വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ സങ്കടത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പുറത്തുകടക്കാം?

ഈ സങ്കടത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പുറത്തുകടക്കാം?

യുവജനങ്ങൾ ചോദിക്കുന്നു

ഈ സങ്കടത്തിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പുറത്തുകടക്കാം?

“അമ്മ മരിച്ചപ്പോൾ എനിക്ക്‌ വല്ലാത്ത ശൂന്യത തോന്നി. വീട്ടിൽ എല്ലാവരെയും ഒന്നിപ്പിച്ചുനിറുത്തിയിരുന്ന കണ്ണി അമ്മയായിരുന്നു.”—നിമ്മി.*

അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ മരണം. അതിലും വലിയൊരു വേദന വേറെ വരാനില്ലെന്നു പറയാം. അച്ഛനെ അല്ലെങ്കിൽ അമ്മയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒരുവശത്ത്‌. ‘ഇനിയങ്ങോട്ട്‌ എങ്ങനെ?’ എന്ന വേവലാതി മറുവശത്ത്‌.

പരീക്ഷ പാസാകുമ്പോൾ, കോളേജ്‌ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ, കല്യാണമാകുമ്പോൾ ഒക്കെ നിങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ അല്ലെങ്കിൽ അമ്മ അരികത്തുണ്ടായിരിക്കണമെന്ന്‌ നിങ്ങൾ ആശിച്ചിരിക്കാം. ആ സ്വപ്‌നങ്ങളാണ്‌ ഇപ്പോൾ തകർന്നുപോയത്‌. സങ്കടവും ദേഷ്യവും നിരാശയുമെല്ലാം നിങ്ങൾക്കു തോന്നിയേക്കാം. ഈ അവസ്ഥയുമായി നിങ്ങൾക്ക്‌ എങ്ങനെ പൊരുത്തപ്പെടാം?

‘ഞാൻ ഇപ്പോൾ സാധാരണ നിലയിലാണോ?’

അച്ഛന്റെയോ അമ്മയുടെയോ വേർപാട്‌ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വികാരങ്ങൾ നിങ്ങളിൽ ഉളവാക്കിയേക്കാം. ഹൃദയസ്‌തംഭനംമൂലം അച്ഛൻ മരിക്കുമ്പോൾ സുരേഷിന്‌ 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. “അച്ഛൻ മരിച്ച രാത്രിയിൽ പരസ്‌പരം കെട്ടിപ്പിടിച്ച്‌ കരയാനല്ലാതെ മറ്റൊന്നിനും ഞങ്ങൾക്കു കഴിഞ്ഞില്ല,” സുരേഷ്‌ ഓർക്കുന്നു. ക്രിസ്റ്റിയുടെ അച്ഛൻ അവൾക്ക്‌ പത്തുവയസ്സുള്ളപ്പോൾ കാൻസർ പിടിപെട്ട്‌ മരിച്ചു. “അപ്പോൾ എനിക്ക്‌ ഒരു വികാരവും തോന്നിയില്ല. ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ,” അവൾ പറയുന്നു.

പ്രിയപ്പെട്ടവരുടെ മരണം ഓരോരുത്തരെയും വ്യത്യസ്‌ത വിധത്തിലായിരിക്കും ബാധിക്കുന്നത്‌. ഓരോരുത്തർക്കും അവരവരുടേതായ വേദനയും പ്രയാസവും ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (2 ദിനവൃത്താന്തം 6:29) അച്ഛന്റെ/അമ്മയുടെ മരണം നിങ്ങളെ എങ്ങനെയാണ്‌ ബാധിച്ചിരിക്കുന്നത്‌ എന്ന്‌ ചിന്തിച്ചുനോക്കുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കാണാൻ പറ്റുമോയെന്നു നോക്കുക: (1) അച്ഛൻ/അമ്മ മരിച്ചുപോയി എന്ന്‌ അറിഞ്ഞ ഉടനെ ഉണ്ടായ വികാരം എന്താണ്‌? (2) ഇപ്പോഴുള്ള വികാരം എന്താണ്‌?#

(1) .....

(2) .....

