ക്രിസ്തീയ ഇടയന്മാർ നിങ്ങളെ സേവിക്കുന്ന വിധം
ക്രിസ്തീയ ഇടയന്മാർ നിങ്ങളെ സേവിക്കുന്ന വിധം
പല സ്ഥലങ്ങളിലും ഇടയന്മാർ ഒരു ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്ന വിധം കാണുക സാധ്യമാണ്. അവർ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും അവയ്ക്കു വേണ്ടി കരുതുകയും ചെയ്യുന്നു. അതു ക്രിസ്തീയ മൂപ്പന്മാരെ സംബന്ധിച്ചിടത്തോളം താത്പര്യമുള്ളതാണ്, കാരണം അവരുടെ വേലയിൽ ഇടയപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. തീർച്ചയായും, ‘ദൈവത്തിന്റെ സഭയെ മേയ്പാ’നും ‘ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളാ’നുമുള്ള ഉത്തരവാദിത്വം അവരുടേതാണ്.—പ്രവൃത്തികൾ 20:28.
നിങ്ങൾ ക്രിസ്തീയ സഭയിലെ ഒരു അംഗമാണെങ്കിൽ, ആത്മീയ ഇടയന്മാർക്കു നിങ്ങളെ എങ്ങനെ സേവിക്കാൻ കഴിയും? നിങ്ങളെപ്രതിയുള്ള അവരുടെ ശ്രമങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കണം? സഭയ്ക്ക് അവരുടെ സഹായം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
എന്തിനെതിരെയുള്ള സംരക്ഷണം?
പുരാതന കാലങ്ങളിൽ സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും ആട്ടിൻകൂട്ടത്തെ അപകടപ്പെടുത്തി, കൂട്ടംവിട്ട ആടിന്റെമേൽ ചാടിവീഴുമായിരുന്നു. ആട്ടിടയന്മാർ സംരക്ഷണം നൽകേണ്ടിയിരുന്നു. (1 ശമൂവേൽ 17:34, 35) പിശാചായ സാത്താൻ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊസ് 5:8) അവൻ ക്രോധത്തോടെ പോരാടുന്നതു മൊത്തത്തിൽ യഹോവയുടെ ഭൗമിക സ്ഥാപനത്തിനെതിരെ മാത്രമല്ല, ദൈവത്തിന്റെ ഓരോ ദാസനും എതിരായിട്ടാണ്. എന്താണു സാത്താന്റെ ലക്ഷ്യം? യഹോവയുടെ ജനത്തെ നിരുത്സാഹപ്പെടുത്താനും ‘ദൈവകല്പന പ്രമാണിക്കു’ന്നതിൽനിന്നും “യേശുവിന്റെ സാക്ഷ്യം” നിറവേറ്റുന്നതിൽനിന്നും അവരെ തടയാനും അവനാഗ്രഹിക്കുന്നു.—വെളിപ്പാടു 12:17.
