മോശയും അഹരോനും—ദൈവവചനത്തിന്റെ സുധീര പ്രഘോഷകർ
അവർ യഹോവയുടെ ഹിതം ചെയ്തു
മോശയും അഹരോനും—ദൈവവചനത്തിന്റെ സുധീര പ്രഘോഷകർ
ഈ രംഗമൊന്നു മനസ്സിൽ കാണുക: എൺപതു വയസ്സുള്ള മോശയും അവന്റെ സഹോദരനായ അഹരോനും ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ—ഈജിപ്തിലെ ഫറവോന്റെ—മുമ്പാകെ നിൽക്കുന്നു. ഈജിപ്തുകാരുടെ ദൃഷ്ടിയിൽ ഈ മനുഷ്യൻ ദൈവങ്ങളുടെ ഒരു പ്രതിനിധിയെക്കാൾ കവിഞ്ഞവനാണ്. ഫറവോൻ ഒരു ദൈവമാണെന്നുതന്നെ അവർ വിശ്വസിക്കുന്നു. കഴുകന്റെ തലയുള്ള ദൈവമായ ഹോറസിന്റെ അവതാരമായാണു ഫറവോൻ വീക്ഷിക്കപ്പെടുന്നത്. ഐസിസ്, ഓസിറിസ് എന്നിവരോടു ചേർന്ന് ഹോറസ്, ഈജിപ്തിലെ ദേവന്മാരുടെയും ദേവിമാരുടെയും ഇടയിലെ പ്രമുഖ ത്രിത്വത്തിനു രൂപംകൊടുത്തു.
ഫറവോന്റെ അടുക്കൽ ചെല്ലുന്ന ആർക്കും, അവന്റെ കിരീടത്തിന്റെ മധ്യഭാഗത്തുനിന്നായി തള്ളിനിൽക്കുന്ന, അശുഭസൂചകമായ മൂർഖന്റെ രൂപം ശ്രദ്ധിക്കാതിരിക്കാനാവില്ലായിരുന്നു. ഫറവോന്റെ ശത്രുക്കളിൽ ആരുടെയുംമേൽ തീയും നാശവും വർഷിക്കാൻ ഈ സർപ്പത്തിനു കഴിയുമെന്നു കരുതപ്പെടുന്നു. ഒരു അഭൂതപൂർവമായ അഭ്യർഥനയുമായി, അതായത് തങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഉത്സവം നടത്താൻ കഴിയേണ്ടതിന്ന് അടിമകളായ ഇസ്രായേല്യരെ വിട്ടയയ്ക്കണമെന്നുള്ള അഭ്യർഥനയുമായി, ഇപ്പോൾ മോശയും അഹരോനും ഈ ദേവതുല്യനായ രാജാവിന്റെ മുമ്പാകെ വന്നിരിക്കുകയാണ്.—പുറപ്പാടു 5:1.
ഫറവോന്റെ ഹൃദയം കഠിനമായിരിക്കുമെന്നു യഹോവ നേരത്തെതന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതുകൊണ്ട്, “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്ന ഫറവോന്റെ ഗർവിഷ്ഠമായ മറുപടി കേട്ടപ്പോൾ മോശയും അഹരോനും അമ്പരന്നുപോയില്ല. (പുറപ്പാടു 4:21; 5:2) അങ്ങനെ ഒരു നാടകീയ ഏറ്റുമുട്ടലിനുള്ള രംഗം ഒരുങ്ങി. അടുത്ത ഏറ്റുമുട്ടലിൽ, മോശയും അഹരോനും ഫറവോന്, തങ്ങൾ സർവശക്തനായ, സത്യദൈവത്തെയാണു പ്രതിനിധാനം ചെയ്യുന്നത് എന്നതിന്റെ അമ്പരപ്പിക്കുന്ന തെളിവു നൽകുകയുണ്ടായി.