ഒരുപക്ഷേ നിങ്ങളുടെ ഉത്തരം, നിങ്ങൾ പഴയ അവസ്ഥയിലേക്ക്‌ ഏതാണ്ട്‌ മടങ്ങിവന്നെന്ന്‌ സൂചിപ്പിക്കുന്നു എന്നിരിക്കട്ടെ. അത്‌ തികച്ചും സ്വാഭാവികമാണ്‌. എന്നാൽ നിങ്ങൾ അച്ഛനെ/അമ്മയെ മറന്നുപോയി എന്ന്‌ ഒരിക്കലും അതിന്‌ അർഥമില്ല. ഇനി ഒരുപക്ഷേ നിങ്ങളുടെ സങ്കടം ഒട്ടും കുറഞ്ഞിട്ടില്ലായിരിക്കാം. ചില സന്ദർഭങ്ങളിൽ അത്‌, ആർത്തിരമ്പിവന്ന്‌ തീരത്തലച്ച്‌ ചിതറിപ്പോകുന്ന തിരമാലപോലെ ആയിരിക്കാം. അതും സ്വാഭാവികമാണ്‌. മരണം സംഭവിച്ച്‌ വർഷങ്ങൾക്കുശേഷംപോലും അങ്ങനെ അനുഭവപ്പെട്ടേക്കാം. ശരി, നിങ്ങളുടെ ഈ ദുഃഖത്തെ മറികടക്കാൻ എന്തു ചെയ്യാനാകും?

പൊരുത്തപ്പെടാൻ എങ്ങനെ കഴിയും?

കരയാൻ തോന്നിയാൽ കരയാൻ മടിക്കേണ്ട! കരയുന്നത്‌ വേദന ശമിക്കാൻ നല്ലതാണ്‌. അലീഷയുടെ അമ്മ മരിക്കുന്നത്‌ അവൾക്ക്‌ 19 വയസ്സുള്ളപ്പോഴാണ്‌. “പൊട്ടിക്കരയുകയോ മറ്റോ ചെയ്‌താൽ എനിക്ക്‌ ദൈവത്തിൽ വിശ്വാസമില്ലെന്നു മറ്റുള്ളവർക്കു തോന്നുമോ എന്ന പേടിയായിരുന്നു എനിക്ക്‌,” അലീഷ പറയുന്നു. എന്നാൽ ചിന്തിക്കുക: യേശുക്രിസ്‌തു ഒരു പൂർണ മനുഷ്യനായിരുന്നു. അവന്‌ ദൈവത്തിൽ ശക്തമായ വിശ്വാസവും ഉണ്ടായിരുന്നു. എന്നിട്ടും കൂട്ടുകാരനായ ലാസർ മരിച്ചപ്പോൾ അവൻ “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:35) അതുകൊണ്ട്‌ കരയാൻ മടിക്കേണ്ട. നിങ്ങൾക്ക്‌ ദൈവത്തിൽ വിശ്വാസമില്ലെന്ന്‌ ആരും പറയില്ല. അലീഷ പറയുന്നു: “ഒടുവിൽ ഞാൻ കരഞ്ഞു, ദിവസവും കരഞ്ഞു, ഒരുപാടൊരുപാട്‌.” *