പുരാതന ഇസ്രായേലിലെ ഭരണതലത്തിൽ പ്രവർത്തിച്ചിരുന്ന ഇടയന്മാർ അവഗണന കാട്ടിയതായി യഹോവ ആരോപിച്ചു, കാരണം അവന്റെ “ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീ”ർന്നിരുന്നു. (യെഹെസ്കേൽ 34:8) എന്നിരുന്നാലും, അവഗണന നിമിത്തം അല്ലെങ്കിൽ സാത്താന്റെയോ ലോകത്തിന്റെയോ വിശ്വാസത്യാഗികളായ ‘ചെന്നായ്ക്കളു’ടെയോ സ്വാധീനം നിമിത്തം ആരും നഷ്ടപ്പെട്ടുപോകാതിരിക്കാൻ തക്കവണ്ണം സഭയിലുള്ളവരെ സംരക്ഷിക്കാൻ ക്രിസ്തീയ മൂപ്പന്മാർക്കു ഹൃദയംഗമമായ ആഗ്രഹമുണ്ട്. (പ്രവൃത്തികൾ 20:29, 30) തങ്ങളുടെ സുബോധം കാത്തുസൂക്ഷിക്കാനും ജാഗ്രത പുലർത്താനും ആട്ടിൻകൂട്ടത്തിലെ അംഗങ്ങളെ ഇടയന്മാർ എങ്ങനെയാണു സഹായിക്കുന്നത്? രാജ്യഹാളിലെ പ്ലാറ്റ്ഫാറത്തിൽനിന്നു നന്നായി തയ്യാറായ തിരുവെഴുത്തു പ്രസംഗങ്ങൾ നടത്തുന്നതാണ് ഒരു വിധം. യോഗങ്ങൾക്കു മുമ്പും പിമ്പും പ്രോത്സാഹജനകമായ സംഭാഷണ ങ്ങൾ നടത്തുന്നതാണു മറ്റൊരു വിധം. ഇനിയും ഫലപ്രദമായ മറ്റൊരു മാർഗമുണ്ട്, ‘ആടുകളെ’ അവരുടെ വീട്ടിൽ പോയി വ്യക്തിഗതമായി സന്ദർശിക്കുന്നതാണത്. (സങ്കീർത്തനം 95:7 താരതമ്യം ചെയ്യുക.) എന്നാൽ എന്താണ് ഇടയസന്ദർശനം? അത്തരമൊരു സന്ദർശനം എങ്ങനെയാണു നടത്തേണ്ടത്? ആരെയാണു സന്ദർശിക്കേണ്ടത്?
എന്താണ് ഇടയസന്ദർശനം?
നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം ഉൾപ്പെടുന്ന ഒരു കേവല സാമൂഹിക സന്ദർശനമല്ല ഇടയസന്ദർശനം. ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒരു തിരുവെഴുത്തു വായിക്കുന്നതോ ഒരു പ്രത്യേക ബൈബിൾ കഥാപാത്രത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതോ മിക്ക പ്രസാധകരും വളരെ ഇഷ്ടപ്പെടുന്നു. തീർച്ചയായും, മൂപ്പൻ മാത്രം മുഴു സംസാരവും നടത്തേണ്ടതില്ല. ബൈബിളിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു സന്ദർശിക്കപ്പെടുന്ന രാജ്യപ്രസാധകന് ഇഷ്ടമാണ്. അങ്ങനെ ചെയ്യുന്നത് അയാളുടെതന്നെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യുന്നു. പരിപുഷ്ടിപ്പെടുത്തുന്ന ഒരു ലേഖനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മൂപ്പന് ഒരു വീക്ഷാഗോപുരമോ ഉണരുക!യോ കരുതാവുന്നതാണ്. ഒരുപക്ഷേ ഇടയസന്ദർശനത്തെ ഒരു സാമൂഹിക സന്ദർശനത്തിൽനിന്നു വേർതിരിച്ചുനിർത്തുന്നത് ഈ ആത്മീയ ചർച്ചയാണ്.”
അനുഭവജ്ഞാനമുള്ള മറ്റൊരു മൂപ്പന്റെ അഭിപ്രായം നോക്കൂ: “സന്ദർശനത്തിനു മുമ്പു താൻ സന്ദർശിക്കാൻ പോകുന്ന പ്രസാധകനെക്കുറിച്ചു ചിന്തിക്കാൻ മൂപ്പൻ അൽപ്പസമയം ചെലവഴിക്കുന്നു. പ്രസാധകനെ പരിപുഷ്ടിപ്പെടുത്തുന്നത് എന്തായിരിക്കാം? ആത്മാർഥമായ അനുമോദനം ഇടയസന്ദർശനങ്ങളുടെ ഒരു അനിവാര്യഭാഗമാണ്, കാരണം അതു സഹിച്ചുനിൽക്കാൻ വ്യക്തിയെ ബലിഷ്ഠമാക്കിത്തീർക്കുന്നു.” അതേ, ഒരു ഇടയസന്ദർശനമെന്നു പറയുന്നത് സഭയിലുള്ള ആരെങ്കിലുമൊരാൾ നടത്തുന്ന ഒരു കേവല സൗഹൃദസന്ദർശനത്തെക്കാൾ ഉപരിയാണ്.
എന്തിനാണ് ഒരു ഇടയൻ നിങ്ങളെ സന്ദർശിക്കുന്നത്?
