വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനീതിയുടെ വ്യത്യസ്‌ത മുഖങ്ങൾ

അനീതിയുടെ വ്യത്യസ്‌ത മുഖങ്ങൾ

അനീതിയുടെ വ്യത്യസ്‌ത മുഖങ്ങൾ

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌ ബൈബിളിൽ ഇങ്ങനെ പറഞ്ഞിരുന്നു: “അന്ത്യകാലത്ത്‌ വിശേഷാൽ ദുഷ്‌കരമായ സമയങ്ങൾ വരും എന്നറിഞ്ഞുകൊള്ളുക. മനുഷ്യർ സ്വസ്‌നേഹികളും ധനമോഹികളും . . . നന്ദികെട്ടവരും അവിശ്വസ്‌തരും സഹജസ്‌നേഹമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും . . . നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും.” ഇന്നത്തെ ആളുകളുടെ സ്വഭാവവിശേഷതകളാണ്‌ ഇവയെല്ലാം. എത്രയോ സത്യമാണ്‌ ഈ വാക്കുകൾ!​—⁠2 തിമൊഥെയൊസ്‌ 3:​1-4.

ഈ ദുർഗുണങ്ങൾ നമ്മുടെ കാലത്ത്‌ വ്യാപകമാണെന്ന്‌ സമ്മതിക്കാത്തവർ വിരളമായിരിക്കും. അത്യാഗ്രഹത്തിന്റെയും മുൻവിധിയുടെയും സാമൂഹ്യവിരുദ്ധമായ പെരുമാറ്റത്തിന്റെയും അഴിമതിയുടെയും സാമ്പത്തിക അസമത്വത്തിന്റെയും രൂപത്തിലാണ്‌ ഇവയെല്ലാം പ്രകടമായിക്കൊണ്ടിരിക്കുന്നത്‌. ഓരോന്നും നമുക്ക്‌ ഇപ്പോൾ നോക്കാം:

അത്യാഗ്രഹം. “കുറച്ചൊക്കെ അത്യാഗ്രഹം വേണം,” “അത്യാഗ്രഹം നല്ലതാണ്‌” എന്നൊക്കെ പറയാറുണ്ട്‌. പക്ഷേ അതെല്ലാം വെറും നുണയാണ്‌. അത്യാഗ്രഹം ദോഷം മാത്രമേ സമ്മാനിക്കൂ. ഉദാഹരണത്തിന്‌, പണം പിടുങ്ങാനും തട്ടിപ്പു നിക്ഷേപപദ്ധതികളിൽ ഏർപ്പെടാനും ഉത്തരവാദിത്വമില്ലാതെ പണം കടംവാങ്ങാനും കൊടുക്കാനും ഒക്കെ പ്രേരണയേകുന്നത്‌ അത്യാഗ്രഹമാണ്‌. അതുമൂലം പലർക്കും സാമ്പത്തിക തിരിച്ചടികൾപോലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടിവന്നിരിക്കുന്നു. അത്യാഗ്രഹികളാണ്‌ ചിലപ്പോഴൊക്കെ കെടുതികൾ അനുഭവിക്കുന്നത്‌ എന്നത്‌ ശരിയാണ്‌. പക്ഷേ, കഠിനാധ്വാനികളായ നിരപരാധികളും ദുരന്തഫലങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌ എന്നതാണ്‌ വസ്‌തുത; ചിലർക്ക്‌ കിടപ്പാടം പോയിരിക്കുന്നു, പെൻഷൻ നഷ്ടമായിരിക്കുന്നു.

മുൻവിധി. മുൻവിധിയുള്ളവർ മറ്റുള്ളവരോട്‌ അനീതി കാട്ടുകയും വംശത്തിന്റെയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ സാമൂഹികനിലയുടെയോ മതത്തിന്റെയോ പേരിൽ അവരെ വേർതിരിച്ചു നിറുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌, ദരിദ്രയും താഴ്‌ന്ന ജാതിയിൽപ്പെട്ടവളും ആയിരുന്നതിനാൽ, ഗർഭിണിയായ ഒരു യുവതി ഒരു തെക്കെ അമേരിക്കൻ രാജ്യത്ത്‌ വേണ്ട ചികിത്സ ലഭിക്കാതെ മരണമടഞ്ഞതായി ഐക്യരാഷ്‌ട്ര സംഘടനയുടെ സമിതി കണ്ടെത്തി. എന്തിന്‌, മുൻവിധിമൂലം പൈശാചികമായ വർഗീയ കൂട്ടക്കൊലയും വംശഹത്യയും ഉണ്ടാകുന്നു.

