വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം

വാക്കുതർക്കം ഒഴിവാക്കാൻ

വാക്കുതർക്കം ഒഴിവാക്കാൻ

വെല്ലുവിളി

നിങ്ങൾക്കും ഇണയ്‌ക്കും ഒരു കാര്യംപോലും ശാന്തമായിരുന്ന്‌ സംസാരിക്കാൻ പറ്റുന്നില്ലേ? കുഴിബോംബുകൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ നടക്കുന്നതുപോലെ, എന്തു പറഞ്ഞാലും അതൊരു പൊട്ടിത്തെറിയിൽ അവസാനിക്കുമെന്ന ഭീതിയിലും ഉത്‌കണ്‌ഠയിലും ആണോ നിങ്ങൾ?

അങ്ങനെയെങ്കിൽ നിരാശപ്പെടരുത്‌. കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ ആദ്യംതന്നെ നിങ്ങളുടെ ഇടയിൽ ഇത്രയേറെ വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം നിങ്ങൾ കണ്ടെത്തണം.

എന്തുകൊണ്ട്‌ അതു സംഭവിക്കുന്നു?

തെറ്റിദ്ധാരണകൾ.

ജൂലിയൻ a എന്നു പേരുള്ള ഒരു വീട്ടമ്മ പറയുന്നു: “ചിലപ്പോൾ ഞാൻ ഭർത്താവിനോട്‌ ഓരോന്നു പറയുമ്പോൾ, ഉദ്ദേശിച്ചത്‌ ഒന്നും പറഞ്ഞത്‌ വേറൊന്നും ആയിപ്പോകും. മറ്റു ചിലപ്പോൾ ചില കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞെന്ന്‌ ഞാൻ വിചാരിക്കും, പക്ഷേ ശരിക്കും പറഞ്ഞിട്ടുണ്ടാവില്ല. പറയണമെന്നു വിചാരിച്ചതേ ഉണ്ടാവൂ. ഒരുപക്ഷേ ഞാൻ സ്വപ്‌നം കണ്ടതാകും!”

അഭിപ്രായവ്യത്യാസങ്ങൾ.

എത്രയൊക്കെ പൊരുത്തമുള്ള ദമ്പതികളാണു നിങ്ങളെങ്കിലും ചില കാര്യങ്ങളിൽ നിങ്ങൾ രണ്ടാളുടെയും കാഴ്‌ചപ്പാടുകൾ വിഭിന്നമായിരിക്കും. എന്തുകൊണ്ടാണത്‌? സർവസമാനതയുള്ള രണ്ടാളുകൾ ഇല്ല എന്നതു തന്നെ. ദാമ്പത്യത്തിന്‌ വൈവിധ്യം പകരാനും ദാമ്പത്യത്തെ സമ്മർദപൂരിതമാക്കാനും പോന്ന ഒരു വസ്‌തുതയാണിത്‌. എന്നാൽ മിക്ക ദാമ്പത്യബന്ധങ്ങളിലും ഇത്‌ സമ്മർദം ഉണ്ടാക്കുകയാണ്‌ ചെയ്യാറ്‌.

കണ്ടു വളർന്ന മാതൃകകൾ.

റെയ്‌ച്ചൽ എന്നു പേരുള്ള ഒരു വീട്ടമ്മ പറയുന്നു: “എന്റെ അച്ഛനമ്മമാർ സ്ഥിരം വഴക്കടിക്കുകയും അന്യോന്യം അവമതിക്കുകയും ചെയ്യുമായിരുന്നു. എന്റെ കല്യാണം കഴിഞ്ഞപ്പോൾ, അമ്മയുടെ അതേ ശൈലിയിൽ ഞാനും ഭർത്താവിനോടു സംസാരിക്കാൻ തുടങ്ങി. ആദരവോടെ സംസാരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ടായിരുന്നില്ല.”

മറഞ്ഞിരിക്കുന്ന കാരണങ്ങൾ.

പൊട്ടിത്തെറിക്കു തിരികൊളുത്തിയ സംഗതിയായിരിക്കില്ല മിക്കപ്പോഴും വഴക്കിന്റെ യഥാർഥ കാരണം. ദൃഷ്ടാന്തത്തിന്‌, “നീ/നിങ്ങൾ എന്നും വൈകിയേ എത്തൂ” എന്നു പറഞ്ഞുതുടങ്ങുന്ന ഒരു വാദപ്രതിവാദം കൃത്യനിഷ്‌ഠയുടെ പേരിലായിരിക്കില്ല. പിന്നെയോ ഇണയുടെ പരിഗണനയില്ലാത്ത പെരുമാറ്റത്തിൽ ആൾ അമർഷംപൂണ്ട്‌ പ്രതികരിക്കുന്നതാവാം.

കാരണം എന്തുതന്നെയായാലും കൂടെക്കൂടെയുള്ള വാക്കേറ്റം നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. നിങ്ങളുടെ ബന്ധം വിവാഹമോചനത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയുമാകാം അത്‌. അങ്ങനെയെങ്കിൽ വാക്കുതർക്കങ്ങൾ അവസാനിപ്പിക്കാൻ എന്തു ചെയ്യാനാകും?