മൂപ്പൻ ഒരു ഭവനം സന്ദർശിക്കുമ്പോൾ, സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ബലിഷ്ഠരായിരിക്കാൻ അവരെ സഹായിക്കാനും അദ്ദേഹം ഒരുങ്ങിയിരിക്കുന്നു. (റോമർ 1:11) അതുകൊണ്ട്, ഒന്നോ രണ്ടോ മൂപ്പന്മാർ നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ഒരു സഞ്ചാരമേൽവിചാരകൻ പറഞ്ഞത് ഇങ്ങനെയാണ്: “എന്തെങ്കിലും കുഴപ്പം ഉള്ളപ്പോൾ മാത്രം ഇടയസന്ദർശനം നടത്തുകയാണെങ്കിൽ, ‘ഞാൻ എന്തു തെറ്റാണു ചെയ്തത്?’ എന്നായിരിക്കും നിർദിഷ്ട സന്ദർശനത്തോടുള്ള ആദ്യ പ്രതികരണം.” സങ്കീർത്തനക്കാരനെ പരിപാലിക്കുകയും എപ്പോഴും, പ്രത്യേകിച്ച് അരിഷ്ടതയുടെ സമയങ്ങളിലും പ്രത്യേക ആവശ്യം ഉണ്ടായിരുന്നപ്പോഴും, അവന്റെ ‘പ്രാണനെ തണുപ്പിക്കുക’യും ചെയ്ത യഹോവയെ സ്നേഹവാന്മാരായ ആത്മീയ ഇടയന്മാർ അനുകരിക്കുന്നു.—സങ്കീർത്തനം 23:1-4.
ഇടയസന്ദർശനത്തിന്റെ ഉദ്ദേശ്യം ‘ഇടിച്ചുകളയുകയല്ല, പണിയുക’യാണ്. (2 കൊരിന്ത്യർ 13:10) സന്ദർശിക്കപ്പെടുന്ന വ്യക്തിയുടെ സഹിഷ്ണുത, തീക്ഷ്ണത, വിശ്വസ്ത വേല തുടങ്ങിയവ സംബന്ധിച്ച വിലമതിപ്പിൻ വാക്കുകൾ തീർച്ചയായും പ്രോത്സാഹജനകമാണ്. ഒരു മൂപ്പൻ ഇങ്ങനെ നിരീക്ഷിച്ചു: “ഇടയസന്ദർശനം നടത്തുമ്പോൾ, പ്രശ്നങ്ങൾ കണ്ടുപിടിച്ച് അതേക്കുറിച്ചു ചർച്ച ചെയ്യാനാണു വന്നിരിക്കുന്നത് എന്ന ധാരണ കൊടുക്കുന്നതു നല്ലതല്ല. തീർച്ചയായും, ഏതെങ്കിലും പ്രത്യേക പ്രശ്നത്തെക്കുറിച്ചു പ്രസാധകൻതന്നെ സംസാരിക്കാൻ ആഗ്രഹിച്ചേക്കാം. ഒരു ചെമ്മരിയാടു മുടന്തിനടക്കുകയോ ആട്ടിൻകൂട്ടത്തിൽ ശേഷമുള്ളവയിൽനിന്നു സ്വയം ഒറ്റപ്പെടുത്തുകയോ ആണെങ്കിൽ, സഹായിക്കാനായി മൂപ്പൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.”
