വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചൂളമടി ഒരപൂർവ ആശയവിനിമയരീതി

ചൂളമടി ഒരപൂർവ ആശയവിനിമയരീതി

ചൂളമടി ഒരപൂർവ ആശയവിനിമയരീതി

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

▪ മെക്‌സിക്കോയിലെ വാഹാക്കായിലെ പർവതപ്രദേശത്തു വസിക്കുന്ന മാസാറ്റെക്ക്‌ ജനതയ്‌ക്ക്‌ ടെലിഫോണുകളോ സെൽഫോണുകളോ ഒന്നുമില്ല. എങ്കിലും, മലയോരങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ പണിയെടുക്കുമ്പോഴും മറ്റും രണ്ടോ അതിലധികമോ കിലോമീറ്റർ അകലെയുള്ളവരുമായി ആശയവിനിമയം ചെയ്യാൻ അവർക്കൊരു എളുപ്പമാർഗമുണ്ട്‌. എന്താണത്‌? ആശയങ്ങൾ ചൂളമടിയിലൂടെ കൈമാറുന്ന ഒരു രീതി പണ്ടുപണ്ടേ മാസാറ്റെക്കുകൾ ആവിഷ്‌കരിച്ചിരുന്നു. പെഡ്രോ എന്ന ഒരു മാസാറ്റെക്ക്‌ യുവാവ്‌ പറയുന്നു: “മാസാറ്റെക്കോ ഒരു താനഭാഷയാണ്‌. ചൂളമടിക്കുമ്പോൾ സംസാരഭാഷയുടെ സ്വരഭേദവും താളവും ഞങ്ങൾ അതേപടി പകർത്തുന്നു. വിരലുകളുടെ സഹായമില്ലാതെ ചുണ്ടുകൊണ്ടുമാത്രമാണ്‌ ഞങ്ങൾ ചൂളമടിക്കുന്നത്‌.” *

പെഡ്രോയുടെ സുഹൃത്തായ ഫിഡെൻസ്യോ ചൂളമടി വിശേഷങ്ങളിലേക്കു കടക്കുന്നു: “ദൂരെയുള്ളവരോട്‌ എന്തെങ്കിലും ചെറിയ സന്ദേശം കൈമാറാനുള്ളപ്പോഴാണ്‌ ഞങ്ങൾ ഈ രീതി ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന്‌, ഒരാൾ മകനെ റൊട്ടി വാങ്ങാൻ കടയിലേക്ക്‌ അയയ്‌ക്കുന്നു. പക്ഷേ, തക്കാളി വാങ്ങണമെന്നു പറയാൻ മറന്നുപോയി. കുട്ടി അകലെയാണെങ്കിൽ അയാൾക്ക്‌ ചൂളമടിയിലൂടെ നിർദേശം നൽകാനാകും.”

യഹോവയുടെ സാക്ഷികളും ഈ വിധത്തിൽ പരസ്‌പരം ആശയക്കൈമാറ്റം നടത്താറുണ്ട്‌. പെഡ്രോ വിശദീകരിക്കുന്നു: “ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രസംഗവേലയ്‌ക്കു പോകുമ്പോൾ അവിടെയുള്ള ഏതെങ്കിലുമൊരു സഹോദരനെ കൂടെക്കൂട്ടണമെന്നുണ്ടെങ്കിൽ അദ്ദേഹത്തെ എനിക്ക്‌ വീട്ടിൽച്ചെന്ന്‌ ക്ഷണിക്കേണ്ടതില്ല; ഒന്നു ചൂളമടിച്ചാൽ മതി.”

“ചൂളമടിക്കുന്നതിന്‌ ഓരോരുത്തർക്കും തനതായ രീതിയുണ്ട്‌. അതുകൊണ്ട്‌ ആരാണ്‌ ‘സംസാരിക്കുന്നത്‌’ എന്ന്‌ നമുക്കു തിരിച്ചറിയാനാകും,” പെഡ്രോ പറയുന്നു. “സാധാരണ ഞങ്ങളുടെ ഇടയിൽ ആണുങ്ങൾ മാത്രമേ ചുളമടിക്കാറുള്ളൂ. സ്‌ത്രീകൾക്കും ഈ ‘ഭാഷ’ അറിയാം; പക്ഷേ വീട്ടിലുള്ളവരോടു മാത്രമേ അവർ ഈ രീതിയിൽ സംസാരിക്കാറുള്ളൂ. സ്‌ത്രീകൾ അന്യപുരുഷന്മാരോട്‌ ചൂളമടിച്ചു സംസാരിക്കുന്നത്‌ അപമര്യാദയായിട്ടാണ്‌ കണക്കാക്കുന്നത്‌.”

മാസാറ്റെക്കുകൾ മാത്രമല്ല ഈ രീതിയിൽ ആശയവിനിമയം നടത്തുന്നത്‌. കാനറി ദ്വീപുകൾ, ചൈന, പാപ്പുവ ന്യൂ ഗിനി എന്നിവിടങ്ങളിലെ ചില ഗിരിവർഗക്കാരും വനവാസികളും ഇങ്ങനെ സംസാരിക്കാറുണ്ട്‌. 70-തിലധികം ചൂളമടി ഭാഷകളുണ്ടാകാമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇതിൽ 12 എണ്ണത്തെക്കുറിച്ചെങ്കിലും പഠിക്കാനായിട്ടുണ്ട്‌.

മനുഷ്യന്റെ സർഗാത്മകത വിസ്‌മയാവഹമാണ്‌. ഈ അപാര സിദ്ധിയും ആശയവിനിമയം നടത്താനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹവും കൂടിച്ചേരുമ്പോൾ വിനിമയോപാധികൾക്ക്‌ അതിരുകളില്ലെന്നു സാരം!

[അടിക്കുറിപ്പ്‌]

^ ഖ. 3 “ചൂളമടിയുടെ വേഗം, ധ്വനി, തീവ്രത എന്നിവയിൽ വ്യതിയാനം വരുത്തിക്കൊണ്ട്‌ ഒട്ടനവധി ആശയങ്ങൾ കൈമാറാൻ മാസാറ്റെക്കുകൾക്കു കഴിയും” എന്ന്‌ ഒരു പുസ്‌തകം പറയുന്നു.