വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആൽബിനിസത്തെ അറിയുക

ആൽബിനിസത്തെ അറിയുക

ആൽബിനിസത്തെ അറിയുക

ബെനിനിലെ ഉണരുക! ലേഖകൻ

“അപേക്ഷാഫാറങ്ങളും മറ്റും പൂരിപ്പിക്കുമ്പോൾ വർഗം രേഖപ്പെടുത്താനുള്ള കോളത്തിൽ ഞാൻ എപ്പോഴും ‘കറുത്ത വർഗം’ എന്നാണ്‌ എഴുതുക, ‘വെളുത്ത വർഗം’ എന്നെഴുതുന്ന പലരെക്കാളും വെളുത്തതാണു ഞാനെങ്കിലും.” പശ്ചിമാഫ്രിക്കക്കാരനായ ജോണിന്റെ വാക്കുകളാണവ. ബെനിൻ-നൈജീരിയ അതിർത്തിക്കടുത്തു താമസിക്കുന്ന അദ്ദേഹത്തിന്റെ പ്രശ്‌നം ആൽബിനിസമാണ്‌. കണ്ണിലും ത്വക്കിലും മുടിയിലും (ചില കേസുകളിൽ കണ്ണിൽ മാത്രം) വർണകം കുറവുള്ള അല്ലെങ്കിൽ ഒട്ടുംതന്നെയില്ലാതെവരുന്ന ഒരു ജനിതക തകരാറാണ്‌ അത്‌. ആൽബിനിസം എത്ര വ്യാപകമാണ്‌? ഒരാളുടെ ദൈനംദിനജീവിതത്തെ അതെങ്ങനെ ബാധിക്കും? ആൽബിനിസവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ എങ്ങനെ സാധിക്കും? *

ആൽബിനിസം കൂടുതൽ പ്രകടമായിക്കാണുന്നത്‌ ഇരുണ്ട നിറക്കാരിലാണെങ്കിലും എല്ലാ ദേശങ്ങളിലും ഭാഷകളിലും വർഗങ്ങളിലും പെട്ടവർക്കിടയിൽ ഇത്‌ കണ്ടുവരുന്നു. 20,000 പേരിൽ ഒരാൾക്കുവീതം ഈ തകരാറുള്ളതായി കണക്കാക്കപ്പെടുന്നു.

ആൽബിനിസത്തിനു കാരണക്കാരായ ജീനുകൾ തലമുറകളോളം ഗുപ്‌തമായി കിടന്നേക്കാം. ജോണിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. അദ്ദേഹത്തിന്റെ പൂർവികരിൽ ആർക്കെങ്കിലും ആൽബിനിസം ഉണ്ടായിരുന്നതായി ബന്ധുക്കൾക്കാർക്കും അറിവില്ല.

“ആൽബിനിസം” എന്ന വാക്കിന്‌ രൂപം കൊടുത്തത്‌ 17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ്‌ പര്യവേക്ഷകരാണെന്ന്‌ പലരും പറയുന്നു. പശ്ചിമാഫ്രിക്കൻ തീരത്തുകൂടെ സഞ്ചരിക്കവേ കറുത്തവരെയും വെളുത്തവരെയും അവർ കാണാനിടയായി. രണ്ടുവർഗക്കാരാണെന്നു ധരിച്ച്‌ ആ പര്യവേക്ഷകർ കറുത്തവരെ നീഗ്രോകളെന്നും വെളുത്തവരെ ആൽബിനോകളെന്നും വിളിച്ചു. പോർച്ചുഗീസ്‌ ഭാഷയിൽ “കറുത്തവരെയും” “വെളുത്തവരെയും” കുറിക്കുന്ന വാക്കുകളാണവ.