“കാണാതെപോയതിനെ ഞാൻ [യഹോവ] അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും” എന്നീ വാക്കുകളിൽ വിവരിച്ചിരിക്കുന്നതുപോലുള്ള ആരെങ്കിലുമുണ്ടെങ്കിൽ ക്രിസ്തീയ ഇടയന്മാർ നിസ്സംശയമായും അവർക്കു പ്രത്യേക പരിപാലനം നൽകും. (യെഹെസ്കേൽ 34:16) അതേ, ആടുകളെ തേടിപ്പിടിക്കുകയോ തിരികെ കൊണ്ടുവരികയോ മുറിവു വെച്ചുകെട്ടുകയോ ശക്തിപ്പെടുത്തുകയോ ചെയ്യേണ്ടിവന്നേക്കാം. ഇസ്രായേലിലെ ഇടയന്മാർ ഈ ഉത്തരവാദിത്വങ്ങൾ അവഗണിച്ചു. അത്തരം വേല ചെയ്യുന്നത്, ഒരു ഇടയൻ ഒരു പ്രത്യേക ആടിന്റെ അടുത്തു വന്ന് അതിന്റെ ആവശ്യങ്ങൾക്കായി കരുതുന്നത് ആവശ്യമാക്കിത്തീർക്കുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ, ഇന്നത്തെ ഓരോ ഇടയസന്ദർശനത്തിന്റെയും മുഖമുദ്രയായിരിക്കണം ഇത്.
ആരോഗ്യമുള്ള ആടുകൾക്കു പരിപാലനം ആവശ്യമാണ്
ഇന്നത്തെ ആത്മീയ ഇടയന്മാർ ആരോഗ്യമുള്ള ആടുകൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നു നാം നിഗമനം ചെയ്യണമോ? കൊള്ളാം, ഒരു അക്ഷരീയ ആട് കുഴപ്പത്തിൽ അകപ്പെടുമ്പോൾ, ഇടയനിൽ അതിന് വിശ്വാസമുണ്ടെങ്കിൽ സഹായിക്കുക കൂടുതൽ എളുപ്പമാണ്. “ചെമ്മരിയാടുകൾ പൊതുവേ മനുഷ്യരിൽനിന്ന് അകന്നു നിൽക്കുന്നവയാണെന്നും അവയുടെ വിശ്വാസം ആർജിക്കുന്നത് എപ്പോഴും എളുപ്പമല്ലെന്നും” ഒരു പരാമർശഗ്രന്ഥം അഭിപ്രായപ്പെടുന്നു. മറ്റു കാര്യങ്ങളോടൊപ്പം, ആടിന്റെ വിശ്വാസം നേടിയെടുക്കുന്നതിന്
അതേ പുസ്തകം തന്നെ ഈ അടിസ്ഥാന മാർഗനിർദേശം പ്രദാനം ചെയ്യുന്നു: “ആ മൃഗങ്ങളോടു പതിവായി സംസാരിക്കുക. അവയ്ക്കു ശബ്ദം പരിചിതമായിത്തീരുന്നു, അത് അവയ്ക്ക് ഉറപ്പേകുന്നു. ആടുകളെ മേച്ചിൽസ്ഥലത്തു കൂടെക്കൂടെ സന്ദർശിക്കുക.”—ആലെസ് ഫ്ർ ഡാസ് ഷാഫ്. ഹാൻഡ്ബുക്ക് ഫ്ർ ഡെ ആർട്ട്ജെറക്റ്റി ഹാൽടുഗ് (സകലതും ആടുകൾക്കു വേണ്ടി. അവയെ ഉചിതമായി സൂക്ഷിക്കുന്നതു സംബന്ധിച്ചുള്ള പരാമർശഗ്രന്ഥം).ഇടയനും ആടുകളും തമ്മിൽ ആശ്രയയോഗ്യമായ ഒരു ബന്ധം നിലനിൽക്കണമെങ്കിൽ വ്യക്തിപരമായ സമ്പർക്കം അനിവാര്യമാണ്. ക്രിസ്തീയ സഭയുടെ കാര്യത്തിലും അതുതന്നെ സത്യമാണ്. ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ആടുകളെ പതിവായി സന്ദർശിക്കുന്ന ഒരു മൂപ്പൻ എന്നനിലയിൽ സഭയിൽ അറിയപ്പെടുന്നത് പ്രശ്നങ്ങളുള്ള ഒരു വ്യക്തിയെ സന്ദർശിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു.” അക്കാരണത്താൽ, ആത്മീയ ഇടയന്മാർ രാജ്യഹാളിൽവെച്ചു മാത്രം ആടുകളെ പോറ്റാനും അവയെ പരിപാലിക്കാനും ശ്രമിക്കരുത്. സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം, മൂപ്പന്മാർ ആടുകളുടെ വീടുകളിൽ ഇടയസന്ദർശനം നടത്തിക്കൊണ്ട് അവയെ അറിയേണ്ടതുണ്ട്. പുതുതായി ഒരു മൂപ്പനെന്ന നിലയിൽ നിയമനം ലഭിച്ചപ്പോൾ, ദാരുണമായ ഒരു റോഡപകടത്തിൽ മകളെ നഷ്ടപ്പെട്ട ഒരു സഹോദരനെ സന്ദർശിച്ച് ആശ്വസിപ്പിക്കാൻ അധ്യക്ഷമേൽവിചാരകൻ ടെലഫോൺ ചെയ്ത് തന്നോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് ഒരു ക്രിസ്തീയ മൂപ്പൻ ഓർമിക്കുന്നു. ആ മൂപ്പൻ ഇങ്ങനെ സമ്മതിക്കുന്നു: “എനിക്ക് എത്ര വിഷമം തോന്നിയെന്നോ, കാരണം ഞാൻ ആ സഹോദരനെ ഒരിക്കലും സന്ദർശിച്ചിരുന്നില്ല. മാത്രമല്ല അദ്ദേഹം എവിടെയാണു താമസിക്കുന്നതെന്നുപോലും എനിക്ക് അറിയില്ലായിരുന്നു! പക്വതയുള്ള ഒരു മൂപ്പൻ എന്നോടൊപ്പം വരാമെന്നു പറഞ്ഞപ്പോൾ എനിക്ക് എന്തൊരു ആശ്വാ
സമാണു തോന്നിയത്.” അതേ, ഇടയസന്ദർശനം നടത്തുന്നതിൽ മൂപ്പന്മാർ അന്യോന്യം സഹായിക്കുന്നു.ചില ഇടയസന്ദർശനങ്ങൾക്കായി തയ്യാറെടുക്കുകയും അവ നടത്തുകയും ചെയ്യുന്നതിൽ, ഒരു മേൽവിചാരകന്റെ ‘നല്ല വേല’ എത്തിപ്പിടിക്കുന്ന ഒരു ശുശ്രൂഷാദാസനെ മൂപ്പനു കൂട്ടത്തിൽ ചേർക്കാവുന്നതാണ്. (1 തിമൊഥെയൊസ് 3:1, 13) ഇടയസന്ദർശനവേളകളിൽ, ഒരു മൂപ്പൻ ആടുകളെ സേവിക്കുന്ന വിധം കാണുന്നത് ഒരു ശുശ്രൂഷാദാസൻ എത്രമാത്രം വിലമതിക്കുന്നു! അങ്ങനെ മൂപ്പൻമാരും ശുശ്രൂഷാദാസന്മാരും ക്രിസ്തീയ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടു സഭയിലുള്ള സകലരുമായി കൂടുതൽ അടുത്തുവരുന്നു.—കൊലൊസ്സ്യർ 3:14.
ഇടയസന്ദർശനത്തിനു സമയം ആസൂത്രണം ചെയ്യൽ
മൂപ്പന്മാരുടെ ഒരു സംഘം ഇടയസന്ദർശനം നടത്താനുള്ള ഉത്തരവാദിത്വം സഭാപുസ്തകാധ്യയന നിർവാഹകർക്കു വിട്ടുകൊടുത്തപ്പോൾ, ആറു മാസത്തിനുള്ളിൽ ചില കൂട്ടങ്ങളിലുള്ള എല്ലാ പ്രസാധകരെയും സന്ദർശിക്കുകയുണ്ടായി, എന്നാൽ മറ്റു കൂട്ടങ്ങളിലെ ആരെയും സന്ദർശിച്ചില്ല. അത് ഇങ്ങനെ പറയാൻ ഒരു മൂപ്പനെ പ്രേരിപ്പിച്ചു: “ചില മൂപ്പന്മാർ നേതൃത്വമെടുത്തു ധാരാളം ഇടയസന്ദർശനവേല നടത്തുന്നതായി തോന്നുന്നു, എന്നാൽ മറ്റു മൂപ്പന്മാർക്ക് അങ്ങനെ ചെയ്യുന്നതിനു സഹ മൂപ്പന്മാരുടെ പ്രോത്സാഹനം ആവശ്യമാണ്.” അതുകൊണ്ട്, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പ്രസാധകരെയെല്ലാം സന്ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചില മൂപ്പന്മാരുടെ സംഘങ്ങൾ ചെയ്യാറുണ്ട്.
