വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌

വീട്ടിലുള്ളവരുടെ കണ്ണെത്തുന്ന സ്ഥലത്ത്‌ കമ്പ്യൂട്ടർ വെക്കുകയാണെങ്കിൽ ഇന്റർനെറ്റിലെ അപകടങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാനാകുമെന്ന്‌ ഒരുകാലത്ത്‌ മാതാപിതാക്കൾ വിചാരിച്ചിരുന്നു. ഹാനികരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിൽനിന്ന്‌ അത്‌ കുട്ടികളെ തടയുമെന്ന്‌ അവർ കരുതി. കിടപ്പുമുറിയുടെ സ്വകാര്യതയിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ അനുവദിക്കുന്നത്‌ ബുദ്ധിയല്ലെങ്കിലും, സുരക്ഷിതത്വത്തിന്‌ അതു മാത്രം മതിയാകുന്നില്ല. ഇന്ന്‌ വയർലെസ്‌ കണക്ഷനുകൾ ഉള്ളതിനാൽ പോകുന്നിടത്തെല്ലാം ഇന്റർനെറ്റും കൂടെക്കൊണ്ടുപോകാൻ യുവജനങ്ങൾക്കു സാധിക്കും. മൊബൈൽ ഫോണുകളിൽപ്പോലും ഇന്ന്‌ ഇന്റർനെറ്റ്‌ ലഭ്യമാണ്‌. ഇന്റർനെറ്റ്‌ കഫേകളും ഇന്റർനെറ്റ്‌ ബൂത്തുകളും ലൈബ്രറികളും സുഹൃത്തുക്കളുടെ ഭവനങ്ങളും ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ യുവജനങ്ങൾക്ക്‌ അവസരമൊരുക്കുന്നു. ഈ മാർഗങ്ങളെല്ലാം ഉള്ളതിനാൽ, മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച്‌ അനായാസം ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ യുവജനങ്ങൾക്കാകും.

യുവജനങ്ങളെ ആകർഷിക്കുന്ന ചില ഇന്റർനെറ്റ്‌ സംവിധാനങ്ങളെയും അവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയുംക്കുറിച്ച്‌ നമുക്ക്‌ അൽപ്പമായൊന്നു പരിശോധിക്കാം.

ഇ-മെയിൽ

അത്‌ എന്താണ്‌? ഇലക്‌ട്രോണിക്‌ രൂപത്തിൽ അയയ്‌ക്കുന്ന ടൈപ്പു ചെയ്‌ത സന്ദേശങ്ങൾ.

അതിനെ ആകർഷകമാക്കുന്നത്‌. സുഹൃത്തുക്കളും ബന്ധുക്കളുമായി പെട്ടെന്നു ബന്ധപ്പെടാനുള്ള ചെലവുകുറഞ്ഞ മാർഗം.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. അനാവശ്യ ഇ-മെയിലുകൾ (സ്‌പാം) ഒരു ശല്യം മാത്രമായി ഒതുങ്ങുന്നില്ല. മിക്കപ്പോഴും അവ സഭ്യമല്ലാത്തവയോ അശ്ലീലം നിറഞ്ഞവയോ ആണ്‌. വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താൻ ഉപയോക്താവിനെ പ്രേരിപ്പിക്കുന്നതായിരിക്കാം സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന ചില ലിങ്കുകൾ. അങ്ങനെ ഒരു കുട്ടിയിൽനിന്ന്‌ വിവരങ്ങൾ ചോർത്തിയെടുക്കാൻ മറ്റുള്ളവർക്കാകും. അത്തരം ഇ-മെയിലുകൾക്ക്‌ മറുപടി അയയ്‌ക്കുന്നത്‌​—⁠മേലാൽ ഇ-മെയിലുകൾ അയയ്‌ക്കരുത്‌ എന്ന മറുപടിപോലും​—⁠നിങ്ങളുടെ ഇ-മെയിൽ വിലാസം സജീവമാണെന്ന ഉറപ്പു നൽകും. പിന്നെയും അനാവശ്യ ഇ-മെയിലുകൾ ലഭിക്കുന്നതിന്‌ അത്‌ ഇടയാക്കിയേക്കാം.

വെബ്‌സൈറ്റ്‌

അത്‌ എന്താണ്‌? വ്യക്തികളും സംഘടനകളും വിദ്യാഭ്യാസ-ബിസിനസ്സ്‌ സ്ഥാപനങ്ങളും മറ്റും, സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഇലക്‌ട്രോണിക്‌ പേജുകളുടെ ശേഖരം.

