വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊള്ളൽ

യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊള്ളൽ

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

യേശു​വി​ന്റെ വിടവാ​ങ്ങൽ വാക്കുകൾ ചെവി​ക്കൊ​ള്ളൽ

പൊ.യു. (പൊതു​യു​ഗം) 33, നീസാൻ 14 വൈകു​ന്നേരം യേശു​ക്രി​സ്‌തു​വും അവന്റെ 11 വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാ​രും യെരു​ശ​ലേ​മി​ലെ ഒരു മാളിക മുറി​യി​ലെ മേശയ്‌ക്കൽ ഇരുന്നു. തന്റെ മരണം ആസന്നമാ​ണെന്ന്‌ അറിഞ്ഞു​കൊണ്ട്‌ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇനി കുറ​ഞ്ഞോ​ന്നു മാത്രം നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കും.” (യോഹ​ന്നാൻ 13:33) വാസ്‌ത​വ​ത്തിൽ, യേശു​വി​നെ കൊല്ലാൻ ആഗ്രഹിച്ച ദുഷ്ടൻമാ​രോ​ടു ഗൂഢാ​ലോ​ചന കഴിക്കാൻ യൂദാ ഇസ്‌ക​ര്യോ​ത്ത അപ്പോ​ഴേ​ക്കും പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ആ സാഹച​ര്യ​ത്തി​ന്റെ അടിയ​ന്തി​രത സംബന്ധി​ച്ചു യേശു​വി​നെ​ക്കാ​ള​ധി​ക​മാ​യി ആ മാളിക മുറി​യിൽ കൂടി​യി​രുന്ന ആരും ഗ്രഹി​ച്ചില്ല. താൻ യാതന അനുഭ​വി​ക്കാ​റാ​യി​രി​ക്കു​ക​യാ​ണെന്ന്‌ അവന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. ആ രാത്രി​യിൽത്തന്നെ തന്റെ അപ്പോ​സ്‌ത​ലൻമാർ തന്നെ ഉപേക്ഷി​ക്കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്തായി 26:31; സെഖര്യാ​വു 13:7) ഇത്‌, മരണത്തി​നു മുമ്പു തന്റെ അപ്പോ​സ്‌ത​ലൻമാ​രു​മാ​യി സംസാ​രി​ക്കാ​നുള്ള യേശു​വി​ന്റെ അവസാ​നത്തെ അവസര​മാ​യി​രു​ന്ന​തി​നാൽ അവന്റെ വിടവാ​ങ്ങൽ വാക്കുകൾ അങ്ങേയറ്റം പ്രാധാ​ന്യ​മർഹി​ക്കുന്ന കാര്യ​ങ്ങ​ളിൽ കേന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു​വെന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.

“ഇത്‌ എന്റെ ഓർമ​ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുക”

യേശു തന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാ​രു​മാ​യി യഹൂദ പെസഹാ​യ്‌ക്കു പകരമാ​കു​മാ​യി​രുന്ന ഒരു പുതിയ ആചരണം ഏർപ്പെ​ടു​ത്തി. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതിനെ “കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം” എന്നു വിളിച്ചു. (1 കൊരി​ന്ത്യർ 11:20, NW) ഒരു പുളി​പ്പി​ല്ലാത്ത അപ്പമെ​ടുത്ത്‌ യേശു പ്രാർഥന ചൊല്ലി. അതിനു​ശേഷം അവൻ ആ അപ്പം നുറുക്കി തന്റെ അപ്പോ​സ്‌ത​ലൻമാർക്കു കൊടു​ത്തു. “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു. എന്നിട്ട്‌ അവൻ ഒരു പാനപാ​ത്രം എടുത്തു നന്ദി നൽകുന്ന ഒരു പ്രാർഥന നടത്തി​യ​ശേഷം ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ അപ്പോ​സ്‌ത​ലൻമാർക്കു കൊടു​ത്തു: “എല്ലാവ​രും ഇതിൽ നിന്നു കുടി​പ്പിൻ. ഇതു അനേകർക്കു​വേണ്ടി പാപ​മോ​ച​ന​ത്തി​ന്നാ​യി ചൊരി​യുന്ന പുതി​യ​നി​യ​മ​ത്തി​ന്നുള്ള എന്റെ രക്തം.”—മത്തായി 26:26-28.

