ദൈവം സർവവ്യാപിയാണോ?
ബൈബിളിന്റെ വീക്ഷണം
ദൈവം സർവവ്യാപിയാണോ?
ദൈവം സർവവ്യാപിയാണെന്നും എല്ലാറ്റിലും എല്ലായ്പോഴും അവന്റെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ ഒരു പ്രാർഥന ശ്രദ്ധിക്കുക. അതിൽ, ‘അങ്ങു വസിക്കുന്ന സ്വർഗത്തിൽനിന്ന് ശ്രവിക്കേണമേ’ എന്ന് അവൻ യഹോവയാം ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. (1 രാജാക്കന്മാർ 8:30, 39) അതെ, ദൈവത്തിന് ഒരു വാസസ്ഥാനമുണ്ട് എന്ന് ബൈബിൾ വ്യക്തമാക്കുന്നു. ശലോമോൻ അതിനെ സ്വർഗം എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
ദൈവത്തിന്റെ വാസസ്ഥാനമായി ബൈബിൾ പരാമർശിക്കുന്ന സ്വർഗം ഭൂമിക്കു ചുറ്റുമുള്ള ഭൗതികമണ്ഡലത്തിലെ (ആകാശം) ഏതെങ്കിലുമൊരു പ്രത്യേക സ്ഥാനത്തെ അല്ല കുറിക്കുന്നത്. (ഉല്പത്തി 2:1, 4) ഭൗതിക പ്രപഞ്ചം ഉൾപ്പെടെ സകലവും സൃഷ്ടിച്ചത് ദൈവമാണല്ലോ. അതുകൊണ്ട് ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പേ ദൈവം ഉണ്ടായിരുന്നു, അവന്റെ വാസസ്ഥാനവും ഉണ്ടായിരുന്നു. ആ സ്ഥിതിക്ക്, ഭൗതികമണ്ഡലത്തിന് അതീതമായ മറ്റൊരു മണ്ഡലത്തിലാണ് ദൈവം വസിക്കുന്നതെന്നു വ്യക്തം. അതെ, സ്വർഗം എന്നു പറയുമ്പോൾ ബൈബിൾ ഉദ്ദേശിക്കുന്നത് ഭൗതിക ആകാശത്തിലുള്ള ഒരിടമല്ല മറിച്ച് ഒരു ആത്മമണ്ഡലമാണ്.
ഭയാദരവുണർത്തുന്ന ഒരു ദൃശ്യം
യഹോവയുടെ വാസസ്ഥലത്തെക്കുറിച്ച് അത്ഭുതം ജനിപ്പിക്കുന്ന ഒരു വിവരണം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദർശനത്തിൽ, അപ്പൊസ്തലനായ യോഹന്നാൻ യഹോവയുടെ വാസസ്ഥാനത്തിന്റെ ചില വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാനിടയായി. സ്വർഗത്തിൽ ഒരു തുറന്ന വാതിൽ അവൻ കണ്ടു; “ഇവിടെ കയറിവരുക” എന്നു പറയുന്ന ഒരു ശബ്ദവും അവൻ കേട്ടു.—വെളിപാട് 4:1.
തുടർന്ന്, യോഹന്നാൻ ആ ദർശനത്തിൽ യഹോവയാം ദൈവത്തെത്തന്നെ കണ്ടു. വിവരണം പറയുന്നത് ഇങ്ങനെ: “അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ കാഴ്ചയ്ക്ക് സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ. സിംഹാസനത്തിനു ചുറ്റും മരതകത്തോടു സദൃശമായ ഒരു മഴവില്ല്. . . . സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കവും പുറപ്പെടുന്നു; . . . സിംഹാസനത്തിനുമുമ്പിൽ പളുങ്കിനൊത്ത ഒരു കണ്ണാടിക്കടൽ.”—വെളിപാട് 4:2-6.