കണ്ണിനെയും ത്വക്കിനെയും ബാധിക്കുന്ന വിധം

മിക്ക വെളുത്തവർക്കും അൽപ്പം സൂര്യപ്രകാശമേറ്റാൽ അവരുടെ ത്വക്ക്‌ കരുവാളിക്കും. ത്വക്കിനെ സംരക്ഷിക്കാനായി ശരീരം മെലനിൻ എന്ന വർണകം ഉത്‌പാദിപ്പിക്കുമ്പോഴാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. എന്നാൽ ജോണിനെ ബാധിച്ചിരിക്കുന്നത്‌ ഒക്യുലോക്യൂട്ടേനിയസ്‌ ആൽബിനിസമാണ്‌; ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആൽബിനിസങ്ങളിൽ ഒന്നാണിത്‌. * അദ്ദേഹത്തിന്റെ ത്വക്കിലും മുടിയിലും കണ്ണുകളിലും മെലനിൻ തീരെയില്ല. ഇത്‌ അദ്ദേഹത്തിന്റെ ത്വക്കിനെ എങ്ങനെയാണു ബാധിക്കുന്നത്‌? ഈ വർണകം ഇല്ലാത്തതിനാൽ ആൽബിനോകളുടെ ത്വക്കിന്‌ എളുപ്പം സൂര്യാഘാതമേൽക്കും. സൂര്യാഘാതംതന്നെ അസുഖകരവും വേദനാജനകവുമായ ഒരവസ്ഥയാണ്‌. ഇനി, ത്വക്ക്‌ വേണ്ടവിധം സംരക്ഷിക്കാത്ത ആൽബിനോകൾക്ക്‌ ത്വക്കിൽ അർബുദം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്‌, ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ പ്രത്യേകിച്ചും.

അതുകൊണ്ട്‌ ഒരു ആൽബിനോ എടുക്കേണ്ട ആദ്യത്തെ നടപടി ത്വക്കിനെ സംരക്ഷിക്കാൻ പറ്റിയ വസ്‌ത്രം ധരിക്കുക എന്നതാണ്‌. ജോണാണെങ്കിൽ ഒരു കർഷകനാണ്‌. അതുകൊണ്ട്‌ വയലിൽ പണിയെടുക്കുമ്പോൾ ഫുൾകൈ ഷർട്ടാണ്‌ അദ്ദേഹം ധരിക്കാറ്‌, വൈക്കോൽകൊണ്ട്‌ ഉണ്ടാക്കിയ വലിയ ഒരു തൊപ്പിയും വെക്കും. ഇങ്ങനെയൊക്കെയാണെങ്കിലും, അദ്ദേഹം പറയുന്നതു കേൾക്കുക: “ചിലപ്പോഴൊക്കെ ശരീരമാസകലം പൊള്ളുന്നതു പോലെ തോന്നും. വീട്ടിലെത്തുമ്പോൾ കയ്യൊന്നു ചൊറിഞ്ഞാൽ മതി തൊലി പൊളിഞ്ഞുപോരും.”

സൺസ്‌ക്രീൻ ലോഷൻ പുരട്ടുന്നതും നല്ലതാണ്‌. സൺ പ്രൊട്ടക്ഷൻ ഫാക്‌റ്റർ 15 എങ്കിലുമുള്ള ലോഷനാണ്‌ ഏറ്റവും നല്ലത്‌. സൂര്യപ്രകാശം ഏൽക്കുന്നതിന്‌ 30 മിനിട്ട്‌ മുമ്പും അതിനുശേഷം രണ്ടു മണിക്കൂർ ഇടവിട്ടും അതു തേച്ചുപിടിപ്പിക്കണം.

ആൽബിനിസം കണ്ണിനെയും ബാധിക്കും, പല വിധങ്ങളിൽ. കൃഷ്‌ണമണി ഒഴികെയുള്ള, കണ്ണിലെ മറ്റു ഭാഗങ്ങളിലൂടെ സൂര്യപ്രകാശം കടക്കുന്നതു തടയുന്നത്‌ ഐറിസിലുള്ള വർണകമാണ്‌. എന്നാൽ ഒരു ആൽബിനോയുടെ ഐറിസ്‌ ഏറെക്കുറെ സുതാര്യമാണ്‌, അത്‌ പ്രകാശം കടത്തിവിടുകയും അങ്ങനെ അസ്വസ്ഥതയുളവാകുകയും ചെയ്യും. അത്‌ ഒഴിവാക്കുന്നതിനായി പലരും തൊപ്പിയോ അൾട്രാവയലറ്റ്‌ കിരണങ്ങളിൽനിന്ന്‌ സംരക്ഷണമേകുന്ന സൺഗ്ലാസ്സുകളോ മറ്റോ ധരിക്കാറുണ്ട്‌. മറ്റുചിലർ നിറമുള്ള കോൺടാക്‌റ്റ്‌ ലെൻസുകൾ ധരിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. പല ദിവസങ്ങളിലും കണ്ണട വെച്ചില്ലെങ്കിലും തനിക്കു പ്രശ്‌നമൊന്നുമില്ല എന്നാണ്‌ ജോൺ പറയുന്നത്‌. എന്നാൽ രാത്രിസമയത്ത്‌ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽനിന്നുള്ള പ്രകാശം അദ്ദേഹത്തിനു പ്രശ്‌നം സൃഷ്ടിക്കാറുണ്ട്‌.

