യഥാർഥ സുഹൃത്തുക്കളെ നമുക്ക് ആവശ്യമാണ്
യഥാർഥ സുഹൃത്തുക്കളെ നമുക്ക് ആവശ്യമാണ്
ജെനിയും സൂവും തമ്മിൽ സരസമായ സംഭാഷണം നടക്കുകയാണ്. പുഞ്ചിരി വിടരുന്നു, കണ്ണുകൾ പ്രകാശിക്കുന്നു—അവരുടെ പെരുമാറ്റത്തിലെ ഓരോ സംഗതിയും മറ്റേയാൾക്കു പറയാനുള്ളതിലെ അദമ്യമായ താത്പര്യത്തെ വെളിപ്പെടുത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്ന് ഉള്ളവരാണെങ്കിലും അവർക്കു പൊതുവായി അനേകം താത്പര്യങ്ങളും അന്യോന്യം വളരെയധികം ആദരവും ഉണ്ടെന്നുള്ളതു സ്പഷ്ടമാണ്.
വേറൊരിടത്ത്, എറിക്കും ഡെനിസും ഒരു പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. അവർ വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ള അനേകം പദ്ധതികളിലൊന്നാണ് അത്. അവർക്കു പിരിമുറുക്കമില്ല, അവർ ഒരു പ്രയാസവും കൂടാതെ ചിരിക്കുന്നു. ഗൗരവമുള്ള വിഷയങ്ങളിലേക്കു സംഭാഷണം വഴിമാറുമ്പോൾ അവർ പരസ്പരം അഭിപ്രായങ്ങൾ തുറന്നു പറയുന്നു. അവർ അന്യോന്യം ആദരവു പ്രകടമാക്കുന്നു. ജെനിയെയും സൂവിനെയും പോലെ എറിക്കും ഡെനിസും യഥാർഥ സുഹൃത്തുക്കളാണ്.
നിങ്ങളുടെ സ്വന്തം സുഹൃത്തുക്കളെപ്പറ്റി ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഈ വിവരണങ്ങൾ നിങ്ങളുടെ ഹൃദയത്തിന് ഊഷ്മളത പകർന്നേക്കാം. അല്ലെങ്കിൽ അത്തരം സുഹൃദ്ബന്ധങ്ങൾക്കായുള്ള ഉൽക്കടമായ ആഗ്രഹം അവ നിങ്ങളിൽ ജനിപ്പിച്ചേക്കാം. നിങ്ങൾക്കും അവയുണ്ടായിരിക്കാൻ കഴിയും!
യഥാർഥ സുഹൃത്തുക്കൾ നമുക്കാവശ്യമായിരിക്കുന്നതിന്റെ കാരണം
ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ മാനസികവും ശാരീരികവുമായ നമ്മുടെ ക്ഷേമത്തിന് അനിവാര്യമാണ്. എങ്കിലും, നമുക്ക് ഏകാന്തത തോന്നുന്നെങ്കിൽ നമുക്കെന്തോ കുഴപ്പമുണ്ടെന്ന് അത് അർഥമാക്കുന്നില്ല. ഏകാന്തത ഒരു വിശപ്പാണ്, നമുക്കു സഖിത്വം ആവശ്യമാണെന്നുള്ളതിന്റെ ഒരു സ്വാഭാവിക സൂചനയാണ് എന്നു ചില ഗവേഷകർ പറയുന്നു. ഏതുവിധേനയും, ആഹാരം വിശപ്പു കുറയ്ക്കുകയോ അകറ്റുകയോ ചെയ്യുന്നതുപോലെതന്നെ, ശരിയായ തരത്തിലുള്ള സുഹൃദ്ബന്ധങ്ങൾക്ക് ഏകാന്തതയെ കുറയ്ക്കാനോ ഇല്ലാതാക്കാൻ പോലുമോ കഴിയും. മാത്രമല്ല, നമ്മെ വിലപ്പെട്ടവരായി കണക്കാക്കുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നതു നമ്മുടെ കൊക്കിലൊതുങ്ങാത്ത ആഡംബരവസ്തുവൊന്നുമല്ല.
മനുഷ്യർ സഖിത്വത്തിനുവേണ്ടിയുള്ള ആവശ്യം സഹിതമാണു സൃഷ്ടിക്കപ്പെട്ടത്. (ഉല്പത്തി 2:18) ഒരു യഥാർഥ സുഹൃത്ത്, അല്ലെങ്കിൽ സഖി “ആപത്തിൽ പങ്കുചേരാൻ ജനിച്ചവനാ”ണെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 17:17, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്, ആവശ്യമായിരിക്കുമ്പോൾ അന്യോന്യം സഹായം ആവശ്യപ്പെടാൻ ആത്മാർഥ സുഹൃത്തുക്കൾക്കു കഴിയണം. എന്നാൽ, സഹായത്തിനുവേണ്ടി തിരിയാൻ കേവലം ആരെങ്കിലും ഉണ്ടായിരിക്കുക അല്ലെങ്കിൽ ജോലിയിലും കളിയിലും ഒരു സഖിയായിരിക്കുക എന്നതിലുമധികം സുഹൃദ്ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നു. നല്ല സുഹൃത്തുക്കൾ അത്യുത്തമ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ അന്യോന്യം സഹായിക്കുന്നു. സദൃശവാക്യങ്ങൾ 27:17 ഇപ്രകാരം പറയുന്നു: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” ഇരുമ്പിന്റെ ഒരു കഷണം ഉപയോഗിച്ച് അതേ ലോഹംകൊണ്ടുതന്നെ ഉണ്ടാക്കിയ ഒരു കത്തിയുടെ മൂർച്ചകൂട്ടാൻ കഴിയുന്നതുപോലെ, ഒരു സുഹൃത്തിനു മറ്റേ സുഹൃത്തിന്റെ ബുദ്ധിപരവും ആത്മീയവുമായ അവസ്ഥയ്ക്കു മൂർച്ചകൂട്ടുന്നതിൽ വിജയിക്കാൻ കഴിഞ്ഞേക്കും. നിരാശകൾ നമ്മെ ദുഃഖത്തിലാഴ്ത്തുമ്പോൾ ഒരു സുഹൃത്തിന്റെ അനുകമ്പയോടെയുള്ള നോട്ടവും തിരുവെഴുത്തധിഷ്ഠിതമായ പ്രോത്സാഹനവും വളരെ ഉന്നമിപ്പിക്കുന്നതായിരിക്കാൻ കഴിയും.
ബൈബിളിൽ സ്നേഹം, പരിചയം, രഹസ്യത, സഖിത്വം എന്നിവയുമായി സുഹൃദ്ബന്ധം ബന്ധപ്പെട്ടിരിക്കുന്നു. സുഹൃദ്ബന്ധങ്ങളിൽ അയൽക്കാർ, സഹപ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു. ചിലർ തങ്ങളുടെ ആത്മ മിത്രങ്ങളിൽ ചില ബന്ധുക്കളെയും ഉൾപ്പെടുത്തിയേക്കാം. എന്നിരുന്നാലും, പലരെ സംബന്ധിച്ചും ഇന്നു യഥാർഥ സുഹൃത്തുക്കളെ കണ്ടുപിടിക്കുന്നതും നിലനിർത്തുന്നതും പ്രയാസകരമായ സംഗതിയാണ്. അത് അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടാണ്? യഥാർഥവും നിലനിൽക്കുന്നതുമായ സുഹൃദ്ബന്ധങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമോ?