“ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!”
“ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!”
“ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ.”—സങ്കീർത്തനം 150:6.
1, 2. (എ) സത്യക്രിസ്ത്യാനിത്വം ഒന്നാം നൂററാണ്ടിൽ എത്രത്തോളം തഴച്ചുവളർന്നു? (ബി) അപ്പോസ്തലൻമാർ ഏതു മുന്നറിയിപ്പു നൽകിയിരുന്നു? (സി) വിശ്വാസത്യാഗം എങ്ങനെ വികാസം പ്രാപിച്ചു?
യേശു തന്റെ ശിഷ്യരെ ക്രിസ്തീയ സഭയായി സംഘടിപ്പിച്ചു, അത് ഒന്നാം നൂററാണ്ടിൽ തഴച്ചുവളർന്നു. മതപരമായി കഠിനമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും ‘ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ സുവിശേഷം ഘോഷിക്കപ്പെട്ടു.’ (കൊലൊസ്സ്യർ 1:23) എന്നാൽ യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ മരണശേഷം, സാത്താൻ തന്ത്രപരമായി വിശ്വാസത്യാഗം ഇളക്കിവിട്ടു.
2 ഇതിനെക്കുറിച്ച് അപ്പോസ്തലൻമാർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ദൃഷ്ടാന്തത്തിന്, പൗലോസ് എഫേസൂസിൽനിന്നുള്ള മൂപ്പൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കുമെന്നു ഞാൻ അറിയുന്നു. ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷൻമാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും.” (പ്രവൃത്തികൾ 20:28-30; 2 പത്രൊസ് 2:1-3-ഉം 1 യോഹന്നാൻ 2:18, 19-ഉം കൂടെ കാണുക.) അങ്ങനെ, നാലാം നൂററാണ്ടിൽ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം റോമൻ സാമ്രാജ്യവുമായി കൈകോർത്തു നീങ്ങാൻ തുടങ്ങി. കുറേ നൂററാണ്ടുകൾ കഴിഞ്ഞു റോമിലെ പാപ്പായുമായി ബന്ധങ്ങളുണ്ടായിരുന്ന വിശുദ്ധ റോമാസാമ്രാജ്യം മനുഷ്യവർഗത്തിന്റെ ഒരു വലിയ വിഭാഗത്തിൻമേൽ ഭരിക്കാനിടയായി. കാലക്രമത്തിൽ, പ്രോട്ടസ്ററൻറ് നവീകരണം കത്തോലിക്കാസഭയുടെ ദുഷ്ടമായ ക്രമക്കേടുകൾക്കെതിരെ മത്സരിച്ചു, എന്നാൽ അതു സത്യക്രിസ്ത്യാനിത്വം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു.
3. (എ) സുവിശേഷം എപ്പോൾ എങ്ങനെ സർവസൃഷ്ടിയോടും പ്രസംഗിക്കപ്പെട്ടു? (ബി) 1914-ൽ ഏതു ബൈബിളധിഷ്ഠിത പ്രതീക്ഷകൾ സഫലമായി?
3 എന്നിരുന്നാലും, 19-ാം നൂററാണ്ടിന്റെ അവസാനം സമീപിച്ചതോടെ, ബൈബിളധ്യേതാക്കളുടെ ആത്മാർഥതയുള്ള ഒരു സംഘം വീണ്ടും പ്രസംഗത്തിലും ‘ആകാശത്തിൻകീഴുള്ള സകല സൃഷ്ടിയിലും സുവിശേഷത്തിന്റെ പ്രത്യാശ’ നീട്ടിക്കൊടുക്കുന്നതിലും തിരക്കോടെ ഏർപ്പെട്ടു. ബൈബിൾപ്രവചന സംബന്ധമായ തങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘം 1914 എന്ന വർഷം, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 607-ലെ യെരുശലേമിന്റെ ശൂന്യമാക്കലിൽ തുടങ്ങിയ “ഏഴു കാലങ്ങ”ളുടെ അഥവാ 2,520 വർഷങ്ങളുടെ ഒരു കാലഘട്ടമായ “ജനതകളുടെ നിയമിതകാലങ്ങ”ളുടെ അവസാനത്തെ കുറിക്കുന്നതായി അന്നേക്കു 30-ൽപ്പരം വർഷം മുമ്പു ചൂണ്ടിക്കാട്ടി. (ലൂക്കോസ് 21:24; ദാനിയേൽ 4:16, NW) അവരുടെ പ്രതീക്ഷകളുടെ നിവൃത്തിയായി 1914 ഭൂമിയിലെ മനുഷ്യകാര്യാദികളുടെ ഒരു വഴിത്തിരിവാണെന്നു തെളിഞ്ഞു. ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾ സ്വർഗത്തിലും നടന്നു. അപ്പോഴായിരുന്നു ഈ ഭൂമുഖത്തുനിന്നു സകല ദുഷ്ടതയെയും തുടച്ചുനീക്കി പറുദീസ പുനഃസ്ഥാപിക്കുന്നതിന്റെ ഒരുക്കമെന്നോണം നിത്യതയുടെ രാജാവ് തന്റെ സഹരാജാവായ യേശുക്രിസ്തുവിനെ ഒരു സ്വർഗീയ സിംഹാസനത്തിലിരുത്തിയത്.—സങ്കീർത്തനം 2:6, 8, 9; 110:1, 2, 5.