കുറ്റബോധം അകറ്റാൻ വേണ്ടതു ചെയ്യുക. മിനി പറയുന്നു: “എന്നും മമ്മിയുടെ മുറിയിൽ പോയി ‘ഗുഡ്‌നൈറ്റ്‌’ പറഞ്ഞ്‌ മമ്മിക്ക്‌ ഉമ്മയും കൊടുത്തിട്ടേ ഞാൻ ഉറങ്ങാറുള്ളൂ. പക്ഷേ ഒരു ദിവസം എനിക്ക്‌ അതിന്‌ സാധിച്ചില്ല. പിറ്റേന്ന്‌ രാവിലെ നോക്കുമ്പോൾ മമ്മി മരിച്ചുകിടക്കുന്നു. ആരും വിശ്വസിക്കില്ലെങ്കിലും, ഞാനാണ്‌ അതിന്‌ കാരണക്കാരി എന്ന്‌ എനിക്കു തോന്നി. ഡാഡിക്ക്‌ ബിസിനസ്സ്‌ ആവശ്യത്തിന്‌ ഒരു സ്ഥലംവരെ പോകണ്ടതുണ്ടായിരുന്നു. മമ്മിയെ ശരിക്കു നോക്കണമെന്ന്‌ എന്നോടും ചേച്ചിയോടും പ്രത്യേകിച്ചു പറഞ്ഞിട്ടാണ്‌ ഡാഡി പോയത്‌. അന്ന്‌ വളരെ വൈകിയാണ്‌ ഞങ്ങൾ ഉറങ്ങിയത്‌. പിറ്റേന്ന്‌ ചെന്നുനോക്കുമ്പോൾ മമ്മിക്ക്‌ അനക്കമില്ല. എന്റെ അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ഡാഡി പോകുമ്പോൾ മമ്മിക്ക്‌ യാതൊരു കുഴപ്പവുമില്ലായിരുന്നു.” അമ്മ മരിക്കുമ്പോൾ മിനിക്ക്‌ 13 വയസ്സ്‌.

ചെയ്യാതെപോയ കാര്യങ്ങളോർത്ത്‌ നിങ്ങളും മിനിയെപ്പോലെ ദുഃഖിക്കുന്നുണ്ടാകാം. “ഡോക്‌ടറെ കാണാൻ അച്ഛനോടൊന്നു പറഞ്ഞിരുന്നെങ്കിൽ!” “അമ്മയെ കുറച്ചുനേരം മുമ്പൊന്നു ചെന്നുനോക്കിയിരുന്നെങ്കിൽ!” ഇങ്ങനെയെല്ലാം ചിന്തിച്ച്‌ നിങ്ങളുടെ മനസ്സ്‌ നീറിപ്പുകഞ്ഞേക്കാം. പക്ഷേ ഒരു കാര്യം ഓർക്കുക: ചെയ്യാതെപോയ കാര്യത്തെക്കുറിച്ച്‌ ഓർത്തു ദുഃഖിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ നിങ്ങൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുമാത്രമാണ്‌ നിങ്ങൾ അതു ചെയ്യാതെപോയത്‌. അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ തീർച്ചയായും വേണ്ടതു ചെയ്യുമായിരുന്നു. അതുകൊണ്ട്‌ കുറ്റബോധം തോന്നേണ്ട യാതൊരു ആവശ്യവുമില്ല. അച്ഛന്റെ/അമ്മയുടെ മരണത്തിന്‌ ഉത്തരവാദി നിങ്ങളല്ല! *

മനസ്സിലുള്ളത്‌ തുറന്നുപറയുക. “നല്ല വാക്ക്‌ ഒരുവനെ സന്തുഷ്ടനാക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 12:25 പറയുന്നു. (പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) വികാരങ്ങൾ മനസ്സിലടക്കിവെക്കുന്നത്‌ ഒട്ടും ഗുണം ചെയ്യില്ല. മറിച്ച്‌, അത്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ള ആരോടെങ്കിലും തുറന്നുപറയുമ്പോൾ ആ വ്യക്തിയിൽനിന്ന്‌ ആശ്വാസത്തിന്റേതായ ‘നല്ല വാക്കുകൾ’ നിങ്ങൾക്കു കേൾക്കാനാകും. അതുകൊണ്ട്‌ പിൻവരുന്ന നിർദേശങ്ങളിൽ ചിലത്‌ പരീക്ഷിച്ചുനോക്കുക.

ജീവിച്ചിരിക്കുന്ന അച്ഛനോട്‌/അമ്മയോട്‌ ഉള്ളുതുറക്കുക. നിങ്ങളുടെ അച്ഛൻ/അമ്മ സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും നിങ്ങളെ സഹായിക്കാൻ അവർക്ക്‌ ആഗ്രഹമുണ്ട്‌. അതുകൊണ്ട്‌ മനസ്സിലുള്ളത്‌ തുറന്നുപറയുക. ദുഃഖം അൽപ്പമൊന്നു ശമിക്കാൻ അത്‌ സഹായിക്കും. മാത്രമല്ല, അതു നിങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും ചെയ്യും.

