വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാധന എങ്ങനെ ആസ്വാദ്യമാക്കാം?

ആരാധന എങ്ങനെ ആസ്വാദ്യമാക്കാം?

യുവജനങ്ങൾ ചോദിക്കുന്നു

ആരാധന എങ്ങനെ ആസ്വാദ്യമാക്കാം?

കിടക്കയിലങ്ങനെ അലസമായി കിടക്കുകയാണ്‌ 16 വയസ്സുകാരനായ ജോഷ്‌. “ജോഷ്വാ, എഴുന്നേൽക്ക്‌. ഇന്ന്‌ മീറ്റിങ്ങുണ്ടെന്ന്‌ അറിയില്ലേ?” വാതിൽക്കൽനിന്ന്‌ അമ്മയുടെ ശബ്ദം. ഒരു യഹോവയുടെ സാക്ഷിയായിട്ടാണ്‌ ജോഷിനെ വളർത്തിക്കൊണ്ടുവന്നത്‌. ക്രിസ്‌തീയ യോഗങ്ങൾ ആ കുടുംബത്തിന്റെ ആരാധനയുടെ ഭാഗമാണ്‌. എന്നാൽ അടുത്തിടെയായി മീറ്റിങ്ങിനു പോകാൻ അവനു വലിയ താത്‌പര്യമൊന്നുമില്ല.

“മമ്മീ, ഞാൻ പോകണോ?” അവൻ പരിഭവിച്ചു.

“മതി, മതി. വേഗം ഒരുങ്ങാൻ നോക്ക്‌.” അമ്മ പറഞ്ഞു. “ഇന്നെങ്കിലും സമയത്തെത്തണം!” അതു പറഞ്ഞിട്ട്‌ അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“മമ്മിക്ക്‌ ഈ മതം വലുതായിരിക്കും; എന്നുവെച്ച്‌ എനിക്ക്‌ അങ്ങനെയാകണമെന്നില്ലല്ലോ?” അമ്മ നടന്നുനീങ്ങവേയാണ്‌ അവനതു പറഞ്ഞത്‌. അമ്മയുടെ കാലൊച്ച നിലച്ചപ്പോൾ താൻ പറഞ്ഞത്‌ അമ്മ കേട്ടെന്ന്‌ അവനു മനസ്സിലായി. പക്ഷേ ഒന്നും പറയാതെ അവർ നടന്നകന്നു.

ജോഷിന്‌ ഒരൽപ്പം കുറ്റബോധം തോന്നാതിരുന്നില്ല. അവന്‌ അമ്മയെ വിഷമിപ്പിക്കണമെന്നില്ലായിരുന്നു. എന്നാൽ ക്ഷമ ചോദിക്കാൻ മനസ്സില്ലതാനും. ഇനിയിപ്പോ ഒരു വഴിയേയുള്ളൂ . . .

ഒരു ദീർഘനിശ്വാസത്തോടെ ജോഷ്‌ എഴുന്നേറ്റ്‌ ഒരുങ്ങാൻ തുടങ്ങി. എന്നിട്ട്‌, തന്നോടെന്നപോലെ പറഞ്ഞു: “ഇന്നല്ലെങ്കിൽ നാളെ ഞാൻ ഒരു തീരുമാനമെടുക്കും. രാജ്യഹാളിൽ വരുന്ന മറ്റുള്ളവരെപ്പോലെയല്ല ഞാൻ. എനിക്ക്‌ ഒരു ക്രിസ്‌ത്യാനി ആയിരിക്കണമെന്നുതന്നെയില്ല.”

നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ജോഷിനെപ്പോലെ തോന്നിയിട്ടുണ്ടോ? മറ്റുള്ളവർ ക്രിസ്‌തീയ പ്രവർത്തനങ്ങൾ ആസ്വദിക്കുമ്പോൾ നിങ്ങളത്‌ കേവലം യാന്ത്രികമായി ചെയ്യുകയാണോ? ഉദാഹരണത്തിന്‌:

▪ ബൈബിൾ പഠിക്കുന്നത്‌ നിങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു ഹോംവർക്ക്‌ മാത്രമാണോ?

