സന്തോഷരഹിതമായ ഒരു ലോകത്തിൽ സന്തുഷ്ടർ
സന്തോഷരഹിതമായ ഒരു ലോകത്തിൽ സന്തുഷ്ടർ
“അങ്ങേയറ്റം വഷളായ ഈ നൂറ്റാണ്ടു സാത്താന്റെ നൂറ്റാണ്ടു തന്നെയാണ്.” 1995 ജനുവരി 26-ലെ ദ ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രസംഗം തുടങ്ങിയത് അങ്ങനെയാണ്. വർഗം, മതം, വിഭാഗം എന്നിവയുടെ പേരിൽ ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നതിൽ ആളുകൾ ഇത്രമാത്രം അഭിനിവേശവും അഭിരുചിയും പ്രകടമാക്കിയിട്ടുള്ള മറ്റൊരു യുഗം ഉണ്ടായിരുന്നിട്ടില്ല.”
നാസി തടങ്കൽപ്പാളയങ്ങളിൽ തടവിലടയ്ക്കപ്പെട്ട നിരപരാധികളായ പീഡിതരുടെ വിമോചനത്തിന്റെ 50-ാമതു വാർഷിക ആഘോഷമാണു മുമ്പു സൂചിപ്പിച്ചതു പോലുള്ള മുഖപ്രസംഗങ്ങൾക്കു പ്രചോദനമേകിയത്. എന്നിരുന്നാലും, ആഫ്രിക്കയുടെയും കിഴക്കൻ യൂറോപ്പിന്റെയും ചില ഭാഗങ്ങളിൽ ഇത്തരം അരുങ്കൊലകൾ ഇപ്പോഴും നടക്കുന്നുണ്ട്.
സംഘടിത കൂട്ടക്കൊലകൾ, വംശശുദ്ധീകരണങ്ങൾ,
ഗോത്ര സംഹാരങ്ങൾ, ഇങ്ങനെ എന്തൊക്കെ പേരുകളിൽ അവയെ വിളിച്ചാലും, അവയെല്ലാം അഗാധമായ ദുഃഖത്തിൽ കലാശിക്കുന്നു. എങ്കിലും, അത്തരം അനാവശ്യ അക്രമങ്ങൾക്കിടയിലും സന്തോഷാരവം മുഴങ്ങുന്നുണ്ട്. ഉദാഹരണത്തിന്, 1930-കളിലെ ജർമനിയെപ്പറ്റി നമുക്കു പരിചിന്തിക്കാം.ഹിറ്റ്ലറും അയാളുടെ നാസി പാർട്ടിയും 1935 ഏപ്രിൽ ആയതോടെ സകലവിധ ഗവണ്മെൻറ് ഉദ്യോഗങ്ങളിൽനിന്നും യഹോവയുടെ സാക്ഷികളെ പുറന്തള്ളിയിരുന്നു. കൂടാതെ, ക്രിസ്തീയ നിഷ്പക്ഷത പാലിച്ചതുകൊണ്ടു സാക്ഷികൾ അറസ്റ്റുചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു. (യോഹന്നാൻ 17:16) 1936 ആഗസ്റ്റ് അവസാനമായപ്പോഴേക്കും യഹോവയുടെ സാക്ഷികൾ കൂട്ടംകൂട്ടമായി അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. അവരിൽ അനേകായിരങ്ങൾ തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കപ്പെട്ടു. 1945-ൽ അവിടെനിന്നു പുറത്തുവരുന്നതുവരെ അവരിലനേകർക്കും, അതിജീവിച്ചെങ്കിൽ, അവിടെത്തന്നെ കഴിയേണ്ടിവന്നു. എങ്കിലും, ഈ ക്യാമ്പുകളിൽ തങ്ങൾക്കെതിരെ അഴിച്ചുവിട്ട നിഷ്ഠൂരമായ പെരുമാറ്റത്തോടു സാക്ഷികൾ എങ്ങനെയാണു പ്രതികരിച്ചത്? തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന സന്തോഷരഹിതമായ ചുറ്റുപാടുകളിലും അവർക്കു സന്തോഷം നിലനിർത്താൻ കഴിഞ്ഞുവെന്നത് ആശ്ചര്യമെന്നു തോന്നിച്ചേക്കാം.