യഹോവയുടെ മഹനീയ സാന്നിധ്യത്തിന്റെ എത്ര പ്രൗഢോജ്ജ്വലമായ ദൃശ്യം! യഹോവയുടെ സിംഹാസനത്തിനു ചുറ്റുമുള്ള മഴവില്ല് സ്വച്ഛതയുടെയും പ്രശാന്തതയുടെയും അടയാളമാണ്. മിന്നൽപ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കവും യഹോവയുടെ മഹാശക്തിയുടെ പ്രതീകങ്ങളാണ്. പളുങ്കുകടൽ യഹോവയുടെ സന്നിധിയിൽ നിൽക്കുന്നവരുടെ വിശുദ്ധിയെ പ്രതിനിധാനം ചെയ്യുന്നു.
ഈ ദൃശ്യം പ്രതീകാത്മകമായ ഒന്നാണെങ്കിലും യഹോവയുടെ വാസസ്ഥാനത്തെക്കുറിച്ച് അത് നമ്മെ പലതും പഠിപ്പിക്കുന്നു. തികഞ്ഞ ചിട്ടയും ക്രമബദ്ധതയും നാം അവിടെ കാണുന്നു. അവിടെ യാതൊരു ക്രമരാഹിത്യവുമില്ല.
എപ്പോഴും എല്ലായിടത്തും അവനുണ്ടോ?
നാം കണ്ടുകഴിഞ്ഞതുപോലെ, യഹോവയ്ക്ക് ഒരു വാസസ്ഥാനമുണ്ട്. എപ്പോഴും എല്ലായിടത്തും അവന്റെ സാന്നിധ്യം ഇല്ല എന്ന വസ്തുതയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അപ്പോൾപ്പിന്നെ പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളും അവന് അറിയാൻ കഴിയുന്നത് എങ്ങനെ? (2 ദിനവൃത്താന്തം 6:39) തന്റെ പരിശുദ്ധാത്മാവിനെ (ദൈവത്തിന്റെ കർമോദ്യുക്ത ശക്തി) അവൻ അതിനായി ഉപയോഗിക്കുന്നുണ്ട്. സങ്കീർത്തനക്കാരൻ എഴുതി: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.”—സങ്കീർത്തനം 139:7-10.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രപഞ്ചത്തിലെങ്ങും വ്യാപരിക്കുന്നു. ഇതു മനസ്സിലാക്കാൻ സൂര്യന്റെ കാര്യംതന്നെയെടുക്കാം. ആകാശത്ത് ഒരു നിശ്ചിത സ്ഥാനത്താണ് സൂര്യൻ സ്ഥിതിചെയ്യുന്നതെങ്കിലും അതിൽനിന്നു പ്രസരിക്കുന്ന ഊർജം ഭൂമിയിലെമ്പാടും ലഭ്യമാണ്. അതുപോലെ യഹോവയ്ക്കും ഒരു നിശ്ചിത വാസസ്ഥാനമുണ്ട്. അവിടെയിരുന്നുകൊണ്ടുതന്നെ പ്രപഞ്ചത്തിലെവിടെയും തന്റെ ഹിതം നടപ്പാക്കാൻ അവനു കഴിയും. മാത്രമല്ല എപ്പോൾ, എവിടെ, എന്തു നടന്നാലും തന്റെ പരിശുദ്ധാത്മാവിനാൽ അത് 2 ദിനവൃത്താന്തം 16:9-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”
മനസ്സിലാക്കാനും യഹോവയ്ക്കാകും. അതുകൊണ്ടാണ്ദൈവദൂതന്മാർ എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ആത്മരൂപികളുടെ ഒരു മഹാസൈന്യവും യഹോവയ്ക്കുണ്ട്. അവരുടെ എണ്ണം ദശകോടികളോ ഒരുപക്ഷേ ശതകോടികളോ അതിൽ കൂടുതലോ ആയിരിക്കാം എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. a (ദാനീയേൽ 7:10) ഈ ദൂതന്മാർ ദൈവത്തിന്റെ പ്രതിനിധികളായി ഭൂമിയിൽ വന്ന് മനുഷ്യരോട് സംസാരിക്കുകയും തിരിച്ച് ദൈവസന്നിധിയിൽ ചെന്ന് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തതിനെ സംബന്ധിച്ച നിരവധി വിവരണങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, അബ്രാഹാമിന്റെ കാലത്ത് സൊദോം, ഗൊമോറ പട്ടണങ്ങളെക്കുറിച്ചുള്ള പരാതി ദൈവസന്നിധിയിൽ എത്തിയപ്പോൾ രണ്ടു ദൂതന്മാർ അത് അന്വേഷിക്കാനായി ഭൂമിയിൽ വരുകയുണ്ടായി. തെളിവനുസരിച്ച്, അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ നഗരങ്ങളെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചത്.—ഉല്പത്തി 18:20, 21, 33; 19:1, 13.