അതിനെ ആകർഷകമാക്കുന്നത്‌. ഷോപ്പിങ്‌ നടത്തുക, ഗവേഷണം ചെയ്യുക, കൂട്ടുകാരുമായി ബന്ധപ്പെടുക, ഗെയിമുകൾ കളിക്കുക, സംഗീതം കേൾക്കുക എന്നിവയ്‌ക്കെല്ലാം സൗകര്യമൊരുക്കുന്ന ലക്ഷക്കണക്കിനു സൈറ്റുകളുണ്ട്‌. ഗെയിമുകളും സംഗീതവും ഡൗൺലോഡ്‌ ചെയ്യുന്നതിനും സാധിക്കും.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. തത്ത്വദീക്ഷയില്ലാത്ത എല്ലാത്തരം ആളുകളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്‌ വെബ്‌. പല വെബ്‌സൈറ്റുകളും അശ്ലീലം പച്ചയായി ചിത്രീകരിക്കുന്നു. അബദ്ധവശാൽ ഇത്തരം സൈറ്റുകളിൽ ചെന്നുപെടാനുള്ള സാദ്ധ്യത ഏറെയാണ്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 8-നും 16-നും ഇടയ്‌ക്കു പ്രായമുള്ള കുട്ടികളിൽ 90 ശതമാനവും അബദ്ധവശാൽ ഇന്റർനെറ്റിൽ അശ്ലീലം കാണാനിടയായി​—⁠മിക്ക കേസുകളിലും ഗൃഹപാഠം ചെയ്‌തുകൊണ്ടിരുന്നപ്പോൾ​—⁠എന്നു വെളിപ്പെടുത്തി!

കൗമാരക്കാർക്ക്‌ ചൂതാട്ടം നടത്താൻ സാധിക്കുന്ന വെബ്‌ സൈറ്റുകളും സുലഭമാണ്‌. കാനഡയിൽ 10-ലും 11-ലും പഠിക്കുന്ന ആൺകുട്ടികൾക്കിടയിൽ ഒരു സർവേ നടത്തുകയുണ്ടായി; അതിൽ പങ്കെടുത്ത ഏകദേശം 23 ശതമാനംപേർ അത്തരം സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടെന്നു സമ്മതിച്ചു. വിദഗ്‌ധർ ഇക്കാര്യത്തിൽ ആശങ്കാകുലരാണ്‌ എന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ഇന്റർനെറ്റിലൂടെയുള്ള ചൂതാട്ടത്തിന്‌ ഒരുവനെ എളുപ്പം അടിമപ്പെടു ത്താനാകും. അനൊറെക്‌സിയയെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളുമുണ്ട്‌. * മറ്റുചില സൈറ്റുകളാകട്ടെ വിദ്വേഷം ഇളക്കിവിടുന്നവയാണ്‌; ന്യൂനപക്ഷ മത-വംശീയ കൂട്ടങ്ങളാണ്‌ അവയുടെ ലക്ഷ്യം. ഇനിയും, ചില സൈറ്റുകൾ ബോംബ്‌ ഉണ്ടാക്കാനും വിഷം തയ്യാറാക്കാനും ഭീകരപ്രവർത്തനം നടത്താനും പഠിപ്പിക്കുന്നവയാണ്‌. കൊടുംക്രൂരതയും രക്തച്ചൊരിച്ചിലും ചിത്രീകരിക്കുന്നവയാണ്‌ ഇന്റർനെറ്റ്‌ ഗെയിമുകളിൽ മിക്കവയും.

ചാറ്റ്‌ റൂം

അത്‌ എന്താണ്‌? ടൈപ്പു ചെയ്‌ത വരികളിലൂടെ തത്സമയം സംഭാഷണം നടത്താൻ സഹായിക്കുന്ന വെബ്‌സൈറ്റിലെ ഒരു ഭാഗം. സാധാരണഗതിയിൽ ഈ സംഭാഷണം ഒരു പ്രത്യേക വിഷയത്തെയോ താത്‌പര്യത്തെയോ അധികരിച്ചായിരിക്കും.

