കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം
ഇണയുടെ മാതാപിതാക്കളുമായി ഒത്തുപോകാം
പ്രശ്‌നം
“ഞങ്ങൾ അൽപം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോൾ, അക്കാര്യം എന്‍റെ ഭാര്യ അവളുടെ മാതാപിതാക്കളുടെ ചെവിയിൽ എത്തിച്ചു. ഉടനെ അമ്മായിയപ്പൻ ഉപദേശവുമായി എത്തി. അത് എനിക്കത്ര രസിച്ചില്ല!” —ജയിംസ്. *
“‘എന്‍റെ മോൻ ഇങ്ങനെയൊന്നുമായിരുന്നില്ല’ എന്ന് അമ്മായിയമ്മ കൂടെക്കൂടെ എന്നോട് പറയും. അവർക്കിടയിലുള്ള നല്ലബന്ധം ഞാനായിട്ട് കളഞ്ഞെന്ന് കേൾക്കുമ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നുന്നു.”—നേഹ.
ഇണയുടെ മാതാപിതാക്കളുമായുള്ള പ്രശ്‌നം ഒരു ദാമ്പത്യപ്രശ്നമായിത്തീരുന്നത് എങ്ങനെ ഒഴിവാക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
വിവാഹം ഒരു പുതിയ കുടുംബത്തെ സൃഷ്ടിക്കുന്നു. വിവാഹം കഴിക്കുന്ന “ഒരു പുരുഷൻ തന്‍റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും” എന്ന് ബൈബിൾ പറയുന്നു. ഈ തത്ത്വം ഭാര്യക്കും ബാധകമാണ്. അവൾ വിവാഹിതയാകുന്നതോടെ “അവർ ഇരുവരും ഏകശരീരമായിത്തീരും” എന്നും അതു പറയുന്നു. അവർ ഇപ്പോൾ ഒരു പുതിയ കുടുംബമാണ്.—മത്തായി 19:5.
മാതാപിതാക്കളെക്കാൾ പ്രാധാന്യം വിവാഹബന്ധത്തിനാണ്. “ദാമ്പത്യം കരുത്തുറ്റതാകണമെങ്കിൽ, ‘ഞങ്ങൾ ഒന്നാണ്’ എന്ന ചിന്ത ഭാര്യയ്ക്കും ഭർത്താവിനും എപ്പോഴുമുണ്ടായിരിക്കണം” എന്ന് വിവാഹോപദേഷ്ടാവായ ജോൺ എം. ഗോട്ട്മാൻ പറയുന്നു. “ഇണയുമായുള്ള സ്നേഹബന്ധം നിലനിറുത്തുന്നതിന് അടുത്ത കുടുംബാംഗങ്ങളുമായി അൽപം അകലം പാലിക്കേണ്ടിവരും.” *
ചില മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നു. വിവാഹം കഴിഞ്ഞ് അധികമായിട്ടില്ലാത്ത ഒരു ഭർത്താവ് പറയുന്നു: “ഞങ്ങൾ വിവാഹിതരാകുന്നതിനു മുമ്പ് എന്‍റെ ഭാര്യ അവളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്കാണ് ഒന്നാം സ്ഥാനം നൽകിയിരുന്നത്. വിവാഹം കഴിഞ്ഞതോടെ മറ്റൊരാൾ ആ സ്ഥാനം കൈയടക്കിയത് അവളുടെ അമ്മയ്‌ക്ക് ഉൾക്കൊള്ളാനാകുന്നില്ല.”
ചില നവദമ്പതികൾക്കും ബുദ്ധിമുട്ട് തോന്നുന്നു. മുമ്പ് പരാമർശിച്ച ജയിംസ് പറയുന്നു: “നിങ്ങൾ ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളെപ്പോലെയല്ല ഇണയുടെ മാതാപിതാക്കൾ. ആരോ പറഞ്ഞതുപോലെ, ‘നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഇപ്പോൾ രണ്ടു പുതിയ സുഹൃത്തുക്കളെ കിട്ടിയിരിക്കുന്നു.’ അവർ നിങ്ങളെ അസഹ്യപ്പെടുത്തിയാലും നിങ്ങളെല്ലാം ഒരു കുടുംബത്തിന്റെ ഭാഗമാണ്.”
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഇണയുടെ മാതാപിതാക്കളോടുള്ള ബന്ധത്തിൽ നിങ്ങൾ ഇരുവർക്കും ഇടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ, പരസ്‌പരം സഹകരിച്ച് പ്രശ്നങ്ങൾക്കു പരിഹാരം കാണുക. “സമാധാനം അന്വേഷിച്ചു പിന്തുടരുക” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുക.—സങ്കീർത്തനം 34:14.