ആൽബിനിസമുള്ളവരുടെ കണ്ണുകൾക്ക്‌ ചുവപ്പുനിറമാണ്‌ ഉള്ളത്‌ എന്നതാണ്‌ പരക്കെയുള്ള ധാരണ. പക്ഷേ അതിൽ കഴമ്പില്ല. മിക്ക ആൽബിനോകളുടെയും ഐറിസിന്റെ നിറം നീലയോ ബ്രൗണോ മങ്ങിയ തവിട്ടു നിറമോ ആണ്‌. അങ്ങനെയെങ്കിൽ അവരുടെ കണ്ണിനു ചുവപ്പുനിറമുള്ളതായി തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? ആൽബിനിസത്തെ കുറിച്ചുള്ള പരമാർഥങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ചിലതരം പ്രകാശങ്ങളടിക്കുമ്പോൾ വളരെക്കുറച്ചു മാത്രം വർണകമുള്ള ഐറിസിലൂടെ ചുവപ്പ്‌ അല്ലെങ്കിൽ വയലറ്റ്‌ നിറം പ്രതിഫലിക്കും. റെറ്റിനയിൽനിന്നാണ്‌ ഈ പ്രതിഫലനം വരുന്നത്‌.” ചിലസമയത്ത്‌ ഫ്‌ളാഷ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ഫോട്ടോകളിൽ കണ്ണു ചുവപ്പു നിറത്തിൽ കാണാറില്ലേ? അതിനു സമാനമാണ്‌ ഈ പ്രതിഭാസം.

കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആൽബിനോകളിൽ സർവസാധാരണമാണ്‌. നാഡികൾ റെറ്റിനയെ തലച്ചോറുമായി ബന്ധിപ്പിക്കുന്നതിലുള്ള പിശകാണ്‌ അവയിലൊന്ന്‌. ഇതു നിമിത്തം കണ്ണുകൾക്ക്‌ വസ്‌തുക്കളുടെ ദൂരം കൃത്യമായി നിർണയിക്കാനാവാതെ വരുന്നു. ഈ അവസ്ഥയെ സ്‌ട്രാബിസ്‌മസ്‌ എന്നാണു വിളിക്കുന്നത്‌. കണ്ണട വെച്ചോ സർജറിവഴിയോ ഇതു പരിഹരിക്കാം.

പല രാജ്യങ്ങളിലും ഇതിനു ചികിത്സ ലഭ്യമല്ല അല്ലെങ്കിൽ ചെലവേറിയതാണ്‌. ജോൺ എങ്ങനെയാണ്‌ ഇതുമായി പൊരുത്തപ്പെടുന്നത്‌? “വളരെ ശ്രദ്ധിച്ചാണ്‌ ഞാൻ കാര്യങ്ങൾ ചെയ്യുന്നത്‌. റോഡു മുറിച്ചുകടക്കുമ്പോൾ ഞാൻ കണ്ണും കാതും ഒരുപോലെ ഉപയോഗിക്കും. ഒരു കാറു വരുന്നതു കാണുമ്പോൾ, അതിന്റെ ശബ്ദവും കേൾക്കാൻ കഴിയുന്നുണ്ടോ എന്നു ഞാൻ ശ്രദ്ധിക്കും. ഉണ്ടെങ്കിൽ കടക്കുന്നതു ബുദ്ധിയല്ലെന്ന്‌ എനിക്കറിയാം.”

