മുഖ്യലേഖനം
അമൂല്യമാണ് സമയം! ഫലപ്രദമായി ഉപയോഗിക്കുക
“കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ. . . ” എത്രയോ തവണ നിങ്ങൾ ഇതു പറഞ്ഞിട്ടുണ്ടാവും, അല്ലേ? വാസ്തവത്തിൽ, സമയത്തിന്റെ കാര്യത്തിൽ സകലമനുഷ്യരും സമന്മാരാണെന്നു പറയാം! ശക്തർക്കും അശക്തർക്കും, ധനവാനും ദരിദ്രനും സമയം തുല്യമാണ്. ആർക്കും കൂടുതലുമില്ല, കുറവുമില്ല! സമയം അല്പം ‘സമ്പാദിച്ചുവെക്കാം’ എന്ന് ആരെങ്കിലും വിചാരിച്ചാലോ, അതും നടക്കില്ല! കൈവിട്ടുപോയാൽ, പോയതുതന്നെ! പിന്നൊരിക്കലും തിരിച്ചുപിടിക്കാമെന്നും വിചാരിക്കേണ്ട! അപ്പോൾപ്പിന്നെ, ഉള്ള സമയം മെച്ചമായി ഉപയോഗിക്കുകയെന്നതാണ് ബുദ്ധി. അതെങ്ങനെ ചെയ്യാം? വിലപ്പെട്ട സമയം ഫലപ്രദമായി വിനിയോഗിക്കാൻ പലരെയും സഹായിച്ചിട്ടുള്ള നാല് പ്രായോഗികനിർദേശങ്ങളാണ് ഇനി പറയുന്നത്.
1: നന്നായി ആസൂത്രണം ചെയ്യുക
പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുക. ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’ എന്ന് ബൈബിൾ ഉപദേശിക്കുന്നു. (ഫിലിപ്പിയർ 1:10) ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റിൽ, പ്രധാനപ്പെട്ടത്, പെട്ടെന്നു ചെയ്യേണ്ടത്, പെട്ടെന്നു ചെയ്യേണ്ടതും പ്രധാനപ്പെട്ടതും എന്നിങ്ങനെ പട്ടികപ്പെടുത്തുക. ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഒരുകാര്യം മനസ്സിൽപ്പിടിക്കണം: പ്രധാനപ്പെട്ടതാണ് എന്നതുകൊണ്ട് അത് ഉടനെ ചെയ്തുതീർക്കണമെന്നില്ല. അതുപോലെ, ഉടനെ ചെയ്യേണ്ടത് അത്ര പ്രധാനപ്പെട്ടതാകണമെന്നുമില്ല. ഉദാഹരണത്തിന്, അത്താഴമൊരുക്കേണ്ടത് പ്രധാനമാണെങ്കിലും അത് ഉടനെ ചെയ്യേണ്ടതില്ലായിരിക്കാം. എന്നാൽ ഇഷ്ടമുള്ള ഒരു ടിവി പരിപാടി ആദ്യംമുതൽ കാണണമെങ്കിൽ അത് അതിന്റെ സമയത്തുതന്നെ കാണണം, അത് അത്ര പ്രധാനമല്ലെങ്കിലും പിന്നെത്തേക്കു മാറ്റിവെക്കാൻ പറ്റില്ലല്ലോ. *
മുൻകൂട്ടി ചിന്തിക്കുക. “ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും” എന്ന് സഭാപ്രസംഗി 10:10 പറയുന്നു. “ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു” എന്നും അതു പറയുന്നു. എന്താണ് ഇതിൽനിന്നുള്ള പാഠം? ഒരു ആയുധം മൂർച്ച കൂട്ടുന്നതുപോലെ, മുൻകൂട്ടി ആസൂത്രണം ചെയ്യുന്നെങ്കിൽ നിങ്ങളുടെ സമയം ഒട്ടും പാഴാക്കാതെ ഉപയോഗിക്കാൻ കഴിയും. സമയവും ഊർജവും വെറുതെ പാഴാക്കുന്ന കാര്യങ്ങൾ മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. നിങ്ങൾ ഒരു ജോലി ചെയ്തുതീർത്തെന്നിരിക്കട്ടെ. സമയം ബാക്കിയുണ്ടോ? എങ്കിൽ പിന്നെത്തേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റൊരു ജോലി ചെയ്യരുതോ? ആയുധം മൂർച്ചകൂട്ടിയാൽ ജോലി എളുപ്പമാകും; അതുപോലെ, മുൻകൂട്ടി ചിന്തിച്ചാൽ കാര്യക്ഷമതയോടെ ജോലികൾ ചെയ്തുതീർക്കാനാകും.