ഈ നിർദേശം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് പിൻവരുന്ന സാഹചര്യങ്ങൾ. ഇവ ഓരോന്നും ഭർത്താവിന്റെയോ ഭാര്യയുടെയോ വീക്ഷണകോണിൽനിന്നാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഇരുകൂട്ടർക്കും ബാധകമാണ്. ഇവിടെ ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ ഇണയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കും.
‘എന്‍റെ അമ്മയുമായി നിങ്ങൾ ഒത്തുപോയിരുന്നെങ്കിൽ’ എന്ന് ഭാര്യ പറയുന്നു. എന്നാൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നു.
ഇങ്ങനെ ചെയ്‌തുനോക്കൂ: ഈ പ്രശ്‌നം ഭാര്യയുമൊത്ത് ചർച്ച ചെയ്യുക. വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകുക. നിങ്ങൾക്ക് അമ്മായിയമ്മയെക്കുറിച്ച് എന്തു തോന്നുന്നു എന്നതിനല്ല, മറിച്ച് നിങ്ങൾ സ്നേഹിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഇണയെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നുവെന്നതിനാണ് പ്രാധാന്യം. ഇക്കാര്യം നിങ്ങൾ ചർച്ച ചെയ്യുമ്പോൾ, അമ്മായിയമ്മയുമായി ഇണങ്ങിപ്പോകുന്നതിന് ചെയ്യാനാകുന്ന ഒന്നോ രണ്ടോ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതു പിൻപറ്റുകയും ചെയ്യുക. അങ്ങനെ, നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നതു ഭാര്യ കാണുമ്പോൾ അവൾക്ക് നിങ്ങളോടുള്ള ബഹുമാനം വർധിക്കുമെന്നതിന് സംശയമില്ല. ബൈബിൾതത്ത്വം:—1 കൊരിന്ത്യർ 10:24.
‘എന്നെക്കാളധികം താത്‌പര്യം നിനക്ക് നിന്‍റെ വീട്ടുകാരോടാണ്’ എന്ന് ഭർത്താവ് പറയുന്നു.
ഇങ്ങനെ ചെയ്‌തുനോക്കൂ: പ്രശ്‌നം ഭർത്താവുമായി ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കാര്യങ്ങൾ കാണാൻ ശ്രമിക്കുക. എന്നാൽ നിങ്ങൾ, മാതാപിതാക്കൾക്ക് അവർ അർഹിക്കുന്ന ആദരവ് നൽകുമ്പോൾ ഭർത്താവ് അതിനെപ്രതി മുഷിയേണ്ടതില്ല. (സദൃശവാക്യങ്ങൾ 23:22) എന്നിരുന്നാലും, നിങ്ങളുടെ ജീവിതത്തിൽ മാതാപിതാക്കളെക്കാളും അദ്ദേഹത്തിനാണ് പ്രാധാന്യമെന്ന് നിങ്ങളുടെ വാക്കുകളാലും പ്രവൃത്തികളാലും ഉറപ്പുകൊടുക്കുക. ഈ ബോധ്യം ഭർത്താവിനുണ്ടെങ്കിൽ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി നിങ്ങളുടെ മാതാപിതാക്കളുമായി ഒരു മത്സരത്തിന് അദ്ദേഹം തുനിയുകയില്ല.—ബൈബിൾതത്ത്വം: എഫെസ്യർ 5:33.
നിങ്ങളുമായി കൂടിയാലോചിക്കുന്നതിനു പകരം ഭാര്യ മാതാപിതാക്കളുടെ അഭിപ്രായം ആരായുന്നു.
ഇങ്ങനെ ചെയ്‌തുനോക്കൂ: ഏതൊക്കെ കാര്യങ്ങളിൽ മാതാപിതാക്കളുടെ അഭിപ്രായം ചോദിക്കണം എന്നതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ ഒരു ധാരണയിൽ എത്തുക. ന്യായബോധം പ്രകടമാക്കുക. ഒരു കാര്യം മാതാപിതാക്കളുമായി ചർച്ച ചെയ്യുന്നത് എല്ലായ്‌പോഴും തെറ്റായിരിക്കുമോ? എപ്പോഴൊക്കെ അവരുമായി കാര്യങ്ങൾ ചർച്ച ചെയ്യാം? ഇത്തരം കാര്യങ്ങളിൽ വെക്കേണ്ട ന്യായമായ അതിർവരമ്പുകളെക്കുറിച്ച് പരസ്‌പരം ധാരണയിൽ എത്താൻ കഴിഞ്ഞാൽ ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാകും.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:5. ▪ (g15-E 03)