പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക
പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക
“പണമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം” എന്ന ചൊല്ലുണ്ടായത് ബൈബിളിൽനിന്നാണെന്ന് ആളുകൾ പൊതുവെ കരുതുന്നു. എന്നാൽ വാസ്തവത്തിൽ ബൈബിൾ പറയുന്നത്, “ധനമോഹമാണ് എല്ലാ തിൻമകളുടെയും അടിസ്ഥാനകാരണം” എന്നാണ്. (1 തിമൊഥെയൊസ് 6:10, പി.ഒ.സി. ബൈബിൾ) ചിലർ പണത്തോടു മോഹം വളർത്തിയെടുക്കുകയും സമ്പത്ത് വാരിക്കൂട്ടുന്നതിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തിരിക്കുന്നു. പണത്തിന് അടിമകളായിത്തീർന്ന ചിലർ ഗുരുതരമായ പ്രശ്നങ്ങളിൽ ചെന്നുചാടിയിരിക്കുന്നു. എന്നാൽ ശരിയായി കൈകാര്യം ചെയ്യുന്നപക്ഷം പണംകൊണ്ട് പല ഉപകാരങ്ങളുമുണ്ട്. “പണം ഒരുപാടു പ്രശ്നങ്ങൾ പരിഹരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു.—സഭാപ്രസംഗി 10:19, പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ് വേർഷൻ.
സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ധോപദേശം നൽകുന്ന ഒരു പുസ്തകമായി ബൈബിളിനെ കാണാനാകില്ലെങ്കിലും പണം ശരിയായി കൈകാര്യം ചെയ്യാൻ സഹായകമായ പ്രായോഗിക നിർദേശങ്ങൾ അതിലുണ്ട്. സാമ്പത്തിക ഉപദേഷ്ടാക്കൾ ശുപാർശ ചെയ്യുന്ന അഞ്ചു കാര്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. വളരെക്കാലം മുമ്പേതന്നെ ബൈബിളിൽ രേഖപ്പെടുത്തിയ തത്ത്വങ്ങൾക്കു ചേർച്ചയിലുള്ളവയാണ് ഈ നിർദേശങ്ങൾ.
മിച്ചംപിടിക്കുക. മിച്ചംപിടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുരാതനകാലത്തെ ഇസ്രായേല്യരെ പഠിപ്പിച്ചിരുന്നുവെന്ന് ബൈബിൾവിവരണം വ്യക്തമാക്കുന്നു. ദേശീയോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു മാത്രമായി വർഷംതോറും വരുമാനത്തിന്റെ പത്തിലൊന്ന് മാറ്റിവെക്കാൻ അവരോടു നിർദേശിച്ചിരുന്നു. (ആവർത്തനപുസ്തകം 14:22-27) സമാനമായി, അപ്പൊസ്തലനായ പൗലൊസ് വാരംതോറും കുറച്ചു പണം നീക്കിവെക്കാൻ ആദിമ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹവിശ്വാസികളെ സഹായിക്കുന്നതിന് സംഭാവന നൽകാൻ അങ്ങനെ അവർക്ക് കഴിയുമായിരുന്നു. (1 കൊരിന്ത്യർ 16:1, 2) മിക്ക സാമ്പത്തിക വിദഗ്ധരും സമ്പാദ്യശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. ശമ്പളം കിട്ടിയാലുടൻ ഒരു നിശ്ചിത തുക ബാങ്കിലോ മറ്റോ നിക്ഷേപിക്കുക. ‘ബാക്കിയെന്തും അതിനുശേഷം’ എന്നുവെക്കുക. പണം ചെലവാക്കിക്കളയാനുള്ള ഏതൊരു പ്രലോഭനത്തെയും ചെറുക്കാൻ അതു നിങ്ങളെ സഹായിക്കും.
