പുതിയ ഒരു വിശ്വാസം സ്വീകരിക്കുന്നത് തെറ്റാണോ?
ബൈബിളിന്റെ വീക്ഷണം
പുതിയ ഒരു വിശ്വാസം സ്വീകരിക്കുന്നത് തെറ്റാണോ?
സിക്ക് മതവിശ്വാസിയായ അവതാർ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് അത് ഒട്ടും ഇഷ്ടമായില്ല. “ഞങ്ങളുടെ നാട്ടിൽ ആരെങ്കിലും മതംമാറിയാൽ സമൂഹത്തിൽ അവർ ഒറ്റപ്പെടും. ഞങ്ങളുടെ പേരുകൾക്കുപോലും മതവുമായി ബന്ധമുണ്ട്. മതം മാറുന്ന ഒരാൾ തന്നെ താനാക്കുന്ന സകലതിനെയും തള്ളിപ്പറയുന്നു, അയാൾ കുടുംബത്തെ നിന്ദിക്കുന്നു, എന്നൊക്കെയാണ് ആളുകളുടെ ധാരണ.”
അവതാർ ഇപ്പോൾ ഒരു യഹോവയുടെ സാക്ഷിയാണ്. അവർ മതം മാറിയത് തെറ്റാണോ? ഒരുപക്ഷേ അവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായമായിരിക്കാം നിങ്ങൾക്കും. കുടുംബത്തിന്റെ പാരമ്പര്യവും സംസ്കാരവുമായി നിങ്ങളുടെ മതത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ മതം മാറുന്നത് തെറ്റാണെന്നും നിങ്ങൾക്കു തോന്നുന്നുണ്ടാകും.
കുടുംബത്തോട് ആദരവുണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 23:22) എന്നാൽ അതിനെക്കാൾ പ്രധാനമാണ് നമ്മുടെ സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം അന്വേഷിച്ചു കണ്ടെത്തുന്നത്. (യെശയ്യാവു 55:6) ആ സത്യം അന്വേഷിച്ചു കണ്ടെത്താനാകുമോ? എത്ര ഗൗരവത്തോടെയാണ് നിങ്ങൾ അതിനെ കാണേണ്ടത്?
സത്യം അന്വേഷിക്കേണ്ടത് എന്തുകൊണ്ട്?
ലോകത്തിലെ മതങ്ങൾ പരസ്പരവിരുദ്ധമായ ആശയങ്ങളാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ മതോപദേശങ്ങളും സത്യമായിരിക്കാൻ വഴിയില്ല. മതഭക്തരായ പലരും ‘ദൈവത്തെ സംബന്ധിച്ചു തീക്ഷ്ണതയുള്ളവരാണ്.’ എന്നാൽ ആ തീക്ഷ്ണത “പരിജ്ഞാനപ്രകാരമുള്ളതല്ല.” (റോമർ 10:2) ദൈവം പക്ഷേ ആഗ്രഹിക്കുന്നത് “സകലതരം മനുഷ്യരും . . . സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണ”മെന്നാണ്. (1 തിമൊഥെയൊസ് 2:4) സത്യത്തിന്റെ പരിജ്ഞാനം എങ്ങനെ നേടാം?
ബൈബിൾ പരിശോധിക്കേണ്ടത് എന്തുകൊണ്ടാണെന്നു നോക്കാം. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്” എന്നും അവ ‘പഠിപ്പിക്കുന്നതിന് ഉപകരിക്കുന്നു’ എന്നും ബൈബിൾ എഴുത്തുകാരനായ പൗലോസ് രേഖപ്പെടുത്തി. (2 തിമൊഥെയൊസ് 3:16) ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്നതിനുള്ള തെളിവുകൾ സ്വയം പരിശോധിക്കുക. അതിൽ പ്രതിഫലിച്ചുകാണുന്ന ജ്ഞാനം അടുത്തുമനസ്സിലാക്കുക. അതിലെ ചരിത്രവിവരണങ്ങൾ എത്ര കൃത്യമാണെന്നു പരിശോധിച്ചറിയുക. അതിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ എത്ര കൃത്യതയോടെ നിറവേറിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
എല്ലാ മതങ്ങളും ദൈവത്തിലേക്കു നയിക്കുന്ന വിവിധ വഴികളാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. കേൾക്കുന്ന ഉപദേശങ്ങളെല്ലാം അപ്പാടെ വിശ്വസിക്കാതെ, “അവ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധനചെയ്യുവിൻ” എന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:1) ഉദാഹരണത്തിന് ദൈവത്തിൽനിന്നുള്ള ഉപദേശങ്ങൾ അവന്റെ വ്യക്തിത്വവുമായി, സ്നേഹം ഉൾപ്പെടെയുള്ള അവന്റെ ഗുണങ്ങളുമായി, ചേർന്നുപോകുന്നതായിരിക്കണം.—1 യോഹന്നാൻ 4:8.