ഈ സംഭവ​ത്തി​ന്റെ പ്രാധാ​ന്യം എന്തായി​രു​ന്നു? യേശു സൂചി​പ്പി​ച്ച​തു​പോ​ലെ, അപ്പം അവന്റെ പാപര​ഹി​ത​മായ ശരീരത്തെ പ്രതി​നി​ധീ​ക​രി​ച്ചു. (എബ്രായർ 7:26; 1 പത്രൊസ്‌ 2:22, 24) വീഞ്ഞ്‌ പാപങ്ങ​ളു​ടെ ക്ഷമ സാധ്യ​മാ​ക്കി​ത്തീർക്കുന്ന യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തെ പ്രതീ​ക​വ​ത്‌ക​രി​ച്ചു. അവന്റെ യാഗ രക്തം, യഹോ​വ​യാം ദൈവ​വും സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഒടുവിൽ ഭരണം നടത്തുന്ന 1,44,000 മനുഷ്യ​രും തമ്മിലുള്ള പുതിയ ഉടമ്പടി​യും സാധൂ​ക​രി​ക്കു​ന്നു. (എബ്രായർ 9:14; 12:22-24; വെളി​പ്പാ​ടു 14:1) തന്റെ അപ്പോ​സ്‌ത​ലൻമാർ സ്വർഗീയ രാജ്യ​ത്തിൽ തന്നോ​ടൊ​പ്പം ഭരിക്കു​മെന്ന്‌, ഈ ഭക്ഷണത്തിൽ പങ്കെടു​ക്കാൻ അവരെ ക്ഷണിക്കു​ക​വഴി യേശു സൂചി​പ്പി​ച്ചു.

ഈ സ്‌മാരക ഭക്ഷണ​ത്തെ​ക്കു​റി​ച്ചു യേശു ഇപ്രകാ​രം കൽപ്പിച്ചു: “ഇത്‌ എന്റെ ഓർമ​ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുക.” (ലൂക്കോസ്‌ 22:19, NW) അതേ, പെസഹാ പോ​ലെ​തന്നെ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​വും ഒരു വാർഷിക സംഭവം ആയിരി​ക്ക​ണ​മാ​യി​രു​ന്നു. പെസഹാ, ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനി​ന്നുള്ള ഇസ്രാ​യേ​ല്യ​രു​ടെ വിടു​ത​ലി​ന്റെ സ്‌മാ​ര​ക​മാ​യി​രു​ന്ന​പ്പോൾ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം അതിലും വളരെ വലിയ ഒരു വിടു​ത​ലി​നെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു—പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗ​ത്തി​ന്റെ വിടുതൽ തന്നെ. (1 കൊരി​ന്ത്യർ 5:7; എഫെസ്യർ 1:7) മാത്രമല്ല, പ്രതീ​ക​ങ്ങ​ളായ അപ്പത്തി​ലും വീഞ്ഞി​ലും ഭാഗഭാ​ക്കു​ക​ളാ​കു​ന്നവർ, രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മെന്ന നിലയി​ലുള്ള ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തി​ലെ തങ്ങളുടെ ഭാവി പദവി​ക​ളെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.—വെളി​പ്പാ​ടു 20:6.

വാസ്‌ത​വ​ത്തിൽ, യേശു​ക്രി​സ്‌തു​വി​ന്റെ മരണം മനുഷ്യ ചരി​ത്ര​ത്തി​ലെ ഏറ്റവും പ്രധാന സംഭവ​മാ​യി​രു​ന്നു. യേശു​ക്രി​സ്‌തു ചെയ്‌ത​തി​നെ വിലമ​തി​ക്കു​ന്നവർ “ഇത്‌ എന്റെ ഓർമ​ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കുക” എന്ന കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം സംബന്ധിച്ച അവന്റെ കൽപ്പന അനുസ​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ഓരോ വർഷവും നീസാൻ 14-നു തത്തുല്യ​മായ തീയതി​യിൽ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം കൊണ്ടാ​ടു​ന്നു. 1996-ൽ ഈ തീയതി ഏപ്രിൽ 2, സൂര്യാ​സ്‌ത​മ​യ​ത്തി​നു ശേഷമാണ്‌. നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ഒരു രാജ്യ​ഹാ​ളിൽ ഹാജരാ​കാൻ നിങ്ങളെ ഹാർദ​മാ​യി ക്ഷണിക്കു​ന്നു.

‘പുതി​യൊ​രു കൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു’

കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്ന​തി​നു പുറമേ യേശു​വി​നു തന്റെ അപ്പോസ്‌തലൻമാർക്ക്‌ ചില വിടവാ​ങ്ങൽ ബുദ്ധ്യു​പ​ദേ​ശങ്ങൾ കൊടു​ക്കാ​നു​ണ്ടാ​യി​രു​ന്നു. ഉത്തമ പരിശീ​ല​ന​മു​ണ്ടാ​യി​രു​ന്നി​ട്ടും അവർക്കു വളരെ​യ​ധി​കം പഠിക്കാ​നു​ണ്ടാ​യി​രു​ന്നു. യേശു​വി​നെ​ക്കു​റി​ച്ചോ തങ്ങളെ​ക്കു​റി​ച്ചോ ഭാവി​യെ​ക്കു​റി​ച്ചോ ഉള്ള ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ അവർ പൂർണ​മാ​യും തിരി​ച്ച​റി​ഞ്ഞില്ല. എന്നാൽ ആ കാര്യ​ങ്ങ​ളെ​ല്ലാം ആ സമയത്തു വ്യക്തമാ​ക്കാൻ യേശു ശ്രമി​ച്ചില്ല. (യോഹ​ന്നാൻ 14:26; 16:12, 13) പകരം, അവൻ വളരെ​യ​ധി​കം പ്രാധാ​ന്യം അർഹി​ക്കുന്ന സംഗതി​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേണം എന്നു പുതി​യോ​രു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേണം എന്നു തന്നേ.” എന്നിട്ട്‌ യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.”—യോഹ​ന്നാൻ 13:34, 35.

