നോക്കൂ, വിശ്വസ്തൻ!
നോക്കൂ, വിശ്വസ്തൻ!
“യഹോവേ, ആർ നിന്നെ യഥാർഥത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്ത്വപ്പെടുത്താതെയുമിരിക്കും, എന്തെന്നാൽ നീ മാത്രമല്ലോ വിശ്വസ്തൻ?”—വെളിപാട് 15:4, NW.
1. തന്റെ മുൻഗാമിയായ സി. റ്റി. റസ്സലിന്റെ വിശ്വസ്തതയെക്കുറിച്ചു ജെ. എഫ്. റതർഫോർഡ് എന്തു സാക്ഷ്യമാണു നൽകിയത്?
“ചാൾസ് റ്റെയ്സ് റസ്സൽ ദൈവത്തോടു വിശ്വസ്തനായിരുന്നു, ക്രിസ്തുയേശുവിനോടു വിശ്വസ്തനായിരുന്നു, മിശിഹായുടെ രാജ്യോദ്ദേശ്യങ്ങളോടു വിശ്വസ്തനായിരുന്നു, ഉള്ളിന്റെ ഉള്ളിൽനിന്ന് അദ്ദേഹം വിശ്വസ്തനായിരുന്നു—അതേ മരണപര്യന്തം വിശ്വസ്തനായിരുന്നു.” സി. റ്റി. റസ്സലിനുശേഷം 1917-ൽ വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡൻറായി സ്ഥാനമേറ്റെടുത്ത ജോസഫ് എഫ്. റതർഫോർഡ്, റസ്സലിന്റെ ശവസംസ്കാരച്ചടങ്ങിൽ വെച്ച് തന്റെ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങിയത് അങ്ങനെയായിരുന്നു. സത്യമായും അത്, യഹോവയാം ദൈവത്തിന്റെ വിശ്വാസയോഗ്യനായ ഒരു ദാസനു നൽകാവുന്ന ഒരു വിശിഷ്ട ബഹുമതിയായിരുന്നു. ഒരുവൻ വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിട്ടു, അയാൾ വിശ്വസ്തനായിരുന്നു—ഉള്ളിന്റെ ഉള്ളിൽനിന്നു വിശ്വസ്തനായിരുന്നു—എന്നു പറയുന്നതിനെക്കാൾ വലിയ ബഹുമതി അയാൾക്കു കൊടുക്കാൻ നമുക്കാവില്ല.
2, 3. (എ) വിശ്വസ്തത വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്? (ബി) വിശ്വസ്തരായിരിക്കാനുള്ള തങ്ങളുടെ ശ്രമത്തിൽ സത്യക്രിസ്ത്യാനികൾക്കെതിരെ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ആരെല്ലാമാണ്?
2 വിശ്വസ്തത വെല്ലുവിളി ഉയർത്തുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വിശ്വസ്തത സ്വാർഥതാത്പര്യത്തിന് എതിരാണ്. ക്രൈസ്തവലോകത്തിലെ പുരോഹിതവർഗമാണു ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നവരിൽ പ്രമുഖർ. കൂടാതെ, ദാമ്പത്യബന്ധത്തിൽ ഇന്നുള്ളതുപോലെ വ്യാപകമായ അവിശ്വസ്തത മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ല. വ്യഭിചാരം സർവസാധാരണമാണ്. ബിസിനസ് ലോകത്തും അവിശ്വസ്തത കൊടികുത്തി വാഴുന്നു. ഇതേക്കുറിച്ച്, “ഇന്നു മടയൻമാരും എളുപ്പം വഞ്ചിക്കപ്പെടുന്നവരും മാത്രമേ തങ്ങളുടെ കമ്പനികളോടു വിശ്വസ്തരായിരിക്കാറുള്ളൂ എന്നാണു പല മനേജർമാരും തൊഴിൽവിദഗ്ധരും . . . വിശ്വസിക്കുന്നത്” എന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. “അങ്ങേയറ്റം വിശ്വസ്തരായ” ആളുകൾ നിന്ദിക്കപ്പെടുകയാണ്. “നിങ്ങളുടെ പ്രഥമവും അനന്യവുമായ വിശ്വസ്തത നിങ്ങളോടുതന്നെ ആയിരിക്കണം” എന്നാണ് ഒരു മാനേജ്മെൻറ് കൺസൾട്ടിങ് ആൻഡ് എക്സിക്യൂട്ടീവ് സേർച്ച് വിഭാഗത്തിന്റെ പ്രസിഡൻറ് പറയുകയുണ്ടായത്. എന്നിരുന്നാലും, തന്നോടുതന്നെയുള്ള വിശ്വസ്തതയെക്കുറിച്ചു സംസാരിക്കുന്നത് ആ പദത്തിന്റെ അർഥത്തെതന്നെ ദുഷിപ്പിക്കലാണ്. മീഖാ 7:2-ൽ പ്രസ്താവിച്ചിരിക്കുന്നത് അതു നമ്മുടെ സ്മൃതിപഥത്തിലേക്കു കൊണ്ടുവരുന്നു: “ഭക്തിമാൻ [“വിശ്വസ്തൻ,” NW] ഭൂമിയിൽനിന്നു നശിച്ചുപോയി.”
