ബൈബിളിന്റെ വീക്ഷണം
മദ്യം
ലഹരിപാനീയങ്ങൾ കഴിക്കുന്നത് തെറ്റാണോ?
“മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും.”—സങ്കീർത്തനം 104:15.
ആളുകൾ പറയുന്നത്
പല നാടുകളിലും ലഹരിപാനീയങ്ങൾ വീട്ടിലെ പതിവുഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റുചിലയിടങ്ങളിൽ അത് തീർത്തും വർജ്യമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? സംസ്കാരം, ആരോഗ്യക്ഷേമം, മതവിശ്വാസം എന്നിവ ആളുകളെ സ്വാധീനിക്കുന്നതാണ് ഇതിനു കാരണം.
ബൈബിൾ പറയുന്നത്
അമിതമദ്യപാനത്തെയും മദ്യാസക്തിയെയും ബൈബിൾ കുറ്റംവിധിക്കുന്നു. എന്നാൽ മദ്യത്തിന്റെ മിതമായ ഉപയോഗം അതു വിലക്കുന്നില്ല. (1 കൊരിന്ത്യർ 6:9, 10) ബൈബിളിൽ വീഞ്ഞിനെപ്പറ്റി ഇരുന്നൂറിലേറെ പരാമർശങ്ങളുണ്ട്. പുരാതനകാലംമുതൽതന്നെ, ദൈവഭക്തരായ സ്ത്രീപുരുഷന്മാർ വീഞ്ഞ് കുടിച്ചിരുന്നു. (ഉല്പത്തി 27:25) “നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക” എന്ന് സഭാപ്രസംഗി 9:7 പറയുന്നു. വീഞ്ഞ് മനസ്സിന് സന്തോഷം പകരുന്നതായതുകൊണ്ട് വിവാഹവിരുന്നുപോലുള്ള ആഘോഷവേളകളിൽ അതു വിളമ്പിയിരുന്നു. അത്തരമൊരു വിവാഹവിരുന്നിൽവെച്ചാണ് വെള്ളം “വീഞ്ഞ്” ആക്കി മാറ്റിക്കൊണ്ട് യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത്. (യോഹന്നാൻ 2:1-11) ചികിത്സയ്ക്കായും വീഞ്ഞ് ഉപയോഗിച്ചിരുന്നു.—ലൂക്കോസ് 10:34; 1 തിമൊഥെയൊസ് 5:23.
മദ്യം എത്രത്തോളം കഴിക്കാം എന്നതിന് ബൈബിൾ പരിധിവെക്കുന്നുണ്ടോ?
‘വീഞ്ഞിന് അടിമപ്പെടരുത്.’—തീത്തൊസ് 2:3.
ശ്രദ്ധിക്കേണ്ടതിന്റെ കാരണം
മദ്യപന്മാരായ പിതാക്കന്മാർ ഒട്ടനവധി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ചില കുടുംബങ്ങളിൽ അമ്മമാരും മദ്യാസക്തരാണ്. അമിതമദ്യപാനംമൂലം പലർക്കും വീണു പരിക്കുപറ്റുകയും മറ്റനവധി അപകടങ്ങളുണ്ടാകുകയും ചെയ്യുന്നു. പല റോഡപകടങ്ങളുടെയും കാരണവും മറ്റൊന്നല്ല. മദ്യത്തിന്റെ ദുരുപയോഗംമൂലം മസ്തിഷ്കം, ഹൃദയം, കരൾ, ഉദരം എന്നിവയ്ക്ക് കാലാന്തരത്തിൽ ഹാനിവരുകയും ചെയ്തേക്കാം.
ബൈബിൾ പറയുന്നത്
ഭക്ഷണപാനീയങ്ങളിലെ മിതത്വം ദൈവം നിഷ്കർഷിക്കുന്ന ഒരു അടിസ്ഥാനസംഗതിയാണ്. (സദൃശവാക്യങ്ങൾ 23:20; 1 തിമൊഥെയൊസ് 3:2, 3, 8) ആത്മനിയന്ത്രണത്തിന്റെ അഭാവം അവന്റെ അപ്രീതി വിളിച്ചുവരുത്തും. “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന (“വഴിപിഴച്ചു പോകുന്നവൻ,” ഓശാന ബൈബിൾ.) ആരും ജ്ഞാനിയാകയില്ല” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു.—സദൃശവാക്യങ്ങൾ 20:1.