കാൺമിൻ മിശിഹൈകരാജാവ്!
4. യേശു മീഖായേൽ എന്ന തന്റെ പേരിനെ അന്വർഥമാക്കിക്കൊണ്ട് പ്രവർത്തിച്ചതെങ്ങനെ?
4 1914-ൽ ഈ മിശിഹൈകരാജാവായ യേശു നടപടിയെടുത്തുതുടങ്ങി. “ദൈവത്തെപ്പോലെ ആരുള്ളൂ?” എന്നർഥമുള്ള മീഖായേൽ എന്നും ബൈബിളിൽ അവൻ വിളിക്കപ്പെടുന്നു, കാരണം അവന്റെ ലക്ഷ്യം യഹോവയുടെ പരമാധികാരത്തെ സംസ്ഥാപിക്കയെന്നതാണ്. വെളിപ്പാടു 12:7-12-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം എന്തു സംഭവിക്കുമെന്ന് അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ വർണിക്കുകയുണ്ടായി: “സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതൻമാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനുമെന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതൻമാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.” തീർച്ചയായും ഒരു വമ്പിച്ച വീഴ്ചതന്നെ!
5, 6. (എ) 1914-നെ തുടർന്നു സ്വർഗത്തിൽനിന്ന് ഏതു പുളകപ്രദമായ ഘോഷണം നടത്തപ്പെട്ടു? (ബി) മത്തായി 24:3-13 ഇതിനോട് എങ്ങനെ ബന്ധപ്പെടുന്നു?
5 അപ്പോൾ സ്വർഗത്തിൽ ഒരു ഗംഭീരശബ്ദം ഇങ്ങനെ ഘോഷിച്ചു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരൻമാരെ രാപ്പകൽ ദൈവസന്നിധിയിൽ കുററംചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ [വിശ്വസ്ത ക്രിസ്ത്യാനികൾ] അവനെ കുഞ്ഞാടിന്റെ [ക്രിസ്തുവിന്റെ] രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.” ഇതു യേശുവിന്റെ വിലയേറിയ മറുവിലയാഗത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന നിർമലതാപാലകർക്കു വിടുതലിനെ അർഥമാക്കുന്നു.—സദൃശവാക്യങ്ങൾ 10:2; 2 പത്രൊസ് 2:9.
6 സ്വർഗത്തിലെ ഉച്ചത്തിലുള്ള ശബ്ദം ഇങ്ങനെ തുടർന്നു ഘോഷിച്ചു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” അങ്ങനെ ഈ ഭൂമിക്കായി പ്രവചിക്കപ്പെട്ട “അയ്യോ കഷ്ടം” ഈ നൂററാണ്ടിൽ ഭൂമിയെ ബാധിച്ചിരിക്കുന്ന ലോകയുദ്ധങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ, അധർമം എന്നിവയിൽ പ്രകടമായിരിക്കുന്നു. മത്തായി 24:3-13 വിവരിക്കുന്നതുപോലെ, ഇവ ‘വ്യവസ്ഥിതിയുടെ സമാപനത്തിന്റെ അടയാള’ത്തിന്റെ ഭാഗമായിരിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. പ്രവചനമനുസരിച്ച്, 1914 മുതൽ മനുഷ്യവർഗത്തിനു ഭൂമിയിൽ മുൻ മനുഷ്യചരിത്രത്തിൽനിന്നെല്ലാം മുന്തിനിൽക്കുന്ന ദുരിതം അനുഭവപ്പെട്ടിരിക്കുന്നു.
7. യഹോവയുടെ സാക്ഷികൾ അടിയന്തിരതയോടെ പ്രസംഗിക്കുന്നത് എന്തുകൊണ്ട്?