3 അതിലുമേറെ പ്രസക്തമായ ഒരളവിൽ, നമ്മെ ദൈവത്തോട് അവിശ്വസ്തരാക്കി മാറ്റാൻ സാത്താനും അവന്റെ ഭൂതങ്ങളും നമുക്കെതിരെ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് എഫെസ്യർ 6:12-ൽ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” അതേ, “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു” എന്ന മുന്നറിയിപ്പു നാം ചെവിക്കൊള്ളേണ്ടതുണ്ട്.—1 പത്രൊസ് 5:8.
4. വിശ്വസ്തരായിരിക്കുക എന്നതു കൂടുതൽ ദുഷ്കരമാക്കിത്തീർക്കുന്ന പ്രവണതകൾ എന്തെല്ലാം?
4 നമ്മുടെ മാതാപിതാക്കളിൽനിന്നു നാം അവകാശപ്പെടുത്തിയ സ്വാർഥ പ്രവണതകളും വിശ്വസ്തരായിരിക്കുക എന്നതു ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കുന്നു. അത് ഉല്പത്തി 8:21-ൽ പരാമർശിച്ചിരിക്കുന്നതുപോലെയാണ്: “മമനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ള”തും സ്വാർഥപരവും “ആകുന്നു.” “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു” എന്നു തനിക്കുണ്ടായിരുന്നതായി അപ്പോസ്തലനായ പൗലോസ് സമ്മതിച്ചുപറഞ്ഞ പ്രശ്നം നമുക്കെല്ലാമുണ്ട്.—റോമർ 7:19.
വിശ്വസ്തത, വിശേഷമായ ഒന്ന്
5, 6. എന്താണു വിശ്വസ്തത എന്നതിനെക്കുറിച്ച് എന്തു പറയാൻ കഴിയും, അത് എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു?
5 “വിശ്വസ്തത” എന്നതു വളരെ വിശേഷമായ ഒരു പദമാണ്. അതുകൊണ്ട് തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവി ക്കുന്നു: “ആ എബ്രായ, ഗ്രീക്കു പദങ്ങളുടെ തത്തുല്യ അർഥം കൃത്യമായി പ്രകടിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഇല്ലാത്തതായി തോന്നുന്നു, എന്നാൽ ‘വിശ്വസ്തത’ (loyalty) എന്ന പദം ഭക്തിയുടെയും വിശ്വാസ്യതയുടെയും ആശയം ഉൾക്കൊള്ളവേതന്നെ, ദൈവത്തോടും അവന്റെ സേവനത്തോടുമുള്ള ബന്ധത്തിൽ ഉപയോഗിക്കുമ്പോൾ അതിന്റെ ഏറെക്കുറെ പര്യാപ്തമായ ഒരർഥം നൽകുന്നു.” a “വിശ്വസ്തത”യെക്കുറിച്ചു വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “വിശ്വാസ്യത, ചുമതല, സ്നേഹം, കടമ, കൂറ്. ഈ വാക്കുകൾക്കു പൊതുവായി എന്താണുള്ളത്? അവ വിശ്വസ്തതയുടെ വ്യത്യസ്ത വശങ്ങളാണ്.” അതേ, വിശ്വസ്തതയുടെ വ്യത്യസ്ത വശങ്ങളായിരിക്കുന്ന അനവധി സദ്ഗുണങ്ങളുണ്ട്. വിശ്വസ്തതയും നീതിയും തിരുവെഴുത്തുകളിൽ എത്ര കൂടെക്കൂടെ ബന്ധപ്പെട്ടിരിക്കുന്നു എന്നതു തീർച്ചയായും ശ്രദ്ധേയമാണ്.