അതിനെ ആകർഷകമാക്കുന്നത്‌. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത, എന്നാൽ ഒരേ താത്‌പര്യങ്ങളുള്ള നിരവധി വ്യക്തികളുമായി ആശയവിനിമയം ചെയ്യാൻ നിങ്ങളുടെ കുട്ടിക്കു കഴിയും.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. ഇന്റർനെറ്റിലൂടെയോ നേരിട്ടോ ഉള്ള ലൈംഗിക നടപടികൾക്കായി കുട്ടികളെ വശീകരിക്കാൻ ലൈംഗിക ചൂഷകന്മാർ ചാറ്റ്‌ റൂമുകൾ സ്ഥിരം സന്ദർശിക്കുന്നു. ഇന്റർനെറ്റിൽ നിങ്ങളുടെ കുട്ടികൾ എന്താണ്‌ ചെയ്യുന്നത്‌? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ എഴുത്തുകാരിൽ ഒരാൾക്ക്‌ സംഭവിച്ചത്‌ എന്താണെന്നു നോക്കുക. ഇന്റർനെറ്റ്‌ സുരക്ഷയെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി ഇന്റർനെറ്റിൽ അവർ ഒരു 12-വയസ്സുകാരിയാണെന്നു നടിച്ചു. ആ പുസ്‌തകം പറയുന്നു, “പെട്ടെന്നുതന്നെ, ഒരാൾ അവരെ ഒരു സ്വകാര്യ ചാറ്റ്‌ റൂമിലേക്കു ക്ഷണിച്ചു. അവിടെ എത്തുന്നത്‌ എങ്ങനെയെന്ന്‌ തനിക്ക്‌ അറിയില്ലെന്നു പറഞ്ഞപ്പോൾ ‘സഹായമനസ്‌കനായ ആ സുഹൃത്ത്‌’ പടിപടിയായി നിർദേശങ്ങൾ നൽകി. പിന്നീട്‌ അയാൾക്ക്‌ അറിയേണ്ടിയിരുന്നത്‌ അവർക്ക്‌ ഇന്റർനെറ്റിലൂടെയുള്ള സെക്‌സിൽ താത്‌പര്യമുണ്ടോ എന്നായിരുന്നു.”

ഇൻസ്റ്റന്റ്‌ മെസേജ്‌

അത്‌ എന്താണ്‌? ടൈപ്പു ചെയ്‌ത വരികളിലൂടെ രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന തത്സമയ സംഭാഷണം.

അതിനെ ആകർഷകമാക്കുന്നത്‌. താൻ ഉണ്ടാക്കിയ ലിസ്റ്റിൽനിന്ന്‌ ഇഷ്ടമുള്ള സുഹൃത്തിനെ തിരഞ്ഞെടുത്ത്‌ സംഭാഷണം നടത്താൻ ഉപയോക്താവിന്‌ ഇതിലൂടെ സാധിക്കും. കാനഡയിലെ ഒരു പഠനം വെളിപ്പെടുത്തുന്നത്‌, 16-ഉം 17-ഉം വയസ്സുകാരിൽ 84 ശതമാനം തങ്ങളുടെ കൂട്ടുകാരുമായി ഇൻസ്റ്റന്റ്‌ മെസേജിലൂടെ സംഭാഷണം നടത്തുന്നു എന്നാണ്‌​—⁠അതും, ദിവസേന ഒരു മണിക്കൂറിലേറെ.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. പഠനത്തിലോ ശ്രദ്ധിച്ചു ചെയ്യേണ്ട മറ്റേതെങ്കിലും കാര്യത്തിലോ ഏർപ്പെട്ടിരിക്കുന്ന ഒരു കുട്ടിക്ക്‌ ഇത്തരം സംഭാഷണം ശ്രദ്ധാശൈഥില്യം ഉണ്ടാക്കാം. തന്നെയുമല്ല, കുട്ടി ആരുമായാണ്‌ ആശയവിനിമയം നടത്തുന്നതെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം? നിങ്ങൾക്ക്‌ സംഭാഷണം കേൾക്കാൻ കഴിയില്ലല്ലോ.

ബ്ലോഗ്‌

അത്‌ എന്താണ്‌? ഇന്റർനെറ്റിലെ ഡയറി.