7 സാത്താന്യ കഷ്ടത്തിന്റെ ഈ യുഗത്തിൽ മനുഷ്യവർഗത്തിനു ഭാവിപ്രത്യാശ കണ്ടെത്താനാവുമോ? ഉവ്വ്, എന്തെന്നാൽ മത്തായി 12:20 യേശുവിനെക്കുറിച്ചു പറയുന്നു: “അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”! ജനതകളുടെ ഇടയിൽ നിലവിലുള്ള വൈകാരികാഘാതത്തിന്റെ അവസ്ഥകൾ ‘വ്യവസ്ഥിതിയുടെ സമാപനത്തിന്റെ അടയാള’ത്തെ മാത്രമല്ല, മിശിഹൈകരാജ്യത്തിന്റെ സ്വർഗീയ രാജാവായ ‘യേശുവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാള’ത്തെയും കുറിക്കുന്നു. ആ രാജ്യത്തെക്കുറിച്ചു യേശു കൂടുതലായി പറയുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) ദൈവത്തിന്റെ രാജ്യഭരണത്തിന്റെ മഹത്തായ പ്രത്യാശ ഇന്ന് ഏത് ഏകജനമാണു പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്? യഹോവയുടെ സാക്ഷികൾ! നീതിയുടെയും സമാധാനത്തിന്റെയും ദൈവരാജ്യം ഭൂമിയുടെ കാര്യങ്ങൾ ഏറെറടുക്കാറായി എന്ന് അടിയന്തിരതയോടെ അവർ പരസ്യമായും വീടുതോറും പ്രഘോഷിക്കുന്നു. ഈ ശുശ്രൂഷയിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടോ? ഇതിനെക്കാൾ കൂടിയ പദവി നിങ്ങൾക്കു ലഭിക്കാനാവില്ല!—2 തിമൊഥെയൊസ് 4:2, 5.
“അവസാനം” എങ്ങനെ വരുന്നു?
8, 9. (എ) ന്യായവിധി “ദൈവഗൃഹത്തിൽ” തുടങ്ങിയത് എങ്ങനെ? (ബി) ക്രൈസ്തവലോകം ദൈവവചനത്തെ ലംഘിച്ചതെങ്ങനെ?
8 മനുഷ്യവർഗം ഒരു ന്യായവിധിഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ന്യായവിധി “ദൈവഗൃഹത്തിൽ” തുടങ്ങിയതായി 1 പത്രൊസ് 4:17-ൽ നമ്മെ അറിയിച്ചിരിക്കുന്നു—1914-18-ൽ നടന്ന ഒന്നാം ലോകമഹായുദ്ധത്തിലെ സംഹാരത്തോടെ തുടക്കമിട്ട ‘അന്ത്യനാളുകൾ’മുതൽ പ്രകടമായിരിക്കുന്ന, ക്രിസ്ത്യാനികളെന്നവകാശപ്പെട്ട സംഘടനകളിന്മേലുള്ള ഒരു ന്യായവിധിതന്നെ. ഈ ന്യായവിധിയിൽ ക്രൈസ്തവലോകം എങ്ങനെ വർത്തിച്ചിരിക്കുന്നു? ശരി, 1914 മുതലുള്ള യുദ്ധങ്ങളെ പിന്തുണയ്ക്കുന്നതിൽ സഭകളുടെ നിലപാടു പരിചിന്തിക്കുക. യുദ്ധനിരകളിലേക്ക് തങ്ങൾ പ്രസംഗിച്ചയച്ച “കുററമില്ലാത്ത സാധുക്കളുടെ രക്ത”ത്താൽ വൈദികർ കറപററിയവർ അല്ലയോ?—യിരെമ്യാവു 2:34.
9 മത്തായി 26:52 അനുസരിച്ച്: “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്നു യേശു പ്രസ്താവിച്ചു. ഈ നൂററാണ്ടിലെ യുദ്ധങ്ങളിൽ ഇത് എത്ര സത്യമായിരിക്കുന്നു! വൈദികർ തങ്ങളുടെ സ്വന്തം മതത്തിൽ പോലുമുള്ള യുവാക്കളെ കൂട്ടക്കൊലചെയ്യാൻ മററു യുവാക്കളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു—കത്തോലിക്കർ കത്തോലിക്കരെയും പ്രോട്ടസ്ററൻറുകാർ പ്രോട്ടസ്ററൻറുകാരെയും കൊല്ലുന്നു. ദേശീയത്വം ദൈവത്തിനും ക്രിസ്തുവിനും മീതെ ഉയർത്തപ്പെട്ടിരിക്കുന്നു. അടുത്ത കാലത്ത്, ചില ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ വംശീയ ബന്ധങ്ങൾ ബൈബിൾതത്ത്വങ്ങൾക്കുപരിയായി വെക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയിൽ ഏറിയ പങ്കും കത്തോലിക്കരായ റുവാണ്ടയിൽ അഞ്ചുലക്ഷംപേരെങ്കിലും വംശീയ കലാപത്തിൽ സംഹരിക്കപ്പെട്ടു. വത്തിക്കാൻ പത്രമായ ലൊസ്സോർവാറേറാറെ റൊമാനോയിൽ പാപ്പാ ഇങ്ങനെ സമ്മതിച്ചു: “ഇതു സമഗ്രമായ വംശനാശമാണ്, അതിനു നിർഭാഗ്യവശാൽ കത്തോലിക്കർപോലും ഉത്തരവാദികളാണ്.”—യെശയ്യാവു 59:2, 3; മീഖാ 4:3, 5 എന്നിവ താരതമ്യം ചെയ്യുക.