സാമൂഹ്യവിരുദ്ധമായ പെരുമാറ്റം. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്‌തകത്തിന്റെ സംക്ഷിപ്‌തവിവരണത്തിൽ പറയുന്നത്‌ ഇങ്ങനെയാണ്‌: “സാമൂഹ്യവിരുദ്ധമായ പെരുമാറ്റംമൂലം ഓരോ വർഷവും പതിനായിരക്കണക്കിന്‌ കുടുംബങ്ങളാണ്‌ പിച്ചിച്ചീന്തപ്പെടുന്നത്‌, ലക്ഷക്കണക്കിന്‌ ജീവിതങ്ങളാണ്‌ തകരുന്നത്‌, കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തികളാണ്‌ നശിക്കുന്നത്‌. ഇന്നത്തെ സമൂഹത്തിൽ അക്രമവും നശീകരണ പ്രവണതയും ഇത്രയേറെ പെരുകിയിരിക്കുന്നതിനാൽ ഭാവി ചരിത്രകാരന്മാർ 20-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തെ ‘ബഹിരാകാശയുഗ’മെന്നോ ‘വിവരസാങ്കേതികയുഗ’മെന്നോ വിശേഷിപ്പിക്കാതെ ‘സാമൂഹ്യവിരുദ്ധരുടെ യുഗ’മെന്ന്‌—സമൂഹം സമൂഹത്തോട്‌ പടവെട്ടുന്ന കാലമെന്ന്‌​—⁠വിശേഷിപ്പിക്കുന്നെങ്കിൽ അതിശയിക്കാനില്ല.” ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ 1997-ലാണെങ്കിലും ആളുകളുടെ സ്വഭാവത്തിനും മനോഭാവത്തിനും ഇന്നും യാതൊരു മാറ്റവുമില്ല.

അഴിമതി. സൗത്ത്‌ ആഫ്രിക്കയിലെ ഒരു പ്രാദേശിക ആരോഗ്യകേന്ദ്രത്തിന്‌ ഏഴുവർഷത്തിനുള്ളിൽ ലഭിച്ച തുകയുടെ (ഏതാണ്ട്‌ 25.2 ശതകോടി റാൻഡ്‌, അതായത്‌ അന്ന്‌ നാലുശതകോടി യു. എസ്‌. ഡോളർ) 81 ശതമാനത്തിലധികം ദുരുപയോഗം ചെയ്‌തതായി അഴിമതിയെക്കുറിച്ചുള്ള അവിടത്തെ ഒരു റിപ്പോർട്ട്‌ പറയുന്നു. “ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെയും നടത്തിപ്പിനായി ഉപയോഗിക്കേണ്ടിയിരുന്ന” പണവും വേണ്ടവിധത്തിൽ ഉപയോഗിച്ചില്ലെന്ന്‌ അവിടത്തെ ഒരു പത്രിക (The Public Manager) റിപ്പോർട്ടുചെയ്യുന്നു.

സാമ്പത്തിക അസമത്വം. 2005-ലെ കണക്ക്‌ അനുസരിച്ച്‌, “ബ്രിട്ടനിലെ വാർഷികവരുമാനത്തിന്റെ ഏതാണ്ട്‌ 30 ശതമാനവും എത്തിച്ചേർന്നത്‌ ഏറ്റവും കൂടുതൽ വരുമാനമുള്ള അഞ്ചുശതമാനം ആളുകളുടെ കരങ്ങളി”ലാണെന്ന്‌ ടൈം മാസികയിലെ ഒരു റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. അമേരിക്കയിലാകട്ടെ, “വരുമാനത്തിന്റെ 33 ശതമാനത്തിലേറെയും പോകുന്നത്‌ ഏറ്റവും കൂടുതൽ വരുമാനമുള്ള അഞ്ചുശതമാനം ആളുകളുടെ കൈയിലാണ്‌,” ടൈം കൂട്ടിച്ചേർക്കുന്നു. എന്നാൽ, ലോകമെമ്പാടും നൂറ്റിനാൽപ്പതു കോടിയിലേറെ ആളുകൾ ഓരോ ദിവസവും തള്ളിനീക്കുന്നത്‌ ഏതാണ്ട്‌ 65-ഓ അതിൽ താഴെയോ രൂപകൊണ്ടാണെന്നതാണ്‌ ദുഃഖകരമായ യാഥാർഥ്യം. പട്ടിണിമൂലം 25,000 കുട്ടികളാണ്‌ പ്രതിദിനം മരണമടയുന്നത്‌.