ഒരു അത്ഭുതം സംഭവിക്കുന്നു
യഹോവ നിർദേശിച്ചപോലെ, ഈജിപ്തിലെ ദൈവങ്ങളുടെ മേലുള്ള യഹോവയുടെ പരമാധികാരം തെളിയിച്ച ഒരു അത്ഭുതം അഹരോൻ നടത്തി. അവൻ തന്റെ വടി ഫറവോന്റെ മുമ്പാകെ നിലത്തേക്ക് എറിഞ്ഞു, അത് ഉടൻതന്നെ ഒരു വലിയ പാമ്പായി മാറി! ഈ അത്ഭുതത്താൽ വിഭ്രാന്തനായ ഫറവോൻ ക്ഷുദ്രക്കാരായ തന്റെ പുരോഹിതന്മാരെ വിളിപ്പിച്ചു. a ഭൂതശക്തികളുടെ സഹായത്താൽ തങ്ങളുടെ വടികൾകൊണ്ട് ഏതാണ്ടു സമാനമായ ഒരു കാര്യം ചെയ്യുന്നതിന് അവർക്കു കഴിഞ്ഞു.
ഫറവോനും അവന്റെ പുരോഹിതന്മാരും വിജയിച്ചുവെന്നു കരുതിയെങ്കിൽ, അതു വെറും നൈമിഷികമായിരുന്നു. അഹരോന്റെ പാമ്പുകൾ അവരുടെ പാമ്പുകളെ ഒന്നൊന്നായി വിഴുങ്ങിയപ്പോഴത്തെ അവരുടെ മുഖഭാവമൊന്നു മനസ്സിൽ കാണുക! ഈജിപ്തിലെ ദൈവങ്ങൾ സത്യദൈവമായ യഹോവയ്ക്കു തുല്യമല്ല എന്നു സന്നിഹിതരായ എല്ലാവർക്കും കാണാൻ കഴിഞ്ഞു.—പുറപ്പാടു 7:8-13.
എന്നാൽ, അതിനുശേഷവും ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെ തുടർന്നു. ദൈവം സംഹാരശക്തിയുള്ള പത്തു പ്രഹരങ്ങൾ അഥവാ ബാധകൾ ഈജിപ്തിന്റെമേൽ വരുത്തിയതിനുശേഷം മാത്രമേ, ഒടുവിൽ ഫറവോൻ മോശയോടും അഹരോനോടും ഇങ്ങനെ പറഞ്ഞുള്ളൂ: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ.”—പുറപ്പാടു 12:31.
നമുക്കുള്ള പാഠങ്ങൾ
ഈജിപ്തിലെ ശക്തനായ ഫറവോന്റെ അടുക്കൽ ചെല്ലാൻ മോശയെയും അഹരോനെയും പ്രാപ്തരാക്കിയത് എന്തായിരുന്നു? ആദ്യം, താൻ “വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞുകൊണ്ടു തന്റെ പ്രാപ്തിയിൽ മോശ വിശ്വാസക്കുറവു പ്രകടമാക്കിയിരുന്നു. യഹോവയുടെ പിന്തുണയുടെ ഉറപ്പു ലഭിച്ചിട്ടുപോലും, “കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ” എന്നു മോശ അപേക്ഷിച്ചു. അതേ, മറ്റാരെയെങ്കിലും അയയ്ക്കാനാണു മോശ ദൈവത്തോടു യാചിച്ചത്. (പുറപ്പാടു 4:10, 13) എന്നിരുന്നാലും, യഹോവ സൗമ്യനായ മോശയെ ഉപയോഗിക്കുകയും അവ നിയമനം നിർവഹിക്കാനാവശ്യമായ ജ്ഞാനവും ശക്തിയും അവനു കൊടുക്കുകയും ചെയ്തു.—സംഖ്യാപുസ്തകം 12:3.
ഇന്നു യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും ദാസർ “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പന അനുസരിക്കുകയാണ്. (മത്തായി 28:19, 20) ഈ നിയോഗം നിറവേറ്റുന്നതിൽ നമ്മുടെ പങ്കു നിവർത്തിക്കുന്നതിന്, നാം തിരുവെഴുത്തു പരിജ്ഞാനവും നമുക്കുള്ള പ്രാപ്തികളും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തണം. (1 തിമൊഥെയൊസ് 4:13-16) നമ്മുടെ പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ദൈവം നമുക്കു നൽകിയിട്ടുള്ള ഏതു നിയമനവും വിശ്വാസത്തോടെ സ്വീകരിക്കാം. തന്റെ ഹിതം നിറവേറ്റാൻ അവനു നമ്മെ യോഗ്യരാക്കാനും ശക്തരാക്കാനും കഴിയും.—2 കൊരിന്ത്യർ 3:5, 6; ഫിലിപ്പിയർ 4:13.