10. യഹോവ വ്യാജമതത്തിൻമേൽ ഏതു ന്യായവിധി നിർവഹിക്കും?
10 അന്യോന്യം കൊല്ലാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾ മററംഗങ്ങളെ കൊല്ലുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുന്ന മതങ്ങളെ നിത്യതയുടെ രാജാവ് എങ്ങനെയാണു വീക്ഷിക്കുക? വ്യാജമതത്തിന്റെ ലോകവ്യാപകവ്യവസ്ഥിതിയായ മഹാബാബിലോനെസംബന്ധിച്ച് വെളിപ്പാടു 18:21, 24 നമ്മോടു പറയുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.”
11. ക്രൈസ്തവലോകത്തിൽ ഏതു ഭയങ്കരസംഭവങ്ങൾ നടന്നുകൊണ്ടാണിരിക്കുന്നത്?
11 ബൈബിൾപ്രവചനനിവൃത്തിയായി, ക്രൈസ്തവലോകത്തിൽ ഭയങ്കരകാര്യങ്ങൾ അരങ്ങേറിക്കൊണ്ടാണിരിക്കുന്നത്. (യിരെമ്യാവു 5:30, 31; 23:14 ഇവ താരതമ്യം ചെയ്യുക.) ഏറെയും വൈദികരുടെ അനുവാദാത്മക മനോഭാവം നിമിത്തം അവരുടെ ആട്ടിൻകൂട്ടത്തിൽ ദുർമാർഗം വ്യാപകമായിരിക്കുകയാണ്. ഒരു ക്രിസ്തീയരാഷ്ട്രമെന്നു സങ്കൽപ്പിക്കപ്പെടുന്ന ഐക്യനാടുകളിൽ, ആകെയുള്ള വിവാഹങ്ങളിൽ ഏതാണ്ടു പകുതി വിവാഹമോചനത്തിൽ കലാശിക്കുന്നു. പള്ളിയംഗങ്ങളുടെ ഇടയിൽ കൗമാരഗർഭധാരണവും സ്വവർഗരതിയും കൊടികുത്തിവാഴുകയാണ്. പുരോഹിതൻമാർ കൊച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്നു, അതു ചുരുക്കം സന്ദർഭങ്ങളിലല്ല. ഈ കേസുകൾ ഉൾപ്പെടുന്ന കോടതിതീർപ്പുകൾക്ക് ഐക്യനാടുകളിലെ കത്തോലിക്കാസഭയ്ക്ക് ഒരു ദശകത്തിനുള്ളിൽ നൂറുകോടി ഡോളർ ചെലവുവന്നേക്കാമെന്നു പറയപ്പെട്ടിരിക്കുന്നു. 1 കൊരിന്ത്യർ 6:9, 10-ൽ കാണപ്പെടുന്ന അപ്പോസ്തലനായ പൗലോസിന്റെ മുന്നറിയിപ്പിനെ ക്രൈസ്തവലോകം അവഗണിച്ചിരിക്കുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”
12. (എ) നിത്യതയുടെ രാജാവ് മഹാബാബിലോനെതിരെ എങ്ങനെ നടപടി എടുക്കും? (ബി) ക്രൈസ്തവലോകത്തിൽനിന്നു വ്യത്യസ്തമായി ഏതു കാരണത്താൽ ദൈവജനം “ഹല്ലേലുയ്യാ” പല്ലവികൾ പാടും?