സംഭാഷണം തുടങ്ങാൻ: മരിച്ചുപോയ അച്ഛനെ/അമ്മയെ കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുന്ന രണ്ടോ മൂന്നോ കാര്യങ്ങൾ മനസ്സിൽപ്പിടിക്കുക. അതിൽ ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച്‌ ജീവിച്ചിരിക്കുന്ന അച്ഛനോട്‌/അമ്മയോട്‌ ചോദിച്ചറിയുക. *

.....

അടുത്ത കൂട്ടുകാരോട്‌ സംസാരിക്കുക. യഥാർഥ കൂട്ടുകാർ “ആപത്തിൽ പങ്കുചേരാൻ ജനിച്ച”വരാണ്‌. (സദൃശവാക്യങ്ങൾ [സുഭാഷിതങ്ങൾ] 17:17, പി.ഒ.സി. ബൈബിൾ) “ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മളെ സഹായിക്കുക. അതുകൊണ്ട്‌ മുൻവിധി വെച്ച്‌ ആരെയെങ്കിലും സമീപിക്കാൻ മടിക്കരുത്‌,” അലീഷ പറയുന്നു. എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ഒരു ആശയക്കുഴപ്പം നിങ്ങൾക്കും സുഹൃത്തിനും ഉണ്ടായേക്കാം. എന്നാൽ ഉള്ളിലെ വിഷമം മറ്റുള്ളവരുമായി പങ്കുവെക്കുന്നത്‌ തീർച്ചയായും ഗുണം ചെയ്യും. ഡേവിഡിന്റെ ഡാഡി മരിക്കുന്നത്‌ ഹാർട്ട്‌ അറ്റാക്ക്‌ മൂലമാണ്‌, അവന്‌ ഒമ്പതു വയസ്സുള്ളപ്പോൾ. “വിഷമമെല്ലാം ഞാൻ അടക്കിപ്പിടിച്ചു. ഞാൻ അത്‌ ആരോടെങ്കിലും പറയേണ്ടതായിരുന്നു എന്ന്‌ ഇപ്പോൾ തോന്നുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാൻ അത്‌ എന്നെ സഹായിച്ചേനേ.”

ദൈവത്തോടു സംസാരിക്കുക. “നിങ്ങളുടെ ഹൃദയം (യഹോവയാം ദൈവത്തിന്റെ) മുമ്പിൽ പകരു”മ്പോൾ ലഭിക്കുന്ന ആശ്വാസം വലുതായിരിക്കും. (സങ്കീർത്തനം 62:8) മനസ്സമാധാനം കിട്ടാനുള്ള ഒരു ചികിത്സയല്ല ഇത്‌; “നമ്മുടെ കഷ്ടതകളിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന” “സർവാശ്വാസത്തിന്റെയും ദൈവ”മായ യഹോവയോടുള്ള അപേക്ഷയാണ്‌.—2 കൊരിന്ത്യർ 1:3, 4.

പരിശുദ്ധാത്മാവിലൂടെ യഹോവ നമുക്ക്‌ ആശ്വാസം പകരുന്നു. മാനസിക വേദനയിൽനിന്ന്‌ പുറത്തുകടക്കാൻവേണ്ട “അസാമാന്യശക്തി” പരിശുദ്ധാത്മാവ്‌ നമുക്കു നൽകും. (2 കൊരിന്ത്യർ 4:7) “തിരുവെഴുത്തു”കളിലൂടെയും യഹോവ നമുക്ക്‌ ആശ്വാസമരുളും. (റോമർ 15:4) അതുകൊണ്ട്‌ ദൈവത്തോട്‌ അവന്റെ പരിശുദ്ധാത്മാവിനായി യാചിക്കുക. ദൈവത്തിന്റെ വചനമായ ബൈബിളിൽനിന്ന്‌ ആശ്വാസം നേടാൻ, സമയമെടുത്ത്‌ അത്‌ വായിക്കുക. (2 തെസ്സലോനിക്യർ 2:16, 17) ആശ്വാസം പകരുന്ന കുറെ ബൈബിൾ വാക്യങ്ങൾ എഴുതി സൂക്ഷിക്കാൻ നിങ്ങൾക്കു കഴിയുമോ? *

ദുഃഖം എന്നെങ്കിലും പൂർണമായി മാറുമോ?