6 പിൻവരുന്ന നിർവചനങ്ങളും സഹായകമാണ്: ‘വിശ്വസ്തത, ചഞ്ചലപ്പെടുന്നതിനോ പ്രലോഭനത്തിനോ എതിരെ സുരക്ഷിതമായ, തുടർച്ചയായിട്ടുള്ളതും ആശ്രയയോഗ്യവുമായ വിശ്വാസ്യതയെയും കൂറിനെയും സൂചിപ്പിച്ചേക്കാം.’ ‘ഒരുവൻ പ്രതിജ്ഞ ചെയ്തിട്ടുള്ള വാക്കിനോടുള്ള വിശ്വസനീയതയോ താൻ ധാർമികമായി കടപ്പെട്ടിരിക്കുന്നു എന്നു വിചാരിക്കുന്ന സ്ഥാപനത്തോടോ തത്ത്വങ്ങളോടോ ഉള്ള തുടർച്ചയായ കൂറോ സൂചിപ്പിക്കുന്നു വിശ്വസ്തത; ആ പദപ്രയോഗം സൂചിപ്പിക്കുന്നതു പറ്റിനിൽപ്പിനെ മാത്രമല്ല, പിന്നെയോ ആ പറ്റിനിൽപ്പിൽനിന്നു വ്യതിചലിക്കാൻ വ്യാമോഹിക്കപ്പെടുകയോ വശീകരിക്കപ്പെടുകയോ ചെയ്യുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പിനെയും കൂടിയാണ്.’ അതിനാൽ, പരിശോധനകളും എതിർപ്പും പീഡനവും ഉണ്ടായിരുന്നിട്ടും വിശ്വാസ്യതയുള്ളവരായി തുടരുന്നവർ “വിശ്വസ്തർ” എന്നു വിളിക്കപ്പെടാൻ അർഹരാണ്.
7. വിശ്വസ്തതയും വിശ്വാസ്യതയും തമ്മിൽ എന്തു വ്യത്യാസം കൽപ്പിക്കാൻ കഴിയും?
7 എന്നിരുന്നാലും, ഇതിനോടുള്ള ബന്ധത്തിൽ വിശ്വസ്തതയും വിശ്വാസ്യതയും തമ്മിലുള്ള വ്യത്യാസം ഇവിടെ ചിത്രീകരിക്കുന്നത് ഉചിതമായിരിക്കും. ഏതാണ്ട് ഓരോ മണിക്കൂറിലും പൊട്ടിപ്പുറപ്പെടുന്ന ഒരു ഉഷ്ണജലസ്രോതസ്സ് പടിഞ്ഞാറൻ ഐക്യനാടുകളിലുണ്ട്. ഇതു പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ അതിനെ വിശ്വാസ്യതയുള്ള പഴമക്കാരൻ എന്നു വിളിച്ചിരുന്നു. ചന്ദ്രനെപ്പോലുള്ള ജീവനില്ലാത്ത വസ്തുക്കൾ വിശ്വാസ്യതയുള്ളതായി ബൈബിൾ പറയുന്നുണ്ട്, കാരണം അത് ആശ്രയയോഗ്യമാണ്. ചന്ദ്രൻ “ആകാശത്തിലെ വിശ്വസനീയ സാക്ഷി”യാണെന്നു സങ്കീർത്തനം 89:37 [NW] പറയുന്നു. ദൈവത്തിന്റെ വചനങ്ങളും വിശ്വാസ്യമാണെന്നു പറഞ്ഞിരിക്കുന്നു. വെളിപ്പാടു 21:5 ഇങ്ങനെ പറയുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.” ഇവയെല്ലാം വിശ്വാസ്യമായത്, ആശ്രയിക്കാവുന്നത് ആണ്. എന്നാൽ എന്തിനോടെങ്കിലും വ്യക്തിഗതമായി പറ്റിനിൽക്കുന്നതിനോ വിശ്വസ്തത പോലുള്ള ധാർമിക ഗുണങ്ങൾ ഉണ്ടായിരിക്കുന്നതിനോ കഴി വില്ലാത്തവയാണ് അവ.