12 താമസിയാതെ, നിത്യതയുടെ രാജാവായ യഹോവ തന്റെ സ്വർഗീയ സൈന്യാധിപനായ ക്രിസ്തുയേശുമുഖേന മഹോപദ്രവം അഴിച്ചുവിടും. ആദ്യം ക്രൈസ്തവലോകവും മഹാബാബിലോന്റെ മറെറല്ലാ ശാഖകളും യഹോവയുടെ ന്യായവിധിനിർവഹണത്തിനു വിധേയമാകും. (വെളിപ്പാടു 17:16, 17) യേശുവിന്റെ മറുവിലയാഗം മുഖേന യഹോവ പ്രദാനംചെയ്തിരിക്കുന്ന രക്ഷക്ക് അവർ അയോഗ്യരെന്നു തെളിയിച്ചിരിക്കുന്നു. അവർ ദൈവത്തിന്റെ വിശുദ്ധനാമത്തെ നിന്ദിച്ചിരിക്കുന്നു. (യെഹെസ്ക്കേൽ 39:7 താരതമ്യം ചെയ്യുക.) അവർ തങ്ങളുടെ മഹനീയമായ മതസൗധങ്ങളിൽ “ഹല്ലേലുയ്യാ” പല്ലവി പാടുന്നത് എന്ത് അപഹാസ്യമാണ്! അവർ യഹോവയുടെ അമൂല്യമായ നാമത്തെ തങ്ങളുടെ ബൈബിൾവിവർത്തനങ്ങളിൽനിന്നു നീക്കംചെയ്യുന്നു, എന്നാൽ “ഹല്ലേലുയ്യാ” എന്നതിന്റെ അർഥം “യാഹിനെ സ്തുതിക്കുക” എന്നാണെന്നുള്ള വസ്തുത അവർ അവഗണിക്കുന്നതായി തോന്നുന്നു—“യാഹ്” എന്നത് “യഹോവ” എന്നതിന്റെ ഹ്രസ്വരൂപമാണുതാനും. സമുചിതമായി, മഹാബാബിലോന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധിനിർവഹണത്തിന്റെ ആഘോഷവേളയിൽ താമസിയാതെ പാടാനുള്ള “ഹല്ലേലുയ്യാ” പല്ലവി വെളിപ്പാടു 19:1-6 രേഖപ്പെടുത്തുന്നു.
13, 14. (എ) അടുത്തതായി ഏതു സുപ്രധാന സംഭവങ്ങൾ നടക്കുന്നു? (ബി) ദൈവഭയമുള്ള മനുഷ്യർക്ക് അനുഭവപ്പെടുന്ന സന്തുഷ്ടഫലം എന്ത്?
13 അടുത്തതായി ജനതകളുടെമേലും ജനങ്ങളുടെമേലും ന്യായവിധി ഉച്ചരിക്കുന്നതിനും നിർവഹിക്കുന്നതിനുമുള്ള യേശുവിന്റെ ‘വരവ്’ ആണ്. അവൻതന്നെ ഇങ്ങനെ പ്രവചിച്ചു: “മനുഷ്യപുത്രൻ [ക്രിസ്തുയേശു] തന്റെ തേജസ്സോടെ സകല വിശുദ്ധദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ [ന്യായവിധിയുടെ] സിംഹാസനത്തിൽ ഇരിക്കും. [ഭൂമിയിലെ] സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” (മത്തായി 25:31-34) കോലാടുവർഗം “നിത്യച്ഛേദനത്തിലേക്കും നീതിമാൻമാർ നിത്യജീവങ്കലേക്കും പോകും” എന്നു 46-ാം [NW] വാക്യം തുടർന്നു പറയുന്നു.
14 “രാജാധിരാജാവും കർത്താധികർത്താവു”മായ യേശുക്രിസ്തു എന്ന നമ്മുടെ സ്വർഗീയ കർത്താവ് ആ സമയത്ത് അർമഗെദ്ദോനിലേക്കു സവാരിചെയ്ത് സാത്താന്റെ വ്യവസ്ഥിതിയിലെ രാഷ്ട്രീയവും വ്യാപാരപരവുമായ ഘടകങ്ങളെ നശിപ്പിക്കുന്നത് എങ്ങനെയെന്നു വെളിപാട് എന്ന ബൈബിൾപുസ്തകം വർണിക്കുന്നു. അങ്ങനെ ക്രിസ്തു “സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധ”വും സാത്താന്റെ മുഴു ഭൗമിക സാമ്രാജ്യത്തിൻമേലും ചൊരിഞ്ഞിരിക്കും. ഈ ‘പൂർവ കാര്യങ്ങൾ കടന്നുപോകുമ്പോൾ’ ദൈവഭയമുള്ള മനുഷ്യർ മഹത്തായ പുതിയ ലോകത്തിലേക്ക് ആനയിക്കപ്പെടും, അവിടെ ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.”—വെളിപ്പാടു 19:11-16; 21:3-5.