തീർച്ചയായും, പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ കാത്തിരിക്കാതെ ഒരു മൂപ്പനോ ഏതെങ്കിലും പ്രസാധകനോ സഭയിലുള്ള ആരെയും സന്ദർശിക്കാവുന്നതാണ്. ഇടയസന്ദർശനം നടത്തുന്നതിനു മുമ്പായി ഒരു മൂപ്പൻ ഫോൺ വിളിച്ച് ഇങ്ങനെ പറയുന്നു, “ഞാൻ ഓരോ മാസവും ഒരു കുടുംബത്തെ വീതം സന്ദർശിക്കുന്നു. അടുത്ത മാസം ഒരു മണിക്കൂറോ മറ്റോ എനിക്കു നിങ്ങളെ സന്ദർശിക്കാനാവുമോ? നിങ്ങൾക്ക് എപ്പോഴാണു സൗകര്യം?”
ഇടയസന്ദർശനങ്ങളുടെ അനുഗ്രഹങ്ങൾ
ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുള്ള സമ്മർദങ്ങൾ തുടർന്നും ഏറിവരുമ്പോൾ, സഹാനുഭൂതിയുള്ള മൂപ്പന്മാർ നടത്തുന്ന പ്രോത്സാഹജനകമായ സന്ദർശനങ്ങൾ ഏറെ പ്രയോജനമുള്ളതായിത്തീരുന്നു. ആട്ടിൻകൂട്ടത്തിലുള്ള എല്ലാവർക്കും ഇടയ സന്ദർശനങ്ങളിലൂടെ പ്രോത്സാഹനവും സഹായവും കൊടുക്കുമ്പോൾ, ഓരോ ആടിനും ഭദ്രതയും സുരക്ഷിതത്വവും തോന്നുന്നു.
എല്ലാ രാജ്യപ്രസാധകരെയും ഇടയന്മാർ പതിവായി സന്ദർശിച്ച ഒരു സഭയെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി: “ഇടയസന്ദർശനങ്ങൾ സംബന്ധിച്ചു പ്രസാധകർ വളരെയധികം ക്രിയാത്മക ചിന്ത പുലർത്തുന്നവരായി മാറി. പ്രസാധകർ ഏതെങ്കിലും ഒരു മൂപ്പനെ സമീപിച്ച് അടുത്ത സന്ദർശനം എന്നാണ് എന്നു ചോദിക്കുക സാധാരണമായിരുന്നു. കാരണം ചോദിച്ച വ്യക്തി കഴിഞ്ഞ സന്ദർശനസമയത്തെ പരിപുഷ്ടിപ്പെടുത്തുന്ന ചർച്ച നന്നായി ആസ്വദിച്ചിരുന്നു. സഭയുടെ ആത്മാവിനെ മെച്ചപ്പെടുത്താൻ സഹായിച്ച ഒരു ഘടകം ഇടയസന്ദർശനങ്ങളായിരുന്നു.” ഇടയന്മാർ അത്തരത്തിൽ ശുശ്രൂഷ നടത്തുമ്പോൾ, സ്നേഹത്തിലും ഐക്യത്തിലും ഊഷ്മളതയിലും സഭ വളരുന്നതായി മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തൊരു അനുഗ്രഹമാണത്!
ചെമ്മരിയാടുകളുടെ ആത്മീയ ക്ഷേമത്തെ പരിപോഷിപ്പിക്കാനാണു ക്രിസ്തീയ ഇടയന്മാർ സന്ദർശനം നടത്തുന്നത്. തങ്ങളുടെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും മൂപ്പന്മാർ ആഗ്രഹിക്കുന്നു. ഒരു സന്ദർശനസമയത്തു ബുദ്ധ്യുപദേശം ആവശ്യമായിരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നം പൊന്തിവരുന്നെങ്കിൽ, അതേക്കുറിച്ചു മറ്റൊരു സമയത്തു ചർച്ച ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത് ഏറ്റവും ഉചിതമായിരുന്നേക്കാം. പ്രത്യേകിച്ചും മൂപ്പന്റെ കൂട്ടത്തിൽ ഒരു ശുശ്രൂഷാദാസൻ ഉള്ളപ്പോൾ. സാഹചര്യം എന്താണെങ്കിലും, ഇടയസന്ദർശനം പ്രാർഥനയോടെ ഉപസംഹരിക്കുന്നത് ഉചിതമാണ്.