യഹോവ, വിശ്വസ്തരിൽ അഗ്രഗണ്യൻ
8. തിരുവെഴുത്തുപരമായ ഏതു സാക്ഷ്യം വിശ്വസ്തതയുടെ ഉത്തമ ദൃഷ്ടാന്തത്തെ തിരിച്ചറിയിക്കുന്നു?
8 വിശ്വസ്തതയുടെ ഉത്തമ ദൃഷ്ടാന്തം യഹോവയാം ദൈവമാണെന്നതിൽ സംശയത്തിന്റെ ഒരു കണിക പോലുമില്ല. യഹോവ മനുഷ്യവർഗത്തോടു വിശ്വസ്തനായിരുന്നിട്ടുണ്ട്, മനുഷ്യർക്കു നിത്യജീവൻ ലഭിക്കേണ്ടതിന് അവൻ തന്റെ പുത്രനെപ്പോലും നൽകുകയുണ്ടായി. (യോഹന്നാൻ 3:16) യിരെമ്യാവു 3:12-ൽ നാമിങ്ങനെ വായിക്കുന്നു: “വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല: ഞാൻ കരുണയുള്ളവൻ [“വിശ്വസ്തൻ,” NW].” യഹോവയുടെ വിശ്വസ്തതയെക്കുറിച്ചു കൂടുതലായി സാക്ഷ്യപ്പെടുത്തുന്ന വാക്കുകളാണു വെളിപ്പാടു 16:5-ൽ രേഖപ്പെടുത്തിയിരിക്കുന്നത്: “ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, [“വിശ്വസ്തനായുള്ളവനേ,” NW] നീ . . . നീതിമാൻ ആകുന്നു.” വീണ്ടും സങ്കീർത്തനം 145:17-ൽ നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും [“വിശ്വസ്തനും,” NW] ആകുന്നു.” വാസ്തവത്തിൽ, യഹോവ വിശ്വസ്തതയുടെ കാര്യ ത്തിൽ ശ്രേഷ്ഠനാണ്. അതുകൊണ്ട് വെളിപാട് 15:4 [NW] ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവേ, ആർ നിന്നെ യഥാർഥത്തിൽ ഭയപ്പെടാതെയും നിന്റെ നാമത്തെ മഹത്ത്വപ്പെടുത്താതെയുമിരിക്കും, എന്തെന്നാൽ നീ മാത്രമല്ലോ വിശ്വസ്തൻ?” അത്യുത്തമ അളവിൽ യഹോവ വിശ്വസ്തനാണ്.
9, 10. ഇസ്രായേൽ ജനതയോടുള്ള ഇടപെടലുകളിൽ വിശ്വസ്തതയുടെ എന്തു രേഖയാണു യഹോവ ഉളവാക്കിയത്?
9 തന്റെ ജനത്തോടു യഹോവയ്ക്കുണ്ടായിരുന്ന വിശ്വസ്തതയുടെ സമൃദ്ധമായ സാക്ഷ്യം അടങ്ങുന്നതാണു വിശേഷിച്ചും ഇസ്രായേൽ ജനതയെക്കുറിച്ചുള്ള ചരിത്രം. ന്യായാധിപന്മാരുടെ നാളുകളിൽ, ഇസ്രായേൽ സത്യാരാധനയിൽനിന്നു പലതവണ വീണുപോയി, എന്നാൽ യഹോവയ്ക്ക് അവരോട് ആവർത്തിച്ചാവർത്തിച്ച് അനുതാപം തോന്നുകയും അവൻ അവരെ രക്ഷിക്കുകയും ചെയ്തു. (ന്യായാധിപന്മാർ 2:15-22) ഇസ്രായേലിൽ രാജാക്കന്മാരുണ്ടായിരുന്ന അഞ്ചു നൂറ്റാണ്ടുകളിൽ യഹോവ ആ ജനത്തോടുള്ള തന്റെ വിശ്വസ്തത പ്രകടമാക്കുകയുണ്ടായി.
10 2 ദിനവൃത്താന്തം 36:15, 16-ൽ പറഞ്ഞിരിക്കുന്നതുപോലെ, തന്റെ ജനത്തോടു ക്ഷമയുള്ളവരായിരിക്കാൻ യഹോവയുടെ വിശ്വസ്തത അവനെ പ്രേരിപ്പിച്ചു: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു. അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.”