യാഹിനെ സ്തുതിപ്പാനുള്ള ഒരു സമയം
15, 16. (എ) നാം യഹോവയുടെ പ്രാവചനികവചനം അനുസരിക്കുന്നത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) രക്ഷക്കുവേണ്ടി നാം എന്തു ചെയ്യണമെന്നു പ്രവാചകൻമാരും അപ്പോസ്തലൻമാരും സൂചിപ്പിക്കുന്നു, ഇത് ഇന്നു പുരുഷാരങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
15 ന്യായവിധിനിർവഹണത്തിനുള്ള ആ സമയം സമീപിച്ചിരിക്കുന്നു! അതുകൊണ്ട്, നിത്യതയുടെ രാജാവിന്റെ പ്രാവചനികവചനത്തിനു നാം ചെവികൊടുക്കുന്നത് ഉചിതമാണ്. ഇപ്പോഴും വ്യാജമതത്തിന്റെ ഉപദേശങ്ങളിലും ആചാരങ്ങളിലും കുടുങ്ങിക്കിടക്കുന്നവരോട് ഒരു സ്വർഗീയശബ്ദം പ്രഖ്യാപിക്കുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.” എന്നാൽ രക്ഷപ്പെട്ടുപോകുന്നവർ എവിടേക്കു പോകണം? ഒരു സത്യം മാത്രമേ ഉണ്ടായിരിക്കാൻ കഴിയൂ, തന്നിമിത്തം ഒരു സത്യമതം മാത്രവും. (വെളിപ്പാടു 18:4; യോഹന്നാൻ 8:31, 32; 14:6; 17:3) നാം നിത്യജീവൻ പ്രാപിക്കുന്നത് ആ മതത്തെ കണ്ടുപിടിക്കുന്നതിനെയും അതിന്റെ ദൈവത്തെ അനുസരിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ബൈബിൾ സങ്കീർത്തനം 83:18-ൽ നമ്മെ അവനിലേക്കു നയിക്കുന്നു, അതിങ്ങനെ വായിക്കപ്പെടുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.”
16 എന്നുവരികിലും, നാം കേവലം നിത്യതയുടെ രാജാവിന്റെ നാമം അറിയുന്നതിലധികം ചെയ്യേണ്ടതുണ്ട്. നാം ബൈബിൾ പഠിക്കുകയും അവന്റെ മഹത്തായ ഗുണങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. പിന്നെ നാം റോമർ 10:9-13-ൽ [NW] സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ഇക്കാലത്തേക്കുള്ള അവന്റെ ഇഷ്ടം ചെയ്യേണ്ടതുണ്ട്. അവിടെ അപ്പോസ്തലനായ പൗലോസ് നിശ്വസ്തപ്രവാചകൻമാരെ ഉദ്ധരിക്കയും “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. (യോവേൽ 2:32; സെഫന്യാവു 3:9) രക്ഷിക്കപ്പെടുമെന്നോ? അതേ, ക്രിസ്തുവിലൂടെയുള്ള യഹോവയുടെ മറുവിലാകരുതലിൽ വിശ്വാസം പ്രകടമാക്കുന്ന ഇന്നത്തെ പുരുഷാരങ്ങൾ സാത്താന്റെ ദുഷിച്ച ലോകത്തിൻമേൽ ന്യായവിധി നിർവഹിക്കപ്പെടുന്ന വരാനിരിക്കുന്ന മഹോപദ്രവത്തിൽനിന്നു വിടുവിക്കപ്പെടും.—വെളിപ്പാടു 7:9, 10, 14.
17. ഇപ്പോൾ മോശയുടെയും കുഞ്ഞാടിന്റെയും പാട്ടു പാടുന്നതിൽ ചേരുന്നതിന് ഏതു മഹത്തായ പ്രത്യാശ നമ്മെ പ്രേരിപ്പിക്കണം?
17 അതിജീവിക്കാൻ ആശിക്കുന്നവരെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്? അതു നിത്യതയുടെ രാജാവിന്റെ വിജയം പ്രതീക്ഷിച്ച് അവനെ സ്തുതിച്ചുകൊണ്ടു മോശയുടെയും കുഞ്ഞാടിന്റെയും പാട്ടു പാടുന്നതിൽ നാം ഇപ്പോൾത്തന്നെ ചേരുകയെന്നതാണ്. നാം ഇതു ചെയ്യുന്നത് അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചു മററുള്ളവരോടു പറയുന്നതിനാലാണ്. നാം ബൈബിൾഗ്രാഹ്യത്തിൽ പുരോഗമിക്കുമ്പോൾ, നാം നിത്യതയുടെ രാജാവിനു നമ്മുടെ ജീവൻ സമർപ്പിക്കുന്നു. അതു യെശയ്യാവു 65:17, 18-ൽ കാണപ്പെടുന്ന പ്രകാരം ഈ ശക്തനായ രാജാവു വർണിക്കുന്ന ക്രമീകരണത്തിൻ കീഴിൽ നാം സർവനിത്യതയിലും ജീവിക്കുന്നതിലേക്കു നയിക്കും: “ഇതാ, ഞാൻ പുതിയ ആകാശവും [യേശുവിന്റെ മിശിഹൈക രാജ്യം] പുതിയ ഭൂമിയും [മനുഷ്യവർഗത്തിന്റെ നീതിനിഷ്ഠമായ ഒരു പുതിയ സമുദായം] സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.”
