ഞാൻ ഒറ്റപ്പെട്ടുപോകുന്നത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ ഒറ്റപ്പെട്ടുപോകുന്നത് എന്തുകൊണ്ട്?
“എനിക്ക് 21 വയസ്സുണ്ട്. ഇവിടെ എന്റെ പ്രായത്തിലുള്ളവർ തീരെക്കുറവാണ്. അധികവും കുട്ടികളാണ്. പിന്നെയുള്ളത് വിവാഹം കഴിച്ചവരും. കുട്ടികൾക്ക് പരീക്ഷയുടെ ടെൻഷൻ. മറ്റുള്ളവർക്ക് വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ടെൻഷൻ. ഈ പറഞ്ഞ രണ്ടും എന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നെപ്പോലുള്ള, എനിക്ക് കമ്പനികൂടാൻ പറ്റിയ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ”—കാർമെൻ. a
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? നിങ്ങൾക്കും ഉണ്ടാകും അങ്ങനെയൊരു ആഗ്രഹം. ആളുകൾ നമ്മളെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുമ്പോൾ വേദന തോന്നുന്നത് അതുകൊണ്ടാണ്. പതിനഞ്ചുകാരി മൈക്കലയുടെ വാക്കുകളിൽ പറഞ്ഞാൽ, “ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പില്ലെന്ന മട്ടിൽ” എല്ലാവരും പെരുമാറുന്നതുപോലെ നമുക്കു തോന്നിയേക്കാം.
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ സഹക്രിസ്ത്യാനികളുടെ ഒരു വലിയ സമൂഹമുണ്ട് നിങ്ങൾക്കു കൂട്ടിന്. (1 പത്രോസ് 2:17) എന്നിരുന്നാലും ഒറ്റപ്പെട്ടതായി ചിലപ്പോഴെങ്കിലും നിങ്ങൾക്കു തോന്നും. “ക്രിസ്തീയ യോഗങ്ങൾക്കുശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന് ഞാൻ കരയുമായിരുന്നു. മറ്റുള്ളവരുമായി കൂട്ടാകാൻ ഞാൻ ആവതും ശ്രമിച്ചുനോക്കി. പക്ഷേ, സാധിക്കാതെ വന്നപ്പോൾ വല്ലാത്ത നിരാശതോന്നി എനിക്ക്.” 20 വയസ്സുള്ള ഹെലന.
ആളുകളുമായി ഇണങ്ങിച്ചേരാൻ പറ്റുന്നില്ലെന്നു തോന്നിയാൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അത് അറിയാൻ രണ്ടുകാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. (1) ഏതു ഗ്രൂപ്പിൽപ്പെടാനാണ് എനിക്കു ബുദ്ധിമുട്ടു തോന്നുന്നത്? (2) അവരുടെ കൂടെയായിരിക്കുമ്പോൾ സാധാരണ ഞാൻ എന്താണ് ചെയ്യുക?
ഏതു ഗ്രൂപ്പിൽപ്പെടാനാണോ ബുദ്ധിമുട്ടു തോന്നുന്നത് അതിനുനേരെ ✔ ഇടുക.
1. പ്രായം
❑ ഇളയവർ ❑ സമപ്രായക്കാർ ❑ മുതിർന്നവർ
2. കഴിവുകൾ
❑ സ്പോർട്സിൽ തിളങ്ങുന്നവർ ❑ കലാവാസനയുള്ളവർ ❑ ബുദ്ധിസാമർഥ്യമുള്ളവർ
3. വ്യക്തിത്വം
❑ ആത്മവിശ്വാസമുള്ളവർ ❑ എല്ലാവരാലുംഅറിയപ്പെടുന്നവർ ❑ ഗ്രൂപ്പുണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർ
ആ ഗ്രൂപ്പിലായിരിക്കുമ്പോൾ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനുനേരെ ✔ ഇടുക.