ഒരുപാട് കാര്യങ്ങൾ കുത്തിനിറയ്ക്കാതിരിക്കുക. വെറുതെ സമയം കളയുമെന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾ വേണ്ടെന്നുവെക്കാൻ പഠിക്കുക. ഒരുപാട് കാര്യങ്ങൾ ഏറ്റെടുക്കുന്നതും പരിധിയില്ലാത്ത പോക്കുവരവുകളും അനാവശ്യസമ്മർദത്തിന് ഇടയാക്കും, സന്തോഷം കവർന്നെടുക്കും.
2: സമയം അപഹരിക്കുന്ന ശീലങ്ങൾ ഒഴിവാക്കുക
കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം, തീരുമാനങ്ങൾ വൈകിപ്പിക്കുന്ന ശീലം. “കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.” (സഭാപ്രസംഗി 11:4) എന്താണ് ഇതിൽനിന്നുള്ള പാഠം? കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം സമയം കവർന്നെടുക്കും; ചെയ്തുതീർക്കാമായിരുന്ന പലതും ചെയ്യാനാകാത്തതുകൊണ്ടുള്ള നഷ്ടം വേറെയും. കാലാവസ്ഥ നന്നാകട്ടെ എന്നു കരുതി കാത്തിരിക്കുന്ന കർഷകന് ഒരിക്കലും വിതയ്ക്കാനോ കൊയ്യാനോ കഴിഞ്ഞെന്നുവരില്ല. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ പ്രതി ചിലപ്പോൾ നാമും ഇതുപോലെ ചില തീരുമാനങ്ങൾ വൈകിച്ചേക്കാം. അല്ലെങ്കിൽ എല്ലാ വിശദാംശങ്ങളും കിട്ടിയിട്ട് തീരുമാനമെടുക്കാം എന്നുകരുതി കാത്തിരുന്ന് സമയം കളഞ്ഞേക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പ് ചിന്തിക്കുകയും പര്യാലോചിക്കുകയും ചെയ്യരുതെന്നല്ല പറയുന്നത്. “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന് സദൃശവാക്യങ്ങൾ 14:15 പറയുന്നുണ്ട്. എന്നാൽ, കുറച്ചൊക്കെ അനിശ്ചിതത്വങ്ങൾ ഏതൊരു തീരുമാനത്തിന്റെ കാര്യത്തിലുമുണ്ടാകും എന്നത് ഒരു യാഥാർഥ്യമാണ്.—സഭാപ്രസംഗി 11:6.
എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത. ‘ഉയരത്തിൽനിന്നുള്ള (ദൈവത്തിൽനിന്നുള്ള) ജ്ഞാനം ന്യായബോധമുള്ളതാണ്’ എന്നു യാക്കോബ് 3:17 പറയുന്നു. എല്ലാക്കാര്യത്തിലും മികച്ചനിലവാരം പുലർത്തുന്നത് പ്രശംസനീയംതന്നെ. പക്ഷേ, ചിലപ്പോൾ നമ്മുടെതന്നെ നിലവാരങ്ങൾ നമുക്ക് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലായിരിക്കാം. അത് നിരാശയ്ക്കിടയാക്കും, പരാജയത്തിനുപോലും കാരണമാകും. ഉദാഹരണത്തിന്, മറ്റൊരു ഭാഷ പഠിക്കുന്ന ഒരാളുടെ കാര്യമെടുക്കാം. പുതിയൊരു ഭാഷ പഠിക്കുമ്പോൾ തെറ്റുകൾ വരാം, അതു തിരുത്തി ശ്രമം തുടരുന്ന ഒരു വ്യക്തിക്കേ ഭാഷ വശമാക്കാനാകൂ. എന്നാൽ, ഒരു ‘പരിപൂർണതാവാദിക്ക്’ താൻ എന്തെങ്കിലും തെറ്റിപ്പറയുന്നത് ചിന്തിക്കാനേ കഴിയില്ല. പിന്നെയെങ്ങനെ അദ്ദേഹം ആ ഭാഷ പഠിച്ചെടുക്കും! എളിമയോടെ നമ്മിൽനിന്ന് ന്യായമായതുമാത്രം പ്രതീക്ഷിക്കുന്നത് എത്ര നന്നായിരിക്കും! “താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്നു സദൃശവാക്യങ്ങൾ 11:2 പറയുന്നു. താഴ്മയുള്ളവർ തങ്ങളെക്കുറിച്ച് പരിധിയിലധികം ചിന്തിക്കില്ല. സ്വന്തം കുറവുകൾ നർമബോധത്തോടെ കാണാനും അവർക്കു കഴിയും.
