നിയമപ്രകാരമുള്ള ഒരു മുന്നേറ്റം
നിയമപ്രകാരമുള്ള ഒരു മുന്നേറ്റം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് ഏപ്രിലിൽ ശ്രദ്ധേയമായ ഒരു കോടതി വിജയം നേടുകയുണ്ടായി. 1992 ജനുവരി 28-ന്, 24 വയസ്സുള്ള ലൂസ് നെറെയ്ഡാ ആസെവെഡോ ക്വിലസിനെ പോർട്ടറിക്കോയിലുള്ള എൽ ബൂവൻ പാസ്റ്റർ ആശുപത്രിയിൽ ഐച്ഛിക ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ചതോടെയാണ് ഇതെല്ലാം തുടങ്ങിയത്. യഹോവയുടെ സാക്ഷികളിലൊരാൾ എന്നനിലയിൽ താൻ രക്തപ്പകർച്ച സ്വീകരിക്കുകയില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവൾ വാക്മൂലവും രേഖാമൂലവും വ്യക്തമാക്കിയിരുന്നു. (പ്രവൃത്തികൾ 15:28, 29) അവളെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഉൾപ്പെടെ, അതുമായി ബന്ധപ്പെട്ടിരുന്ന ആശുപത്രി ജീവനക്കാർ അവളുടെ ആഗ്രഹങ്ങളെപ്പറ്റി നല്ലവണ്ണം ബോധവാന്മാരായിരുന്നു.
ശസ്ത്രക്രിയ നടത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലൂസിന് അമിതമായി രക്തം നഷ്ടമാകുകയും രക്തസ്രാവം നിമിത്തം കടുത്ത വിളർച്ച ബാധിക്കുകയും ചെയ്തു. അവളെ സഹായിക്കുന്നതിനുള്ള ഏക മാർഗം രക്തപ്പകർച്ചയാണെന്ന് അവളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. ഹോസേ റോത്രെഗെത്ത് റോത്രെഗെത്തിനു തോന്നി. അതുകൊണ്ട് അവളുടെ അറിവോ അനുവാദമോ കൂടാതെ ലൂസിനു രക്തപ്പകർച്ച നടത്തുന്നതിന് അദ്ദേഹം കോടതി ഉത്തരവു നേടി.
ലൂസിനു സുബോധവും തനിക്കുവേണ്ടിതന്നെ സംസാരിക്കാൻ പ്രാപ്തിയും ഉണ്ടായിരുന്നെങ്കിലും, സാഹചര്യത്തിന്റെ അടിയന്തിരത നിമിത്തം മറ്റാരുടെയെങ്കിലും അനുമതി വാങ്ങാൻ സമയമില്ലായിരുന്നുവെന്നു ഡോ. റോത്രെഗെത്ത് റോത്രെഗെത്ത് തറപ്പിച്ചു പറഞ്ഞു. ഡിസ്ട്രിക്ററ് അറ്റോർണി, എഡ്വാർഡോ പേരേത്ത് സോട്ടോ ഫാറത്തിൽ ഒപ്പിടുകയും ഡിസ്ട്രിക്റ്റ് ജഡ്ജി, ബഹുമാന്യ ആൻകേൽ ലൂയിസ് റോത്രെഗെത്ത് റാമോസ് രക്തപ്പകർച്ച നടത്തുന്നതിനു കോടതി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.
അങ്ങനെ, 1992 ജനുവരി 31-ന് ലൂസിനെ ഓപ്പറേഷൻ മുറിയിൽ കയറ്റി രക്തം കുത്തിവെച്ചു. രക്തപ്പകർച്ച നടത്തുന്നതിനിടയിൽ ചില ആശുപത്രിജീവനക്കാർ ചിരിക്കുന്നത് അവൾ കേട്ടു. ചെയ്യുന്നതെന്തും അവളുടെ പ്രയോജനത്തിനാണെന്നു പറഞ്ഞു മറ്റു ചിലർ അവളെ വഴക്കു പറഞ്ഞു. അവൾ തന്റെ കഴിവിന്റെ പരമാവധി പോരാടിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരമായപ്പോഴേക്കും നാലു യൂണിറ്റു രക്തം ലൂസിനു കുത്തിവയ്ക്കുകയുണ്ടായി.