❑ ഞാനും അവരെപ്പോലെയാണെന്നു നടിക്കും.
❑ അവരുടെ താത്പര്യങ്ങൾ ശ്രദ്ധിക്കാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി സംസാരിക്കും.
❑ മിണ്ടാതിരിക്കും, അവിടെനിന്ന് രക്ഷപ്പെടാനുള്ള വഴി നോക്കും.
പ്രശ്നം മനസ്സിലായ സ്ഥിതിക്ക് ഇനി അതു പരിഹരിക്കാനുള്ള വഴി നോക്കാം. എന്നാൽ അതിനുമുമ്പ് ഒരു കാര്യം: നല്ല സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിന് പ്രതിബന്ധമായി നിൽക്കുന്ന ചില ഘടകങ്ങളുണ്ട്. അവ തിരിച്ചറിഞ്ഞ് ഒഴിവാക്കണം.
പ്രതിബന്ധം 1: സ്വയം ഒറ്റപ്പെടൽ
വെല്ലുവിളി: നിങ്ങളുടേതിൽനിന്നു വ്യത്യസ്തമായ താത്പര്യങ്ങളും കഴിവുകളും ഉള്ളവരുടെ കൂട്ടത്തിൽ ആയിരിക്കുമ്പോൾ ഒറ്റതിരിഞ്ഞുനിൽക്കാനുള്ള ഒരു പ്രവണത ഉണ്ടായേക്കാം, പ്രത്യേകിച്ച് നിങ്ങളൊരു നാണംകുണുങ്ങിയാണെങ്കിൽ. “എന്തെങ്കിലും സംസാരിക്കാൻ എനിക്കു ഭയമാണ്. വല്ല അബദ്ധവും പറഞ്ഞുപോയാലോ എന്നാണെന്റെ ചിന്ത.” 18-കാരി അനീറ്റ.
ബൈബിൾ പറയുന്നത്: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുന്നത് പ്രശ്നം വഷളാക്കുകയേയുള്ളൂ. അങ്ങനെ ചെയ്യുമ്പോഴുള്ള അപകടം ഇതാണ്: സ്വയം ഒറ്റപ്പെടുത്തുമ്പോൾ, ‘എനിക്ക് മറ്റുള്ളവരുമായി ഇണങ്ങിച്ചേരാനാവില്ല’ എന്ന ചിന്ത ഒന്നുകൂടെ ശക്തമാകും, അപ്പോൾ നിങ്ങൾ വീണ്ടും ഒറ്റപ്പെടും. ഫലമോ? മറ്റുള്ളവരുമായി ഇണങ്ങിച്ചേരാനാവില്ലെന്ന ചിന്ത വീണ്ടും പിടിമുറുക്കുകയായി. ക്രിയാത്മകമായ എന്തെങ്കിലും നടപടികൾ സ്വീകരിച്ചാലേ ഈ കുരുക്കിൽനിന്ന് പുറത്തുവരാനാകൂ.
“ആളുകൾക്ക് നമ്മുടെ മനസ്സുവായിക്കാനുള്ള കഴിവില്ല. നമുക്ക് എന്താണ് വേണ്ടതെന്ന് മറ്റുള്ളവരോടു പറയുന്നില്ലെങ്കിൽ അവർ അത് എങ്ങനെ മനസ്സിലാക്കും? നമ്മൾ നമ്മളിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ ശ്രമിച്ചാൽ സുഹൃത്തുക്കളെ സമ്പാദിക്കാനാവില്ല. അതിന് ശ്രമം ചെയ്യണം. മറ്റുള്ളവർ നമ്മളെ തേടി വരും എന്നു വിചാരിക്കുന്നതിൽ അർഥമില്ല. സൗഹൃദം എന്നു പറയുന്നത് ഒരു ‘വൺവേ ട്രാഫിക്ക്’ അല്ല.”—മെലിൻഡ, 19.