അടുത്തെങ്ങാനും ഒരു ആത്മീയ ഇടയൻ നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്ന പ്രോത്സാഹനത്തിന്റെ പ്രതീക്ഷയിൽ സന്തുഷ്ടനായിരിക്കുക. നിങ്ങളെ സേവിക്കാനും നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽ നിലകൊള്ളാനുള്ള നിങ്ങളുടെ ദൃഢതീരുമാനത്തെ ബലപ്പെടുത്താനുമാണ് അദ്ദേഹം വരുന്നത്.—മത്തായി 7:13, 14.
[26-ാം പേജിലെ ചതുരം]
ഇടയസന്ദർശനങ്ങൾക്കുള്ള നിർദേശങ്ങൾ
◻ കൂടിക്കാഴ്ചയ്ക്കു സമയം നിശ്ചയിക്കുക: കൂടിക്കാഴ്ചയ്ക്കു സമയം നിശ്ചയിക്കുന്നതു സാധാരണഗതിയിൽ നല്ലതാണ്. മൂപ്പൻ ഗുരുതരമായ ഒരു പ്രശ്നം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, ഇതേക്കുറിച്ചു പ്രസാധകനെ മുന്നമേ അറിയിക്കുന്നതു നല്ലതായിരിക്കും.
◻ തയ്യാറാകൽ: വ്യക്തിയുടെ സ്വഭാവവും സാഹചര്യവും പരിചിന്തിക്കുക. ഹൃദയംഗമമായ അഭിനന്ദനം നൽകുക. പ്രോത്സാഹജനകവും വിശ്വാസത്തെ ബലപ്പെടുത്തുന്നതുമായ ‘ആത്മീയ ദാനം’ പകരുക എന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക.—റോമർ 1:11, 12.
◻ ആരെ കൂടെ കൊണ്ടുപോകണം: വേറൊരു മൂപ്പൻ അല്ലെങ്കിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസൻ.
◻ സന്ദർശനസമയത്ത്: മൂപ്പൻ ആയാസരഹിതനും സ്നേഹസമ്പന്നനും ക്രിയാത്മക മനോഭാവക്കാരനും വഴക്കമുള്ളവനും ആയിരിക്കണം. കുടുംബം, അതിന്റെ ക്ഷേമം അങ്ങനെ പല കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. ശ്രദ്ധയോടെ കേൾക്കുക. ഗുരുതരമായ ഒരു പ്രശ്നം പൊന്തിവരുന്നെങ്കിൽ, ഒരു പ്രത്യേക ഇടയ സന്ദർശനത്തിനായി ക്രമീകരണം ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.
◻ സന്ദർശനസമയപരിധി: സമ്മതിച്ച സമയത്തോടു പറ്റിനിൽക്കുക, സന്ദർശനം വീട്ടുകാരൻ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ അവിടെനിന്നു പോരുക.
◻ സന്ദർശനം ഉപസംഹരിപ്പിക്കൽ: പ്രാർഥന ഉചിതവും യഥാർഥത്തിൽ വിലമതിക്കപ്പെടുന്നതുമാണ്.—ഫിലിപ്പിയർ 4:6, 7.
[24-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഇടയന്മാർ ആത്മീയ സംരക്ഷണം പ്രദാനം ചെയ്യുന്നു
[24-ാം പേജിലെ ചിത്രം]
ആത്മീയ പ്രോത്സാഹനത്തിനുള്ള നല്ല അവസരങ്ങൾ ഇടയ സന്ദർശനങ്ങൾ പ്രദാനം ചെയ്യുന്നു