▪ വീടുതോറുമുള്ള ശുശ്രൂഷ നിങ്ങൾക്ക്‌ ഒരു പേടിസ്വപ്‌നമാണോ?

▪ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ നിങ്ങൾക്ക്‌ ബോറടിക്കാറുണ്ടോ?

ഇതിലേതെങ്കിലും നിങ്ങളുടെ കാര്യത്തിൽ സത്യമാണെങ്കിൽ വിഷമിക്കേണ്ടതില്ല. അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തിക്കൊണ്ട്‌ നിങ്ങൾക്ക്‌ ദൈവസേവനം ആസ്വദിക്കാനാകും. എങ്ങനെയെന്നു നോക്കാം.

പ്രശ്‌നം #1: ബൈബിൾപഠനം

എളുപ്പമല്ലാത്തതിന്റെ കാരണം. “കുത്തിയിരുന്നു പഠിപ്പിക്കുന്ന ടൈപ്പല്ല” ഞാൻ എന്നായിരിക്കാം നിങ്ങൾക്കു തോന്നുന്നത്‌. കുറെനേരം ഒരിടത്തു തന്നെയിരുന്ന്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ നിങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ ആയിരിക്കാം. സ്‌കൂളിലും ധാരാളം പഠിക്കാനുണ്ടല്ലോ?

ചെയ്യേണ്ടതിന്റെ കാരണം. ബൈബിൾ ദൈവനിശ്വസ്‌തമാണ്‌ എന്നു മാത്രമല്ല, “പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കു”കയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 3:16, പി.ഒ.സി. ബൈബിൾ) ബൈബിൾ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ അറിവിന്റെ ഒരു പുതിയ ലോകം നിങ്ങളുടെ മുമ്പിൽ തുറക്കുകയായി. ഒന്നോർക്കുക: പരിശ്രമത്തിലൂടെയല്ലാതെ നേട്ടങ്ങളുണ്ടാവില്ല. സ്‌പോർട്‌സിൽ തിളങ്ങണമെങ്കിൽ ആ കളിയുടെ നിയമങ്ങൾ മനസ്സിലാക്കുകയും നന്നായി പരിശീലിക്കുകയും വേണം. നല്ല ആരോഗ്യം വേണമെങ്കിൽ വ്യായാമം ചെയ്യണം. നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച്‌ അറിയണമെങ്കിലോ? ദൈവവചനം പഠിക്കണം.

സമപ്രായക്കാരുടെ അഭിപ്രായം. “ഹൈസ്‌കൂളിലായതോടെ എന്റെ ജീവിതം ഒരു വഴിത്തിരിവിൽ എത്തിയെന്നു പറയാം. കുട്ടികൾ മഹാമോശമായിരുന്നു. എനിക്ക്‌ ചില തീരുമാനങ്ങൾ എടുക്കേണ്ടിവന്നു: ‘അവരെപ്പോലെ ആയിരിക്കാനാണോ ഞാൻ ആഗ്രഹിക്കുന്നത്‌? എന്റെ മാതാപിതാക്കൾ പഠിപ്പിക്കുന്നതുതന്നെയാണോ സത്യം?’ ഞാനതു കണ്ടെത്തേണ്ടിയിരുന്നു.”—ഷെഡ്‌സാ.

