപ്പെടുത്തുന്ന ഇളയ കുട്ടിയോട്‌ നിങ്ങൾ എന്തു പറയും?

..........

താഴെ കൊടുത്തിരിക്കുന്നതിൽ ഏതു തിരുവെഴുത്താണ്‌ ഏറ്റവും ആശ്വാസദായകമായി നിങ്ങൾക്കു തോന്നുന്നത്‌, എന്തുകൊണ്ട്‌?

“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”­—സങ്കീർത്തന 34:18.

“അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്‌തതു.”—സങ്കീർത്തന 22:24.

“ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.