ആൽബിനിസം നിസ്റ്റാഗ്‌മസിനും (കണ്ണിമയ്‌ക്കൽ രോഗം) കാരണമായേക്കാം. ഇത്‌ ഹ്രസ്വദൃഷ്ടിയോ ദീർഘദൃഷ്ടിയോ പോലുള്ള കാഴ്‌ചത്തകരാറുകൾക്ക്‌ ഇടയാക്കിയേക്കാം. കണ്ണടയോ കോൺടാക്‌റ്റ്‌ ലെൻസോ ഉപയോഗിച്ച്‌ കാഴ്‌ച ശരിയാക്കാമെങ്കിലും അടിസ്ഥാന കാരണത്തെ അതു പരിഹരിക്കുന്നില്ല. വായിക്കുമ്പോൾ തല ചെരിച്ചു പിടിക്കുകയോ വിരലുകൊണ്ട്‌ കണ്ണനങ്ങാതെ പിടിക്കുകയോ ചെയ്‌തുകൊണ്ട്‌ കണ്ണിമയ്‌ക്കുന്നതു കുറയ്‌ക്കാൻ ചിലർക്കാകുന്നു.

ജോണിനെ ഏറ്റവും വിഷമിപ്പിക്കുന്നത്‌ സ്‌ട്രാബിസ്‌മസോ നിസ്റ്റാഗ്‌മസോ അല്ല, ഹ്രസ്വദൃഷ്ടിയാണ്‌. “പുസ്‌തകം കണ്ണിനോടു ചേർത്തുപിടിച്ചാലേ എനിക്കു വായിക്കാനാകൂ,” യഹോവയുടെ സാക്ഷികളിൽപ്പെട്ട ജോൺ പറയുന്നു. “എന്നാൽ ശരിയായ അകലത്തിൽ പിടിച്ചുകഴിഞ്ഞാൽപ്പിന്നെ എനിക്ക്‌ ഒരുവിധം വേഗത്തിൽ വായിച്ചുപോകാം. അങ്ങനെയാണ്‌ ഞാൻ ദിവസവും ബൈബിൾ വായിക്കുന്നത്‌.” അദ്ദേഹം തുടരുന്നു: “ക്രിസ്‌തീയ യോഗങ്ങളിൽ, നന്നായി തയ്യാറായശേഷം പ്രസംഗങ്ങൾ നടത്തുന്നതുകൊണ്ട്‌ എനിക്കു നോട്ടിൽ അധികം ആശ്രയിക്കേണ്ടിവരുന്നില്ല. മാതൃഭാഷയായ യൊരൂബയിൽ വീക്ഷാഗോപുരത്തിന്റെ വലിയക്ഷരപ്പതിപ്പ്‌ ഉള്ളതും എനിക്ക്‌ സഹായകമാണ്‌.”

ഒക്യുലർ ആൽബിനിസമുള്ള ഒരു കുട്ടിക്ക്‌ സ്‌കൂളിൽ പോകുന്നതുതന്നെ ഒരു പ്രശ്‌നമായിരിക്കാം. മാതാപിതാക്കൾ മുൻകൈയെടുത്ത്‌ അധ്യാപകരോടോ സ്‌കൂൾ അധികൃതരോടോ സംസാരിക്കുന്നത്‌ വളരെയധികം ഗുണംചെയ്യും. ഉദാഹരണത്തിന്‌, ചില സ്‌കൂളുകളിൽ വലിയ അക്ഷരത്തിലുള്ള ടെക്‌സ്റ്റ്‌ ബുക്കുകളും ഓഡിയോ ടേപ്പുകളും കോൺട്രാസ്റ്റ്‌ ചെയ്യുന്ന നിറങ്ങളിൽ പശ്ചാത്തലവും അക്ഷരങ്ങളും ഉള്ള പുസ്‌തകങ്ങളും ലഭ്യമാണ്‌. മാതാപിതാക്കൾക്കും അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കും ഇടയിൽ നല്ല സഹകരണമുണ്ടെങ്കിൽ ഒക്യുലർ ആൽബിനിസമുള്ള ഒരു കുട്ടിക്ക്‌ പഠനത്തിൽ വിജയിക്കാനാകും.