പ്രിയപ്പെട്ടവരുടെ മരണം വരുത്തിവെക്കുന്ന ദുഃഖം ഒറ്റ ദിവസംകൊണ്ട്‌ മാഞ്ഞുപോകുന്ന ഒന്നല്ല. 16 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ബെറ്റി പറയുന്നു: “ഈ ദുഃഖത്തിൽനിന്നു പുറത്തുകടക്കുന്നത്‌ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. ചിലപ്പോഴൊക്കെ കരഞ്ഞുതളർന്നാണ്‌ ഞാൻ ഉറങ്ങിയിരുന്നത്‌. എന്നാൽ എപ്പോഴും മമ്മി പോയതോർത്ത്‌ ദുഃഖിച്ചുകൊണ്ടിരിക്കുന്നതിനുപകരം പറുദീസയിൽ എനിക്കും മമ്മിക്കും യഹോവ നൽകാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഞാൻ ശ്രമിക്കും.”

ആ പറുദീസയിൽ, “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല” എന്ന്‌ ബൈബിൾ ഉറപ്പുതരുന്നു. (വെളിപാട്‌ 21:3, 4) യഹോവയുടെ വാഗ്‌ദാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ നിങ്ങളുടെ അമ്മയെയോ അച്ഛനെയോ നഷ്ടപ്പെട്ടതിന്റെ വേദനയുമായി നിങ്ങൾക്കും പൊരുത്തപ്പെടാനാകും.

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 13 ഈ ലേഖനത്തിൽ പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 15 ഉത്തരം നൽകുന്നത്‌ തീർത്തും ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ പിന്നീട്‌ എപ്പോഴെങ്കിലും ശ്രമിച്ചുനോക്കിയാൽ മതിയാകും.

^ ഖ. 18 കരഞ്ഞാലേ സങ്കടം കാണിക്കാനാകൂ എന്നില്ല. പലരും പല രീതിയിലായിരിക്കും ദുഃഖത്തോടു പ്രതികരിക്കുന്നത്‌. പക്ഷേ ഒന്നോർക്കുക: കരച്ചിലടക്കാൻ പറ്റാതെ വരുമ്പോൾ കരയുന്നതാണ്‌ നല്ലത്‌.—സഭാപ്രസംഗി 3:4.

^ ഖ. 22 അങ്ങനെയുള്ള ചിന്തകൾ മനസ്സിൽനിന്നു മാറുന്നില്ലെങ്കിൽ മുതിർന്ന ആരോടെങ്കിലും അതു തുറന്നുപറയുക. കുറച്ചുകാലം കഴിയുമ്പോൾ സമചിത്തതയോടെ കാര്യങ്ങളെ കാണാൻ നിങ്ങൾക്കാകും.

മാതാപിതാക്കളിരുവരും ഇല്ലാത്ത സാഹചര്യമാണെങ്കിൽ മുതിർന്ന മറ്റൊരാളെ ആശ്രയിക്കാൻ കഴിയും.

പിൻവരുന്ന തിരുവെഴുത്തുകൾ ചിലർക്ക്‌ ആശ്വാസം നൽകിയിട്ടുണ്ട്‌: സങ്കീർത്തനം 34:18; 102:16; 147:3; യെശയ്യാവു 25:8; യോഹന്നാൻ 5:28, 29.

ചിന്തിക്കാൻ:

▪ ഈ ലേഖനത്തിലെ ഏതെല്ലാം നിർദേശങ്ങൾ നിങ്ങൾ ഉപയോഗപ്പെടുത്തും?

▪ ദുഃഖം താങ്ങാനാവാതെ വരുമ്പോൾ ആശ്വാസം നൽകുമെന്നു തോന്നുന്ന ചില തിരുവെഴുത്തുകൾ താഴെ എഴുതുക.