“നിങ്ങൾ സാധനങ്ങൾ വാങ്ങുന്നത് വാസ്തവത്തിൽ പണം കൊടുത്തല്ല, സമയം കൊടുത്താണ്!”—എഴുത്തുകാരനും മനഃശാസ്ത്രജ്ഞനും ആയ ചാൾസ് സ്പെറ്റ്സാനോ
3: സമനിലയും യാഥാർഥ്യബോധവും
ജോലിയും വിനോദവും സമനിലയിൽ കൊണ്ടുപോകുക. “രണ്ടു കൈയും നിറയെ ഉള്ള പ്രയത്നത്തെയും വൃഥാശ്രമത്തെയുംകാൾ ഉത്തമം ഒരു കൈ നിറയെ ഉള്ള സ്വസ്ഥതയാണ്.” (സഭാപ്രസംഗി 4:6, ഓശാന ബൈബിൾ.) ജോലിയോട് ഭ്രാന്തമായ ആസക്തിയുള്ളവരുടെ ‘രണ്ടു കൈയും നിറയെ പ്രയത്നമാണ്.’ അതിനാൽ പ്രയത്നത്തിന്റെ ഫലം പലപ്പോഴും അവർക്ക് ആസ്വദിക്കാനാകുന്നില്ല. കാരണം, അവർക്ക് സമയമോ ഊർജമോ ബാക്കിയില്ല. നേരേമറിച്ച്, മടിയൻ “രണ്ടു കൈയും നിറയെ” സ്വസ്ഥതയാണ് ആഗ്രഹിക്കുന്നത്. ഇങ്ങനെയുള്ളവരും വിലപ്പെട്ട സമയം പാഴാക്കുന്നു. എന്നാൽ ബൈബിളിന്റെ ഉപദേശം സമനിലയുള്ളതാണ്: കഠിനാധ്വാനം ചെയ്യുക, ഒപ്പം അതിന്റെ ഫലം ആസ്വദിക്കുക. തന്റെ പ്രയത്നത്തിൽ ആനന്ദിക്കുന്നത് ‘ദൈവത്തിന്റെ ദാനമാണ്’ അതായത് അനുഗ്രഹമാണ്.—സഭാപ്രസംഗി 5:19.
ഉറങ്ങുന്നതിൽ പിശുക്കുകാട്ടരുത്. ഒരു ബൈബിളെഴുത്തുകാരൻ ഇങ്ങനെ എഴുതി: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.” (സങ്കീർത്തനം 4:8) മുതിർന്നവർക്ക് പൊതുവെ രാത്രി എട്ട് മണിക്കൂറോളം ഉറക്കം ആവശ്യമാണ്. ശാരീരിക, വൈകാരിക, ബൗദ്ധിക പ്രാപ്തികൾ പൂർണമായും പുതുക്കാൻ അത് അനിവാര്യമാണ്. ബൗദ്ധികപ്രാപ്തികളുടെ കാര്യത്തിൽ നല്ല ഉറക്കം ഒരു ‘സമ്പാദ്യമാണെന്നു’ പറയാം. എന്തുകൊണ്ട്? നന്നായി ഉറങ്ങുന്നത് ഏകാഗ്രതയോടെയിരിക്കാനും ഓർമകൾ കോർത്തിണക്കാനും സഹായിക്കും. അപ്പോൾ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാനും പഠിക്കാനും കഴിയും. അങ്ങനെ സമയം ലാഭിക്കാം. അതേസമയം, ഉറക്കക്കുറവ് ഗ്രഹണപ്രാപ്തികളെ മന്ദീഭവിപ്പിക്കും, അപകടങ്ങൾ വരുത്തിവെക്കും, ചെയ്യുന്ന കാര്യങ്ങൾ തെറ്റിപ്പോകാൻ ഇടയാക്കും, പല മാനസികപിരിമുറുക്കങ്ങൾക്കും കാരണമാകും.
ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. “കൺമുൻപിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതാണ് സങ്കൽപങ്ങളിൽ അലയുന്നതിനെക്കാൾ നല്ലത്.” (സഭാപ്രസംഗി 6:9, പി.ഒ.സി. ബൈബിൾ.) എന്താണ് ഇവിടത്തെ ആശയം? വിവേകമുള്ള ഒരു മനുഷ്യൻ തന്റെ അഭിലാഷങ്ങൾക്ക് കടിഞ്ഞാണിടും; പ്രത്യേകിച്ചും കൈപ്പിടിയിലൊതുങ്ങാത്ത, നേടിയെടുക്കാൻ സാധിക്കാത്ത ആഗ്രഹങ്ങൾക്ക്. തന്റെ ജീവിതത്തെ നിയന്ത്രിക്കാൻ അദ്ദേഹം അവയെ അനുവദിക്കില്ല. അതുകൊണ്ടുതന്നെ, വാണിജ്യലോകം അവതരിപ്പിക്കുന്ന പരസ്യങ്ങൾ എത്ര ആകർഷകമാണെങ്കിലും അദ്ദേഹത്തെ സ്വാധീനിക്കില്ല. ക്രെഡിറ്റ്കാർഡുപോലുള്ള ഉപാധികളിലൂടെ വരവു മറന്ന് ചെലവാക്കുന്ന പദ്ധതികളിൽ അങ്ങനെയൊരാൾ ചെന്നുപെടുകയുമില്ല. പിന്നെയോ, നേടിയെടുക്കാനാകുന്ന കാര്യങ്ങൾകൊണ്ട് അഥവാ “കൺമുൻപിലുള്ളതുകൊണ്ട്” തൃപ്തിപ്പെടാൻ അദ്ദേഹം പഠിക്കും.
4: ഉയർന്ന മൂല്യങ്ങളെ വഴികാട്ടിയാക്കുക
നിങ്ങൾ മൂല്യം കല്പിക്കുന്നത് എന്തിനാണെന്നു ചിന്തിക്കുക. മൂല്യങ്ങൾ ഒരു അളവുകോലാണ്. നല്ലത്, പ്രാധാന്യമുള്ളത്, ഗുണകരമായത് എന്നിവ വേർതിരിച്ചറിയാൻ അവ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തെ ഒരു അസ്ത്രത്തോട് ഉപമിച്ചാൽ, അത് എവിടേക്കു തിരിച്ചുവിടണമെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ മൂല്യങ്ങളാണെന്നു പറയാം. സദ്മൂല്യങ്ങളാണ് ജീവിതത്തിൽ സുബോധത്തോടെയുള്ള മുൻഗണനകൾ വെക്കാൻ നിങ്ങളെ സഹായിക്കുന്നത്. അങ്ങനെയായാൽ നിങ്ങളുടെ സമയം, അതായത്, ജീവിതത്തിലെ ഓരോ മണിക്കൂറും ഓരോ ദിവസവും ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കാൻ നിങ്ങൾക്കു കഴിയും. അതിരിക്കട്ടെ, അത്തരം സദ്മൂല്യങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം? പലരും ബൈബിളിലേക്കു നോക്കുന്നു. അതിലെ ശ്രേഷ്ഠമായ ജ്ഞാനം അവർ തിരിച്ചറിയുന്നു.—സദൃശവാക്യങ്ങൾ 2:6, 7.
