യഹോവയെ മഹത്ത്വീകരിക്കുന്ന സൽപ്രവൃത്തികൾ
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
യഹോവയെ മഹത്ത്വീകരിക്കുന്ന സൽപ്രവൃത്തികൾ
തന്റെ മലമ്പ്രസംഗത്തിൽ യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) അതുപോലെതന്നെ, ഇന്നു സത്യക്രിസ്ത്യാനികൾ യഹോവയെ മഹത്ത്വീകരിക്കുന്ന ‘സൽപ്രവൃത്തികളിൽ’ ഏർപ്പെടുന്നു.
ഈ സൽപ്രവൃത്തികൾ എന്താണ്? അവയിൽ സുവാർത്താപ്രസംഗം ഉൾപ്പെടുന്നു. എന്നാൽ നമ്മുടെ മാതൃകായോഗ്യമായ നടത്തയും ഒരു പ്രധാനഭാഗമാണ്. മിക്കപ്പോഴും നമ്മുടെ നല്ല നടത്തയാണു പ്രാരംഭത്തിൽ ആളുകളെ ക്രിസ്തീയ സഭയിലേക്ക് ആകർഷിക്കുന്നത്. മാർട്ടിനിക്കിലെ യഹോവയുടെ സാക്ഷികൾ ‘തങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിപ്പിക്കുന്നത്’ എങ്ങനെയെന്നു പിൻവരുന്ന അനുഭവങ്ങൾ വിശദമാക്കുന്നു.
◻ യഹോവയുടെ സാക്ഷികളിൽ ഒരാൾ വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഒരു കത്തോലിക്കാസ്ത്രീയെ സന്ദർശിച്ചു. ഈ സ്ത്രീ 25 വർഷമായി താൻ വിവാഹംചെയ്തിട്ടില്ലാത്ത ഒരു പുരുഷനോടുകൂടെ വസിക്കയായിരുന്നു. അവൾക്കു യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ പരിചിതമായിരുന്നു. കാരണം അവൾക്ക് ഏതാണ്ട് ഏഴു വർഷം മുമ്പ് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്ന പുസ്തകം കിട്ടിയിരുന്നു. ഈ സ്ത്രീ സാക്ഷിയോട് ഇങ്ങനെ പറഞ്ഞു: “കണക്കിലേറെ മതങ്ങളുണ്ട്. ഈ കുഴപ്പത്തിന്റെയെല്ലാം മധ്യേ ആരെ വിശ്വസിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ.” ബൈബിളിൽ മാത്രമേ സത്യം കണ്ടെത്താനാവൂ എന്നും അതു കണ്ടെത്തുന്നതിന് അവൾ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പഠിക്കുകയും ദൈവത്തിന്റെ ആത്മാവിനും മാർഗനിർദേശത്തിനും വേണ്ടി അവനോടു പ്രാർഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നും സാക്ഷി വിശദീകരിച്ചു.
ബൈബിൾ പഠിക്കുന്നതിൽ തത്പരയായിരുന്നെങ്കിലും ഈ സ്ത്രീ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകാനുള്ള നിരവധി ക്ഷണങ്ങൾ കുറേ കാലത്തേക്കു നിരസിച്ചു. എന്തുകൊണ്ട്? അവൾക്ക് അങ്ങേയററം ലജ്ജയായിരുന്നു. ഏതായാലും, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിലേക്കുള്ള ഒരു ക്ഷണം കിട്ടിയശേഷം അവൾ തന്റെ ലജ്ജയെ തരണംചെയ്യുകയും ഹാജരാകുകയും ചെയ്തു.
