വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം പിശാചിനെ നിഗ്രഹിക്കാത്തത്‌ എന്തുകൊണ്ട്‌?

ദൈവം പിശാചിനെ നിഗ്രഹിക്കാത്തത്‌ എന്തുകൊണ്ട്‌?

ബൈബിളിന്റെ വീക്ഷണം

ദൈവം പിശാചിനെ നിഗ്രഹിക്കാത്തത്‌ എന്തുകൊണ്ട്‌?

ഒരാളുടെ കഷ്ടപ്പാടു തീർക്കാൻ കഴിവുണ്ടെങ്കിൽ നിങ്ങൾ അതു ചെയ്യാതിരിക്കുമോ? പ്രകൃതി വിപത്തുകൾ ഉണ്ടാകുമ്പോൾ, തങ്ങൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവരെ ഒരുകൈ സഹായിക്കാൻ ദുരിതാശ്വാസ പ്രവർത്തകർ ഓടിച്ചെല്ലുന്നത്‌ അതിന്റെ തെളിവല്ലേ? അതുകൊണ്ടുതന്നെ, ‘മനുഷ്യർ അനുഭവിക്കുന്ന ഇക്കണ്ട കഷ്ടപ്പാടുകൾക്ക്‌ കാരണക്കാരനായ പിശാചിനെ നിഗ്രഹിക്കാൻ ദൈവം ഇനിയും വൈകുന്നതെന്ത്‌?’ എന്നു ചിലർ ചോദിച്ചുപോയാൽ അത്ഭുതപ്പെടാനില്ല.

ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ഒരു ഉദാഹരണം ചിന്തിക്കാം. കൊലപാതകിയായ ഒരാളെ ഒരു രാജസഭയിൽ ഹാജരാക്കിയിരിക്കുകയാണ്‌. ശിക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോൾ അയാൾ ഒരു തന്ത്രം കണ്ടുപിടിക്കുന്നു. രാജാവ്‌ ധർമിഷ്‌ഠനല്ലാത്തതുകൊണ്ട്‌ രാജവിധി നീതിയായിരിക്കില്ലെന്ന്‌ അയാൾ ആരോപിക്കുന്നു. തനിക്കെതിരെ നിൽക്കുന്ന സാക്ഷികളെ രാജാവ്‌ വിലയ്‌ക്കെടുത്തതാണെന്നുവരെ അയാൾ പറയുന്നു. ദേശത്തിന്റെ പരമാധികാരിയായ രാജാവിനു വേണമെങ്കിൽ തന്റെ അധികാരംവെച്ച്‌ ഈ കുറ്റവാളിയെ തത്‌ക്ഷണം ശിക്ഷിക്കാം. പക്ഷേ ജനത്തിന്റെ ന്യായപാലകൻകൂടെയായ അദ്ദേഹം അങ്ങനെ ചെയ്യുന്നില്ല. പകരം, കുറ്റവാളിക്ക്‌ തന്റെ ഭാഗം തെളിയിക്കേണ്ടതിന്‌ സമയം അനുവദിച്ചുകൊടുക്കാൻ രാജാവ്‌ തീരുമാനിക്കുന്നു.

നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത്‌ ന്യായപാലനത്തിൽ താമസം വരുത്തുമെന്ന്‌ രാജാവിന്‌ നന്നായി അറിയാം. എത്രയും പെട്ടെന്ന്‌ കേസിന്‌ തീർപ്പുകൽപ്പിക്കാനാണ്‌ അദ്ദേഹത്തിനു താത്‌പര്യവും. എങ്കിലും ഭാവിയിൽ ഇതുപോലൊരു സാഹചര്യം ഉയർന്നുവരുന്നപക്ഷം ഇനിയൊരു വിചാരണ ആവശ്യമില്ലാത്തവിധം ഈ കേസ്‌ ഒരു അടിസ്ഥാനമായി വർത്തിക്കണം. അതിന്‌ ഇരുകൂട്ടർക്കും തങ്ങളുടെ ഭാഗം തെളിയിക്കാൻ സമയം അനുവദിക്കപ്പെടണം.

“മഹാസർപ്പം,” “പാമ്പ്‌,” “സാത്താൻ” എന്നൊക്കെ അറിയപ്പെടുന്ന പിശാച്‌ “സർവ്വഭൂമിക്കുംമീതെ അത്യുന്ന”തനായ യഹോവയെ വെല്ലുവിളിച്ചതുമായി ഈ ദൃഷ്ടാന്തം എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌? (വെളിപാട്‌ 12:9; സങ്കീർത്തനം 83:18) പിശാച്‌ വാസ്‌തവത്തിൽ ആരാണ്‌? യഹോവയാം ദൈവത്തിനെതിരെ എന്ത്‌ ആരോപണങ്ങളാണ്‌ അവൻ ഉന്നയിച്ചിരിക്കുന്നത്‌? ദൈവം അവനെ ഇല്ലായ്‌മ ചെയ്യുന്നത്‌ എന്നായിരിക്കും?