“ഞാൻ പഠിച്ചതാണു സത്യമെന്നു എനിക്ക്‌ അറിയാമായിരുന്നു. എന്നാൽ ഞാനത്‌ സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു. കുടുംബത്തിന്റെ മതം എന്നതിലുപരി ആ മതം എന്റെ സ്വന്തം ആക്കണമായിരുന്നു.”—നെലീസ.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌. വ്യക്തിപരമായ പഠനത്തിനായി ഒരു പട്ടിക തയ്യാറാക്കുക. ഗവേഷണം ചെയ്യേണ്ട വിഷയങ്ങൾ നിങ്ങൾതന്നെ തിരഞ്ഞെടുക്കണം. എവിടെ തുടങ്ങാം? ബൈബിളിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ട്‌ നിങ്ങളുടെ വിശ്വാസങ്ങൾ ഒന്നു വിലയിരുത്തിക്കൂടേ? ഒരുപക്ഷേ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകം അതിനായി ഉപയോഗിക്കാവുന്നതാണ്‌.

ചെയ്യേണ്ടത്‌. ഒരു തുടക്കമെന്ന നിലയിൽ, താഴെ കൊടുത്തിരിക്കുന്ന ബൈബിൾ വിഷയങ്ങളിൽനിന്ന്‌ നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന രണ്ടോ മൂന്നോ എണ്ണം അടയാളപ്പെടുത്തുക. ആഗ്രഹിക്കുന്നപക്ഷം, മറ്റുചില വിഷയങ്ങൾ നിങ്ങൾക്ക്‌ എഴുതിച്ചേർക്കാവുന്നതാണ്‌.

□ ഒരു ദൈവമുണ്ടോ?

□ ബൈബിൾ എഴുത്തുകാർ ദൈവത്താൽ നിശ്വസ്‌തരായിരുന്നുവെന്ന്‌ എനിക്കെങ്ങനെ വിശ്വസിക്കാനാകും?

□ പരിണാമത്തിൽ വിശ്വസിക്കുന്നതിനുപകരം ഞാൻ സൃഷ്ടിയിൽ വിശ്വസിക്കേണ്ടത്‌ എന്തുകൊണ്ട്‌?

□ ദൈവരാജ്യം എന്താണ്‌, അത്‌ സ്ഥാപിതമാണെന്ന്‌ എനിക്കെങ്ങനെ തെളിയിക്കാനാകും?

□ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച എന്റെ വിശ്വാസം ഞാൻ എങ്ങനെ വിശദീകരിക്കും?

□ പുനരുത്ഥാനത്തിൽ ഞാൻ വിശ്വസിക്കേണ്ടത്‌ എന്തുകൊണ്ട്‌?

□ സത്യമതം ഏതാണെന്ന്‌ എനിക്കെങ്ങനെ ഉറപ്പിക്കാം?

□ ․․․․․

പ്രശ്‌നം #2: ശുശ്രൂഷയിൽ ഏർപ്പെടുന്നത്‌

എളുപ്പമല്ലാത്തതിന്റെ കാരണം. ബൈബിളിനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതും ശുശ്രൂഷയിലായിരിക്കെ ഒരു സഹപാഠിയെ കണ്ടുമുട്ടുന്നതുമൊക്കെ പലർക്കും ഒരു പേടിസ്വപ്‌നമാണ്‌.

ചെയ്യേണ്ടതിന്റെ കാരണം. യേശു തന്റെ അനുഗാമികൾക്ക്‌ പിൻവരുന്ന നിർദേശം നൽകി: “ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:20) അങ്ങനെ ചെയ്യേണ്ടതിനു വേറെയും കാരണങ്ങളുണ്ട്‌. ചില സ്ഥലങ്ങളിൽ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ദൈവത്തിലും ബൈബിളിലും വിശ്വസിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിട്ടും ഇവർക്കു ഭാവിയെക്കുറിച്ച്‌ ഒരു ശുഭപ്രതീക്ഷയില്ല. നിങ്ങളുടെ സമപ്രായക്കാരിൽ പലരും അന്വേഷിക്കുന്ന, അവർക്കാവശ്യമായ ആ വിവരങ്ങളാണു ബൈബിൾ പഠനത്തിലൂടെ നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌.