11. യഹോവയുടെ വിശ്വസ്തത എന്ത് ഉറപ്പ് അല്ലെങ്കിൽ ആശ്വാസമാണു നമുക്കു തരുന്നത്?
11 യഹോവ അത്യന്തം കൂറുള്ളവനായിരിക്കുന്നതുകൊണ്ട് റോമർ 8:38, 39-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം അപ്പോസ്തലനായ പൗലോസിന് എഴുതാൻ കഴിഞ്ഞു: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” അതേ, യഹോവ നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) സത്യമായും, യഹോവയാം ദൈവം എപ്പോഴും വിശ്വസ്തനാണെന്നറിയുന്നത് ഒരാശ്വാസമാണ്!
യേശുക്രിസ്തു, വിശ്വസ്ത പുത്രൻ
12, 13. ദൈവപുത്രന്റെ വിശ്വസ്തതയെക്കുറിച്ചു നമുക്ക് എന്തു സാക്ഷ്യമാണുള്ളത്?
12 യഹോവയെ പൂർണമായി അനുകരിച്ചുകൊണ്ടു വിശ്വസ്തനായിരിക്കുക എന്ന വെല്ലുവിളിയെ നേ രിട്ടതും നേരിടുന്നതും യേശുക്രിസ്തുവാണ്. സങ്കീർത്തനം 16:10-ൽനിന്ന് ഉദ്ധരിച്ചിട്ട് അതു പ്രവൃത്തികൾ 2:27-ൽ യേശുക്രിസ്തുവിൽ ഉചിതമായി ബാധകമാക്കാൻ അപ്പോസ്തലനായ പത്രോസിനു കഴിഞ്ഞു: “നീ എന്റെ പ്രാണനെ പാതാളത്തിൽ [“ദേഹിയെ ഹേഡീസിൽ,” NW] വിടുകയില്ല; നിന്റെ പരിശുദ്ധനെ [“വിശ്വസ്തനെ,” NW] ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” യേശുക്രിസ്തുവിന് അർഹമായ വിധത്തിൽത്തന്നെ ‘വിശ്വസ്തൻ’ എന്ന പേരു നൽകിയിരിക്കുന്നു. എന്തെല്ലാം വൈതരണികളുണ്ടായിരുന്നാലും, അവൻ തന്റെ പിതാവിനോടും ദൈവത്തിന്റെ വാഗ്ദത്ത രാജ്യത്തോടും വിശ്വസ്തനാണ്. പ്രലോഭനങ്ങളും സ്വാർഥതാത്പര്യമുണർത്തുന്ന കാര്യങ്ങളും ഉപയോഗിച്ചുകൊണ്ട് യേശുവിന്റെ നിർമലത തകർക്കാൻ സാത്താൻ ആദ്യം ശ്രമിച്ചു. അതിൽ പരാജയപ്പെട്ട സാത്താൻ പീഡനത്തെ അവലംബിച്ചു, ഒടുവിൽ വധസ്തംഭത്തിൽ യേശു മരിക്കാൻ ഇടയാക്കുകയും ചെയ്തു. തന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തോടുള്ള വിശ്വസ്തതയുടെ കാര്യത്തിൽ യേശുക്രിസ്തു ഒരിക്കലും വ്യതിചലിച്ചില്ല.—മത്തായി 4:1-11.
13 “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു മത്തായി 28:20-ൽ രേഖപ്പെടുത്തിയ വാഗ്ദാനം പാലിക്കുന്ന കാര്യത്തിൽ യേശുക്രിസ്തു തന്റെ അനുഗാമികളോട് എന്നും വിശ്വസ്തനായിരുന്നിട്ടുണ്ട്. ആ വാഗ്ദാനത്തിന്റെ നിവൃത്തി എന്നോണം പൊ.യു. (പൊതുയുഗം) 33-ലെ പെന്തക്കോസ്തുമുതൽ ഇന്നോളം അവൻ തന്റെ സഭയുടെമേൽ വിശ്വസ്തതയോടെ നേതൃത്വം വഹിച്ചുകൊണ്ടാണിരിക്കുന്നത്.
വിശ്വസ്തരായിരുന്ന അപൂർണ മനുഷ്യർ
14. വിശ്വസ്തതയുടെ എന്തു ദൃഷ്ടാന്തമാണ് ഇയ്യോബ് വെച്ചത്?