എക്കാലത്തേക്കുമായി . . .

ഒരു ദൈവദൂതനാണ്‌ പിന്നീട്‌ പിശാച്‌ ആയിത്തീർന്നത്‌; മുമ്പ്‌ അവൻ പൂർണതയുള്ള ഒരു ആത്മരൂപിയായിരുന്നു. (ഇയ്യോബ്‌ 1:6, 7) മനുഷ്യരുടെ ആരാധന തനിക്കു ലഭിക്കണമെന്ന ദുരാഗ്രഹം മുഴുത്ത്‌ അവൻ സ്വയം പിശാച്‌ ആയിത്തീരുകയായിരുന്നു. അങ്ങനെ അവൻ ഭരിക്കാനുള്ള ദൈവത്തിന്റെ അധികാരത്തെ ചോദ്യംചെയ്‌തു. ദൈവത്തെ അനുസരിക്കേണ്ട ആവശ്യമില്ലെന്ന്‌ അവൻ വരുത്തിത്തീർത്തു. ദൈവത്തിൽനിന്ന്‌ അനുഗ്രഹങ്ങൾ ലഭിച്ചാൽ മാത്രമേ മനുഷ്യർ ദൈവത്തെ സേവിക്കൂ എന്നതായിരുന്നു മറ്റൊരു ആരോപണം. ക്ലേശങ്ങൾ ഉണ്ടായാൽ ഏതു മനുഷ്യനും സ്രഷ്ടാവിനെ തള്ളിപ്പറയും എന്ന്‌ സാത്താൻ അവകാശപ്പെട്ടു.—ഇയ്യോബ്‌ 1:8-11; 2:4, 5.

സാത്താന്റെ ആരോപണങ്ങൾക്ക്‌ ശക്തിപ്രയോഗത്തിലൂടെ മറുപടികൊടുക്കുന്നത്‌ ഉചിതമല്ലായിരുന്നു. കാരണം, സാത്താനെ ഏദെൻ തോട്ടത്തിൽവെച്ചുതന്നെ നശിപ്പിച്ചുകളഞ്ഞാൽ അവന്റെ വാദം ശരിയായിരുന്നു എന്നു ചിന്തിക്കാൻ അത്‌ ചിലരെയെങ്കിലും പ്രേരിപ്പിക്കുമായിരുന്നു. അതുകൊണ്ട്‌ സർവാധികാരിയായ ദൈവം നിരീക്ഷകരായ സകലരുടെയും മുമ്പാകെ ഈ വിവാദത്തിന്‌ തീർപ്പുകൽപ്പിക്കാനുള്ള നീതിന്യായ നടപടികൾ ആരംഭിച്ചു.

തന്റെ തികവുറ്റ നീതിപ്രമാണങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ, സാത്താനെ ഉടനടി നശിപ്പിക്കേണ്ടതില്ലെന്ന്‌ യഹോവ തീരുമാനിച്ചു. അതുവഴി, ഇരുപക്ഷവും തങ്ങളുടെ ഭാഗം തെളിയിക്കാൻവേണ്ട സാക്ഷികളെ ഹാജരാക്കേണ്ടതുണ്ട്‌ എന്നു സൂചിപ്പിക്കുകയായിരുന്നു യഹോവ. സമയം അനുവദിക്കപ്പെട്ടതുകൊണ്ട്‌ തങ്ങൾ ദൈവത്തിന്റെ പക്ഷത്താണെന്നുള്ളതിന്‌ ജീവിതംകൊണ്ട്‌ തെളിവുനൽകാൻ ആദാമിന്റെ പിൻഗാമികൾക്ക്‌ അവസരം ലഭിച്ചു. അതെ, ദൈവത്തിൽനിന്ന്‌ അനുഗ്രഹങ്ങൾ ലഭിക്കുന്നതുകൊണ്ടല്ല, അവനോടുള്ള സ്‌നേഹംകൊണ്ടാണ്‌ അവനെ സേവിക്കുന്നതെന്നും എന്തു ദുരിതങ്ങൾ ഉണ്ടായാലും തങ്ങൾ ദൈവത്തോടു പറ്റിനിൽക്കുമെന്നും തെളിയിക്കാൻ മനുഷ്യർക്ക്‌ വേണ്ടുവോളം സമയം ലഭിച്ചിരിക്കുന്നു.

ഇനി എത്ര കാലം?