യോഗത്തെസംബന്ധിച്ച് അവൾക്ക് ഏററവും മതിപ്പുളവാക്കിയതു രാജ്യഹാളിലെ സ്നേഹപുരസ്സരമായ അന്തരീക്ഷമായിരുന്നു. അവൾ തന്റെ സഭയിൽ അത്തരം യഥാർഥ സാഹോദര്യം ഒരിക്കലും അനുഭവിച്ചിരുന്നില്ല! ആ യോഗത്തിനുശേഷം സ്ഥലത്തെ സാക്ഷികൾ നടത്തിയിരുന്ന എല്ലാ യോഗങ്ങൾക്കും അവൾ ഹാജരായിത്തുടങ്ങി. അവൾ ആരോടുകൂടെ പാർത്തിരുന്നോ ആ മനുഷ്യനെ അവൾ താമസിയാതെ വിവാഹംചെയ്തു. അവൾ ഇപ്പോൾ സ്നാപനമേററ ഒരു സഭാംഗമാണ്.
◻ മറെറാരു സാക്ഷിയുടെ സൽപ്രവൃത്തികൾ നല്ല ഫലങ്ങൾ ഉളവാക്കി. അവൾക്ക് ഒരു ഓഫീസിൽ ഒരു ഉത്തരവാദിത്വമുള്ള സ്ഥാനമുണ്ടായിരുന്നു. റീയൂണിയൻദ്വീപിൽനിന്ന് ഒരാളെ ജോലിക്കെടുത്തപ്പോൾ അയാളുടെ പൊക്കക്കുറവു നിമിത്തം ജോലിക്കാരിൽ ചിലർ അയാളെ പരിഹസിക്കാൻ തുടങ്ങി. അയാൾ ഒരു പരിഹാസപാത്രമായിത്തീർന്നു. മറിച്ച്, സാക്ഷി ആ മനുഷ്യനോട് എപ്പോഴും ദയയും ആദരവുമുള്ളവളായിരുന്നു. അവൾ വളരെ വ്യത്യസ്തയായിരിക്കുന്നത് എന്തുകൊണ്ടെന്ന് പെട്ടെന്നുതന്നെ അയാൾ ചോദിച്ചു.
തന്റെ ആദരപൂർവകമായ പെരുമാററം താൻ യഹോവയുടെ സാക്ഷികളിൽനിന്നു പഠിച്ച ബൈബിൾ തത്ത്വങ്ങളുടെ ഒരു ഫലമാണെന്നു സാക്ഷി വിശദീകരിച്ചു. ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു തിരുവെഴുത്തുകൾ പറയുന്നതും ഒരു പുതിയ ലോകത്തിന്റെ പ്രത്യാശയും അവൾ അയാൾക്കു കാണിച്ചുകൊടുത്തു. ആ മനുഷ്യൻ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും ക്രിസ്തീയയോഗങ്ങൾക്കു ഹാജരായിത്തുടങ്ങുകയും ഏതു സ്ത്രീയോടൊപ്പം പാർത്തിരുന്നോ അവരെ വിവാഹംകഴിക്കയും ചെയ്തു.
കാലക്രമത്തിൽ അയാൾ റീയൂണിയനിലേക്കു മടങ്ങിപ്പോയി. കഴിഞ്ഞ കാലത്ത്, അയാൾക്കു തന്റെ ബന്ധുക്കളിൽനിന്ന്, വിശേഷാൽ തന്റെ ഭാര്യയുടെ കുടുംബത്തിൽനിന്ന്, പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ അയാളുടെ നല്ല ക്രിസ്തീയ നടത്തയിൽ വളരെ മതിപ്പുള്ളവരാണ്. ആ മനുഷ്യൻ സ്നാപനമേററു, ഇപ്പോൾ ഒരു ശുശ്രൂഷാദാസനാണ്. തന്റെ ഭാര്യയും രണ്ടു പുത്രിമാരും ഉൾപ്പെടെ കുടുംബത്തിലെ പല അംഗങ്ങളും ക്രിസ്തീയ സഭയിൽ ദൈവരാജ്യസുവാർത്തയുടെ പ്രഘോഷകരായി സേവിക്കുന്നു.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയത്.