അതിനെ ആകർഷകമാക്കുന്നത്‌. യുവജനങ്ങൾക്ക്‌ തങ്ങളുടെ ആശയങ്ങൾ, ഇഷ്ടങ്ങൾ, ഹോബികൾ എന്നിവയെക്കുറിച്ചെല്ലാം എഴുതാൻ ഇത്‌ അവസരമൊരുക്കുന്നു. മിക്ക ബ്ലോഗുകളിലും വായനക്കാർക്ക്‌ തങ്ങളുടെ അഭിപ്രായങ്ങൾ എഴുതാനുള്ള സ്ഥലമുണ്ടായിരിക്കും. തങ്ങൾ എഴുതിയതിനെക്കുറിച്ച്‌ ആരെങ്കിലും അഭിപ്രായം രേഖപ്പെടുത്തിക്കാണുമ്പോൾ കുട്ടികൾ ആവേശഭരിതരാകുന്നു.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. ബ്ലോഗ്‌ ആർക്കും വായിക്കാനാകും. ചില യുവാക്കൾ വീണ്ടുവിചാരമില്ലാതെ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച്‌ അവരുടെ കുടുംബം, സ്‌കൂൾ, മേൽവിലാസം എന്നിവയൊക്കെ കണ്ടുപിടിക്കാൻ സാധിക്കും. മറ്റൊരു വസ്‌തുത: സത്‌പേരിന്‌ കളങ്കമേൽപ്പിക്കാൻ ബ്ലോഗുകൾക്കാകും, ഒരുപക്ഷേ സ്വന്തം സത്‌പേരിനുതന്നെ. ചില സ്ഥാപനങ്ങൾ ആളുകളെ ജോലിക്കെടുക്കുന്നതിനുമുമ്പ്‌ അവരുടെ ബ്ലോഗുകൾ പരിശോധിക്കാറുണ്ട്‌.

ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്ക്‌

അത്‌ എന്താണ്‌? സ്വന്തമായി ഒരു വെബ്‌ പേജ്‌ സൃഷ്ടിച്ച്‌ അതിൽ ഫോട്ടോ, വീഡിയോ, ബ്ലോഗ്‌ എന്നിവയെല്ലാം കൂട്ടിച്ചേർക്കാൻ യുവജനങ്ങൾക്ക്‌ അവസരമൊരുക്കുന്ന സൈറ്റുകളാണിവ.

അതിനെ ആകർഷകമാക്കുന്നത്‌. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ ഇത്‌ യുവജനങ്ങൾക്ക്‌ വേദിയൊരുക്കുന്നു. ധാരാളം പുതിയ “കൂട്ടുകാരെ” പരിചയപ്പെടാനും ഇതുവഴി സാധിക്കുന്നു.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌. “സോഷ്യൽ നെറ്റ്‌വർക്ക്‌ സൈറ്റ്‌ ഒരു ഇന്റർനെറ്റ്‌ പാർട്ടിയാണെന്നു പറയാം. നമുക്കു പേടി തോന്നുന്ന ചിലരും അവിടെ കയറിവന്നെന്നിരിക്കും” എന്ന്‌ ജോയന്ന എന്ന പെൺകുട്ടി പറയുന്നു. അത്തരം സൈറ്റുകളിൽ കൊടുക്കുന്ന വ്യക്തിപരമായ വിവരങ്ങൾ തത്ത്വദീക്ഷയില്ലാത്ത യുവാക്കളും മുതിർന്നവരും ചൂഷണം ചെയ്യാനിടയുണ്ട്‌. അതുകൊണ്ട്‌, ഇന്റർനെറ്റ്‌ സുരക്ഷിതത്വ വിദഗ്‌ധയായ പെറി അഫ്‌റ്റാബ്‌ അത്തരം സൈറ്റുകളെ വിളിക്കുന്നത്‌ “ലൈംഗിക ചൂഷകന്മാർക്ക്‌ വേണ്ടതെല്ലാം ലഭിക്കുന്ന ഒരിടം” എന്നാണ്‌.