അനീതിക്ക്‌ അറുതി വരുമോ?

1990-ഓടെ, പട്ടിണിയാൽ വലയുന്ന ഒരു കുട്ടിപോലും ഓസ്‌ട്രേലിയയിൽ ഉണ്ടായിരിക്കില്ലെന്ന്‌ 1987-ൽ അന്നത്തെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ അത്‌ ഒരിക്കലും സാക്ഷാത്‌കരിക്കപ്പെട്ടില്ല. അങ്ങനെയൊരു ലക്ഷ്യംവെച്ചതിന്റെ പേരിൽ അദ്ദേഹം പിന്നീട്‌ ഖേദം പ്രകടിപ്പിച്ചു.

അതെ, ഒരു വ്യക്തി എത്ര കരുത്തുറ്റവനും ധനവാനും സ്വാധീനശക്തിയുള്ളവനും ആയാലും ശരി അയാൾ വെറും ഒരു മനുഷ്യനാണ്‌. അനീതി തുടച്ചുനീക്കാൻ അദ്ദേഹത്തിനു കഴിയില്ല. എന്തിന്‌, ശക്തരായവർപോലും അനീതിക്ക്‌ ഇരയാകുന്നു, വാർധക്യം ചെല്ലുന്നു, മരിക്കുന്നു. ഈ യാഥാർഥ്യങ്ങൾ ബൈബിൾ പറയുന്ന രണ്ടുവസ്‌തുതകളുമായി യോജിപ്പിലാണ്‌:

‘നടക്കുന്നവന്‌ തന്റെ കാലടികളെ നേരെ ആക്കുന്നത്‌ സ്വാധീനമല്ല.’​—⁠യിരെമ്യാവു 10:⁠23.

‘സഹായത്തിനായി നിങ്ങളുടെ നേതാക്കളെ ആശ്രയിക്കരുത്‌. എന്തെന്നാൽ, അവർക്ക്‌ നിങ്ങളെ രക്ഷിക്കാനാവില്ല.’​—⁠സങ്കീർത്തനം 146:​3, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

ഈ വസ്‌തുതകൾ മനസ്സിലുണ്ടെങ്കിൽ മനുഷ്യശ്രമങ്ങൾ വിഫലമാകുന്നത്‌ കാണുമ്പോൾ നാം നിരാശരാകുകയില്ല. അതിനർഥം, അനീതിക്ക്‌ അറുതി വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്നാണോ? അല്ല! ഈ ലേഖനപരമ്പരയിലെ അവസാനലേഖനം വിശദീകരിക്കുന്നതുപോലെ നീതിനിഷ്‌ഠമായ ഒരു ലോകം നമ്മുടെ തൊട്ടുമുന്നിലുണ്ട്‌. എന്നാൽ അതുവരെ നമുക്ക്‌ ചിലതു ചെയ്യാനാകും. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വയം വിലയിരുത്തുക. ഇങ്ങനെ ചോദിക്കുക: ‘മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ എനിക്ക്‌ കുറെക്കൂടി നീതി പുലർത്താനാകുമോ? ഏതെങ്കിലും വശത്ത്‌ ഞാൻ മെച്ചപ്പെടേണ്ടതുണ്ടോ?’ ഇക്കാര്യങ്ങൾ വിശകലനം ചെയ്യാൻ തുടർന്നുവരുന്ന ലേഖനം സഹായിക്കും. (g12-E 05)

[10-ാം പേജിലെ ചിത്രം]

. ഒരു വർഗീയ കലാപകാരിയെ പോലീസ്‌ അറസ്റ്റുചെയ്യുന്നു​—⁠ചൈന

[11-ാം പേജിലെ ചിത്രം]

ബി. സാമൂഹ്യവിരുദ്ധരുടെ ആക്രമണം​—⁠ലണ്ടൻ, ഇംഗ്ലണ്ട്‌

[11-ാം പേജിലെ ചിത്രം]

സി. ദാരിദ്ര്യത്തിന്റെ ദയനീയ മുഖം​—⁠റുവാണ്ടയിലെ അഭയാർഥിക്യാമ്പ്‌

[കടപ്പാട്‌]

Top left: © Adam Dean/Panos Pictures; top center: © Matthew Aslett/Demotix/CORBIS; top right: © David Turnley/CORBIS