പ്രതിബന്ധം 2: സൗഹൃദം സ്ഥാപിക്കാനുള്ള വ്യഗ്രത
വെല്ലുവിളി: സൗഹൃദം സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ മോശമായ കൂട്ടുകെട്ടിൽപ്പെട്ടുപോകുന്ന ചിലരുണ്ട്. ആരുമില്ലാത്തതിനെക്കാൾ നല്ലതല്ലേ ആരെങ്കിലും ഉള്ളത് എന്നാണ് അവർ ചിന്തിക്കുന്നത്. “സ്കൂളിൽ വളരെ ഫെയ്മസായ ഒരു ഗ്യാങ്ങുണ്ട്. ആ ഗ്യാങ്ങിൽപ്പെടാത്തതിൽ ആദ്യമൊക്കെ എനിക്ക് വലിയ സങ്കടമായിരുന്നു. അവരുടെ കൂട്ടത്തിൽ കൂടാൻ എന്തു കുരുത്തക്കേടു ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു.” 15-കാരി റെനെ.
ബൈബിൾ പറയുന്നത്: “ഭോഷന്മാരെ സുഹൃത്തുക്കളാക്കിയാൽ നിങ്ങൾ കുഴപ്പങ്ങളിൽ ചെന്നുപെടും.” (സദൃശവാക്യങ്ങൾ 13:20, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) ഇവിടെ ഭോഷന്മാർ എന്നു പറയുന്നത് ആരെയാണ്? ബുദ്ധിയില്ലാത്തവരെയാണോ? അല്ല. സ്കൂളിലെ സമർഥരായ കുട്ടികൾ ആയിരിക്കാം അവർ. പക്ഷേ അവർ ബൈബിൾ നിലവാരങ്ങളെ മാനിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ ഭോഷന്മാർ അഥവാ വിഡ്ഢികളാണ്! അവരിൽ ഒരാളാകാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ വ്യക്തിത്വം പണയം വെക്കുന്നെങ്കിൽ അത് ദോഷമേ ചെയ്യൂ.—1 കൊരിന്ത്യർ 15:33.
“ആരുമായും കൂട്ടുകൂടാം എന്നു വിചാരിക്കുന്നത് ബുദ്ധിയല്ല. ഒരു സൗഹൃദം സമ്പാദിക്കാൻ സ്വന്തം വ്യക്തിത്വം പണയം വെക്കേണ്ട അവസ്ഥയാണെങ്കിൽ,
അങ്ങനെയൊരു കൂട്ടുകെട്ടിൽ പെടാതിരിക്കുന്നതാണ് നല്ലത്. നമ്മെ ആത്മാർഥമായി സ്നേഹിക്കുകയും ഒരാവശ്യം വരുമ്പോൾ ഒപ്പം നിൽക്കുകയും ചെയ്യുന്ന കൂട്ടുകാരാണ് യഥാർഥ കൂട്ടുകാർ.”—പൗള, 21.മുൻകൈയെടുക്കുക
മറ്റുള്ളവർ നിങ്ങളുടെ അടുക്കൽ വന്ന് അവരുടെ സുഹൃദ്വലയത്തിലേക്ക് നിങ്ങളെ ക്ഷണിക്കുമെന്ന് വിചാരിക്കരുത്. “മറ്റുള്ളവർ നമ്മുടെ അടുത്തുവന്ന് സൗഹൃദം സ്ഥാപിക്കാൻ കാത്തുനിൽക്കാതെ നമ്മൾ അങ്ങോട്ടുചെന്ന് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ ശ്രമിക്കണം.” 21-കാരൻ ജീൻ. അതിനു സഹായിക്കുന്ന രണ്ട് നിർദേശങ്ങളിതാ:
നിങ്ങളുടെ പ്രായക്കാരല്ലാത്തവരെ സുഹൃത്തുക്കളാക്കുക. ബൈബിളിലെ യോനാഥാനും ദാവീദും തമ്മിൽ ഏതാണ്ട് 30 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു! b എന്നിട്ടും അവർ ഉറ്റ സുഹൃത്തുക്കളായി മാറി. (1 ശമൂവേൽ 18:1) ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യുവപ്രായക്കാർക്ക് വേണമെങ്കിൽ മുതിർന്നവരുമായും ചങ്ങാത്തത്തിലാകാം. ചിന്തിക്കുക: ഒരേ പ്രായക്കാരുമായി മാത്രം കൂട്ടുകൂടാൻ ശ്രമിച്ചിട്ട് ‘എനിക്കു കൂട്ടുകാരെയൊന്നും കിട്ടുന്നില്ല’ എന്നു പരാതിപ്പെടുന്നത് ശരിയാണോ? നാലുപാടും മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന ഒരു ദ്വീപിൽ, ഭക്ഷിക്കാൻ ഒന്നുമില്ലെന്നു പരാതിപ്പെട്ട് ഒരാൾ പട്ടിണി കിടന്ന് മരിക്കുന്നതുപോലെ ആയിരിക്കില്ലേ അത്? കൂട്ടുകൂടാൻ പറ്റിയ ധാരാളം ആളുകൾ നിങ്ങൾക്കു ചുറ്റുമുണ്ട് എന്നതാണ് വസ്തുത. ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ പ്രായക്കാരല്ലാത്തവർക്കിടയിൽ സുഹൃത്തുക്കളെ അന്വേഷിക്കുക.
“സഭയിലുള്ള മുതിർന്നവരോടു സംസാരിക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. ‘നീ വിചാരിക്കുന്നതിനെക്കാൾ നല്ല കൂട്ടുകാരായിരിക്കും അവർ’ എന്ന് അമ്മ പറയുമായിരുന്നു. എത്ര ശരിയാണത്! ഇപ്പോൾ എനിക്ക് കുറെ നല്ല സുഹൃത്തുക്കളുണ്ട്.”—ഹെലന, 20.
സംഭാഷണചാതുര്യം വളർത്തിയെടുക്കുക. ഇത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും നിങ്ങൾ ലജ്ജാലുവാണെങ്കിൽ. പക്ഷേ നിങ്ങൾക്ക് അതിനു കഴിയും, മൂന്നുകാര്യങ്ങൾ ചെയ്താൽ: (1) ശ്രദ്ധിച്ചുകേൾക്കുക, (2) ചോദ്യങ്ങൾ ചോദിക്കുക, (3) ആത്മാർഥ താത്പര്യമെടുക്കുക.
“എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാതെ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഞാൻ ശ്രമിക്കും. ഇനി, സംസാരിക്കുകയാണെങ്കിൽത്തന്നെ എന്നെക്കുറിച്ച് ഞാൻ ഒന്നും പറയാറില്ല. മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി സംസാരിക്കാതിരിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.”—സെറീന, 18.
“എനിക്ക് അറിയാത്ത ഒരു വിഷയത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ഞാൻ ചോദിച്ചറിയും. അത് എന്നോടു കൂടുതൽ സംസാരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കും.”—ജാരെദ്, 21.
ഒരുപക്ഷേ, അധികം സംസാരിക്കാത്ത പ്രകൃതമായിരിക്കാം നിങ്ങളുടേത്. അത് ഒരു കുഴപ്പമല്ല. നിങ്ങൾ സംസാരപ്രിയനായിത്തീരേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ മറ്റുള്ളവരുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചുനോക്കുക. നിങ്ങൾ വിജയം കാണും! ലിയ എന്നുപേരുള്ള ഒരു പെൺകുട്ടി പറയുന്നു: “ഞാൻ ശരിക്കുമൊരു നാണംകുണുങ്ങിയാണ്. അതുകൊണ്ടുതന്നെ മുൻകൈയെടുത്ത് ആളുകളോടു സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ സൗഹൃദം കാണിച്ചാലല്ലേ നമുക്ക് കൂട്ടുകാരെ കിട്ടൂ. അതുകൊണ്ട് ഇപ്പോൾ ഞാൻ സംസാരിക്കാൻ തുടങ്ങി.” (g11-E 04)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a പേരുകൾ മാറ്റിയിട്ടുണ്ട്.