സാമൂഹിക പ്രശ്‌നങ്ങൾ

ആൽബിനിസമുള്ള മിക്കവരും തങ്ങളുടെ ശാരീരിക പരിമിതികളുമായി പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു. എന്നിരുന്നാലും, രോഗാവസ്ഥ നിമിത്തം സമൂഹം തങ്ങളെ അകറ്റിനിറുത്തുന്നത്‌ പലർക്കും താങ്ങാവുന്നതിനും അപ്പുറമാണ്‌, കുട്ടികൾക്ക്‌ പ്രത്യേകിച്ചും.

പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ആൽബിനിസമുള്ള കുട്ടികൾ വളരെ പരിഹാസം സഹിക്കേണ്ടിവരുന്നു. യൊരൂബ സംസാരിക്കുന്ന ചില സ്ഥലങ്ങളിൽ അവരെ “ആഫിൻ” (“വികൃതമായത്‌” എന്നർഥം) എന്നാണു വിളിക്കുന്നത്‌. സാധാരണഗതിയിൽ മുതിർന്നവർക്ക്‌ കുട്ടികളോളം പരിഹാസം സഹിക്കേണ്ടിവരുന്നില്ല. പശ്ചിമാഫ്രിക്കക്കാർ പൊതുവെ വീടിനകത്ത്‌ ഒതുങ്ങിക്കൂടുന്നവരല്ല. എന്നാൽ ചില ആൽബിനോകൾ പുറത്തിറങ്ങാൻ മടിക്കുന്നു. ഇത്‌, ഒന്നിനും കൊള്ളാത്തവരാണെന്ന ചിന്തയും ഒറ്റപ്പെട്ടുപോയെന്ന തോന്നലും ഉളവാക്കിയേക്കാം. ദൈവവചനത്തിലെ സത്യം മനസ്സിലാക്കുന്നതുവരെ ജോണിനും അങ്ങനെയാണു തോന്നിയത്‌. എന്നാൽ 1974-ൽ സ്‌നാനമേറ്റതോടെ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുതന്നെ മാറി. എല്ലാവരിൽനിന്നും ഒറ്റപ്പെട്ട്‌ വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു ജോൺ. പക്ഷേ പുറത്തിറങ്ങി, തനിക്കു ലഭിച്ച മഹത്തായ പ്രത്യാശയെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. “അവരുടെ ആത്മീയാവസ്ഥ എന്റെ ശാരീരികാവസ്ഥയെക്കാൾ ഗുരുതരമാണ്‌,” അദ്ദേഹം പറയുന്നു. ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ കളിയാക്കാറുണ്ടോ? “വല്ലപ്പോഴും, ബൈബിൾ സന്ദേശത്തോടു കടുത്ത എതിർപ്പുള്ള ചിലർ എന്റെ രോഗത്തിന്റെ പേരും പറഞ്ഞ്‌ എന്നെ കളിയാക്കാറുണ്ട്‌. പക്ഷേ ഞാനതു കാര്യമാക്കാറില്ല. കാരണം അവരുടെ പ്രശ്‌നം എന്റെ രൂപമല്ല, എന്റെ സന്ദേശമാണെന്ന്‌ എനിക്കറിയാം.”

ആൽബിനിസം അരങ്ങൊഴിയുമ്പോൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആൽബിനിസത്തിന്റെ ചികിത്സയുടെ കാര്യത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്‌. മുമ്പെന്നത്തെക്കാൾ സഹായമേകാൻ പര്യാപ്‌തമാണ്‌ ഇന്നത്തെ വൈദ്യശാസ്‌ത്രം. ആൽബിനോകൾക്ക്‌ കൂടിക്കാണാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്‌ രോഗാവസ്ഥയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുമുള്ള ക്രമീകരണങ്ങൾ ചില സ്വയംസഹായ സംഘടനകൾ ചെയ്‌തുവരുന്നുണ്ട്‌. എന്നാൽ ആത്യന്തികമായ പരിഹാരമുള്ളത്‌ മനുഷ്യന്റെ കയ്യിലല്ല, ദൈവത്തിന്റെ കയ്യിലാണ്‌.