മോശ മനുഷ്യന്റെയും ഭൂതങ്ങളുടെയും എതിർപ്പിനെതിരെ നിന്നതുകൊണ്ട് അവനു തീർച്ചയായും മനുഷ്യാതീതമായ സഹായം ആവശ്യമായിരുന്നു. അതുകൊണ്ട്, “ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു” എന്നു യഹോവ അവന് ഉറപ്പു കൊടുത്തു. (പുറപ്പാടു 7:1) അതേ, മോശക്കു ദിവ്യ പിന്തുണയും അധികാരവും ഉണ്ടായിരുന്നു. യഹോവയുടെ ആത്മാവു മോശയുടെ മേൽ ഉണ്ടായിരുന്നതുകൊണ്ട് അവനു ഫറവോനെയോ ആ അഹങ്കാരിയായ ഭരണാധികാരിയുടെ കൂട്ടുസംഘങ്ങളെയോ ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു.
നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു നാമും യഹോവയുടെ പരിശുദ്ധാത്മാവിൽ അഥവാ പ്രവർത്തനനിരതമായ ശക്തിയിൽ ആശ്രയിക്കേണ്ടതുണ്ട്. (യോഹന്നാൻ 14:26; 15:26, 27) “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?” എന്നു പാടിയ ദാവീദിന്റെ വാക്കുകൾ ദിവ്യ സഹായത്തോടെ നമുക്കും ഏറ്റുപറയാൻ കഴിയും.—സങ്കീർത്തനം 56:11.
യഹോവയ്ക്ക് അനുകമ്പ തോന്നിയതുകൊണ്ടു യഹോവ മോശയെ അവന്റെ നിയമനത്തിൽ തനിച്ചു വിട്ടില്ല. പകരം ദൈവം ഇങ്ങനെ പറഞ്ഞു: “നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.” (പുറപ്പാടു 7:1, 2) മോശക്കു ന്യായമായും കൈകാര്യം ചെയ്യാൻ കഴിയുന്നതിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുക എന്നതു യഹോവയെ സംബന്ധിച്ചിടത്തോളം എത്ര സ്നേഹപുരസ്സരമായ കാര്യമായിരുന്നു!
അത്യുന്നതനായിരിക്കുന്ന യഹോവയുടെ, സാക്ഷികളായിരിക്കുകയെന്ന വെല്ലുവിളി സ്വീകരിക്കുന്ന സഹക്രിസ്ത്യാനികളുടെ സഹവാസം ദൈവം നമുക്കു തരുന്നു. (1 പത്രൊസ് 5:9) അതുകൊണ്ട്, പ്രതികൂലാവസ്ഥകളെ നേരിടേണ്ടിവന്നാൽതന്നെയും മോശയെയും അഹരോനെയുംപോലെ ദൈവവചനത്തിന്റെ സുധീര പ്രഘോഷകരായിരിക്കാം.
[അടിക്കുറിപ്പ]
a ‘ക്ഷുദ്രക്കാർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം അർഥമാക്കുന്നത്, ഭൂതങ്ങൾക്ക് അതീതമായി പ്രകൃത്യാതീത ശക്തി ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രവാദികളുടെ ഒരു സംഘത്തെയാണ്. ഈ മന്ത്രവാദികൾക്കു ഭൂതങ്ങളെക്കൊണ്ടു തങ്ങളെ അനുസരിപ്പിക്കാൻ കഴിയുമായിരുന്നെന്നും ഭൂതങ്ങൾക്ക് അവരുടെമേൽ യാതൊരുവിധ സ്വാധീനവും ഇല്ലായിരുന്നുവെന്നും വിശ്വസിച്ചിരുന്നു.
[25-ാം പേജിലെ ചിത്രം]
മോശയും അഹരോനും ഫറവോന്റെ മുമ്പാകെ യഹോവയെ സധൈര്യം പ്രതിനിധീകരിച്ചു