[11-ാം പേജിലെ ചതുരം]

കരയുന്നതിൽ ഒട്ടും തെറ്റില്ല . . . ഇവരും കരഞ്ഞിട്ടുണ്ട്‌!

അബ്രാഹാം—ഉല്‌പത്തി 23:2.

യോസേഫ്‌—ഉല്‌പത്തി 50:1.

ദാവീദ്‌—2 ശമൂവേൽ 1:11, 12; 18:33.

ലാസറിന്റെ സഹോദരി മറിയ—യോഹന്നാൻ 11:32, 33.

യേശു—യോഹന്നാൻ 11:35.

മഗ്‌ദലന മറിയ—യോഹന്നാൻ 20:11.

[11-ാം പേജിലെ ചതുരം/ചിത്രം]

വികാരങ്ങൾ എഴുതിവെക്കുക

നിങ്ങളെ വേർപിരിഞ്ഞ അച്ഛനെയോ അമ്മയെയോ കുറിച്ചുള്ള ഓർമകൾ എഴുതിവെക്കുന്നത്‌ ദുഃഖവുമായി പൊരുത്തപ്പെടാനുള്ള ഒരു നല്ല വഴിയാണ്‌. പിൻവരുന്നതുപോലുള്ള പല കാര്യങ്ങളും നിങ്ങൾക്ക്‌ എഴുതാൻ കഴിയും.

▪ അച്ഛന്റെ/അമ്മയുടെ ഒപ്പം പങ്കിട്ട സന്തോഷകരമായ നിമിഷങ്ങൾ.

▪ അച്ഛൻ/അമ്മ ജീവനോടുണ്ടായിരുന്നെങ്കിൽ നിങ്ങൾ പറയാനാഗ്രഹിക്കുന്ന ഒരു കാര്യം.

▪ അച്ഛന്റെ/അമ്മയുടെ വേർപാടിൽ കുറ്റബോധം തോന്നിക്കഴിയുന്ന അനുജനോ അനുജത്തിയോ നിങ്ങൾക്കുണ്ടെന്നു സങ്കൽപ്പിച്ചുകൊണ്ട്‌ അവരെ ആശ്വസിപ്പിക്കാനായി എന്തു പറയാൻ കഴിയുമെന്ന്‌ എഴുതുക. നിങ്ങളുടെ കുറ്റബോധം കുറയ്‌ക്കാൻ അതു സഹായിക്കും.

[13-ാം പേജിലെ ചതുരം]

ഇണയുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ. . .

ഇണയുടെ വേർപാട്‌ വേദനിപ്പിക്കുന്ന ഒരു അനുഭവമാണ്‌. എന്നാൽ ഓർക്കുക, നിങ്ങളുടെ കുട്ടിക്ക്‌ ഇപ്പോൾ വിശേഷിച്ചും നിങ്ങളുടെ സഹായം ആവശ്യമാണ്‌. നിങ്ങളുടെ മനസ്സ്‌ വിങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും സാഹചര്യവുമായി പൊരുത്തപ്പെടാൻ അവനെ നിങ്ങൾ സഹായിച്ചേ മതിയാകൂ. * എങ്ങനെ അതു ചെയ്യാം?

വികാരങ്ങൾ മറച്ചുവെക്കരുത്‌. നിങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ്‌ നിങ്ങളുടെ കുട്ടി ജീവിതത്തിലെ വിലയേറിയ പല പാഠങ്ങളും പഠിക്കുന്നത്‌. ഇപ്പോൾ ഈ ദുഃഖകരമായ സാഹചര്യവുമായി പൊരുത്തപ്പെടുന്ന കാര്യത്തിലും അത്‌ അങ്ങനെതന്നെയായിരിക്കും. അതുകൊണ്ട്‌ ഉള്ളിലെ ദുഃഖമെല്ലാം മറച്ചുപിടിച്ച്‌ കുട്ടിയുടെ മുമ്പിൽ അഭിനയിക്കാൻ ശ്രമിക്കരുത്‌. കുട്ടിയും നിങ്ങളെ അനുകരിക്കും. എന്നാൽ നിങ്ങളുടെ മനോവേദന നിങ്ങൾ പുറത്തു പ്രകടിപ്പിക്കുകയാണെങ്കിലോ? വികാരങ്ങൾ അടക്കിവെക്കുന്നതിനെക്കാൾ നല്ലത്‌ പുറത്തു പ്രകടിപ്പിക്കുന്നതാണെന്നും സങ്കടവും ദേഷ്യവുമൊക്കെ തോന്നുന്നത്‌ സ്വാഭാവികമാണെന്നും അവൻ പഠിക്കും.

