ബൈബിളിന്റെ വീക്ഷണം | ധ്യാനം
ധ്യാനം
എന്താണ് ധ്യാനം?
“ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.”—സങ്കീർത്തനം 77:12.
ആളുകൾ പറയുന്നത്
പല തരത്തിലുള്ള ധ്യാനമുണ്ട്. പുരാതന പൗരസ്ത്യമതങ്ങളിൽ നമുക്ക് അവയുടെ വേരുകൾ കണ്ടെത്താൻ കഴിയും. “കാര്യങ്ങൾ വ്യക്തമായി കാണുന്നതിന് മനസ്സ് ശൂന്യമായിരിക്കണം” എന്ന് ഈ വിഷയത്തെക്കുറിച്ച് ഒരു എഴുത്തുകാരൻ പറഞ്ഞു. ഏതെങ്കിലും ഒരു വാക്കിലോ ദൃശ്യത്തിലോ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് മനസ്സിനെ ശൂന്യമാക്കുന്നതു നിമിത്തം ആന്തരികസമാധാനവും തെളിഞ്ഞ മനസ്സും ആത്മീയപ്രബുദ്ധതയും ലഭിക്കും എന്ന വീക്ഷണമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
ബൈബിൾ പറയുന്നത്
ബൈബിൾ ധ്യാനത്തിനു വളരെയധികം മൂല്യം കൽപ്പിക്കുന്നു. (യോശുവ 1:8) എന്നാൽ ബൈബിൾ പ്രോത്സാഹിപ്പിക്കുന്ന ധ്യാനം, മനസ്സിനെ ശൂന്യമാക്കുന്നതോ ഒരു പ്രത്യേക വാക്കോ വാക്കുകളോ ആവർത്തിച്ച് ഉരുവിടുന്നതോ—അവയെ മന്ത്രങ്ങൾ എന്നും വിളിക്കുന്നു—അല്ല. മറിച്ച്, ദൈവത്തിന്റെ ഗുണങ്ങൾ, നിലവാരങ്ങൾ, സൃഷ്ടിക്രിയകൾ തുടങ്ങിയ ആരോഗ്യാവഹമായ കാര്യങ്ങളെക്കുറിച്ച് ഉദ്ദേശപൂർവം ചിന്തിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. “നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു” എന്നു ദൈവത്തിന്റെ ഒരു വിശ്വസ്തദാസൻ പ്രാർഥിച്ചുപറഞ്ഞു. (സങ്കീർത്തനം 143:5) അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും” ചെയ്യുന്നു.—സങ്കീർത്തനം 63:5.
ധ്യാനം നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
“നീതിമാൻ മനസ്സിൽ ആലോചിച്ചു (“ധ്യാനിച്ച്,” NW) ഉത്തരം പറയുന്നു.”—സദൃശവാക്യങ്ങൾ 15:28.
ബൈബിൾ പറയുന്നത്
ആരോഗ്യാവഹമായ ധ്യാനം ആന്തരികവ്യക്തിത്വം മെച്ചപ്പെടുത്തുകയും വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി നൽകുകയും ധാർമികകരുത്ത് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്, ഉൾക്കാഴ്ചയോടെയും ഗ്രാഹ്യത്തോടെയും സംസാരിക്കാനും പെരുമാറാനും നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 16:23) ഇത്തരം ധ്യാനം സന്തോഷകരവും പ്രതിഫലദായകവും ആയ ജീവിതത്തിനു സംഭാവന ചെയ്യുന്നു. ദൈവത്തെ സംബന്ധിച്ചു പതിവായി ധ്യാനിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചു സങ്കീർത്തനം 1:3 ഇങ്ങനെ പറയുന്നു: “അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”
ധ്യാനം നമ്മുടെ ഗ്രഹണപ്രാപ്തിയും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദൃഷ്ടാന്തത്തിന്, സൃഷ്ടിയുടെ ഏതെങ്കിലും ഒരു വശത്തെക്കുറിച്ചോ ഒരു പ്രത്യേക ബൈബിൾവിഷയത്തെക്കുറിച്ചോ നാം പഠിക്കുമ്പോൾ രസകരമായ പല വസ്തുതകൾ നാം മനസ്സിലാക്കുന്നു. എന്നാൽ ഈ വസ്തുതകളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ അവ ഓരോന്നും പരസ്പരവും, മുമ്പു നാം പഠിച്ച കാര്യങ്ങളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നാം ഗ്രഹിക്കുകയാണ് ചെയ്യുന്നത്. ഒരു ആശാരി ചില അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് ആകർഷകമായ ഗൃഹോപകരണങ്ങൾ തീർക്കുന്നതുപോലെ, ധ്യാനം വസ്തുതകൾ ‘കൂട്ടിയിണക്കി’ അർഥവത്തായ ഒരു ചിത്രം മനസ്സിൽ രൂപപ്പെടുത്തും.
ധ്യാനം നിയന്ത്രിക്കേണ്ടതുണ്ടോ?
“ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?”—യിരെമ്യാവു 17:9.
ബൈബിൾ പറയുന്നത്
“എന്തെന്നാൽ ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്, ഹാനികരമായ ചിന്തകൾ ഉത്ഭവിക്കുന്നത്. അവയുടെ ഫലമോ പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുർമോഹം, ദുഷ്ടപ്രവൃത്തി, വഞ്ചന, ദുർന്നടപ്പ്, അസൂയ, ദൂഷണം, ഗർവം, ഭോഷത്തം എന്നിവതന്നെ.” (മർക്കോസ് 7:21, 22) തീയുടെ കാര്യത്തിലെന്നപോലെ ധ്യാനം നിയന്ത്രിക്കേണ്ടതുണ്ട്! അല്ലാത്തപക്ഷം, അനുചിതമായ ചിന്തകൾ ഹാനികരമായ മോഹങ്ങൾ ജനിപ്പിച്ചേക്കാം. അത്തരം മോഹങ്ങൾ അനിയന്ത്രിതമായിത്തീരുകയും ദുർന്നടപ്പിലേക്കു നയിക്കുകയും ചെയ്തേക്കാം.—യാക്കോബ് 1:14, 15.
അക്കാരണത്താൽ, ‘സത്യമായ, നീതിയായ, നിർമലമായ, സ്നേഹാർഹമായ, സത്കീർത്തിയായ, ഉത്കൃഷ്ടവും പ്രശംസാർഹവുമായ’ കാര്യങ്ങൾ ചിന്തിക്കുന്നതിനായി അഥവാ ധ്യാനിക്കുന്നതിനായി ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഫിലിപ്പിയർ 4:8, 9) ഇത്തരം നല്ല ചിന്തകൾ മനസ്സിൽ വിതയ്ക്കുന്നെങ്കിൽ മനോഹരമായ ഗുണങ്ങൾ, ഹൃദ്യമായ സംസാരം, മറ്റുള്ളവരുമായി ഊഷ്മളബന്ധങ്ങൾ എന്നിവയുടെ രൂപത്തിൽ നാം അതിന്റെ ഫലം കൊയ്യും.—കൊലോസ്യർ 4:6.▪ (g14-E 05)