സമപ്രായക്കാരുടെ അഭിപ്രായം. “ഞാനും എന്റെ സുഹൃത്തും ഫലപ്രദമായ അവതരണങ്ങൾ തയ്യാറാവുകയും തടസ്സവാദങ്ങളെ ഖണ്ഡിക്കാനും മടക്കസന്ദർശനങ്ങൾ നടത്താനും മറ്റും പരിശീലിക്കുകയും ചെയ്‌തു. കൂടുതൽ പരിശ്രമിക്കാൻ തുടങ്ങിയതോടെ ശുശ്രൂഷ രസകരമായിത്തീർന്നു.”—നെലീസ.

“ഒരു ക്രിസ്‌തീയ സഹോദരി എന്നെ വളരെയധികം സഹായിച്ചു! അവർ എന്നെക്കാൾ ആറു വയസ്സിനു മൂത്തതാണ്‌. ശുശ്രൂഷയ്‌ക്ക്‌ അവർ എന്നെയും കൂട്ടിക്കൊണ്ടുപോകും, ചിലപ്പോഴൊക്കെ പ്രാതലിനും. എന്റെ ചിന്താഗതിയിൽ മാറ്റം വരുത്താൻ സഹായിച്ച ചില തിരുവെഴുത്തുകൾ അവർ എനിക്കു കാണിച്ചുതന്നു. അവരുടെ നല്ല മാതൃക നിമിത്തം ഞാൻ ഇപ്പോൾ ആളുകളെ സഹായിക്കാൻ മുൻകയ്യെടുക്കുന്നു. അവരോട്‌ എനിക്കു തീർത്താൽ തീരാത്ത കടപ്പാടുണ്ട്‌.”—ഷാന്റെ.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌. മാതാപിതാക്കളുടെ അനുവാദത്തോടെ, ശുശ്രൂഷയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്ന സഭയിലെ മുതിർന്ന ഒരാളെ കണ്ടെത്തുക. (പ്രവൃത്തികൾ 16:1-3) ബൈബിൾ പറയുന്നു: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17) അനുഭവസമ്പത്തുള്ള മുതിർന്നവരുമായി സഹവസിക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യും. “മുതിർന്നവരോടു കൂടെ ആയിരിക്കുന്നത്‌ എന്തൊരു ആശ്വാസമാണെന്നോ,” 19 വയസ്സുള്ള അലെക്‌സിസ്‌ പറയുന്നു.

ചെയ്യേണ്ടത്‌. മാതാപിതാക്കളെ കൂടാതെ ശുശ്രൂഷയിൽ നിങ്ങളെ സഹായിക്കാനാകുന്ന സഭയിലെ മറ്റൊരാളുടെ പേർ താഴെ എഴുതുക.

․․․․․

പ്രശ്‌നം #3: മീറ്റിങ്ങുകൾക്കു പോകുന്നത്‌

എളുപ്പമല്ലാത്തതിന്റെ കാരണം. ദിവസം മുഴുവനും ക്ലാസ്സിൽ ഇരുന്നിട്ട്‌ വൈകുന്നേരം രാജ്യഹാളിലെത്തി ഒന്നോ രണ്ടോ മണിക്കൂർ ബൈബിൾ പ്രസംഗങ്ങൾ കേട്ടിരിക്കാനുള്ള ക്ഷമ നിങ്ങൾക്ക്‌ ഇല്ലായിരിക്കാം.

ചെയ്യേണ്ടതിന്റെ കാരണം. ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.”—എബ്രായർ 10:24, 25.

സമപ്രായക്കാരുടെ അഭിപ്രായം. “മീറ്റിങ്ങുകൾക്കു തയ്യാറാകുന്നത്‌ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്‌. ചിലപ്പോഴൊക്കെ നിങ്ങൾ മനസ്സിനെ ഒന്നു പരുവപ്പെടുത്തി എടുത്താൽ മാത്രം മതിയായിരിക്കും. തയ്യാറായാൽ, ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങൾ നിങ്ങൾക്കു പരിചിതമായിരിക്കും എന്നു മാത്രമല്ല അഭിപ്രായങ്ങൾ പറയാനുമാകും. അങ്ങനെയാകുമ്പോൾ യോഗങ്ങൾ നിങ്ങൾ ആസ്വദിക്കും.”—എൽഡാ.

“അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ ഞാൻ യോഗങ്ങൾ ആസ്വദിക്കുന്നതായി കണ്ടെത്തി.”—ജെസിക്ക.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌. തയ്യാറാകാൻ സമയം നീക്കിവെക്കുക. കഴിയുമെങ്കിൽ ഒരു ഉത്തരമെങ്കിലും പറയുക. ഇതു നിങ്ങളും മീറ്റിങ്ങിന്റെ ഭാഗമാണെന്ന തോന്നൽ നിങ്ങളിൽ ഉളവാക്കും.

ഉദാഹരണത്തിന്‌: ടി. വി.-യിൽ ഒരു സ്‌പോർട്‌സ്‌ കാണുന്നതാണോ അതോ അത്‌ കളിക്കുന്നതാണോ നിങ്ങൾക്കു കൂടുതൽ ഇഷ്ടം? കളിക്കാരനാകുന്നതാണ്‌ കാഴ്‌ചക്കാരനാകുന്നതിനെക്കാൾ നല്ലത്‌ എന്നതിനു സംശയമില്ല. മീറ്റിങ്ങുകളുടെ കാര്യത്തിൽ എന്തുകൊണ്ട്‌ അങ്ങനെയൊരു സമീപനം സ്വീകരിച്ചുകൂടാ?

ചെയ്യേണ്ടത്‌. ഒരു സഭായോഗത്തിനു തയ്യാറാകുന്നതിനായി ആഴ്‌ചയിൽ 30 മിനിറ്റു മാറ്റിവെക്കരുതോ? നിങ്ങൾ തിരഞ്ഞെടുത്ത സമയം താഴെ എഴുതുക.

ഇന്ന്‌ അനേകം യുവജനങ്ങൾ സങ്കീർത്തനം 34:8-ന്റെ സത്യത അനുഭവിച്ചറിയുന്നു. അത്‌ ഇങ്ങനെ പറയുന്നു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ.” കൊതിയൂറുന്ന ഒരു ഭക്ഷണത്തെക്കുറിച്ചു കേട്ടതുകൊണ്ടു നിങ്ങൾ തൃപ്‌തരാകുമോ? അതു കഴിച്ചാലല്ലേ ഗുണമുള്ളൂ? ദൈവത്തെ ആരാധിക്കുന്ന കാര്യവും അങ്ങനെതന്നെ. ആത്മീയ കാര്യങ്ങളിൽ ഉൾപ്പെടുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയൂ. കേവലം കേൾക്കുന്നവനായിരിക്കാതെ കേട്ടതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവൻ സന്തുഷ്ടനായിരിക്കും എന്നു ബൈബിൾ പറയുന്നു.—യാക്കോബ്‌ 1:25.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ

▪ ഒരു കൗമാരക്കാരന്‌ ആത്മീയകാര്യങ്ങൾ ബോറായി തോന്നുന്നത്‌ എന്തുകൊണ്ടായിരിക്കാം?

▪ ഈ ലേഖനത്തിൽ ചർച്ച ചെയ്‌ത, ആരാധനയോടു ബന്ധപ്പെട്ട മൂന്നു കാര്യങ്ങളിൽ ഏതിലാണു നിങ്ങൾ പുരോഗമിക്കാൻ ആഗ്രഹിക്കുന്നത്‌, നിങ്ങൾ അത്‌ എങ്ങനെ ചെയ്യും?

[അടിക്കുറിപ്പ്‌]

^ ഖ. 19 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[12, 13 പേജുകളിലെ ചിത്രം]

നല്ല ആരോഗ്യം വേണമെങ്കിൽ വ്യായാമം ചെയ്യണം. ആത്മീയ ആരോഗ്യത്തിന്‌ ദൈവവചനം പഠിക്കണം