നാം ദൈവത്തെ ‘കണ്ടെത്താൻ’ അവൻ ആഗ്രഹിക്കുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (പ്രവൃത്തികൾ 17:26, 27) നാം സത്യം അന്വേഷിച്ചുകണ്ടെത്താൻ നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നതിനാൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നാം പ്രവർത്തിക്കുന്നത് ഒരിക്കലും തെറ്റായിരിക്കില്ല, സ്വന്തം മതം ഉപേക്ഷിച്ച് പുതിയ ഒരു വിശ്വാസം സ്വീകരിക്കുകയാണെങ്കിൽപ്പോലും. എന്നാൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?
കുടുംബത്തോടുള്ള വിശ്വസ്തത
പുതിയ ഒരു മതവിശ്വാസം സ്വീകരിക്കുമ്പോൾ അതുവരെ പിൻപറ്റിയിരുന്ന ചില ആചാരങ്ങളും ആഘോഷങ്ങളും വേണ്ടെന്നുവെക്കാൻ ചിലർ തീരുമാനിച്ചേക്കാം. കുടുംബാംഗങ്ങൾക്ക് ഇതിൽ കടുത്ത എതിർപ്പുണ്ടായെന്നുവരാം. ഇത് പ്രതീക്ഷിക്കാവുന്ന ഒരു കാര്യമാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്. “മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കു”വാനാണ് താൻ വന്നതെന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 10:35) ബൈബിളുപദേശങ്ങൾ പിൻപറ്റുന്നത് കുടുംബത്തിൽ കലഹമുണ്ടാക്കുമെന്നാണോ യേശു ഉദ്ദേശിച്ചത്? അല്ല. കുടുംബത്തിൽ ആരെങ്കിലും മറ്റൊരു മതവിശ്വാസം സ്വീകരിക്കുകയും ബാക്കിയുള്ളവർ അതിനെ എതിർക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥ മുൻകൂട്ടി പറയുകയായിരുന്നു അവൻ.
കുടുംബകലഹം ഒഴിവാക്കാൻ എന്തു വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകണമെന്നാണോ? കുട്ടികൾ മാതാപിതാക്കളെ അനുസരിക്കണമെന്നും ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴ്പ്പെട്ടിരിക്കണമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (എഫെസ്യർ 5:22; 6:1) അതോടൊപ്പം ദൈവത്തെ സ്നേഹിക്കുന്നവർ ‘മനുഷ്യരെയല്ല, ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്’ എന്നും അത് പറയുന്നു. (പ്രവൃത്തികൾ 5:29) അതുകൊണ്ട് ദൈവത്തോട് വിശ്വസ്തത കാക്കാനായി, വീട്ടിലെ മറ്റുള്ളവർ ഇഷ്ടപ്പെടാനിടയില്ലാത്ത ഒരു തീരുമാനം ചിലപ്പോൾ നിങ്ങൾക്ക് എടുക്കേണ്ടിവന്നേക്കാം.