കൂടാതെ, ഇന്റർനെറ്റ്‌ സൗഹൃദങ്ങൾ മിക്കപ്പോഴും ഉപരിപ്ലവമാണ്‌. ചില യുവാക്കളുടെ വെബ്‌ പേജിൽ, അവർ നേരിൽ കണ്ടിട്ടില്ലാത്തവരുടെ ഒരു നീണ്ട ലിസ്റ്റുതന്നെയുണ്ടാകും. തങ്ങൾ അറിയപ്പെടുന്ന വ്യക്തികളാണെന്ന ധാരണ സൈറ്റു സന്ദർശിക്കുന്നവരിൽ ഉളവാക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. “ഒരാളെ എത്രപേർക്ക്‌ ഇഷ്ടമാണ്‌ എന്നതിന്റെ അടിസ്ഥാനത്തിൽമാത്രം സമൂഹത്തിലെ അയാളുടെ മൂല്യം നിശ്ചയിക്കുന്ന” നിലയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്ന്‌ ജനറേഷൻ മൈസ്‌പേസ്‌ എന്ന തന്റെ പുസ്‌തകത്തിൽ കാൻഡിസ്‌ കെൽസി എഴുതി. അവർ കൂട്ടിച്ചേർക്കുന്നു: “ലിസ്റ്റിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുന്നത്‌ നമ്മുടെ കുട്ടികളെ വെറും കച്ചവട വസ്‌തുക്കളായി തരംതാഴ്‌ത്തുന്നു. തന്നെയുമല്ല ഈ രീതി, ഏതുവിധേനയും കൂടുതൽ കൂട്ടുകാരെ സമ്പാദിക്കാൻ കുട്ടികളുടെമേൽ കടുത്ത സമ്മർദം ചെലുത്തുകയും ചെയ്യുന്നു.” ഇന്റർനെറ്റിൽ നിങ്ങളുടെ കുട്ടികൾ എന്താണ്‌ ചെയ്യുന്നത്‌? എന്ന പുസ്‌തകം അർഥവത്തായ ഈ ചോദ്യം ചോദിക്കുന്നു: “ഇന്നത്തെ ഇലക്‌ട്രോണിക്‌ ലോകത്തിൽ ആളുകളെ പരിചയപ്പെടാനും പരിത്യജിക്കാനും ഞൊടിയിടയിൽ കഴിയുമെന്നിരിക്കെ അനുകമ്പയും സമാനുഭാവവും വളർത്തിയെടുക്കേണ്ടതുണ്ടെന്ന്‌ നിങ്ങൾ കുട്ടികളെ എങ്ങനെ പറഞ്ഞുമനസ്സിലാക്കും?”

ഈ ആറ്‌ ഉദാഹരണങ്ങൾ ഇന്റർനെറ്റിന്റെ ആകർഷകമായ ചില ഉപയോഗങ്ങൾ മാത്രമാണ്‌. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, ഇന്റർനെറ്റിലെ അപകടങ്ങളിൽനിന്നു നിങ്ങളുടെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാനാകും?

[അടിക്കുറിപ്പ്‌]

^ ഖ. 12 അനൊറെക്‌സിയയെ പിന്താങ്ങുന്ന പല സൈറ്റുകളും സംഘടനകളും അവകാശപ്പെടുന്നത്‌ അവർ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്‌. അവയിൽ ചിലത്‌ അനൊറെക്‌സിയയെ ഒരു രോഗമായിട്ടല്ല പകരം തിരഞ്ഞെടുക്കാവുന്ന ഒരു ജീവിതരീതിയായാണ്‌ അവതരിപ്പിക്കുന്നത്‌. യഥാർഥ ശരീരഭാരവും ക്രമരഹിതമായ ആഹാരശീലവും മാതാപിതാക്കളിൽനിന്ന്‌ എങ്ങനെ മറച്ചുവെക്കാമെന്നു ഈ സൈറ്റുകൾ പറഞ്ഞുകൊടുക്കുന്നു.

[12-ാം പേജിലെ ആകർഷക വാക്യം]

ഇന്ത്യയിൽ ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെ എണ്ണം ഒരു വർഷംകൊണ്ട്‌ 54 ശതമാനം വർധിച്ചു! ഈ വളർച്ചയുടെ പിന്നിൽ മുഖ്യമായും യുവജനങ്ങളാണ്‌.

[15-ാം പേജിലെ ആകർഷക വാക്യം]

“കുട്ടികൾക്ക്‌ സുഹൃത്തുക്കളും ബന്ധുക്കളുമായി എളുപ്പം ആശയവിനിമയം ചെയ്യാനുള്ള ചെലവുകുറഞ്ഞ ഒരു ഉപാധിയാണ്‌ വെബ്‌ ക്യാമറ എന്ന്‌ മാതാപിതാക്കൾ കരുതിയേക്കാം. എന്നാൽ ഒരു ലൈംഗിക ചൂഷകന്‌, കുട്ടിയുടെ കിടപ്പുമുറിയിലേക്കുള്ള തുറന്ന വാതിലാണത്‌.”​—⁠റോബർട്ട്‌ എസ്‌. മെലെർ, ഡയറക്ടർ, ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെസ്റ്റിഗേഷൻ