b യോനാഥാനുമായി സൗഹൃദത്തിലാകുമ്പോൾ ദാവീദ് സാധ്യതയനുസരിച്ച് കൗമാരത്തിലായിരുന്നു.
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്
“ഓരോ തവണ യോഗത്തിനു ചെല്ലുമ്പോഴും മുമ്പ് ഞാൻ അത്രയൊന്നും സംസാരിച്ചിട്ടില്ലാത്ത ആരോടെങ്കിലും സംസാരിക്കാൻ ശ്രമിക്കും. ഒരു സൗഹൃദം തുടങ്ങാൻ ഒന്നു ‘ഹലോ’ പറഞ്ഞാൽ മതിയെന്ന് ഞാൻ മനസ്സിലാക്കി.”[1]
“‘മറ്റുള്ളവർക്ക് എന്നെ ഇഷ്ടമല്ല, അതുകൊണ്ട് എനിക്കു കൂട്ടുകാരെ കണ്ടെത്താൻ പറ്റുന്നില്ല’ എന്നു പറഞ്ഞ് വെറുതെയിരിക്കാൻ ആർക്കും പറ്റും. ഞാൻ അങ്ങനെയായിരുന്നു. പക്ഷേ ശ്രമംചെയ്താലേ കൂട്ടൂകാരെ കിട്ടൂ. ആ ശ്രമങ്ങൾ ഒരിക്കലും വെറുതെയാവില്ല. പല ഗുണവിശേഷങ്ങളും വളർത്തിയെടുക്കാൻ അത് സഹായിക്കും.”[2]
“മുതിർന്നവരുടെ സംഭാഷണത്തിൽ പങ്കുചേരാൻ പതുക്കെപ്പതുക്കെ ഞാൻ പഠിച്ചു. ആദ്യമൊക്കെ ഒരുതരം ചമ്മലായിരുന്നു. പക്ഷേ അതുകൊണ്ട് പ്രയോജനമുണ്ടായി. ചെറുപ്പത്തിൽത്തന്നെ നല്ല സുഹൃത്തുക്കളെ നേടാൻ എനിക്കു കഴിഞ്ഞു, എനിക്ക് എന്ത് ആവശ്യമുണ്ടായാലും ഓടിയെത്തുന്ന കുറെ കൂട്ടുകാരെ.”[3]
[ചിത്രങ്ങൾ]
ലോറെൻ
റെയോൺ
കരീസ
[22-ാം പേജിലെ ചിത്രം]
മാതാപിതാക്കളോടു ചോദിച്ചറിയുക
എന്റെ പ്രായത്തിൽ അച്ഛന്/അമ്മയ്ക്ക് കൂട്ടുകാരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ? ഏതു പ്രായക്കാരുമായി ചങ്ങാത്തത്തിലാകാനാണ് ഏറ്റവും ബുദ്ധിമുട്ടു തോന്നിയിട്ടുള്ളത്? ആ പ്രശ്നം എങ്ങനെയാണ് പരിഹരിച്ചത്?
․․․․․
[22-ാം പേജിലെ രേഖാചിത്രം]
ഏകാന്തതയുടെ കുരുക്ക്
ഞാൻ ഒറ്റപ്പെട്ടതായി തോന്നും. അപ്പോൾ. . .
. . . ആർക്കും എന്നെ വേണ്ടെന്നു തോന്നും. അപ്പോൾ. . .
. . . ഞാൻ എന്നിലേക്ക് ഒതുങ്ങിക്കൂടും. അപ്പോൾ. . .