ഇതു “പുതി​യോ​രു കല്‌പന” ആയിരി​ക്കു​ന്നത്‌ ഏതു വിധത്തി​ലാണ്‌? കൊള്ളാം, മോ​ശൈക ന്യായ​പ്ര​മാ​ണം ഇപ്രകാ​രം കൽപ്പിച്ചു: “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.” (ലേവ്യ​പു​സ്‌തകം 19:18) എന്നിരു​ന്നാ​ലും, സഹക്രി​സ്‌ത്യാ​നി​കൾക്കു​വേണ്ടി ഒരുവന്റെ ജീവൻ കൊടു​ക്കുന്ന അളവോ​ളം ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം പ്രകടി​പ്പി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. തീർച്ച​യാ​യും, ‘സ്‌നേ​ഹ​ത്തി​ന്റെ നിയമം’ അത്ര നിർണാ​യ​ക​മ​ല്ലാത്ത സാഹച​ര്യ​ങ്ങ​ളി​ലും ബാധക​മാണ്‌. ആത്മീയ​മാ​യും അല്ലാ​തെ​യും മറ്റുള്ള​വരെ സഹായി​ച്ചു​കൊ​ണ്ടു സ്‌നേഹം പ്രകടി​പ്പി​ക്കാൻ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അനുഗാ​മി എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും മുൻ​കൈ​യെ​ടു​ക്കും.—ഗലാത്യർ 6:10.

യേശു​വി​ന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ ഈ അവസാന രാത്രി​യിൽ തന്റെ ശിഷ്യൻമാർക്കു​വേണ്ടി യഹോ​വ​യാം ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ സ്‌നേഹം യേശു​വി​നെ പ്രേരി​പ്പി​ച്ചു. ഭാഗി​ക​മാ​യി, അവൻ ഇങ്ങനെ പ്രാർഥി​ച്ചു: “ഇവരോ ലോക​ത്തിൽ ഇരിക്കു​ന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശു​ദ്ധ​പി​താ​വേ, അവർ നമ്മെ​പ്പോ​ലെ ഒന്നാ​കേ​ണ്ട​തി​ന്നു നീ എനിക്കു തന്നിരി​ക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തു​കൊ​ള്ളേ​ണമേ.” (യോഹ​ന്നാൻ 17:11) തന്റെ പിതാ​വി​നോ​ടുള്ള ഈ അപേക്ഷ​യിൽ യേശു തന്റെ അനുഗാ​മി​ക​ളു​ടെ സ്‌നേ​ഹ​പൂർവ​ക​മായ ഐക്യ​ത്തി​നു​വേണ്ടി പ്രാർഥി​ച്ചു​വെ​ന്നതു ശ്രദ്ധേ​യ​മാണ്‌. (യോഹ​ന്നാൻ 17:20-23) ‘യേശു അവരെ സ്‌നേ​ഹി​ച്ച​തു​പോ​ലെ അവരും തമ്മിൽ തമ്മിൽ സ്‌നേഹി’ക്കേണ്ടതു​ണ്ടാ​യി​രു​ന്നു.—യോഹ​ന്നാൻ 15:12.

വിശ്വ​സ്‌ത അപ്പോ​സ്‌ത​ലൻമാർ യേശു​വി​ന്റെ വിടവാ​ങ്ങൽ വാക്കുകൾ ചെവി​ക്കൊ​ണ്ടു. നാമും അവന്റെ കൽപ്പന​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. ദുർഘ​ട​മായ ഈ “അന്ത്യനാ​ളു​കളി”ൽ സ്‌നേ​ഹ​വും ഐക്യ​വും സത്യാ​രാ​ധ​ക​രു​ടെ ഇടയിൽ എന്നത്തേ​തി​ലു​മ​ധി​കം പ്രധാ​ന​മാണ്‌. (2 തിമോ​ത്തി 3:1, NW) സത്യ ക്രിസ്‌ത്യാ​നി​കൾ തീർച്ച​യാ​യും യേശു​വി​ന്റെ കൽപ്പനകൾ അനുസ​രി​ക്കു​ക​യും സഹോദര സ്‌നേഹം പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ആചരി​ക്കു​ന്ന​തി​നുള്ള കൽപ്പന അനുസ​രി​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.