കാര്യങ്ങൾ അറിയാനും പ്രവർത്തിക്കാനും യഹോവ അക്ഷരാർഥത്തിൽ എല്ലായിടത്തും സന്നിഹിതനാകേണ്ടതില്ല എന്ന് മേൽപ്പറഞ്ഞ വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നു. പരിശുദ്ധാത്മാവിലൂടെയും ദൂതന്മാരിലൂടെയും തന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ചുള്ള സകല വിവരങ്ങളും അറിയാൻ യഹോവയ്ക്ക് സാധിക്കും.
സ്രഷ്ടാവിനെ അടുത്തറിയാൻ ബൈബിളിനു നമ്മെ സഹായിക്കാനാകും. യഹോവ സ്വർഗത്തിലാണ് വസിക്കുന്നതെന്നും അവിടെ അവനോടൊപ്പം കോടാനുകോടി ആത്മരൂപികൾ ഉണ്ടെന്നും ആ വിശുദ്ധഗ്രന്ഥം നമ്മോടു പറയുന്നു. പ്രശാന്തത പരിലസിക്കുന്ന, അവന്റെ മഹാശക്തി പ്രതിഫലിക്കുന്ന, പരിശുദ്ധമായ ഒരിടമാണ് അതെന്നും ബൈബിൾ നമുക്കു കാണിച്ചുതരുന്നു. യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്ത്, സ്വർഗത്തിലെ ശാന്തിയും സമാധാനവും ഭൂമിയിലേക്കും വ്യാപിക്കുമെന്ന് ദൈവവചനമായ ബൈബിൾ ഉറപ്പുനൽകുന്നു.—മത്തായി 6:10. (g11-E 04)
[അടിക്കുറിപ്പ്]
a സിംഹാസനത്തിനു ചുറ്റുമായി “പതിനായിരം പതിനായിരം” (ദശകോടി) ദൂതന്മാർ നിൽക്കുന്നതായി വെളിപാട് 5:11-ൽ പറഞ്ഞിരിക്കുന്നു. എന്നാൽ മൂലഗ്രീക്കിൽ, “പതിനായിരങ്ങൾ പതിനായിരങ്ങൾ” എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. സ്വർഗത്തിൽ ശതകോടിക്കണക്കിനു ദൂതന്മാർ ഉണ്ടായിരിക്കാം എന്ന് ഇതു കാണിക്കുന്നു.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● ദൈവം സർവവ്യാപിയാണോ?—1 രാജാക്കന്മാർ 8:30, 39.
● ദൈവത്തിന്റെ പരിശുദ്ധാത്മാവിന് എന്തിനുള്ള കഴിവുണ്ട്?—സങ്കീർത്തനം 139:7-10.
[27-ാം പേജിലെ ആകർഷകവാക്യം]
ആകാശത്ത് ഒരു നിശ്ചിത സ്ഥാനത്താണ് സൂര്യൻ നിൽക്കുന്നതെങ്കിലും അതിൽനിന്നു പ്രസരിക്കുന്ന ഊർജം ഭൂമിയിലെമ്പാടും ലഭ്യമാണ്. യഹോവയ്ക്കും ഒരു നിശ്ചിത വാസസ്ഥാനമുണ്ട്. അവനിൽനിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവിന് പ്രപഞ്ചത്തിലെവിടെയും കടന്നുചെല്ലാനാകും