14 ഇപ്പോൾ, അപൂർണ മനുഷ്യരുടെ കാര്യത്തിലോ? അവർക്കു ദൈവത്തോടു വിശ്വസ്തരായിരിക്കാൻ കഴിയുമോ? നമുക്ക് ഇയ്യോബിന്റെ മുന്തിയ ഉദാഹരണമുണ്ട്. സാത്താൻ അവന്റെ കേസിൽ വിവാദവിഷയം ശരിക്കും വ്യക്തമാക്കി. ഇയ്യോബ് യഹോവയാം ദൈവത്തോടു വിശ്വസ്തനായിരുന്നോ, അതോ സ്വാർഥതാത്പര്യം നിമിത്തമാണോ അവൻ ദൈവത്തെ സേവിച്ചിരുന്നത്? ഇയ്യോബിനു കുഴപ്പം വരുത്തിക്കൊണ്ടു യഹോവയിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ തനിക്കു കഴിയുമെന്നു സാത്താൻ പൊങ്ങച്ചമടിച്ചു. ഇയ്യോബിനു തന്റെ സകല സ്വത്തുക്കളും മക്കളും തന്റെ ആരോഗ്യം പോലും നഷ്ടമായപ്പോൾ അവന്റെ ഭാര്യ അവനെ ഇങ്ങനെ പ്രേരിപ്പിച്ചു: “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക.” എന്നാൽ ഇയ്യോബ് വിശ്വസ്തനായിരുന്നു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ . . . ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.” (ഇയ്യോബ് 2:9, 10) വാസ്തവത്തിൽ, തന്റെ ആശ്വാസകരെന്നു നടിച്ചവരോട് ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “അവൻ [ദൈവം] എന്നെ കൊന്നാലുംശരി, ഞാൻ അവനിൽ പ്രത്യാശിക്കും.” (ഇയ്യോബ് 13:15, ന്യൂ ഇന്റർനാഷണൽ വേർഷൻ) ഇയ്യോബിനു യഹോവയുടെ അംഗീകാരം കിട്ടിയതിൽ അതിശയിക്കാനില്ല! അതുകൊണ്ട്, യഹോവ തേമാന്യനായ എലീഫസിനോട് ഇങ്ങനെ പറഞ്ഞു: “നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.”—ഇയ്യോബ് 42:7, 10-16; യാക്കോബ് 5:11.
15. യഹോവയാം ദൈവത്തിന്റെ അനേകം ദാസന്മാരുടെ വിശ്വസ്തത സംബന്ധിച്ചു തിരുവെഴുത്തുപരമായ എന്തു സാക്ഷ്യമാണു നമുക്കുള്ളത്?
15 എബ്രായർ 11-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരെല്ലാം വിശ്വസ്തരാണെന്നു പറയാവുന്നതാണ്. അവർ വിശ്വാസ്യതയുള്ളവരായിരിക്കുക മാത്രമല്ല, സമ്മർദങ്ങൾക്കു മധ്യേ വിശ്വസ്തരുമായിരുന്നു. അങ്ങനെ, ‘വിശ്വാസത്താൽ സിംഹങ്ങളുടെ വായ് അടച്ചവരെയും തീയുടെ ബലം കെടുത്തവരെയും വാളിന്റെ വായ്ക്കു തെറ്റിയവരെയും’ കുറിച്ചു നാം വായിക്കുന്നു. “വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.”—എബ്രായർ 11:33-37.
16. വിശ്വസ്തതയുടെ എന്തു ദൃഷ്ടാന്തമാണ് അപ്പോസ്തലനായ പൗലോസ് വെച്ചത്?
16 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അപ്പോസ്തലനായ പൗലോസിന്റെ ശ്രദ്ധേയമായ ഉദാഹരണവും നൽകുന്നുണ്ട്. തന്റെ ശുശ്രൂഷയെക്കുറിച്ചു തെസലോനിക്യ ക്രിസ്ത്യാനികളോട് അദ്ദേഹത്തിന് ഉചിതമായി ഇങ്ങനെ പറയാൻ കഴിഞ്ഞു: “വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.” (1 തെസ്സലൊനീക്യർ 2:10) 2 കൊരിന്ത്യർ 6:3-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകളിൽ അവന്റെ വിശ്വസ്തതയുടെ കൂടുതൽ തെളിവ് നമ്മുടെ പക്കലുണ്ട്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഞങ്ങൾ . . . സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹു സഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി” തുടങ്ങിയവയാൽ തന്നെ. ഇതെല്ലാം സാക്ഷ്യം വഹിക്കുന്നത്, വിശ്വസ്തനായിരുന്നതു നിമിത്തം അപ്പോസ്തലനായ പൗലോസിന് ആത്മാഭിമാനമുണ്ടായിരുന്നുവെന്നാണ്.