തുറന്നുസംസാരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മനസ്സിലുള്ളത്‌ തുറന്നുപറയാൻ കുട്ടിയെ പ്രേരിപ്പിക്കണം. പക്ഷേ നിങ്ങൾ അതിനു നിർബന്ധിക്കുകയാണെന്ന്‌ അവനു തോന്നരുത്‌. മനസ്സു തുറക്കാൻ അവൻ മടിക്കുന്നെങ്കിൽ ഈ ലേഖനം അവനുമൊത്ത്‌ ചർച്ചചെയ്യുക. നഷ്ടപ്പെട്ട ഇണയെക്കുറിച്ചുള്ള നിങ്ങളുടെ നല്ല ഓർമകൾ അവനുമായി പങ്കുവെക്കാം. തുടർന്നുള്ള ജീവിതം നിങ്ങൾക്കെത്ര ബുദ്ധിമുട്ടായിരിക്കുമെന്ന വസ്‌തുത അംഗീകരിച്ചുകൊണ്ടു സംസാരിക്കുക. നിങ്ങൾ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കുന്നതു കാണുമ്പോൾ അങ്ങനെ ചെയ്യേണ്ടതിന്റെ പ്രാധാന്യം കുട്ടി മനസ്സിലാക്കും.

സ്വന്തം പരിമിതികൾ തിരിച്ചറിയുക. ദുഷ്‌കരമായ ഈ സാഹചര്യത്തിൽ, ഒരു കുറവും വരാതെ കുട്ടിയെ നോക്കണമെന്ന്‌ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടായിരിക്കും. പക്ഷേ ഒരു കാര്യം മറക്കരുത്‌. ഇണയുടെ വേർപാട്‌ നിങ്ങളിൽ കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ കുറച്ചുകാലത്തേക്ക്‌ വൈകാരികവും മാനസികവും ശാരീരികവുമായി നിങ്ങൾ ഏതാണ്ട്‌ തളർന്ന അവസ്ഥയിലായിരിക്കും. (സദൃശവാക്യങ്ങൾ 24:10) സഹായത്തിനായി കുടുംബത്തിലെ മറ്റ്‌ അംഗങ്ങളെയോ പക്വമതികളായ സുഹൃത്തുക്കളെയോ നിങ്ങൾ ആശ്രയിക്കേണ്ടതുണ്ടായിരിക്കാം. സഹായം ചോദിക്കുന്നത്‌ പക്വതയുടെ ലക്ഷണമാണ്‌. “താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌” എന്ന്‌ സദൃശവാക്യങ്ങൾ 11:2 പറയുന്നു.

എന്നാൽ യഹോവയാം ദൈവത്തെപ്പോലെ നിങ്ങളെ സഹായിക്കാൻ കഴിയുന്ന മറ്റാരുമില്ല. ദൈവം തന്റെ ആരാധകർക്ക്‌ ഈ ഉറപ്പ്‌ നൽകുന്നു: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”—യെശയ്യാവു 41:13.

[അടിക്കുറിപ്പ്‌]

^ ഖ. 53 പുല്ലിംഗത്തിലാണ്‌ കുട്ടിയെ പരാമർശിച്ചിരിക്കുന്നതെങ്കിലും പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.

[11-ാം പേജിലെ ചിത്രം]

ദുഃഖം ചിലപ്പോൾ, ആർത്തിരമ്പിവന്ന്‌ തീരത്തലച്ച്‌ ചിതറിപ്പോകുന്ന തിരമാലപോലെ ആയിരിക്കാം