സ്നേഹത്തിനാകട്ടെ ഏറ്റവും മൂല്യം. ‘ഐക്യത്തിന്റെ സമ്പൂർണബന്ധം’ എന്നാണ് സ്നേഹത്തെ കൊലോസ്യർ 3:14 വിശേഷിപ്പിക്കുന്നത്. സ്നേഹമില്ലെങ്കിൽ യഥാർഥസന്തോഷമുണ്ടാകില്ല, വൈകാരികസുരക്ഷിതത്വം അനുഭവിക്കാനാവില്ല; പ്രത്യേകിച്ചും കുടുംബബന്ധങ്ങളിൽ. ഈ വസ്തുത അവഗണിച്ചുകൊണ്ട് പണത്തിനും തൊഴിലിനും പിന്നാലെ പരക്കം പായുന്നവർ വാസ്തവത്തിൽ ‘സമ്പാദിക്കുന്നത്’ അസന്തുഷ്ടിയാണ്! നൂറുകണക്കിനു പ്രാവശ്യം ബൈബിൾ സ്നേഹത്തെക്കുറിച്ചു പറയുന്നുണ്ട്. സ്നേഹത്തെ അതിവിശിഷ്ടമായ മൂല്യമായും സർവപ്രധാനമായ സദ്ഗുണമായും ബൈബിൾ വിശേഷിപ്പിക്കുന്നതു വെറുതെയല്ല.—1 കൊരിന്ത്യർ 13:1-3; 1 യോഹന്നാൻ 4:8.
ആത്മീയകാര്യങ്ങൾക്കുവേണ്ടി സമയം നീക്കിവെക്കുക. ജെഫിന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന് സ്നേഹമയിയായ ഭാര്യയും മിടുക്കരായ രണ്ടു കുട്ടികളും നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആതുരശുശ്രൂഷയോടു ബന്ധപ്പെട്ട നല്ലൊരു ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ജോലിക്കിടയിൽ, ആളുകളുടെ ദുരിതങ്ങളും മരണവും പലപ്പോഴും അദ്ദേഹത്തിന് മുഖാമുഖം കാണേണ്ടിവന്നിട്ടുണ്ട്. “ജീവിതം ഇങ്ങനെയായിരിക്കേണ്ടതാണോ?” എന്ന് അദ്ദേഹം ചിന്തിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ജെഫ് യഹോവയുടെ സാക്ഷികളുടെ ചില ബൈബിൾപ്രസിദ്ധീകരണങ്ങൾ വായിക്കാനിടയായി, അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചു.
താൻ മനസ്സിലാക്കിയ കാര്യങ്ങൾ ജെഫ് ഭാര്യയോടും മക്കളോടും വിവരിച്ചു. അവർക്കും താത്പര്യം തോന്നി. അവർ ബൈബിൾ പഠിക്കാൻതുടങ്ങി. അവരുടെ ജീവിതം ധന്യമായി, മുമ്പത്തേതിലും വളരെ മെച്ചമായി സമയം ഉപയോഗപ്പെടുത്താൻ അവർക്ക് ഇന്നു കഴിയുന്നു. ബൈബിൾ പഠിച്ചതുകൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. ദുരിതവും കഷ്ടപ്പാടും ഇല്ലാത്ത ഒരു ലോകത്തിൽ മനുഷ്യർക്ക് നിത്യമായി ജീവിക്കാനാകും എന്ന മഹനീയമായ പ്രത്യാശയും അത് അവർക്കു നൽകി.—വെളിപാട് 21:3, 4.
‘തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതരാകുന്നു’ എന്ന് യേശുക്രിസ്തു പറഞ്ഞു. അതു ശരിയാണെന്നാണ് ജെഫിന്റെ അനുഭവം കാണിച്ചുതരുന്നത്. (മത്തായി 5:3) ആത്മീയകാര്യങ്ങൾക്കായി ജീവിതത്തിൽ ഒരു അല്പസമയം മാറ്റിവെക്കാൻ നിങ്ങൾക്കാകുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ ജീവിതത്തിലെ ഓരോ ദിവസവും, നിങ്ങളുടെ ജീവിതം മുഴുവനുംതന്നെ ഏറ്റവും മെച്ചമായി വിനിയോഗിക്കാൻ ആവശ്യമായ ജ്ഞാനവും വിവേകവും നിങ്ങൾക്കു ലഭിക്കും. അതു നൽകാൻ മറ്റൊരു ‘സമ്പാദ്യത്തിനും’ കഴിയില്ല! ▪ (g14-E 02)
^ ഖ. 5 2010 ഏപ്രിൽ ലക്കം ഉണരുക!-യുടെ ഇംഗ്ലീഷ് പതിപ്പിലെ, “സമയം ലാഭിക്കാൻ 20 വഴികൾ” എന്ന ലേഖനം കാണുക.