വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണം’ ദൈവമാണെന്ന് എഫെസ്യർ 3:14, 15 പറയുന്നു. സ്വർഗത്തിൽ കുടുംബങ്ങളുണ്ടോ, തന്നെയുമല്ല ഓരോ മാനവ കുടുംബത്തിനും ഏതെങ്കിലും വിധത്തിൽ യഹോവയിൽനിന്നു പേർ ലഭിക്കുന്നുണ്ടോ?
ഭൂമിയിലുള്ളതുപോലെ പിതാവും മാതാവും മക്കളുമടങ്ങിയ, ജഡികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ സ്വർഗത്തിൽ ഇല്ല. (ലൂക്കൊസ് 24:39; 1 കൊരിന്ത്യർ 15:50) ദൂതന്മാർ വിവാഹം കഴിക്കുന്നില്ലെന്ന് യേശു വ്യക്തമായി സൂചിപ്പിക്കുകയുണ്ടായി. അവർ സന്തതികളെ ജനിപ്പിക്കുന്നതായി യാതൊന്നും സൂചിപ്പിക്കുന്നുമില്ല.—മത്തായി 22:30.
എന്നിരുന്നാലും, യഹോവ ഒരു പ്രതീകാത്മക അർഥത്തിൽ തന്റെ സ്വർഗീയ സ്ഥാപനത്തെ വിവാഹം ചെയ്തിരിക്കുന്നതായി ബൈബിൾ പറയുന്നുണ്ട്. ആത്മീയ അർഥത്തിൽ അവൻ വിവാഹിതനാണ്. (യെശയ്യാവു 54:5) ആ സ്വർഗീയ സ്ഥാപനം ദൂതന്മാരെപ്പോലുള്ള സന്തതികളെ ജനിപ്പിക്കുന്നു. (ഇയ്യോബ് 1:6; 2:1; 38:4-7) അപ്പോൾ, ആ അർഥത്തിൽ അത്ഭുതകരമായ ഒരു ആത്മീയ കുടുംബം സ്വർഗത്തിൽ ഉണ്ട്.
അതിനുപുറമേ, യേശുക്രിസ്തുവും അവന്റെ സഭയാകുന്ന മണവാട്ടിയായ 1,44,000 പേരുമടങ്ങിയ ഒരു പുതിയ പ്രതീകാത്മക കുടുംബം സ്വർഗത്തിൽ വളർന്നുവരികയാണ്. (2 കൊരിന്ത്യർ 11:2) സ്വർഗീയ ജീവിതത്തിന്റെ കാഴ്ചപ്പാടുള്ള ആ അഭിഷിക്തരിൽ മിക്കവരും നേരത്തെതന്നെ മരിച്ചുപോയി. ചിലർ ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. സകലരും സ്വർഗീയ “കുഞ്ഞാടിന്റെ കല്യാണ”ത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്. മഹാബാബിലോനെ നശിപ്പിക്കുകയും സാത്താന്റെ വ്യവസ്ഥിതിയുടെ ശേഷിച്ചഭാഗത്തെ തുടച്ചു നീക്കുകയും ചെയ്യുന്ന, സമീപമായിരിക്കുന്ന മഹോപദ്രവത്തിന്റെ സമയവുമായി ബൈബിൾ ആ വിവാഹത്തെ ബന്ധപ്പെടുത്തുന്നു.—വെളിപ്പാടു 18:2-5; 19:2, 7, 11-21; മത്തായി 24:21.
എഫെസ്യർ 3:15-ൽ അപ്പോസ്തലനായ പൗലോസ് ഭൗമിക കുടുംബങ്ങളെ സംബന്ധിച്ചു പറയുമ്പോൾ, ഓരോ കുടുംബ കൂട്ടത്തിനും യഹോവയിൽനിന്നു നേരിട്ടു പേരു ലഭിക്കുന്നതായി സൂചിപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, പൗലോസിന്റെ മനസ്സിലുണ്ടായിരുന്നതു കുടുംബപേരു നിലനിർത്തുന്ന നീണ്ട കുടുംബ വംശാവലിയെക്കുറിച്ചാണെന്നതു വ്യക്തമാണ്. യോശുവ 7:16-19 അതിന് ഒരു ഉദാഹരണമാണ്. അവിടെ യഹോവ ആഖാന്റെ പാപം വെളിപ്പെടുത്തുകയായിരുന്നു. ആദ്യം കുറ്റം യഹൂദാ ഗോത്രത്തിൽ കേന്ദ്രീകരിച്ചു അഥവാ പരിമിതപ്പെടുത്തി. പിന്നീട് അതു സർഹ്യകുലത്തിൽ മാത്രമായി ഒതുക്കി. ഒടുവിൽ ആഖാന്റെ കുടുംബം പിടിക്കപ്പെട്ടു. ആഖാനും ഭാര്യയും മക്കളും ആഖാന്റെ വല്യപ്പനായിരുന്ന സബ്ദിയുടെ കുലത്തിന്റെ (അഥവാ കുടുംബത്തിന്റെ) ഭാഗമായി വീക്ഷിക്കപ്പെട്ടു അഥവാ പറയപ്പെട്ടു. തങ്ങളുടെ പൂർവജനായിരുന്ന സേരഹിന്റെ പേരു നിലനിർത്തിയ വിപുല കുടുംബമായിരുന്നു ആ കുടുംബം.