“ചേറിലെ ഒരു പാറ”
ബ്രിട്ടീഷ് ചരിത്രകാരിയായ ക്രിസ്റ്റീൻ കിങ് പാളയത്തിലുണ്ടായിരുന്ന ഒരു കത്തോലിക്ക സ്ത്രീയുമായി അഭിമുഖം നടത്തി. “അവർ ഉപയോഗിച്ച ഒരു വാചകം ഞാൻ ഇന്നേവരെ മറന്നിട്ടില്ല,” ഡോ. കിങ് പറഞ്ഞു. “ജീവിതത്തിലെ ബീഭത്സതയെക്കുറിച്ച്, താൻ കഴിഞ്ഞുകൂടിയ വെറുപ്പുളവാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. തനിക്കു സാക്ഷികളെ അറിയാമായിരുന്നുവെന്നും ആ സാക്ഷികൾ ചേറിലെ ഒരു പാറ ആയിരുന്നുവെന്നും അവർ പറഞ്ഞു. ചേറു കെട്ടിക്കിടക്കുന്ന ചുറ്റുപാടിൽ ഉറച്ച നിലം മാതിരിയായിരുന്നു അവർ. പാറാവുകാർ കടന്നുപോയിക്കഴിയുമ്പോൾ തുപ്പാതിരുന്നത് അവർ മാത്രമായിരുന്നുവെന്ന് അവർ പറഞ്ഞു. ഈ സാഹചര്യങ്ങളിലെല്ലാം വിദ്വേഷത്തിനു പകരം സ്നേഹത്തോടും പ്രത്യാശയോടും ഒരു ഉദ്ദേശ്യമുണ്ടെന്ന വിചാരത്തോടും കൂടെ പെരുമാറിയിരുന്നത് അവർ മാത്രമായിരുന്നത്രേ.”
‘ചേറിലെ പാറകളാ’യിരിക്കാൻ യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കിയതെന്താണ്? യഹോവയാം ദൈവത്തിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമുള്ള അചഞ്ചലമായ വിശ്വാസം. തന്മൂലം, അവരുടെ ക്രിസ്തീയ സ്നേഹവും സന്തോഷവും കെടുത്തിക്കളയാൻ ഹിറ്റ്ലറിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
വിശ്വാസത്തിന്റെ ഈ പരീക്ഷയെ വിജയപ്രദമായി നേരിട്ടിട്ട് അഞ്ചു ദശകങ്ങൾ പിന്നിട്ട രണ്ടു പാളയ അതിജീവകർ തങ്ങളുടെ അനുഭവങ്ങൾ അയവിറക്കുമ്പോൾ അതിനു ചെവിചായ്ക്കുക. ഒരാൾ ഇങ്ങനെ പറയുന്നു: “ഏറ്റവും ക്രൂരമായ സാഹചര്യങ്ങളിലും യഹോവയോടുള്ള സ്നേഹവും കൃതജ്ഞതയും തെളിയിക്കുന്നതിന് എനിക്ക് അനുപമമായ പദവി ലഭിച്ചുവെന്നറിയുന്നതിൽ ഞാൻ സന്തോഷത്താൽ മതിമറക്കുന്നു. അങ്ങനെ ചെയ്യാൻ ആരും എന്റെമേൽ നിർബന്ധം ചെലുത്തിയില്ല! നേരേമറിച്ച്, ദൈവത്തെക്കാളധികം ഹിറ്റ്ലറെ അനുസരിക്കുന്നതിനു ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച ശത്രുക്കളായിരുന്നു ഞങ്ങളുടെ മേൽ നിർബന്ധം ചെലുത്തിയത്. എന്നാൽ അവർക്കു വിജയിക്കാനായില്ല! ഇപ്പോഴെന്നു തന്നെയല്ല, ഒരു നല്ല മനസ്സാക്ഷിയുണ്ടായിരുന്നതിനാൽ ജയിൽ ഭിത്തികൾക്കുള്ളിലായിരുന്നപ്പോഴും ഞാൻ സന്തുഷ്ടയായിരുന്നു.”—മാരിയ ഹോമ്പക്, 94 വയസ്സ്.
മറ്റൊരു സാക്ഷി ഇങ്ങനെ പ്രസ്താവിക്കുന്നു: “തടവിലാക്കപ്പെട്ടിരുന്ന നാളുകളിലേക്കു ഞാൻ കൃതജ്ഞതയോടും സന്തോഷത്തോടും കൂടെ പിന്തിരിഞ്ഞു നോക്കുകയാണ്. ഹിറ്റ്ലറിന്റെ അധീനതയിൽ തടവറകളിലും തടങ്കൽപ്പാളയങ്ങളിലും ചെലവഴിച്ച വർഷങ്ങൾ പ്രയാസകരവും പരിശോധനാ പൂർണവുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നു, കാരണം യഹോവയിൽ പൂർണമായി ആശ്രയിക്കാൻ അവ എന്നെ പഠിപ്പിച്ചു.”—യോഹാനസ് നോയിബാക്കർ, 91 വയസ്സ്.
‘യഹോവയിൽ പൂർണമായി ആശ്രയിക്കുക’—അതാണു യഹോവയുടെ സാക്ഷികൾ അനുഭവിച്ച സന്തോഷത്തിന്റെ രഹസ്യം. അങ്ങനെ, സന്തോഷരഹിതമായ ഒരു ലോകത്തിൻ മധ്യേ ആണെങ്കിലും അവർ സന്തുഷ്ടരാണ്. സമീപ മാസങ്ങളിൽ നടന്ന “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ അവരുടെ സന്തോഷം പ്രകടമായിരുന്നു. ഈ സന്തുഷ്ട കൂടിവരവുകളെപ്പറ്റി നമുക്കു ഹ്രസ്വാവലോകനം നടത്താം.
[4-ാം പേജിലെ ചിത്രം]
മാരിയ ഹോമ്പക്