മുഖ്യലേഖനം | ഞാൻ എന്തിനു ജീവിക്കണം?
സാഹചര്യങ്ങൾ മാറുന്നു
“ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നെങ്കിലും തകർന്നുപോകുന്നില്ല; ആശങ്കാകുലരെങ്കിലും ആശയറ്റവരാകുന്നില്ല.”—2 കൊരിന്ത്യർ 4:8.
“ഒരു താത്കാലികപ്രശ്നത്തിനു ശാശ്വതമായ പരിഹാരം” എന്നാണ് ആത്മഹത്യയെ വിളിച്ചിരിക്കുന്നത്. ഒരുപക്ഷേ, നിങ്ങൾ ക്ലേശകരമെന്നു കരുതുന്നതോ നിയന്ത്രണത്തിന് അതീതമെന്നു വിചാരിക്കുന്നതോ ആയ ഒരു സാഹചര്യം, താത്കാലികം മാത്രമായിരുന്നേക്കാം. അപ്രതീക്ഷിതമായി ഈ ദുഷ്കരസാഹചര്യം മാറിയെന്നുവരാം.— “അവരുടെ സാഹചര്യങ്ങൾക്കു മാറ്റമുണ്ടായി” എന്ന ചതുരം കാണുക.
എന്നാൽ സാഹചര്യങ്ങൾക്കു മാറ്റം വരുന്നില്ലെങ്കിൽപോലും അതതു ദിവസത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും ഉത്തമം. “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്; നാളത്തെ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരിക്കുമല്ലോ. അതതു ദിവസത്തിന് അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം” എന്ന് യേശു പറഞ്ഞു.—മത്തായി 6:34.
പക്ഷേ നിങ്ങളുടെ സാഹചര്യങ്ങൾക്കു മാറ്റം വരുത്തുക അസാധ്യമാണെങ്കിലോ? ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു മാറാരോഗമുണ്ടെന്നു വിചാരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ വിവാഹജീവിതം തകർന്നതു നിമിത്തമോ നിങ്ങൾക്കു പ്രിയപ്പെട്ട ഒരു വ്യക്തിയെ മരണത്തിൽ നഷ്ടമായതിനെപ്രതിയോ ഉള്ള ദുഃഖമാണെങ്കിൽ എന്തു ചെയ്യാനാകും?
അത്തരം സാഹചര്യങ്ങളിൽപോലും നിങ്ങൾക്കു മാറ്റം വരുത്താവുന്ന ഒന്നുണ്ട്: ആ സാഹചര്യത്തെ നിങ്ങൾ വീക്ഷിക്കുന്ന വിധം. നിങ്ങൾക്കു മാറ്റം വരുത്താൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നതിലൂടെ ഒരു ക്രിയാത്മകവീക്ഷണകോണിൽ നിന്നുകൊണ്ട് നിങ്ങൾ കാര്യങ്ങൾ കാണാൻ തുടങ്ങും. (സദൃശവാക്യങ്ങൾ 15:15) അങ്ങനെയാകുമ്പോൾ എന്തെങ്കിലും കടുംകൈ ചെയ്തുകൊണ്ട് ജീവിതം അവസാനിപ്പിക്കാൻ വഴികൾ തേടുന്നതിനു പകരം, ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള വഴികൾ അന്വേഷിക്കാനാണു സാധ്യത. ഫലമോ? അനിയന്ത്രിതമെന്നു തോന്നുന്ന സാഹചര്യങ്ങളെ ഒരു പരിധിയോളം നിയന്ത്രിക്കാൻ നിങ്ങൾ പഠിച്ചുതുടങ്ങും.—ഇയ്യോബ് 2:10.
ഓർക്കുക: ഒറ്റക്കുതിപ്പിന് ഒരു മലയുടെ മുകളിൽ എത്തുക സാധ്യമല്ല; എന്നാൽ ഓരോ ചുവടുവെച്ചു മുന്നേറുന്നെങ്കിൽ നിങ്ങൾക്കു അത് അനായാസം സാധിക്കും. നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന മിക്ക പ്രതിബന്ധങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്; അതു പർവതസമാനമാണെന്നു തോന്നിയേക്കാമെങ്കിലും.
നിങ്ങൾക്ക് ഇന്നു ചെയ്യാനാകുന്നത്: നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കുക. ഈ സാഹചര്യത്തെ സമനിലയോടെ വീക്ഷിക്കാൻ ആ വ്യക്തിക്കു നിങ്ങളെ സഹായിക്കാനായേക്കും.—സദൃശവാക്യങ്ങൾ 11:14.