ആധുനികനാളുകളിലെ വിശ്വസ്തർ
17. ജെ. എഫ്. റതർഫോർഡ് സഹോദരന്റെ ഏതു വാക്കുകളാണു വിശ്വസ്തത പുലർത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രകടമാക്കിയത്?
17 നമ്മുടെ ആധുനികനാളിലേക്കു വരുമ്പോൾ, തുടക്കത്തിൽ പരിചിന്തിച്ച നല്ല ദൃഷ്ടാന്തം നമുക്കുണ്ട്. “സമാധാനപ്രഭു”വിന്റെ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം (ഇംഗ്ലീഷ്) എന്ന പുസ്തകം 146-ാം പേജിൽ “തടവിലായിരിക്കുമ്പോഴത്തെ വിശ്വസ്തത” എന്ന ഉപശീർഷകത്തിൻ കീഴിൽ പ്രസ്താവിച്ചിരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “തടവിലായിരുന്നപ്പോൾ യഹോവയുടെ സ്ഥാപനത്തോ ടു കൂറു പ്രകടമാക്കിക്കൊണ്ട് വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റതർഫോർഡ് 1918 ഡിസംബർ 25-ന് ഇങ്ങനെ എഴുതി: ‘ഞാൻ ബാബിലോനുമായി അനുരഞ്ജനപ്പെടാൻ വിസമ്മതിച്ചതിനാൽ, എന്നാൽ എന്റെ കർത്താവിനെ വിശ്വാസ്യതയോടെ സേവിക്കാൻ ശ്രമിച്ചതിനാൽ, ഞാൻ തടവിലാണ്, അതിനു ഞാൻ നന്ദിയുള്ളവനാണ്. . . . മൃഗവുമായി അനുരഞ്ജനപ്പെട്ടുകൊണ്ട് അല്ലെങ്കിൽ അതിനു വഴങ്ങിക്കൊണ്ടു സ്വതന്ത്രമായിരിക്കുകയും മുഴു ലോകത്തിന്റെയും കരഘോഷം നേടുകയും ചെയ്യുന്നതിനെക്കാൾ ജയിലിൽ കിടന്നുകൊണ്ടു ദൈവത്തിന്റെ അംഗീകാരത്തിന്റെ പുഞ്ചിരി ലഭിക്കാനാണു ഞാനാഗ്രഹിക്കുന്നത്.’” b
18, 19. ആധുനികകാലങ്ങളിൽ വിശ്വസ്തതയുടെ എന്ത് ഉത്കൃഷ്ട ദൃഷ്ടാന്തങ്ങളാണു നമുക്കുള്ളത്?
18 പീഡനം സഹിച്ചുനിന്ന മറ്റു പല ക്രിസ്ത്യാനികൾ വിശ്വസ്തത കാട്ടിയതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്. വിശ്വസ്തരായ അത്തരം വ്യക്തികളിൽ പെടുന്നവരാണ്, ഇംഗ്ലീഷ് ഭാഷയിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ട, പർപ്പിൾ ട്രയാങ്കിൾസ് എന്ന വീഡിയോയിൽ ചിത്രീകരിച്ചതുപോലെ, നാസീ ഭരണകാലത്തുണ്ടായിരുന്ന യഹോവയുടെ സാക്ഷികൾ. മലാവിയിലേതുപോലത്തെ, യഹോവയുടെ വിശ്വസ്തരായ അനേകം ആഫ്രിക്കൻ സാക്ഷികളും ശ്രദ്ധേയരായ ദൃഷ്ടാന്തങ്ങളാണ്. “അവർ ഒരിക്കലും അനുരഞ്ജനപ്പെടുകയില്ല. അവർ പെരുകിക്കൊണ്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു സാക്ഷികളുടെ വിശ്വസ്തതയെപ്പറ്റി അവിടെ ഒരു ജയിൽ ഗാർഡ് സാക്ഷ്യപ്പെടുത്തി.