ആദ്യമനുഷ്യനായ ആദാമിൽനിന്ന്‌ എല്ലാ മനുഷ്യർക്കും കൈമാറിക്കിട്ടിയ അപൂർണതയുടെ അനന്തരഫലമാണ്‌ ആൽബിനിസം ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളും. (ഉല്‌പത്തി 3:17-19; റോമർ 5:12) വിശ്വാസം പ്രകടമാക്കുന്ന സകലരെയും യേശുക്രിസ്‌തുവിന്റെ മറുവിലയാഗം മുഖാന്തരം യഹോവയാം ദൈവം പൂർണാരോഗ്യമുള്ള അവസ്ഥയിലേക്കു കൊണ്ടുവരും. “സകലരോഗങ്ങളെയും സൌഖ്യമാക്കു”ന്നത്‌ അവനാണ്‌. (സങ്കീർത്തനം 103:3) അപ്പോൾ ആൽബിനിസം ഒരു പഴങ്കഥയായി മാറും. കാരണം ഈ രോഗത്തിന്റെ ദുരിതങ്ങൾക്കിരയായിട്ടുള്ള എല്ലാവരും ഇയ്യോബ്‌ 33:25-ന്റെ സത്യത അനുഭവിച്ചറിയും. അവിടെ ഇങ്ങനെ പറയുന്നു: “അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.”

[അടിക്കുറിപ്പുകൾ]

^ ഖ. 3 വെള്ളപ്പാണ്ടും ആൽബിനിസവും തമ്മിൽ വ്യത്യാസമുണ്ട്‌. ഉണരുക!യുടെ 2004 ഒക്ടോബർ 8 ലക്കം, പേജ്‌ 12 കാണുക.

^ ഖ. 8 ആൽബിനിസത്തിന്റെ ചില വകഭേദങ്ങളെ കുറിച്ച്‌ അറിയാൻ കൂടെ കൊടുത്തിരിക്കുന്ന ചതുരം കാണുക.

[17-ാം പേജിലെ ആകർഷക വാക്യം]

അവരുടെ ആത്മീയാവസ്ഥ എന്റെ ശാരീരികാവസ്ഥയെക്കാൾ ഗുരുതരമാണ്‌.—ജോൺ

[16-ാം പേജിലെ ചതുരം]

ആൽബിനിസം പലവിധം

സാധാരണമായി കണ്ടുവരുന്ന ചില ആൽബിനിസങ്ങളാണ്‌ താഴെ:

ഒക്യുലോക്യുട്ടേനിയസ്‌ ആൽബിനിസം. ത്വക്കിലും മുടിയിലും കണ്ണിലും മെലനിൻ എന്ന വർണകം ഇല്ലാത്തതാണ്‌ ഇതിന്റെ പ്രത്യേകത. ഇതിന്‌ ഏകദേശം 20 വകഭേദങ്ങളുണ്ട്‌.

ഒക്യുലർ ആൽബിനിസം. കണ്ണിനെമാത്രമാണ്‌ ഇത്‌ ബാധിക്കുന്നത്‌. ത്വക്കും മുടിയും സാധാരണ പോലെയായിരിക്കും.

അത്ര അറിയപ്പെടാത്ത ആൽബിനിസങ്ങളുമുണ്ട്‌. എച്ച്‌.പി.എസ്‌. (Hermansky-Pudlak syndrome) എന്ന ഇനവുമായി ബന്ധപ്പെട്ടതാണ്‌ അതിലൊന്ന്‌. ഇതുള്ളവരുടെ ശരീരത്തിന്‌ പെട്ടെന്ന്‌ പരിക്കുപറ്റാനും രക്തം വരാനും സാധ്യതയുണ്ട്‌. പ്യൂർട്ടോറിക്കക്കാർ ക്കിടയിൽ ഇതു വളരെ സാധാരണമാണ്‌, 1,800-ൽ 1 എന്ന നിരക്കിൽ.