ഈ ‘കേസ്‌’ വിചാരണയിലിരിക്കുന്ന കാലത്തുടനീളം മനുഷ്യർക്ക്‌ പലവിധ കഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്ന്‌ യഹോവയാം ദൈവത്തിന്‌ അറിയാം. എന്നാൽ ഇതിന്‌ ഒരു തീർപ്പുകൽപ്പിക്കാൻ യഹോവ നിശ്ചയിച്ചിരിക്കുന്നു, എത്രയും പെട്ടെന്നുതന്നെ. കാരണം, ‘മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവും’ ആയവൻ എന്നാണ്‌ ബൈബിൾ അവനെ വിശേഷിപ്പിക്കുന്നത്‌. (2 കൊരിന്ത്യർ 1:3) അതുകൊണ്ട്‌, താൻ നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ ഒരു നിമിഷംപോലും കൂടുതൽ ജീവിക്കാൻ അവൻ പിശാചിനെ അനുവദിക്കില്ല. അതുപോലെതന്നെ അവൻ വരുത്തിവെച്ചിരിക്കുന്ന സകല ദോഷങ്ങളും ഇല്ലായ്‌മചെയ്യാനും ദൈവം തീരുമാനിച്ചിരിക്കുന്നു. അതേസമയം അഖിലാണ്ഡത്തിലെ വിവാദത്തിന്‌ ഒരു തീർപ്പുകൽപ്പിക്കുന്നതിനുമുമ്പ്‌, ദൈവം സാത്താനെ നിഗ്രഹിക്കുകയുമില്ല.

ഈ കേസിന്‌ തീർപ്പുകൽപ്പിക്കപ്പെടുമ്പോൾ ഭരിക്കാനുള്ള യഹോവയുടെ അവകാശം എന്നേക്കുമായി സംസ്ഥാപിക്കപ്പെടും. സാത്താന്‌ എതിരെയുള്ള ഈ നടപടി നിത്യതയിലുടനീളം ഒരു മാനദണ്ഡമായി വർത്തിക്കും. ഭാവിയിൽ ആരെങ്കിലും തനിക്കെതിരെ ഇങ്ങനെയൊരു വെല്ലുവിളി ഉയർത്തിയാൽ അതു തെളിയിക്കാൻ ദൈവത്തിന്‌ വീണ്ടും ഇതുപോലെ സമയം അനുവദിക്കേണ്ടിവരില്ല.

തക്കസമയത്ത്‌, സാത്താനെ അവന്റെ പ്രവൃത്തികളോടൊപ്പം നീക്കം ചെയ്യാൻ ദൈവം തന്റെ പുത്രന്‌ നിർദേശം നൽകും. അതിനുശേഷം എന്തു സംഭവിക്കുമെന്ന്‌ ബൈബിൾ പറയുന്നു: “അവൻ എല്ലാ വാഴ്‌ചയും അധികാരവും ശക്തിയും നീക്കിക്കളഞ്ഞശേഷം രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും. ദൈവം സകല ശത്രുക്കളെയും അവന്റെ കാൽക്കീഴാക്കുവോളം അവൻ രാജാവായി വാഴേണ്ടതാകുന്നുവല്ലോ. അവസാന ശത്രുവായിട്ട്‌ മരണവും നീക്കം ചെയ്യപ്പെടും.”—1 കൊരിന്ത്യർ 15:24-26.

ഭൂമി മുഴുവൻ ഒരു പറുദീസയാകുമെന്ന്‌ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. ആദിയിൽ ദൈവം ഉദ്ദേശിച്ചതുപോലെ സകല മനുഷ്യരും സമാധാനത്തിൽ ഒരുമിച്ചു വസിക്കും. അതേക്കുറിച്ച്‌ ബൈബിൾ പറയുന്നതിങ്ങനെ: “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” അതെ, “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:11, 29.

ദൈവത്തിന്റെ ദാസന്മാർക്ക്‌ ബൈബിൾ മറ്റൊരു വാഗ്‌ദാനവും നൽകുന്നു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവൻ അവരോടൊത്തു വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപാട്‌ 21:3, 4. (g10-E 12)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● സാത്താൻ ദൈവത്തിനും മനുഷ്യർക്കും എതിരെ എന്ത്‌ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു? —ഇയ്യോബ്‌ 1:8-11.

● തക്കസമയത്ത്‌ ദൈവം സാത്താനെ നീക്കം ചെയ്യും എന്നതിന്‌ ദൈവത്തിന്റെ ഏതു ഗുണങ്ങൾ തെളിവു നൽകുന്നു?—2 കൊരിന്ത്യർ 1:3.

● ബൈബിൾ നൽകുന്ന പ്രത്യാശ എന്ത്‌? —വെളിപാട്‌ 21:3, 4.

[30-ാം പേജിലെ ചിത്രം]

ഒരു കേസിന്‌ എന്നേക്കുമായി തീർപ്പു കൽപ്പിക്കണമെങ്കിൽ തങ്ങളുടെ ഭാഗം തെളിയിക്കാൻ ഇരുകൂട്ടർക്കും സമയം അനുവദിക്കണം