ഇങ്ങനെ ചെയ്‌തുനോക്കാം

വാക്‌പോരിനു തടയിടാനുള്ള അടിസ്ഥാനസംഗതി അതിന്‌ ഇന്ധനംപകരുന്ന യഥാർഥകാരണം തിരിച്ചറിയുക എന്നതാണ്‌. സ്ഥിതിഗതികൾ ഒന്നു ശാന്തമാകുമ്പോൾ നിങ്ങൾ രണ്ടു പേരും കൂടി പിൻവരുന്ന നുറുങ്ങുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ:

1. രണ്ടുപേരും ഓരോ പേപ്പറെടുത്ത്‌ അടുത്തിടെ ഉണ്ടായ ഒരു വഴക്ക്‌ എന്തിന്റെ പേരിലായിരുന്നുവെന്ന്‌ എഴുതുക. ഉദാഹരണത്തിന്‌ ഭർത്താവ്‌ ഇങ്ങനെ എഴുതിയേക്കാം: “ഒരു ദിവസം മുഴുവൻ നീ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയി. എവിടെയാണെന്ന്‌ ഒന്നു വിളിച്ചുപറഞ്ഞതുപോലുമില്ല.” ഭാര്യയാകട്ടെ ഇങ്ങനെയും: “ഞാൻ കൂട്ടുകാരുടെ കൂടെ സമയം ചെലവിട്ടതിന്റെ ദേഷ്യമാണ്‌ നിങ്ങൾക്ക്‌.”

2. ഇനി ഒരു തുറന്ന മനസ്സോടെ പിൻവരുന്ന കാര്യങ്ങൾ വിലയിരുത്തുക: അത്ര ഗൗരവമുള്ള കാര്യമായിരുന്നോ അത്‌? വിട്ടുകളയാൻ പറ്റുമായിരുന്നോ? ചില സാഹചര്യങ്ങളിൽ, ‘ഞങ്ങൾക്കിടയിൽ വിയോജിപ്പുകളുണ്ടാകാം’ എന്ന വസ്‌തുതയോടു രണ്ടു പേരും യോജിക്കുകയേ വേണ്ടൂ. എന്നിട്ട്‌ സ്‌നേഹത്താൽ അതങ്ങ്‌ ക്ഷമിച്ചുകളയുക. അങ്ങനെയായാൽ കുടുംബത്തിൽ സമാധാനം പുലരും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 17:9.

അതൊരു നിസ്സാരകാര്യമായിരുന്നു എന്നു രണ്ടു പേർക്കും ബോധ്യമായാൽ പരസ്‌പരം ക്ഷമചോദിച്ച്‌ ആ അധ്യായം അതോടെ അവസാനിപ്പിക്കുക.—ബൈബിൾതത്ത്വം: കൊലോസ്യർ 3:13, 14.

എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന്‌ നിങ്ങളിൽ ഒരാൾക്കോ രണ്ടു പേർക്കുമോ തോന്നുകയാണെന്നിരിക്കട്ടെ. എങ്കിൽ അടുത്ത പടി സ്വീകരിക്കുക:

3. വാക്കേറ്റത്തിന്റെ സമയത്ത്‌ നിങ്ങൾക്കു തോന്നിയ മനോവികാരം കടലാസിൽ എഴുതുക. ഇണയും അങ്ങനെതന്നെ ചെയ്യട്ടെ. ഉദാഹരണത്തിന്‌ ഭർത്താവ്‌ ഇങ്ങനെ എഴുതിയേക്കാം: “എന്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നീ ഇഷ്ടപ്പെടുന്നത്‌ കൂട്ടുകാരോടൊപ്പമായിരിക്കുന്നതാണെന്ന്‌ എനിക്ക്‌ തോന്നി.” ഭാര്യ ഇങ്ങനെയും: “നിങ്ങൾ എന്നെ ഒരു കുട്ടിയെപ്പോലെ കരുതുന്നതായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. എങ്ങോട്ടു പോയാലും അച്ഛനോട്‌ അനുവാദം ചോദിക്കേണ്ടിവരുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ.”

4. ഇനി കടലാസുകൾ പരസ്‌പരം കൈമാറി മറ്റേയാൾ എഴുതിയതു വായിക്കുക. വാക്‌പയറ്റിന്റെ സമയത്ത്‌ നിങ്ങളുടെ ഇണയുടെ ഉള്ളിൽ മറഞ്ഞിരുന്ന വികാരങ്ങൾ എന്തായിരുന്നു? ഉൾപ്പെട്ടിരുന്ന പ്രശ്‌നം വാഗ്‌യുദ്ധം കൂടാതെ പരിഹരിക്കാൻ ഓരോരുത്തർക്കും എന്തു ചെയ്യാനാകുമായിരുന്നു എന്ന്‌ ഒരുമിച്ചിരുന്നു സംസാരിക്കുക.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 29:11.

5. ഈ പടികൾ പരീക്ഷിച്ചു നോക്കിയതിലൂടെ നിങ്ങൾ എന്തു പഠിച്ചു എന്നു ചർച്ച ചെയ്യുക. ആ കണ്ടെത്തലുകൾ ഭാവിയിൽ നിങ്ങൾക്കിടയിലെ വാക്കുതർക്കങ്ങൾ ഒഴിവാക്കാനോ പരിഹരിക്കാനോ എങ്ങനെ ഉപയോഗിക്കാം? ◼ (g13-E 02)

a പേരുകൾ മാറ്റിയിട്ടുണ്ട്‌.