ബഡ്ജറ്റുണ്ടാക്കുക. ചെലവു നിയന്ത്രിക്കാനുള്ള പ്രായോഗികമായ ഒരേയൊരു മാർഗം ഇതാണ്. ഒരു നല്ല ബഡ്ജറ്റ് ഉണ്ടെങ്കിൽ പണം എങ്ങോട്ടു പോകുന്നുവെന്ന് നിങ്ങൾക്ക് ഒരു രൂപമുണ്ടായിരിക്കും. ഉദ്ദേശിക്കുന്ന തുക മാറ്റിവെക്കാൻ അതു നിങ്ങളെ സഹായിക്കുകയും ചെയ്യും. വരുമാനത്തെക്കാൾ കൂടുതൽ ചെലവാക്കാതിരിക്കുക. ആഗ്രഹങ്ങളും ആവശ്യങ്ങളും വേർതിരിച്ചറിയുക. ഏതെങ്കിലുമൊരു സംരംഭത്തിലേക്ക് കാലെടുത്തുവെക്കുന്നതിനുമുമ്പ് ‘അതു പൂർത്തിയാക്കാൻവേണ്ട വക ഉണ്ടോ’ എന്നു നോക്കാൻ യേശു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു. (ലൂക്കൊസ് 14:28, പി.ഒ.സി.) അനാവശ്യ കടങ്ങൾ വരുത്തിവെക്കാതിരിക്കാൻ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—സദൃശവാക്യങ്ങൾ 22:7.
ആസൂത്രണം ചെയ്യുക. ഭാവിയിലേക്ക് എന്തൊക്കെയാണ് ആവശ്യമായിരിക്കുന്നതെന്ന് ചിന്തിക്കുക. ഉദാഹരണത്തിന് ഒരു വീടു വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ന്യായമായ പലിശയ്ക്ക് ലോണെടുക്കുന്നത് ഉചിതമായിരിക്കാം. സമാനമായി കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഏതെങ്കിലും ഇൻഷ്വറൻസ് പോളിസി എടുക്കാൻ ഒരു കുടുംബനാഥൻ തീരുമാനിച്ചേക്കാം. ഇതുകൂടാതെ റിട്ടയർഡ് ജീവിതത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്നതും ബുദ്ധിയായിരിക്കും. “ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമൃദ്ധി കൈവരുത്തുന്നു” എന്ന് ബൈബിൾ പറയുന്നു.—സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 21:5, പി.ഒ.സി.
പഠിക്കുക. ശാരീരികവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുകയും തൊഴിൽവൈദഗ്ധ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുക. ഇതു നിങ്ങൾക്ക് ഒരു നിക്ഷേപമായി ഉതകും. ജീവിതത്തിൽ എപ്പോഴും എന്തെങ്കിലുമൊക്കെ പഠിച്ചുകൊണ്ടിരിക്കുക. “ജ്ഞാനവും വകതിരിവും” നേടുന്നതിന് ബൈബിൾ വളരെയധികം പ്രാധാന്യം നൽകുന്നു. അവയിൽ തികഞ്ഞുവരാനും അത് പ്രോത്സാഹിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 3:21, 22; സഭാപ്രസംഗി 10:10.
സമനിലയുള്ളവരായിരിക്കുക. പണത്തിന് ജീവിതത്തിൽ അതിന്റേതായ സ്ഥാനമേ നൽകാവൂ. പണത്തെക്കാൾ ആളുകൾക്ക് പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ സന്തുഷ്ടരെന്ന് സർവേകൾ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ പണത്തോടുള്ള ആർത്തി ചിലരെ പിടികൂടിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണംകൊണ്ട് തൃപ്ത്തിപ്പെടാതെ അവർ സമ്പത്തു വർധിപ്പിക്കാൻ പാടുപെടുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം—ഇതിൽക്കൂടുതൽ ഒരു വ്യക്തിക്ക് എന്താണ് ആവശ്യം? “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് എത്ര ഉചിതമാണ്. (1 തിമൊഥെയൊസ് 6:8) ഉള്ളതുകൊണ്ടു തൃപ്തിപ്പെടാൻ പഠിക്കുന്നത് പണസ്നേഹവും അതു വരുത്തിവെക്കുന്ന പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും.
ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. അനുവദിക്കുന്നപക്ഷം പണം നിങ്ങളുടെ യജമാനനായിമാറും. എന്നാൽ ശരിയായി കൈകാര്യം ചെയ്യുന്നപക്ഷം പണം നിങ്ങൾക്ക് വളരെ പ്രയോജനം ചെയ്യും; ദൈവവുമായും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുപോലെ, ജീവിതത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ നിങ്ങളുടെ സമ്പത്ത് നിങ്ങൾക്ക് ഉപകരിക്കും. എന്നാൽ ഈ ലോകത്തിൽ പണസംബന്ധമായ എല്ലാ ഉത്കണ്ഠകളിൽനിന്നും പാടേ വിമുക്തരാകാൻ നമുക്കു കഴിയില്ല. എക്കാലവും പണം ഉത്കണ്ഠയ്ക്ക് ഇടയാക്കുമോ? ദാരിദ്ര്യത്തിന് അവസാനമുണ്ടാകുമോ? അടുത്ത ലേഖനം അതിന് ഉത്തരം നൽകും.
[5-ാം പേജിലെ ആകർഷക വാക്യം]
വരുമാനത്തെക്കാൾ കൂടുതൽ ചെലവാക്കാതിരിക്കുക
[5-ാം പേജിലെ ആകർഷക വാക്യം]
ആഗ്രഹങ്ങളും ആവശ്യങ്ങളും വേർതിരിച്ചറിയുക
[6-ാം പേജിലെ ആകർഷക വാക്യം]
ആഹാരം, വസ്ത്രം, പാർപ്പിടം—ഇതിൽക്കൂടുതൽ ഒരു വ്യക്തിക്ക് എന്താണ് ആവശ്യം?
[7-ാം പേജിലെ ചതുരം/ചിത്രം]
പണം കൈകാര്യം ചെയ്യാൻ മക്കളെ പഠിപ്പിക്കുക
പലരും ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതുകൊണ്ട് പണം എങ്ങനെ കൈകാര്യം ചെയ്യാമെന്നു മാതാപിതാക്കൾ നന്നേ ചെറുപ്പത്തിൽത്തന്നെ മക്കളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എവിടെനിന്നാണ് പണം കിട്ടുന്നത് എന്നു ചോദിച്ചാൽ, ‘ഡാഡിയിൽനിന്ന്’ അല്ലെങ്കിൽ ‘ബാങ്കിൽനിന്ന്’ എന്നായിരിക്കും പല കുട്ടികളുടെയും മറുപടി. ആവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ചറിയാനും പണം മിച്ചംവെക്കാനും നിക്ഷേപിക്കാനും മക്കളെ പഠിപ്പിക്കുക. അങ്ങനെ, പണത്തിന്റെ മൂല്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതിലൂടെ കടങ്ങളും സാമ്പത്തിക ബാധ്യതകളും വരുത്തിവെക്കുന്ന ഹൃദയവേദന ഒഴിവാക്കാൻ നിങ്ങൾക്കവരെ സഹായിക്കാനാകും. ചില മാർഗങ്ങൾ ഇതാ:
1. നല്ല മാതൃകവെക്കുക. നിങ്ങൾ പറയുന്ന കാര്യങ്ങളെക്കാൾ ചെയ്യുന്ന കാര്യങ്ങളായിരിക്കും സാധാരണഗതിയിൽ കുട്ടികൾ അനുകരിക്കുക.
2. പരിധി നിശ്ചയിക്കുക. നിങ്ങൾക്കും മക്കൾക്കും എത്ര പണം ചെലവഴിക്കാമെന്നതു സംബന്ധിച്ച് പരിധിവെക്കുക. അതിനപ്പുറം പോകാൻ കുട്ടികളെ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
3. പണം കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുക. ലഭിക്കുന്ന പോക്കറ്റ്മണിയോ ശമ്പളമോ എങ്ങനെ ചെലവഴിക്കണമെന്നതിനെക്കുറിച്ച് ചില നിർദേശങ്ങൾ നൽകുക. ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവരെ അനുവദിക്കുക.
4. പങ്കുവെക്കാൻ പഠിപ്പിക്കുക. ഉള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുക. കഴിവനുസരിച്ചുള്ള ഒരു തുക പതിവായി മാറ്റിവെച്ചുകൊണ്ട് ദൈവത്തെ ആദരിക്കാനും അവരെ പഠിപ്പിക്കുക.