ഒരുവൻ ‘ചാഞ്ചാടി’ നടക്കാൻ അഥവാ ‘വഴിപിഴച്ചുപോകാൻ’ മദ്യം ഇടയാക്കുന്നത് എങ്ങനെയാണ്? വിവേകശൂന്യരായ ആളുകളുടെ ധാർമികനിഷ്ഠ ക്ഷയിപ്പിച്ചുകൊണ്ടാണ് മദ്യം അതിന് ഇടയാക്കുന്നത്. “വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു” എന്ന് ഹോശേയ 4:11 പറയുന്നു. ഒരു തിക്താനുഭവത്തിലൂടെയാണ് ജോൺ * ഈ സത്യം തിരിച്ചറിഞ്ഞത്. ഭാര്യയുമായി കലഹിച്ചിട്ട് അദ്ദേഹം വീട്ടിൽനിന്നിറങ്ങി നേരെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെച്ചെന്ന് കണക്കറ്റ് കുടിച്ച അദ്ദേഹം വ്യഭിചാരത്തിൽ ഏർപ്പെട്ടു. ജോണിന് പിന്നീട് ആഴമായ ദുഃഖംതോന്നി, വീണ്ടുമൊരിക്കലും തെറ്റ് ആവർത്തിക്കുകയില്ലെന്ന് അദ്ദേഹം ശപഥമെടുക്കുകയും ചെയ്തു. ശാരീരികവും ധാർമികവും ആത്മീയവും ആയി ഹാനിവരുത്താൻ മദ്യത്തിന്റെ ദുരുപയോഗത്തിന് കഴിയും. മദ്യപന്മാർ നിത്യജീവൻ പ്രാപിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരിക്കില്ലെന്ന് ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 6:9, 10.
മദ്യം കഴിക്കുന്നത് അനുചിതമായിരിക്കുന്നത് എപ്പോൾ?
“ആപത്തുകൾ വരുന്നതു കണ്ട് ജ്ഞാനികൾ ഒഴിഞ്ഞുമാറുന്നു. എന്നാൽ ഭോഷന്മാർ നേരെ അതിലേക്കു ചെന്ന് അതിലെ ദുരിതങ്ങൾ നേരിട്ടനുഭവിക്കുന്നു.”—സദൃശവാക്യങ്ങൾ 22:3, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
ശ്രദ്ധിക്കേണ്ടതിന്റെ കാരണം
“മദ്യം ശക്തമായ ഒരു ലഹരിപദാർഥമാണ്” എന്ന് ദ വേൾഡ്ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. അതുകൊണ്ട് മദ്യത്തിന്റെ മിതമായ ഉപയോഗംപോലും ഉചിതമല്ലാത്ത ചില സാഹചര്യങ്ങളും സമയങ്ങളും ഉണ്ടായിരുന്നേക്കാം.
ബൈബിൾ പറയുന്നത്
ഉചിതമല്ലാത്ത സമയത്തും സന്ദർഭങ്ങളിലും മദ്യം കഴിക്കുന്നതുമൂലം ആളുകൾ ‘നേരെ ചെന്നു’ പ്രശ്നങ്ങളിൽ ചാടുന്നു. “എല്ലാറ്റിന്നും ഒരു സമയമുണ്ട്” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. മദ്യം കഴിക്കാതിരിക്കുന്നതിനും ഒരു സമയമുണ്ട്. (സഭാപ്രസംഗി 3:1) ഉദാഹരണത്തിന്, ചിലർക്ക് മദ്യം ഉപയോഗിക്കാൻ നിയമം അനുവദിക്കുന്ന പ്രായം ആയിട്ടില്ലായിരിക്കാം. മറ്റുചില ആളുകൾ മദ്യാസക്തിയിൽനിന്ന് മുക്തിനേടാൻ പരിശ്രമിച്ചുവരുകയായിരിക്കാം. ഇനിയും ചിലർ മദ്യവുമായി ഒത്തുപോകാത്ത ഏതെങ്കിലും ചികിത്സയിലായിരുന്നേക്കാം. മദ്യം ഉപയോഗിക്കാതിരിക്കാനുള്ള ‘സമയങ്ങൾ’ വേറെയുമുണ്ട്: ജോലിക്കുപോകുന്നതിനുമുമ്പും ജോലിയിലായിരിക്കുമ്പോഴും അപകടകരമായ യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുമ്പോഴും അത് അനുചിതമാണ്. ജ്ഞാനികളായ ആളുകൾ ജീവനെയും ആരോഗ്യത്തെയും ദൈവത്തിൽനിന്നുള്ള അമൂല്യവരദാനമായി വീക്ഷിക്കുന്നു. (സങ്കീർത്തനം 36:9) മദ്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ മനോഭാവത്തെ നയിക്കാൻ ബൈബിൾതത്ത്വങ്ങളെ അനുവദിച്ചുകൊണ്ട് ആ വരദാനങ്ങളോട് നമുക്ക് ആദരവു കാണിക്കാം. ◼ (g13-E 08)
^ ഖ. 11 പേര് മാറ്റിയിട്ടുണ്ട്.