ആരുടെ കരവിരുത്?
ചക്രവർത്തി പെൻഗ്വിന്റെ തൂവൽക്കുപ്പായം
ചക്രവർത്തി പെൻഗ്വിന് വെള്ളത്തിലൂടെ ശരവേഗത്തിൽ ഊളിയിടാനും ഹിമത്തിട്ടകളിലേക്ക് അതിശീഘ്രം ചാടിക്കയറാനും കഴിയും. ഇത് എങ്ങനെ സാധിക്കുന്നു?
സവിശേഷത: ചക്രവർത്തി പെൻഗ്വിൻ തൂവലുകളിൽ വായു പിടിച്ചുവെക്കുന്നു. ഇത് താപരോധകമായി വർത്തിച്ച് പക്ഷിക്ക് അതിശൈത്യത്തിൽനിന്ന് സംരക്ഷണം നൽകുന്നു. അതിലും രസാവഹമായി മറ്റൊന്നുണ്ട്, ഈ സംവിധാനം ഇല്ലായിരുന്നെങ്കിൽ പക്ഷിക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇത് സഹായിക്കുന്നു. അത് എങ്ങനെയാണ്? ഈ പക്ഷി അതിന്റെ തൂവലുകൾക്കിടയിൽനിന്ന് അനേകം ചെറിയ കുമിളകളായി വായു പുറത്തേക്കു വിടുന്നതുകൊണ്ടാണ് ഇതു സാധിക്കുന്നത് എന്നാണ് സമുദ്രജീവശാസ്ത്രജ്ഞർ പറയുന്നത്. പുറത്തേക്കു വരുന്ന കുമിളകൾ തൂവൽക്കുപ്പായത്തിന്റെ പ്രതലഘർഷണം കുറയ്ക്കുന്നു. തന്നിമിത്തം പക്ഷിക്ക് വേഗം കൈവരിക്കാൻ കഴിയുന്നു.
രസകരമെന്നു പറയട്ടെ, കുമിളകൾ ഉപയോഗിച്ച് കപ്പലുകളുടെ പള്ളയിൽ അനുഭവപ്പെടുന്ന ഘർഷണബലം കുറയ്ക്കാനും അങ്ങനെ അവയുടെ വേഗം വർധിപ്പിക്കാനും ഉള്ള മാർഗങ്ങൾ എൻജിനീയർമാർ പഠിച്ചുവരുകയാണ്. എന്നാൽ ഈ വഴിക്കുള്ള കൂടുതലായ ഗവേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് ഗവേഷകർ സമ്മതിക്കുന്നു. കാരണം, “പെൻഗ്വിന്റെ തൂവൽക്കുപ്പായത്തിന്റെ സങ്കീർണത, മനുഷ്യനിർമിതമായ വലയിലോ സുഷിരങ്ങളുള്ള ഒരു പാടയിലോ പകർത്തുക അതീവശ്രമകരമായിരിക്കും.”
നിങ്ങൾക്ക് എന്തു തോന്നുന്നു? ചക്രവർത്തി പെൻഗ്വിന്റെ തൂവൽക്കുപ്പായം രൂപപ്പെട്ടത് പരിണാമപ്രക്രിയയിലൂടെയാണോ? അതോ ആരെങ്കിലും അത് രൂപകൽപ്പന ചെയ്തതാണോ? ◼ (g13-E 09)