19 ഗ്രീസ്, മൊസാംബിക്, പോളണ്ട് എന്നിവിടങ്ങളിലേതു പോലുള്ള സത്യക്രിസ്ത്യാനികൾ പ്രകടമാക്കിയ വിശ്വസ്തതയെ വിലമതിക്കാതെ അടുത്ത കാലത്തെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകങ്ങൾ (ഇംഗ്ലീഷ്) ഒരുവനു വായിക്കാൻ സാധിക്കില്ല. അവരിൽ പലരും ഘോരമായ പീഡനം സഹിച്ചു; മറ്റു ചിലർ വധിക്കപ്പെട്ടു. വധിക്കപ്പെടുന്ന ഘട്ടത്തോളം വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിട്ട ഒമ്പതു ക്രിസ്തീയ പുരുഷൻമാരുടെ ചിത്രങ്ങൾ 1992-ലെ വാർഷികപുസ്തകത്തിന്റെ 177-ാം പേജിൽ കൊടുത്തിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ എന്നനിലയിൽ, വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടുന്നതിനു നമുക്കു പ്രോത്സാഹനമേകാൻ അനേകം ദൃഷ്ടാന്തങ്ങൾ ഉള്ളതിൽ നാം സന്തുഷ്ടരല്ലേ?
20. നാം വിശ്വസ്തരായി നിലകൊള്ളുന്നതിന്റെ ഫലമെന്തായിരിക്കും?
20 പ്രലോഭനങ്ങളെയും സമ്മർദങ്ങളെയും വിശ്വസ്തതയോടെ ചെറുത്തുനിൽക്കുന്നതിലൂടെ നാം നമ്മുടെ ആത്മാഭിമാനം വളർത്തിയെടുക്കുന്നു. അപ്പോൾ, വിശ്വസ്തത സംബന്ധിച്ച വിവാദവിഷയത്തിൽ ആരുടെ പക്ഷത്തു നിലകൊള്ളാനാണു നാമാഗ്രഹിക്കുന്നത്? വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനാൽ, വിവാദവിഷയത്തിൽ നാം യഹോവയാം ദൈവത്തിന്റെ പക്ഷത്തു നിലകൊള്ളുകയും പിശാചായ സാത്താൻ നികൃഷ്ടനായ, അതിദുഷ്ടനായ ഒരു ഭോഷ്കാളിയാണെന്നു തെളിയിക്കുകയും ചെയ്യുന്നു! അങ്ങനെ നമ്മുടെ നിർമാതാവായ യഹോവയാം ദൈവത്തിന്റെ അംഗീകാരവും സന്തോഷത്തോടെയുള്ള നിത്യജീവൻ എന്ന പ്രതിഫലവും നമുക്കു ലഭിക്കും. (സങ്കീർത്തനം 37:29; 144:15ബി) വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്തതായി പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധപ്പെടുത്തിയ രണ്ടു വാല്യങ്ങളുള്ള ബൈബിൾ വിജ്ഞാനകോശം.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധപ്പെടുത്തിയത്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ വിശ്വസ്തരായിരിക്കുന്നതു വെല്ലുവിളി ഉയർത്തുന്നത് എന്തുകൊണ്ട്?
◻ “വിശ്വസ്തത” എന്നതു വളരെ വിശേഷമായ പദമാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
◻ അപൂർണ മനുഷ്യർ വിശ്വസ്തരായിരുന്നതിന്റെ തിരുവെഴുത്തുപരമായ എന്തു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
◻ വിശ്വസ്തതയുടെ എന്ത് ആധുനികകാല ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
ചാൾസ് റ്റെയ്സ് റസ്സൽ
[12-ാം പേജിലെ ചിത്രം]
യേശു സത്യമായും യഹോവയുടെ “വിശ്വസ്തൻ” ആയിരുന്നു
[13-ാം പേജിലെ ചിത്രം]
അപൂർണനെങ്കിലും ഇയ്യോബ് ദൈവത്തോടു വിശ്വസ്തനാണെന്നു തെളിയിച്ചു
[14-ാം പേജിലെ ചിത്രം]
പൗലോസ് യഹോവയോടുള്ള വിശ്വസ്തതയുടെ നല്ല ദൃഷ്ടാന്തം വെച്ചു