ലോകത്തെ വീക്ഷിക്കൽ
ഐക്യനാടുകൾ
ഐക്യനാടുകളിലെ സായുധസേനയിൽ മുമ്പ് അംഗങ്ങളായിരുന്നവരിൽ 20-ലധികം പേർ ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്നു! കൂടാതെ, വിമുക്തഭടന്മാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള വിഭാഗത്തിൽനിന്നു സഹായം സ്വീകരിക്കുന്നവരിൽ ഏകദേശം 950 പേർ ഓരോ മാസവും ജീവനൊടുക്കാൻ ശ്രമിക്കുന്നു.
ചൈന
“ജോലിക്കുവേണ്ടി കുടിയേറിപ്പാർക്കുന്ന, 30 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ ഏതാണ്ട് പകുതി പേരും വിവാഹത്തിനു മുമ്പ് ഗർഭിണികളാകുന്നു. ഒരു തലമുറ മുമ്പുള്ളതുമായി താരതമ്യം ചെയ്താൽ അവിവാഹിതരായ (ചൈനക്കാരായ) അമ്മമാരുടെ എണ്ണം കുതിച്ചുയർന്നിരിക്കുകയാണ്” എന്നു ചൈനയിലെ ഒരു പത്രം റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ ജനങ്ങൾക്ക്, “അവിവാഹിതരായ ദമ്പതികൾ ഒരുമിച്ചു താമസിക്കുന്നത് . . . കൂടുതൽ സ്വീകാര്യമായിത്തീർന്നിരിക്കുന്നു” എന്നും അതു കൂട്ടിച്ചേർത്തു.
ഗ്രീസ്
1974-ൽ ഗ്രീസിൽനിന്നു തുടച്ചുനീക്കിയ മലമ്പനി തിരിച്ചുവന്നിരിക്കുന്നു! പൊതുജനസുരക്ഷാർഥം ആരോഗ്യപരിപാലനത്തിനുവേണ്ടി വേണ്ടത്ര പണം ചെലവഴിക്കാത്തതും സാമ്പത്തികമാന്ദ്യവും ആണ് ഈ തിരിച്ചുവരവിനു കാരണമെന്ന് കരുതുന്നു.
ഇന്ത്യ
ഒരു സർവേ നടത്തിയപ്പോൾ 74 ശതമാനം പേരും പറഞ്ഞത് സാമൂഹികമായ മാറ്റങ്ങൾ നിലവിലുണ്ടെങ്കിലും, പ്രേമവിവാഹത്തെക്കാൾ തങ്ങൾ ഇഷ്ടപ്പെടുന്നത് മാതാപിതാക്കൾ മുൻകൈയെടുത്ത് നടത്തുന്ന വിവാഹമാണെന്നാണ്. തങ്ങളും തങ്ങളുടെ മക്കളും മാത്രം അടങ്ങുന്ന ‘അണുകുടുംബത്തിൽ’ ജീവിക്കുന്നതിനെക്കാൾ മാതാപിതാക്കളോടോ മറ്റു കുടുംബാംഗങ്ങളോടോ ഒപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് 89 ശതമാനം പേരും അഭിപ്രായപ്പെട്ടത്!
ഇറ്റലി
“അമേരിക്കയിലെയും സമ്പന്നമായ യൂറോപ്പിലെയും (കത്തോലിക്കാ) പള്ളി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സംസ്കാരം പ്രാചീനമാണ്, ഞങ്ങളുടെ പള്ളികൾ വളരെ വലുതാണ്, ഞങ്ങളുടെ മഠങ്ങൾ കാലിയാണ്, തലപ്പത്ത് ഇരിക്കുന്നവർ കഴിവുകെട്ടവരാണ്, ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും ആർഭാടപൂർണമാണ്. . . . 200 വർഷങ്ങൾക്കു പിമ്പിലാണ് പള്ളി ഇപ്പോഴും.”—കത്തോലിക്കാ കർദിനാളായ കാർലോ മാരിയ മാർട്ടിനിയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്, അദ്ദേഹത്തിന്റെ മരണശേഷം ഒരു ദിനപത്രത്തിൽ (Corriere della Sera) വന്നതാണ് ഇത്.(g13-E 08)