സത്യോപദേശങ്ങളും വ്യാജോപദേശങ്ങളും തമ്മിലുള്ള വ്യത്യാസം ബൈബിൾ വ്യക്തമായി കാണിച്ചുതരുന്നുണ്ടെങ്കിലും, അതിൽ ഏതു സ്വീകരിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം ഓരോ വ്യക്തിക്കും വിട്ടുകൊടുത്തിരിക്കുന്നു. (ആവർത്തനപുസ്തകം 30:19, 20) തനിക്കു സ്വീകാര്യമല്ലാത്ത ഒരു മതം ആചരിക്കാൻ ആരും ആരെയും നിർബന്ധിക്കരുത്. മറ്റൊരു മതം സ്വീകരിക്കുന്നതിന്റെ പേരിൽ കുടുംബബന്ധങ്ങൾ വിച്ഛേദിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാനും പാടില്ല. ബൈബിൾ പഠിക്കുന്നത് കുടുംബങ്ങൾ തകരുന്നതിനിടയാക്കുമോ? ഒരിക്കലുമില്ല. ഭാര്യയും ഭർത്താവും വ്യത്യസ്ത മതസ്ഥരാണെങ്കിൽപ്പോലും ഒരുമിച്ചു കഴിയാനാണ് ബൈബിൾ ആവശ്യപ്പെടുന്നത്.—1 കൊരിന്ത്യർ 7:12, 13.
ഭയത്തിന് അടിമപ്പെടരുത്
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നത് സമുദായത്തിന്റെ എതിർപ്പു ക്ഷണിച്ചുവരുത്തുമെന്ന് നിങ്ങൾ ഭയക്കുന്നുണ്ടാകാം. മറിയാമ്മ എന്ന സ്ത്രീ പറയുന്നു: “എനിക്കു നല്ലൊരു ഭർത്താവിനെ കിട്ടുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ പേടി. അതുകൊണ്ട് ഞാൻ ബൈബിൾ പഠിക്കുന്നതിനെ അവർ എതിർത്തു.” എന്നാൽ മറിയാമ്മ പിന്മാറിയില്ല. യഹോവയിൽ ആശ്രയിച്ച് അവർ ബൈബിൾ പഠനം തുടർന്നു. (സങ്കീർത്തനം 37:3, 4) നിങ്ങൾ ചെയ്യേണ്ടതും അതുതന്നെയാണ്. ബൈബിൾ പഠിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചോർത്ത് ഭയപ്പെടുന്നതിനുപകരം പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുക. ബൈബിളിന്റെ സന്ദേശം ഒരാളുടെ ജീവിതത്തിലും വ്യക്തിത്വത്തിലും പരിവർത്തനം വരുത്തും. കുടുംബാംഗങ്ങളെ ആത്മാർഥമായി സ്നേഹിക്കാൻ ആളുകൾ പഠിക്കും. വഴക്കാളിത്തം, അക്രമസ്വഭാവം, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ അവർ പ്രേരിതരാകും. (2 കൊരിന്ത്യർ 7:1) വിശ്വസ്തത, സത്യസന്ധത, അധ്വാനശീലം എന്നിങ്ങനെയുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും ബൈബിൾ സഹായിക്കും. (സദൃശവാക്യങ്ങൾ 31:10-31; എഫെസ്യർ 4:24, 28) ബൈബിൾ പഠിച്ചുകൊണ്ട് ഈ അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്കും കഴിയും.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
▪ നിങ്ങളുടെ മതവിശ്വാസങ്ങൾ വിലയിരുത്തേണ്ടത് എന്തുകൊണ്ട്?—സദൃശവാക്യങ്ങൾ 23:23; 1 തിമൊഥെയൊസ് 2:3, 4.
▪ നിങ്ങൾക്ക് എങ്ങനെ സത്യോപദേശങ്ങൾ കണ്ടെത്താം?—2 തിമൊഥെയൊസ് 3:16; 1 യോഹന്നാൻ 4:1.
▪ വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ബൈബിൾ പഠനം വേണ്ടെന്നുവെക്കാമോ?—പ്രവൃത്തികൾ 5:29.
[31 പേജിൽ ആകർഷക വാക്യം]
ബൈബിളിന്റെ സന്ദേശം ഒരാളുടെ ജീവിതത്തിലും വ്യക്തിത്വത്തിലും പരിവർത്തനം വരുത്തും
[31 പേജിൽ ചിത്രം
മറിയാമ്മയും ഭർത്താവും