18, 19. (എ) സങ്കീർത്തനം 145-ലെ ദാവീദിന്റെ വാക്കുകൾ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം? (ബി) യഹോവയുടെ കയ്യാൽ നമുക്കു ദൃഢവിശ്വാസത്തോടെ എന്തു പ്രതീക്ഷിക്കാനാവും?
18 നിത്യതയുടെ രാജാവിനെ സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ വർണിച്ചു: “യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.” (സങ്കീർത്തനം 145:3) അവന്റെ മഹിമ ആകാശത്തിന്റെയും നിത്യതയുടെയും അതിരുകൾ പോലെ അഗോചരമാണ്! (റോമർ 11:33) നമ്മൾ സ്രഷ്ടാവിനെയും അവന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള അവന്റെ മറുവിലാകരുതലിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിൽ തുടരുമ്പോൾ നാം നമ്മുടെ നിത്യതയുടെ രാജാവിനെ അധികമധികം സ്തുതിക്കാനാഗ്രഹിക്കും. നാം സങ്കീർത്തനം 145:11-13 വിവരിക്കുന്നതുപോലെ ചെയ്യാനാഗ്രഹിക്കും: “മനുഷ്യപുത്രൻമാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.”
19 നമ്മുടെ ദൈവം തന്റെ വാഗ്ദത്തം പാലിക്കുമെന്നു നമുക്കു ദൃഢ വിശ്വാസത്തോടെ പ്രതീക്ഷിക്കാൻ കഴിയും: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തി വരുത്തുന്നു.” നിത്യതയുടെ രാജാവു നമ്മെ ഈ അന്ത്യനാളുകളുടെ അവസാനത്തിലേക്കു സ്നേഹപൂർവം നടത്തും, എന്തെന്നാൽ ദാവീദു നമുക്ക് ഇങ്ങനെ ഉറപ്പുനൽകി: “യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടൻമാരെയും അവൻ നശിപ്പിക്കും.”—സങ്കീർത്തനം 145:16, 20.
20. അവസാനത്തെ അഞ്ചു സങ്കീർത്തനങ്ങളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന നിത്യതയുടെ രാജാവിന്റെ ക്ഷണത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
20 ബൈബിളിലെ അഞ്ചു സമാപനസങ്കീർത്തനങ്ങളിൽ ഓരോന്നും ഒരു “ഹല്ലേലുയ്യാ” ക്ഷണത്തോടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു. അങ്ങനെ 146-ാം സങ്കീർത്തനം [NW] നമ്മെ ഇങ്ങനെ ക്ഷണിക്കുന്നു: “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ! എൻദേഹിയേ യഹോവയെ സ്തുതിപ്പിൻ. ഞാൻ എന്റെ ആയുഷ്കാലത്തു യഹോവയെ സ്തുതിക്കും. ഞാൻ ഉള്ളേടത്തോളം ഞാൻ എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.” നിങ്ങൾ ആ ക്ഷണത്തിന് ഉത്തരം കൊടുക്കുമോ? തീർച്ചയായും നിങ്ങൾ അവനെ സ്തുതിക്കാൻ ആഗ്രഹിക്കണം! നിങ്ങൾ സങ്കീർത്തനം 148:12, 13 വർണിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടട്ടെ: “യുവാക്കളും യുവതികളും, വൃദ്ധൻമാരും ബാലൻമാരും ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമംമാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” “ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ” എന്ന ക്ഷണത്തിനു നമുക്കു മുഴുഹൃദയത്തോടെ ചെവികൊടുക്കാം. നമുക്കു നിത്യതയുടെ രാജാവിനെ ഏകസ്വരത്തിൽ സ്തുതിക്കാം!
നിങ്ങളുടെ അഭിപ്രായം എന്താണ്?
◻ യേശുവിന്റെ അപ്പോസ്തലൻമാർ എന്തിനെക്കുറിച്ചു മുന്നറിയിപ്പു നൽകി?
◻ 1914-ൽ തുടങ്ങി ഏതു നിർണായകനടപടികൾ നടന്നിരിക്കുന്നു?
◻ യഹോവ ഏതു ന്യായവിധികൾ നിർവഹിക്കാറായിരിക്കുന്നു?