പോർട്ടറിക്കോയിൽ രക്തപ്പകർച്ചകളും യഹോവയുടെ സാക്ഷികളും ഉൾപ്പെടുന്ന ആദ്യത്തെയോ അവസാനത്തെയോ കേസായിരുന്നില്ല ലൂസിന്റേത്. അവളുടെ അനുഭവത്തിനു മുമ്പ്, പ്രായപൂർത്തിയായ യഹോവയുടെ സാക്ഷികളുടെ ഇച്ഛയ്ക്കെതിരെ ചുരുങ്ങിയത് 15 കോടതി ഉത്തരവുകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, അതിനു ശേഷം അതിൽ കൂടുതൽ ഉത്തരവുകളും ഉണ്ടായി. ദുഃഖകരമെന്നു പറയട്ടെ, ഒരിക്കൽ കോടതി ഉത്തരവനുസരിച്ച്, അബോധാവസ്ഥയിലായിരുന്ന ഒരു രോഗിയിൽ നിർബന്ധപൂർവം രക്തപ്പകർച്ച നടത്തുകയുണ്ടായി.
എന്നിരുന്നാലും, ലൂസിന്റെ പോരാട്ടം ഓപ്പറേഷൻ മുറിയിൽ അവസാനിച്ചില്ല. 1993 ഒക്ടോബറിൽ പോർട്ടറിക്കോയുടെ കോമൺവെൽത്തിനെതിരായി കേസു കൊടുത്തു. സുപ്പീരിയർ കോടതി വിചാരണ കേട്ടു, 1995 ഏപ്രിൽ 18-ന് അവൾക്കനുകൂലമായി തീർപ്പു കൽപ്പിച്ചു. രക്തപ്പകർച്ച നടത്താനുള്ള ഉത്തരവ് “ഭരണഘടനാ വിരുദ്ധമായിരുന്നുവെന്നു മാത്രമല്ല, ഉചിതമായ നിയമ നടപടി കൂടാതെ പരാതിക്കാരിക്കു സ്വതന്ത്രമായി മതം അനുഷ്ഠിക്കുന്നതിനുള്ള അവകാശത്തെയും അവളുടെ സ്വകാര്യതയെയും ശരീരസംബന്ധമായ സ്വയനിർണയാവകാശത്തെയും മറികടക്കുകയും ചെയ്ത”തായി കോടതി പ്രസ്താവിച്ചു.
ഈ തീർപ്പു ശ്രദ്ധേയമായിരുന്നു. കാരണം, പോർട്ടറിക്കോയിൽ രക്തപ്പകർച്ചയോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികൾക്കനുകൂലമായി ഒരു കോടതി വിധി കൽപ്പിച്ചത് അത് ആദ്യമായിട്ടായിരുന്നു. ന്യായവിധി വമ്പിച്ച പ്രതികരണമുണർത്തി. മുഖ്യ വാർത്താപത്രം, റേഡിയോ, ടെലിവിഷൻ എന്നിവയുടെ ലേഖകരുമായി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി.
അന്നു രാത്രിയിൽത്തന്നെ ഒരു റേഡിയോ പരിപാടി, ലൂസിന്റെ അറ്റോർണിമാരിൽ ഒരാളുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തു. ഫോൺ ചെയ്തു ചോദ്യങ്ങൾ ചോദിക്കാൻ ശ്രോതാക്കൾ ക്ഷണിക്കപ്പെട്ടു. പല ഡോക്ടർമാരും അഭിഭാഷകരും കേസിനോടുള്ള തങ്ങളുടെ അനുകൂല പ്രതികരണം ഫോണിലൂടെ വ്യക്തമാക്കി. അതിലൊരാൾ ഇങ്ങനെ പറഞ്ഞു: “രക്തപ്പകർച്ചക്കു ജീവൻ രക്ഷിക്കാനാവുമെന്നു ശാസ്ത്രത്തിന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല, അപ്രകാരം ചിന്തിക്കുന്നത് അബദ്ധമാണ്.” അദ്ദേഹം ഇങ്ങനെയും പ്രസ്താവിച്ചു: “പെട്ടെന്നുതന്നെ രക്തപ്പകർച്ചകൾ, ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ അപഭ്രംശവും അബദ്ധവുമായി ചരിത്രത്തിൽ കുറിച്ചിടപ്പെടും.”
അങ്ങേയറ്റം ആദരണീയനായ ഒരു നിയമ പ്രൊഫസർ പിന്നീട് വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ച് “മാറ്റൊലികൊള്ളുന്ന വിജയം” എന്ന പദപ്രയോഗത്തിലൂടെ തന്റെ ആഴമായ സംതൃപ്തി പ്രകടമാക്കി. ഈ കോടതി വിധി യഹോവയുടെ സാക്ഷികളുടെ മാത്രമല്ല പോർട്ടറിക്കോയിലെ സകല പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.