എബ്രായരുടെ ഇടയിൽ അത്തരം കുടുംബ വംശാവലി വളരെ പ്രാധാന്യമുള്ളതായിരുന്നു. അവയിൽ പലതും ബൈബിളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം, അവകാശികൾ ദേവര വിവാഹത്തിലൂടെ അഥവാ ഭർത്തൃസഹോദരധർമത്തിലൂടെ കുടുംബപേരു നിലനിർത്താൻ കരുതൽ ചെയ്തുകൊണ്ടു വംശാവലിയുടെ പരിരക്ഷണത്തിനു ദൈവം പിന്തുണ നൽകി.—ഉല്പത്തി 38:8, 9; ആവർത്തനപുസ്തകം 25:5, 6.
അത്തരം വലിയ കുടുംബത്തിന്റെ അഥവാ വിപുല കുടുംബത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി, ദാവീദിന്റെ പുത്രനെന്ന നിലയിൽ യേശുവിനെപ്പറ്റി പരിചിന്തിക്കുക. ദാവീദ് മരിച്ചു നൂറ്റാണ്ടുകൾക്കു ശേഷം പിറന്ന യേശു, ദാവീദ് രാജാവിനു നേരിട്ടുണ്ടായ സന്തതിയല്ലായിരുന്നുവെന്നതു വ്യക്തമാണ്. എങ്കിലും, യഹൂദർ പരക്കെ അറിഞ്ഞിരുന്നപ്രകാരം, മിശിഹാ ദാവീദിന്റെ കുടുംബത്തിൽനിന്നു വരണം എന്നതായിരുന്നു അവനെ തിരിച്ചറിയിക്കുന്ന ഒരു അടയാളം. (മത്തായി 22:42) യേശു തന്റെ അമ്മയുടെയും വളർത്തുപിതാവിന്റെയും വഴിയിൽ ദാവീദിന്റെ വംശാവലിയിലായിരുന്നു.—മത്തായി 1:1; ലൂക്കൊസ് 2:4.
അത്തരം കുടുംബങ്ങൾക്ക് അവയുടെ പേര് യഹോവയിൽനിന്നു ലഭിക്കുന്നതെങ്ങനെയാണ്? ചില അവസരങ്ങളിൽ—അബ്രഹാമിന്റെയും ഇസഹാക്കിന്റെയും കാര്യത്തിലെന്നപോലെ—യഹോവ കുടുംബനാഥന് അക്ഷരാർഥത്തിൽ പേരിട്ടുവെന്നതു വാസ്തവമാണ്. (ഉല്പത്തി 17:5, 19) അവ പ്രത്യേക സാഹചര്യങ്ങളായിരുന്നു. പൊതുവേ പറഞ്ഞാൽ, ഓരോ കുടുംബത്തിനും തങ്ങളുടെ കുട്ടികളിലേക്കു കൈമാറുന്ന പേർ യഹോവ നൽകുന്നില്ല.
എങ്കിലും, ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയു’വാൻ ആദാമിനോടും ഹവ്വായോടും കൽപ്പിച്ചപ്പോൾ യഹോവ കുടുംബത്തിനു തുടക്കമിടുകതന്നെ ചെയ്തു. (ഉല്പത്തി 1:28) മക്കളെ ജനിപ്പിക്കുന്നതിന് അപൂർണരായിരുന്ന ആദാമിനെയും ഹവ്വായെയും യഹോവ അനുവദിച്ചു. അങ്ങനെ സകല മാനവ കുടുംബങ്ങൾക്കും അടിത്തറപാകി. (ഉല്പത്തി 5:3) അതുകൊണ്ട്, ഒന്നിലധികം അർഥത്തിൽ ദൈവത്തെ കുടുംബങ്ങൾക്കു പേർ വരുവാൻ കാരണമായവൻ എന്നു പറയാവുന്നതാണ്.
ഇന്ന് അനേകം സംസ്കാരങ്ങളിലും തലമുറകളോളം കുടുംബപേരുകൾ നിലനിർത്തേണ്ടതിന്റെ ആവശ്യകതയുള്ളതായി തോന്നുന്നില്ല. എന്നുവരികിലും, സകല ദേശങ്ങളിലുമുള്ള ക്രിസ്ത്യാനികൾ കുടുംബ ക്രമീകരണത്തിനു യഹോവയ്ക്കു നന്ദി നൽകുന്നു. കൂടാതെ, തങ്ങളുടെ ഓരോ കുടുംബഘടകവും വിജയപ്രദമാക്കുന്നതിനു കഠിനാധ്വാനം ചെയ്തുകൊണ്ട് അവർ അവനെ ബഹുമാനിക്കുകയും ചെയ്യുന്നു.