◻ ഇതു നിത്യതയുടെ രാജാവിനെ സ്തുതിക്കാനുള്ള അതിപ്രധാന കാലമായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[19-ാം പേജിലെ ചതുരം]
ഈ അനർഥകരമായ കലാപയുഗം
20-ാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ ഒരു കലാപയുഗം ഉദയംചെയ്തുവെന്ന് അനേകർ സമ്മതിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, യു.എസ്. സെനററർ ഡാനിയെൽ പാട്രിക് മൊയ്നിഹാൻ എഴുതി 1993-ൽ പ്രസിദ്ധപ്പെടുത്തിയ സാർവത്രികകുഴപ്പം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ “1914-ലെ അനർഥ”ത്തെക്കുറിച്ചുള്ള ഒരു ഭാഷ്യം ഇങ്ങനെ വായിക്കപ്പെടുന്നു: “യുദ്ധമുണ്ടായി, ലോകത്തിനു മാററം ഭവിച്ചു—സമ്പൂർണമായി. 1914-ൽ സ്ഥിതിചെയ്തിരുന്നതും അതിനുശേഷം ഭരണസമ്പ്രദായം അക്രമത്തിലൂടെ മാററപ്പെടാത്തതുമായ എട്ടു രാഷ്ട്രങ്ങൾ മാത്രമേ ഭൂമിയിലുള്ളു. . . . ശേഷിച്ച 170-ഓ മറേറാ സമകാലീന രാഷ്ട്രങ്ങളിൽ ചിലത് അടുത്ത കാലത്തെ കലാപം അറിയാൻ കഴിഞ്ഞിട്ടില്ലാത്തവിധം വളരെ അടുത്ത കാലത്തു സൃഷ്ടിക്കപ്പെട്ടവയാണ്.” സത്യമായി, 1914 മുതലുള്ള യുഗം അനർഥത്തിനു പിന്നാലെ അനർഥത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു!
നിയന്ത്രണാതീതം—ഇരുപത്തൊന്നാം നൂററാണ്ടിന്റെ വക്കിലെ ആഗോളകലാപം (ഇംഗ്ലീഷ്) എന്ന പുസ്തകവും 1993-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഗ്രന്ഥകർത്താവ് യു.എസ്. നാഷനൽ സെക്യൂരിററി കൗൺസിലിന്റെ മുൻമേധാവിയായിരുന്ന സൂബിഗ്നേവ് ബ്രാഴിൻസ്ക്കി ആണ്. അദ്ദേഹം എഴുതുന്നു: “ഇരുപതാം നൂററാണ്ടിന്റെ പ്രത്യക്ഷത യുക്തിചിന്തയുടെ യുഗത്തിന്റെ യഥാർഥ തുടക്കമായി അനേകം ഭാഷ്യങ്ങളിൽ പ്രകീർത്തിക്കപ്പെട്ടു. . . . ഇരുപതാംനൂററാണ്ട് അതിന്റെ വാഗ്ദാനത്തിനു വിപരീതമായി മനുഷ്യവർഗത്തിന്റെ ഏററവും രക്തപങ്കിലവും വിദ്വേഷപൂർണവുമായ നൂററാണ്ട്, ഭ്രമാത്മക രാഷ്ട്രീയത്തിന്റെയും ഭീകരമായ കൊലകളുടെയും നൂററാണ്ട്, ആയിത്തീർന്നു. ക്രൂരത അഭൂതപൂർവകമായ തോതിൽ സ്ഥാപനവൽക്കരിക്കപ്പെട്ടു. സംഹാരം വൻതോതിലുള്ള ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ സംഘടിതമായി. നൻമക്കുള്ള ശാസ്ത്രീയ സാധ്യതയും യഥാർഥത്തിൽ പുറത്തുവിടപ്പെട്ട രാഷ്ട്രീയ തിൻമയും തമ്മിലുള്ള അന്തരം ഞെട്ടിക്കുന്നതാണ്. സംഹാരം ഒരിക്കലും ഇത്ര ആഗോളമായി വ്യാപകമായിരുന്നിട്ടില്ല, അതു മുമ്പൊരിക്കലും ഇത്രയധികം ജീവൻ ഹനിച്ചിട്ടില്ല, മുമ്പൊരിക്കലും ഇത്തരം ധിക്കാരപരമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സുസംഘടിതശ്രമത്തോടെ മനുഷ്യസംഹാരം നടത്തപ്പെട്ടിട്ടില്ല.” അത് എത്ര സത്യമാണ്!
[17-ാം പേജിലെ ചിത്രം]
മീഖായേൽ 1914-ൽ സാത്താനെയും അവന്റെ സൈന്യങ്ങളെയും ഭൂമിയിലേക്കു വലിച്ചെറിഞ്ഞു